മെര്‍ക്കലിന്‍റെ പിന്‍ഗാമി ആര് ?

HIGHLIGHTS
  • ലോകശ്രദ്ധ ജര്‍മന്‍ തിരഞ്ഞെടുപ്പില്‍
  • സഖ്യ ചര്‍ച്ചകളും വിലപേശലുകളും നീണ്ടുപോയേക്കാം
Angela Merkel
Angela Merkel. Photo by Kay Nietfeld / AFP
SHARE

പതിനാറു വര്‍ഷംമുന്‍പ് അംഗല ഡൊറോത്തി മെര്‍ക്കല്‍ ജര്‍മനിയുടെ ചാന്‍സലര്‍ അഥവാ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അധികമാരും കരുതിയിട്ടുണ്ടാവില്ല അവര്‍ക്ക് ഇത്രയും ദീര്‍ഘകാലം ആ കസേരയില്‍ ഇരിക്കാന്‍ കഴിയുമെന്ന്. തുടര്‍ച്ചയായി നാലു തവണ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ അങ്ങനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജര്‍മന്‍ നേതാക്കളുടെ മുന്‍നിരയിലത്തി. 

അറുപത്തേഴു വയസ്സിനിടയില്‍ യൂറോപ്പിന്‍റെയും നേതൃസ്ഥാനത്തേക്ക് അവര്‍ ഉയര്‍ന്നു. ലോകത്തിലെതന്നെ ഏറ്റവും പ്രഗല്‍ഭരും ആദരണീയരുമായ  ഭരണാധികാരികളില്‍ ഒരാളായി അംഗീകരിക്കപ്പെടാനും തുടങ്ങി. 

ഇനിയുമൊരു നാലു വര്‍ഷംകൂടി ചാന്‍സലറായിരിക്കാനും അതിനുവേണ്ടി വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും മെര്‍ക്കലിനു നിയമപരമായ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ജര്‍മന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭയിലേക്ക് (ബുണ്ടസ്റ്റാഗ്) ഈ ഞായറാഴ്ച (സെപ്റ്റംബര്‍ 26) നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ സ്ഥാനാര്‍ഥിയല്ല. സ്വയം മാറിനിന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജര്‍മനിയില്‍ ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്.  

അതിനാല്‍, ഈ  തിരഞ്ഞെടുപ്പിനുശേഷം ജര്‍മനിയെ നയിക്കുന്നതു മറ്റൊരളായിരിക്കും. പക്ഷേ ആര് ? മെര്‍ക്കലിന്‍റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയനു (സിഡിയു) പതിവുപോലെ ബവേറിയ സംസ്ഥാനത്തെ അവരുടെ സഹോദര കക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനുമായി (സിഎസ്യു) ചേര്‍ന്നു ഭരണത്തില്‍ തുടരാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ സിഡിയുവിന്‍റെ പുതിയ തലവനായ ആര്‍മിന്‍ ലാഷെറ്റായിരിക്കും ജര്‍മനിയുടെ പുതിയ ചാന്‍സലര്‍. രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുള്ള സംസ്ഥാനമായ വടക്കന്‍ റൈന്‍വെസ്റ്റ്ഫാലിയയുടെ മിനിസ്റ്റര്‍-പ്രസിഡന്‍റ് അഥവാ മുഖ്യമന്ത്രിയാണ് ഈ അറുപതുകാരന്‍.   

എന്നാല്‍, സിഡിയുവിനു ഭരണ നേതൃത്വം ലഭിക്കുമെന്നോ ലാഷെറ്റ് ചാന്‍സലര്‍ ആകുമെന്നോ തീര്‍ത്തു പറയാന്‍ ഇപ്പോള്‍ ആര്‍ക്കും ധൈര്യമില്ല. ആ വിധത്തിലുള്ളതാണ് മറ്റൊരു പ്രമുഖ കക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും (എസ്പിഡി) അവരുടെ നേതാവായ ഒലാഫ് ഷോള്‍സും (63 ) കഴിഞ്ഞ ചില ആഴ്ചകളായി അഭ്രിപ്രായ വോട്ടുകളില്‍ നേടിക്കൊണ്ടിരുന്ന മുന്‍തൂക്കം. ഏറ്റവുമൊടുവില്‍ ലീഡ് അല്‍പ്പം കുറഞ്ഞുവെങ്കിലും അവരുടെ ലീഡ് ഇപ്പോഴും നിലനില്‍ക്കുന്നു. സിഡിയു മധ്യ വലതു നിലപാടു പുലര്‍ത്തുന്ന കക്ഷിയാണെങ്കില്‍ എസ്പിഡിയുടെ ചായ്​വ് അല്‍പ്പം ഇടത്തോട്ടാണ്.  

Armin Laschet
Armin Laschet (Photo by Tobias SCHWARZ / AFP)

പരിസ്ഥിതി സംരക്ഷണത്തിനു മുന്‍ഗണന നല്‍കുന്നതും ഗ്രീന്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതുമായ മറ്റൊരു പാര്‍ട്ടിക്കും ചാന്‍സലര്‍ പദവിയില്‍ കണ്ണുണ്ട്. ഭരണനേതൃത്വം അവരുടെ കൈകളില്‍ എത്തുകയാണെങ്കില്‍ ജര്‍മനിയുടെ പുതിയ സാരഥി അന്നലീന ബേയര്‍ബോക്ക് (40) എന്ന വനിതയായിരിക്കും. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ചാന്‍സലര്‍ പദവി ഒരു വനിതയില്‍നിന്നു മറ്റൊരു വനിതയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതിനും ജര്‍മനി അപ്പോള്‍ സാക്ഷ്യം വഹിക്കും. 

യൂറോപ്പിലെ ഏറ്റവുമധികം ജനസംഖ്യയുള്ള (എട്ടു കോടി 30 ലക്ഷം) രാജ്യമായ ജര്‍മനിയിലെ ആറു കോടിയിലേറെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നത് ബുണ്ടസ്റ്റാഗിലെ 598 അംഗങ്ങളെയാണ്. അതിനായി ഓരോര്‍ത്തര്‍ക്കും രണ്ടുവീതം വോട്ടുകള്‍ രേഖപ്പെടുത്താം. പകുതിപേരെ (299) ഇന്ത്യയിലെയും മറ്റുംപോലെ നേരിട്ടു തിരഞ്ഞെടുക്കുന്നു. 

ബാക്കിയുളളവരെ തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യ രീതിയിലാണ്. അതായത് ജനങ്ങള്‍ വോട്ടുചെയ്യുന്നതു സ്ഥാനാര്‍ഥികള്‍ക്കല്ല, പാര്‍ട്ടികള്‍ക്കാണ്. കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ പാര്‍ട്ടിയും അവരുടെ പട്ടികയില്‍നിന്നു മുന്‍ഗണനാക്രമം അനുസരിച്ച് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. ഒരു പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുന്ന ആള്‍ തന്‍റെ രണ്ടാം വോട്ട് ആ സ്ഥാനാര്‍ഥിയുടെപാര്‍ട്ടിക്കുതന്നെ നല്‍കണമെന്നു നിര്‍ബന്ധമില്ല. 

പോളിങ്ങിന്‍റെ പിറ്റേന്നുതന്നെ ഫലവും കക്ഷിനിലയും അറിയാനാകുമെങ്കിലും ആരാണ് ഭരിക്കുകയെന്ന് അറിയാന്‍ പിന്നെയും ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ കാത്തിരിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ തവണ 2017 സെപ്റ്റംബര്‍ 24നു ജനങ്ങള്‍ വിധിയെഴുതിയതിനുശേഷം അംഗല മെര്‍ക്കല്‍ നാലാം തവണയും ചാന്‍സലറായത് 2018 മാര്‍ച്ച് 14നായിരുന്നു-അതായത് ആറുമാസത്തിനുശേഷം. 

ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്നതിനാല്‍ കൂട്ടുമന്ത്രിസഭ ഉണ്ടാക്കേണ്ടിവന്നതും അതിനുവേണ്ടി മറ്റുകക്ഷികളുമായി ദീര്‍ഘമായ ചര്‍ച്ചകളും വിലപേശലുകളും നടത്തേണ്ടിവന്നതുമായിരുന്നു അതിനു കാരണം. അങ്ങനെ രൂപംകൊണ്ടതാണ് മെര്‍ക്കലിന്‍റെ മധ്യവലതു പക്ഷ കക്ഷിയായ സിഡിയുവും മധ്യ ഇടുതപക്ഷ കക്ഷിയായ എസ്പിഡിയും തമ്മിലുളള സഖ്യം. 

എസ്പിഡി നേതാവ് ഒലാഫ് ഷോള്‍സ് മെര്‍ക്കലിന്‍റെ കീഴില്‍ വൈസ്ചാന്‍സലറും (ഉപപ്രധാനമന്ത്രി) ധനമന്ത്രിയുമായി. അടുത്ത ചാന്‍സലറാവാനുളള ശ്രമത്തില്‍ സിഡിയുവിലെ ആര്‍മിന്‍ ലാഷെറ്റിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതും മറ്റാരുമല്ല. മല്‍സര രംഗത്തുള്ള നാലു ഡസനോളം കക്ഷികളില്‍ ഡൈ ലിങ്ക് എന്ന പേരുള്ള ഇടതുപക്ഷ പാര്‍ട്ടിയും ഫ്രീ ഡമോക്രാറ്റ്സ് എന്ന വലതുപക്ഷ പാര്‍ട്ടിയും ജര്‍മനിക്കു ബദല്‍ എന്നര്‍ഥമുള്ള ആള്‍്ട്ടര്‍നേറ്റീവ് ഫര്‍ ഡോയിച്ച്ലാന്‍ഡ് (എഎഫ്ഡി) എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13.3 ശതമാനം വോട്ടുകളും 94 സീറ്റുകളും നേടിയ എഎഫ്ഡി പാര്‍ലമെന്‍റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ്. 

olaf-scholz
Olaf Scholz. Photo: REUTERS/Michele Tantussi

പക്ഷേ, അവരുമായി ഒരു കൂട്ടുകെട്ടിനും തയാറില്ലെന്നാണ് എല്ലാ പ്രമുഖ കക്ഷികളും വ്യക്തമാക്കിയിരിക്കുന്നത്. ആ വിധത്തിലുള്ളതാണ് അവര്‍ പ്രചരിപ്പിക്കുന്ന തീവ്രദേശീയതാവാദവും അതിന്‍റെ അടിസ്ഥാനത്തിലുള്ള അവരുടെ സങ്കുചിതനയപരിപാടികളും. ഈ തിരഞ്ഞെടുപ്പില്‍ എഎഫ്ഡി കാഴ്ചവയ്ക്കുന്ന പ്രകടനം ഏതു വിധിത്തിലായിരിക്കുമെന്ന ഉല്‍ക്കണ്ഠയിലാണ് ജര്‍മനിയിലെ മാത്രമല്ല, യൂറോപ്പിലെ തന്നെ ലിബറല്‍ ചിന്താഗതിക്കാരും മതനിരപേക്ഷതാവാദികളും. 

യൂറോപ്പിലെ ഒന്നാമത്തെയും ലോകത്തെ നാലാമത്തെയും സാമ്പത്തിക ശക്തിയാണ് ജര്‍മനി. അതിനാല്‍ ജര്‍മന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ പതിവിലേറെ ശ്രദ്ധയാകര്‍ഷിക്കുന്നു. അതിനുള്ള കാരണങ്ങളിലൊന്നും മെര്‍ക്കലാണ്. ഇത്തവണ അവര്‍ രംഗത്തിലില്ലെങ്കിലും രംഗത്തുള്ള എല്ലാവരേയുംകാള്‍ സജീവമായും വ്യാപകമായും ചര്‍ച്ചചെയ്യപ്പെടുന്നതും മറ്റാരുമല്ല.

ഒരു പ്രോട്ടസ്റ്റന്‍റ് ക്രൈസ്തവ പുരോഹിതന്‍റെയും സ്കൂള്‍ അധ്യാപികയുടെയും മകളായ അംഗല ജനിച്ചത് പടിഞ്ഞാറന്‍ ജര്‍മനിയിലാണെങ്കിലും വളര്‍ന്നതു കമ്യൂണിസ്റ്റ് കിഴക്കന്‍ ജര്‍മനിയിലായിരുന്നു. അത്തരമൊരാള്‍ക്കു ജര്‍മനിയുടെ സാരഥ്യത്തിന്‍റെ പാതിയില്‍ യാത്ര പുറപ്പെടുക എളുപ്പമായിരുന്നില്ല. 1989ല്‍ ബര്‍ലിന്‍ ഭിത്തി തകരുകയും രണ്ടു ജര്‍മനികളും വീണ്ടും ഒന്നാവുകയും ചെയ്ത ശേഷം സിഡുയുവില്‍ ചേര്‍ന്നതോടെയായിരുന്നു അംഗലയുടെ ആ യാത്രയുടെ തുടക്കം.

ജര്‍മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലറായി 2005ല്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടതുംഒരു അസാധാരണ സംഭവമായിരുന്നു. കാരണം, മാര്‍ഗരറ്റ് താച്ചറെയോ ഇന്ദിരാ ഗാന്ധിയെയോ  പോലുള്ള ഒരു വനിതയ്ക്കു രാജ്യഭാരം ഏല്‍പ്പിച്ചുകൊടുക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് ജര്‍മനിയിലെ പലരും അന്നു കരുതിയിരുന്നത്. മുന്‍ഗാമിയായ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്‍റെ നിഴലായി മാത്രംകണ്ട് മെര്‍ക്കലിനെ അവഗണിച്ചവരും ഉണ്ടായിരുന്നു.

വിഭജിക്കപ്പെട്ടുപോയ  ജര്‍മനിയുടെ പുനരേകീകരണത്തിനു ചുക്കാന്‍ പിടിച്ച കോള്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നുപോയ ജര്‍മനിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു നേതൃത്വം നല്‍കിയ കോണ്‍റാഡ് ആഡനോവര്‍ എന്നിവര്‍ഉള്‍പ്പെടെയുളള തന്‍റെ മുന്‍ഗാമികളില്‍ പലരെയും പോലെ സാമ്പത്തിക വിദഗ്ദ്ധയുമായിരുന്നില്ല മെര്‍ക്കല്‍.  ലീപ്സീഗ് സര്‍വകലാശാലയില്‍നിന്നു ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞയായിരുന്നു. 

ജര്‍മനിയുടെ സാരഥ്യം ഏറ്റെടുത്ത് മൂന്നുവര്‍ഷമായപ്പേഴേക്കും മെര്‍ക്കലിനുനേരിടേണ്ടിവന്നതു യൂറോപ്പിനെ പൊതുവില്‍തന്നെ അവതാളത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിയെയാണ്. കടക്കെണിയിലായതിനെ തുടര്‍ന്നു ഗ്രീസ്, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ സാമ്പത്തികത്തകര്‍ച്ചയെ നേരിട്ടപ്പോള്‍ അതിനെ അതിജീവിക്കാനുള്ള യജ്ഞത്തിലും മെര്‍ക്കല്‍ യൂറോപ്പിനെ നയിച്ചു. 

സിറിയയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മറ്റുമുള്ള അഭൂതപൂര്‍വമായ അഭയാര്‍ഥി പ്രവാഹത്തിനു മുന്നില്‍ 2015ല്‍ യൂറോപ്പ് പകച്ചുനിന്നപ്പോള്‍ പോംവഴി കണ്ടെത്താന്‍ മുന്നോട്ടുവന്നതും മെര്‍ക്കലാണ്. പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് അവര്‍ ജര്‍മനിയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയും നിശ്ചിത തോതില്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറാപ്പിലെ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. 

Helmut Kohl
Helmut Kohl. Photo- REUTERS/Tobias Schwarz

മെര്‍ക്കല്‍ വിടപറയാന്‍ ഒരുങ്ങുകയും വോട്ടര്‍മാര്‍ അവരുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ തയാറായി നില്‍ക്കുകയും ചെയ്യുമ്പോള്‍ ഇതെല്ലാം ഓര്‍മ്മിക്കപ്പെടുന്നതു സ്വാഭാവികം.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom Column - German elections mark end of Angela Merkel's era

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA