യുക്രെയിനില്‍ ഇനിയെന്ത് ?

GLOBAL-POY/2022
ഖാർക്കിവിലെ റെയിൽവേ ഡിപ്പോകളിലൊന്ന് റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന് തീപിടിച്ചപ്പോൾ. 2022 സെപ്റ്റംബറിലെ കാഴ്ച SERGEY BOBOK / AFP
SHARE

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ യുദ്ധം രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അത് ഇനിയും നീണ്ടുപോവുകയും കൂടുതല്‍ വിനാശകരമാവുകയും ചെയ്തേക്കാമെന്ന ഭീതി ലോകത്തെ അസ്വസ്ഥമാക്കുന്നു. 2022 ഫെബ്രുവരി 24നു റഷ്യ അയല്‍രാജ്യമായ യുക്രെയിനെ ആക്രമിക്കുമ്പോള്‍ ഈ യുദ്ധം ഇത്രപോലും  നീണ്ടുനില്‍ക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല. ലോകോത്തര വന്‍സൈനിക ശക്തികളില്‍ ഒന്നായ റഷ്യയ്ക്കെതിരെ ഇത്രയും വീറോടെ ചെറുത്തിനില്‍ക്കാന്‍ യുക്രെയിനു കഴിയുമെന്നു കരുതിയവരും ചുരുക്കമായിരുന്നു. 

ഇതിനകം ഒട്ടേറെ പേരുടെ മരണത്തിനും കിഴക്കന്‍ യുക്രെയിനില്‍ വന്‍നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഈ യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യാന്തര തലത്തില്‍ കാര്യമായ ശ്രമമൊന്നും നടന്നില്ലെന്നതു മറ്റൊരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. റഷ്യന്‍ വീറ്റോ ഭീഷണികാരണം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്തംഭനാവസ്ഥയിലായി. ജനറല്‍ അസംബ്ളി സമ്മേളിച്ച് റഷ്യയെ അപലപിക്കുകയും വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും ചെയ്തതുമാത്രം മിച്ചം. 

എത്രയും വേഗം യുക്രെയിന്‍ വെട്ടിപ്പിടിക്കുക, അതിന്‍റെ തലസ്ഥാനമായ കീവില്‍ ഒരു റഷ്യന്‍ അനുകൂല ഗവണ്‍മെന്‍റിനെ വാഴിക്കുക, ഭാവിയില്‍ യുക്രെയിന്‍ റഷ്യക്ക് ഭീഷണിയായിത്തീരുന്നതിന് അങ്ങനെ തടയിടുക, യുക്രെയിനെ സ്വന്തം വരുതിയില്‍ നിര്‍ത്തുക-ഇതായിരുന്നു റഷ്യയുടെ ആക്രമണോദ്ദേശ്യം. ആദ്യ ദിവസങ്ങളില്‍ റഷ്യന്‍ സൈന്യത്തിന് അതിവേഗം മുന്നേറാനായത് ഈ ലക്ഷ്യം നേടുകയെന്നത് അവര്‍ക്ക് അസാധ്യമല്ലെന്ന പ്രതീതിയാണുണ്ടാക്കിയത്. യുക്രെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവ്വരെ അവര്‍ എത്തുകയുണ്ടായി.  

പക്ഷേ, അധികനാളുകള്‍ കഴിയുന്നതിനു മുന്‍പേ യുക്രെയിന്‍ തിരിച്ചടിക്കാന്‍ തുടങ്ങി. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങളുടെയും മറ്റും രൂപത്തില്‍ നല്‍കിയ സഹായം അവരുടെ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. ഈ യുദ്ധത്തിനു മുന്‍പേതന്നെ ക്രൈമിയന്‍ അര്‍ധദ്വീപ് ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങള്‍ റഷ്യ കൈവശപ്പെടുത്തിയിരുന്നു. അവയടക്കം യുക്രെയിന്‍റെ 27 ശതമാനം വരെ റഷ്യയുടെ അധീനത്തിലായി. പക്ഷേ, കഴിഞ്ഞ വര്‍ഷം നവംബര്‍ ആയപ്പോഴേക്കും അതു 18 ശതമാനമായി ചുരുങ്ങി. 

ഇരു ഭാഗങ്ങളിലുമായി ഇതിനകം രണ്ടു ലക്ഷം സൈനികര്‍ക്കു മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. ഇവരില്‍ അധികവും റഷ്യക്കാരാണെന്നും അക്കൂട്ടത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളക്കാര്‍കൂടി ഉണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. ജയില്‍പ്പുള്ളികള്‍ക്കു സൈനിക പരിശീലനം നല്‍കി കൂലിപ്പട്ടാളക്കാരായി നിയോഗിക്കുകയാണത്രേ. 

യുഎന്‍ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സിവിലിയന്മാരുടെ മരണസംഖ്യ ഏഴായിരം കടന്നു. പരുക്കേറ്റവര്‍ പതിനായിരത്തിലേറെ. പോളണ്ട്, ഹംഗറി, സ്ലോവാക്യ, റുമാനിയ, മോള്‍ഡോവ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ അഭയം തേടിയവര്‍ എണ്‍പതു  ലക്ഷം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമായി ഇത് എണ്ണപ്പെടുന്നു.

യുദ്ധത്തിലുണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സ്വാഭാവികമായും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ അസ്വസഥനാക്കുന്നുണ്ടാവണം. സൂത്രശാലിയും ശക്തനുമായ നേതാവെന്ന അദ്ദേഹത്തിന്‍റെ പ്രതിഛായക്കു മങ്ങലേറ്റു. ഇതിനെ  മറികടക്കാനായി അദ്ദേഹം യുക്രെയിനില്‍ കൂടുതല്‍ ഭീകരമായ പുതിയ ഒരാക്രമണത്തിനു വട്ടംകൂട്ടുകയാണെങ്കില്‍ അധികമാരും അല്‍ഭുതപ്പെടാനിടയില്ല. 

യുദ്ധത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ (ഫെബ്രുവരി 24നോ അതിനടുത്ത ദിവസങ്ങളിലോ) അത്തരമൊരു ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് യുക്രെയിനും അതിനെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങളും. 

അമേരിക്കന്‍ നിര്‍മിത എഫ് 16 പോര്‍വിമാനം പോലുള്ള കൂടുതല്‍ നിര്‍ണായക ശക്തിയുള്ള ആയുധങ്ങള്‍ നല്‍കണമെന്ന് ആ രാജ്യങ്ങളോട് യുക്രെയിന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ ആവശ്യവുമായി അദ്ദേഹം കഴിഞ്ഞ ചില ദിവസങ്ങളില്‍ ലണ്ടനും പാരിസും യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സും സന്ദര്‍ശിക്കുകയുണ്ടായി. 

കഴിഞ്ഞ വര്‍ഷാവസാനം വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്‍റ് ജോ ബൈഡനുമുന്നിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. യുക്രെയിനുമായും റഷ്യയുമായും അതിര്‍ത്തി പങ്കിടുന്ന പോളണ്ടില്‍ യുഎസ് പ്രസിഡന്‍റ് ഈയാഴ്ച നടത്തുന്ന സന്ദര്‍ശനവും ഈ സന്ദര്‍ഭത്തില്‍ ഏറെ താല്‍പര്യത്തോടെ വീക്ഷിക്കപ്പെടുന്നു. 

അമേരിക്ക അടക്കമുള്ള 30 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ (ഉത്തര അത്‌ലാന്‍റിക് ഉടമ്പടി സംഘടന) യുക്രെയിനെ സഹായിക്കാനായി യുദ്ധത്തില്‍ ഇടപെടുന്ന കാര്യവും സഗൗരവമായ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.ടാങ്കുകളും മിസൈലുകളും ബോംബുകളും പോലുള്ള ആയുധങ്ങള്‍ യുക്രെയിനു നല്‍കിയും അവരുടെ സൈനികര്‍ക്കു പരിശീലനം ലഭ്യമാക്കിയും ഇപ്പോള്‍തന്നെ യുദ്ധത്തില്‍ നാറ്റോ ഇടപെടുകയാണെന്നു പുടിന്‍ കുറ്റപ്പെടുത്തുന്നുണ്ട്. അധികം കളിച്ചാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നു സൂചിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ കൈവിട്ടുപോകാനുള്ള സാധ്യത ലോകത്തെ ഭയപ്പെടുത്തുന്നു. 

യുക്രെയിന്‍ പ്രശ്നത്തില്‍ നാറ്റോയ്ക്കുള്ള സ്ഥാനം വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഈ സംഭവവികാസം. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്ത് അതിനെതിരേ രൂപംകൊണ്ട പാശാചാത്യ സൈനിക സഖ്യമാണ് നാറ്റോ. സോവിയറ്റ് നേതൃത്വത്തില്‍ വാഴ്സോ സൈനിക സഖ്യവുമുണ്ടായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും അതിലെ ഘടക രാജ്യങ്ങളൂം കിഴക്കന്‍ യൂറോപ്പിലെ ആശ്രിത രാജ്യങ്ങളും സ്വതന്ത്രമാവുകയും ചെയ്തതോടെ വാഴ്സോ സഖ്യം അപ്രത്യക്ഷമായി. 

ആ രാജ്യങ്ങളില്‍ പലതും ഒന്നൊന്നായി മറുകണ്ടം ചാടുകയും നാറ്റോയിലും യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലും ചേരാന്‍ വെമ്പല്‍കൊള്ളുകയും ചെയ്തു. ഇവരുടെയെല്ലാം സഹായത്തോടെ റഷ്യയെ വരിഞ്ഞുമുറുക്കാനുള്ള പാശ്ചാത്യ ഗൂഡാലോചനയാണ് ഇതില്‍ പുടിന്‍ കാണുന്നത്. സോവിയറ്റ് യൂണിയന്‍റെ അവസാനകാലത്ത് അമേരിക്ക ഉള്‍പ്പെടെയുളള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കു നല്‍കിയിരുന്ന ഉറപ്പിന്‍റെ ലംഘനമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

യൂറോപ്പില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമാണ് ആറു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള യുക്രെയിന്‍. അവിടെ തെക്കുഭാഗത്തെ ക്രൈമിയന്‍ അര്‍ധദ്വീപില്‍ സുപ്രധാന റഷ്യന്‍ നാവികസേനാ താവളം സ്ഥിതിചെയ്യുന്നു. സോവിയറ്റ് കാലം മുതല്‍ക്കേയുള്ള തീരുമാനം അനുസരിച്ചാണിത്. റഷ്യയെ സംബന്ധിച്ചിടത്തോളം സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശം. അവിടെ ശത്രുസാന്നിