രാജ്യങ്ങള്‍ക്കിടയിലെ തുറുപ്പ് ചീട്ടുകള്‍

HIGHLIGHTS
  • 'വാവെയ് പുത്രി'ക്കും കാനഡ യുവാക്കള്‍ക്കും മോചനം
  • മൂന്നു വര്‍ഷത്തെ സങ്കീര്‍ണതകള്‍ക്കു വിരാമം
videsharangom-prime-minister-of-canada-justin-trudeau
Justin Trudeau. Photo Credit : Yves Herman / Reuters
SHARE

വമ്പന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ ചിലപ്പോള്‍ അപകടം പറ്റുന്നതു കണ്ടുനില്‍ക്കുന്നവര്‍ക്കായിരിക്കും. അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തിനിടയില്‍ കാനഡയ്ക്ക് നേരിടേണ്ടിവന്നത് അത്തരമൊരു അനുഭവമാണ്. ഈ മൂന്നു രാജ്യങ്ങളും ഏതാണ്ടു മൂന്നു വര്‍ഷമായി ഒരു സ്ങ്കീര്‍ണ പ്രശ്നവുമായി കെട്ടിമറിയുകയായിരുന്നു. ഭാഗ്യവശാല്‍ പ്രശ്നം ഇപ്പോള്‍ ഒത്തുതീരുകയും കാനഡയില്‍ വീട്ടുതടങ്കലിലായിരുന്ന ചൈനക്കാരി ചൈനയിലും ചൈനയില്‍ ജയിലിലായിരുന്ന രണ്ടു കാനഡക്കാര്‍ കാനഡയിലും തിരിച്ചെത്തുകയും ചെയ്തു. 

വലിപ്പത്തില്‍ ലോകത്തു രണ്ടാം സ്ഥാനമുള്ള കാനഡയും നാലാം സ്ഥാനമുളള ചൈനയും തമ്മില്‍ എടുത്തുപറയാവുന്ന തര്‍ക്കങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയുമായിരുന്നു.അതിനിടയിലാണ് വാവെയ് എന്ന പ്രമുഖ ചൈനീസ് ഹൈടെക്ക് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍സൂ 2018 ഡിസംബറില്‍ കാനഡയിലെ വാന്‍കുവറില്‍ അറസ്റ്റിലായത്.

ഹോങ്കോങ്ങില്‍നിന്നു മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ വാന്‍കുവറിലിറങ്ങി, തുടര്‍യാത്രയ്ക്കുള്ള ഫ്ളൈറ്റിനു വേണ്ടി വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു അവര്‍. കാനഡയിലെ ഒരു കേസിലും പ്രതിയല്ലാത്ത അവരെ അറസ്റ്റ് ചെയ്തത് അമേരിക്കയിലെ ഒരു കേസില്‍ അവിടത്തെ കോടതി പുറപ്പെടുവിച്ച വാറന്‍റ് അനുസരിച്ചായിരുന്നു. 

ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചുകൊണ്ട് യുഎസ് ടെലികോം ഉല്‍പന്ന ഘടകങ്ങള്‍ ഇറാനു മറിച്ചുവിറ്റുവെന്നാണ് വാവെയ്ക്കെതിരെ അമേരിക്കയിലുള്ള  കേസ്. അതിനുവേണ്ടി സ്കൈകോം എന്ന തങ്ങളുടെ സബ്സിഡിയറിയെ അവര്‍ ഉപയോഗപ്പെടുത്തുകയും സ്കൈകോം തങ്ങളുടെ സബ്സിഡിയറിയാണെന്ന വിവരം ബന്ധപ്പെട്ട ബാങ്കില്‍നിന്നു  മറച്ചുപിടിക്കുകയും ചെയ്തുവെന്നും ആരോപിക്കപ്പെടുകയായിരുന്നു. 

കുറ്റവാളികളെയും കുറ്റാരോപിതരെയും അന്യോന്യം കൈമാറാന്‍ അമേരിക്കയും കാനഡയും തമ്മില്‍ ഉടമ്പടിയുണ്ട്. അതിനാല്‍ മെങ്ങിനെ കാനഡ അമേരിക്കയ്ക്കു കൈമാറാന്‍ നിര്‍ബന്ധിതമാകുമെന്നു ചൈന ഭയപ്പെട്ടു. യുഎസ് കോടതി കുറ്റവാളിയായി വിധിച്ചാല്‍ 30 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. 

പത്തു ദിവസത്തിനുശേഷം മെങ്ങിന് ഒരു കോടി ഡോളറിന്‍റെ ജാമ്യത്തില്‍ ജയിലില്‍ നിന്നു മോചനം കിട്ടിയെങ്കിലും  വാന്‍കുവര്‍ വിട്ടുപോകാനായില്ല. അവിടെ സ്വന്തം ഉടമസ്ഥതിയിലുള്ള രണ്ടു ആഡംബര വീടുകളില്‍ ഒന്നില്‍ വീട്ടുതടങ്കലില്‍ എന്നപോലെ കഴിയുകയായിരുന്നു. ജാമ്യ വ്യവസ്ഥയനുസരിച്ച് അവരുടെ ചലനങ്ങള്‍  അധികൃതര്‍ക്കു നിരീക്ഷിക്കാനുള്ള ജിപിഎസ് സംവിധാനം ബ്രേസ്ലറ്റ് പോലെ കൈയില്‍ അണിയേണ്ടി വന്നു. കാവലിനും മറ്റുമുള്ള ചെലവ് സ്വയം വഹിക്കേണ്ടി വരികയും ചെയ്തു. 

ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെയും സ്മാര്‍ട്ഫോണുകളുടെയും നിര്‍മാണത്തില്‍ ലോകത്തു മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് വാവെയ്. നാല്‍പത്തൊന്‍പതുകാരിയായ മെങ് അതിലെ ഉന്നത ഉദ്യോഗസ്ഥയും ഡപ്യൂട്ടി ചെയര്‍പേഴ്സനും മാത്രമല്ല, സ്ഥാപകനായ  റെന്‍ സെങ്ഫീയുടെ മൂത്തമകളുമാണ്. വാവെയിലെ രാജകുമാരി എന്നറിയപ്പെടുന്നു. 

റെന്‍ സെങ്ഫീ മുന്‍പ് ചൈനീസ് സൈന്യത്തിലെ എന്‍ജിനീയറായിരുന്നു. ദീര്‍ഘകാലമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗവുമാണ്. പാര്‍ട്ടിയുടെ പരമോന്നത നേതാവും രാജ്യത്തിന്‍റെ പ്രസിഡന്‍റുമായ ഷി ചിന്‍പിങ്ങിന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും കരുതപ്പെടുന്നു. വാവെയ്ക്കാണെങ്കില്‍ ചൈനീസ് ഗവണ്‍മെന്‍റുമായും സൈന്യവുമായും ബന്ധമുണ്ടെന്ന സംശയവുമുണ്ട്. 

videsharangom-meng-wanzhou-chief-financial-officer-off-huawei
Huawei Technologies Chief Financial Officer Meng Wanzhou. Photo Credit : Jennifer Gauthier / Reuters

വാവെയുടെ ഉപകരണങ്ങള്‍ ചൈനയ്ക്കുവേണ്ടിയുള്ള ചാരവൃത്തിക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ആരോപണം ഇതിന്‍റെയെല്ലാം മറ്റൊരു ഭാഗമാണ്. ഇക്കാരണത്താല്‍ പല രാജ്യങ്ങളും ആ ഉപകരണങ്ങള്‍ കരിമ്പട്ടയില്‍ ഉള്‍പ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടുമുണ്ട്.   

മെങ്ങിന്‍റെ അറസ്റ്റിനെതിരെ ചൈനയില്‍നിന്നുണ്ടായ പ്രതികരണങ്ങളുടെ രൂക്ഷതയും ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു. കാനഡയില്‍നിന്നു വിട്ടയക്കപ്പെട്ട ശേഷം ചൈനയിലെ ഷെന്‍സനിലെത്തിയ മെങ്ങിനു വിമാനത്താവളത്തില്‍ ലഭിച്ച വീരോചിത സ്വീകരണം ചൂണ്ടിക്കാട്ടിയതും അതുതന്നെയാണ്. 

മെങ്ങിനെ നിരുപാധികം വിട്ടയക്കണമെന്നു ചൈനീസ് ഔദ്യോഗിക വക്താക്കളും മാധ്യമങ്ങളും ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവെങ്കിലും കാനഡ നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. കുറ്റവാളികളെയും കുറ്റാരോപിതരെയും പരസ്പരംം കൈമാറാന്‍ അമേരിക്കയും കാനഡയും തമ്മില്‍ ഉടമ്പടിയുള്ളതിനാല്‍ അമേരിക്കയില്‍നിന്നുളള വാറന്‍റ് അനുസരിക്കുകയല്ലാതെ തങ്ങള്‍ക്കു നിവൃത്തിയുണ്ടായിരുന്നില്ലെന്നായിരുന്നു അവരുടെ ന്യായീകരണം. 

കാനഡയില്‍ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായതിനാല്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാവില്ലെന്നും വാദിക്കുകയായിരുന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്‍റ്. പക്ഷേ, ആ വാദങ്ങള്‍ ചൈന തള്ളിക്കളയുകയാണ് ചെയ്തത്. മാത്രമല്ല, മെങ്ങിന്‍റെ അറസ്റ്റിന്‍റെ പിന്നില്‍ ഗൂഡോദ്ദേശ്യമുണ്ടെന്നു സ്ഥാപിക്കാനായി അന്നത്തെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഒരു പ്രസ്താവന അവര്‍ എടുത്തുകാട്ടുകയും ചെയ്തു. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കത്തില്‍ വേണ്ടിവന്നാല്‍ ഈ അറസ്റ്റ് ഒരു തുരുപ്പുചീട്ടായി താന്‍ ഉപയോഗിക്കുമെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവനയുടെ ചുരുക്കം. 

മെങ്ങിന്‍റെ മോചനം സാധ്യമാകുന്ന വിധത്തില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ട്രംപിനാവുമെന്നാണ് അതിനര്‍ഥമെന്നു ചൈന വാദിച്ചു. അതിനുവേണ്ടി അദ്ദേഹത്തില്‍ ട്രൂഡോ സമ്മര്‍ദ്ദം ചെലുത്തണമെന്നും അല്ലെങ്കില്‍ ട്രൂഡോ സ്വന്തം അധികാരം ഉപയോഗിച്ച് മെങ്ങിനെ വിട്ടയക്കണമെന്നും ചൈന ആവശ്യപ്പെടുകയും ചെയ്തു. 

അധികനാളുകള്‍ കഴിയുന്നതിനു മുന്‍പ്തന്നെ ചൈനയില്‍ രണ്ടു കാനഡക്കാര്‍ ചാരവൃത്തിക്കേസില്‍ അറസ്റ്റ്ചെയ്യപ്പെട്ടതായിരുന്നു ഈ കഥയുടെ അടുത്ത അധ്യായം. ഇവരില്‍ ഒരാള്‍ (മൈക്കള്‍ സ്പേവര്‍) ബിസിനസുകാരനും മറ്റയാള്‍ (മൈക്കള്‍ കോവ്റിഗ്) മുന്‍നയതന്ത്രജ്ഞനുമാണ്. സ്പേവര്‍ ബിസിനസ് ആവശ്യാര്‍ഥവും കോവ്റിഗ് ഇന്‍റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പ് എന്ന തിങ്ക്ടാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായും ചൈനയില്‍ എത്തിയതായിരുന്നു.

മെങ്ങിനെ മോചിപ്പിക്കാനായി സമ്മര്‍ദം ചെലുത്താനാണ് ഇവരുടെ  അറസ്റ്റ് എന്നായിരുന്നു കാനഡയുടെ ആരോപണം. ചൈന അതു നിഷേധിച്ചുവെന്നു മാത്രമല്ല, ചൈനയിലെ ഒരു കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സ്പേവറിനെ 11 വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. കോവ്റിഗിനെയും കാത്തിരിക്കുന്നത് അത്തരമൊരു ശിക്ഷയായിരിക്കുമെന്നു മിക്കവാറും ഉറപ്പായിരുന്നു. 

മറ്റൊരു കേസും ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലുണ്ട്. മെങ് വാന്‍സൂ കാനഡയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനു നാലു വര്‍ഷംമുന്‍പ് റോബര്‍ട് ലോയ്ഡ് ഷെല്ലന്‍ബര്‍ഗ് എന്ന കാനഡക്കാരന്‍ യുവാവ് ലഹരി മരുന്നു കള്ളക്കടത്തു കേസില്‍ ചൈനയില്‍ പിടിയിലാവുകയുണ്ടായി. ടൂറിസ്റ്റായി ചൈനയില്‍ എത്തിയ അയാള്‍ ഓസ്ട്രേലിയയിലേക്കു 222 കിലോഗ്രാം ലഹരിമരുന്ന് (മെത്താംഫെറ്റാമിന്‍്) ഒളിച്ചുകടത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. 

കോടതി അയാളെ 15 വര്‍ഷം തടവിനു ശിക്ഷിച്ചുവെങ്കിലും കഥ അവിടെ അവസാനിച്ചില്ല. മെങ്ങിന്‍റെ അറസ്റ്റിനു പിന്നാലെ അസാധാരണമായ വിധത്തില്‍ ആ കേസ് പുനര്‍വിചാരണയ്ക്കെടുക്കുകയും ഒറ്റ ദിവസം കൊണ്ടുതന്നെ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അയാളുടെ അപ്പീല്‍ തള്ളപ്പെട്ടു. ഇതും ചൈനയുടെ പകപോക്കലായി വിമര്‍ശിക്കപ്പെടുന്നു. 

പക്ഷേ, ചൈന നിഷേധിക്കുന്നു. മാത്രമല്ല, വിമര്‍ശനങ്ങളെ ചൈനീസ് മാധ്യമങ്ങളും ഔദ്യോഗിക വക്താക്കളും കഠിനമായ ഭാഷയില്‍ അപലപിക്കുകയും ചൈനയിലെ കോടതി കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലായി കുറ്റപ്പെടുത്തുകയും ചെയ്തു. 

കാനഡയില്‍നിന്നു മെങ്ങും ചൈനയില്‍നിന്നു രണ്ടു മൈക്കള്‍മാരും മോചിതരായത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, അതു സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ഏതായാലും, യുഎസ് നീതിന്യായ വകുപ്പ് മെങ്ങിനെ തങ്ങള്‍ക്കു വിട്ടുകിട്ടുന്നതിന് കാനഡയ്ക്കു നല്‍കിയ അപേക്ഷ അടുത്ത വര്‍ഷം ഡിസംബര്‍ വരേയ്ക്ക് നിര്‍ത്തിവയ്ക്കാനും അതിനുശേഷം പ്രശ്നമൊന്നും ഉണ്ടാകാത്ത പക്ഷം പിന്‍വലിക്കാനും സമ്മതിച്ചു. മെങ്ങിനെ തടഞ്ഞുവയ്ക്കാനുളള ഉത്തരവാദിത്തത്തില്‍നിന്നു കാനഡ അതോടെ തടിയൂരുകയും ചെയ്തു. ലഹരി മരുന്നു കള്ളക്കടത്തുകേസില്‍ വധശിക്ഷ വിധിക്കപ്പെട്ട കാനഡക്കാരന്‍റെ ഭാവി ഇപ്പോഴും തുലാസ്സില്‍ തൂങ്ങുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom Column -  Huawei executive freed in Canada after deal with US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA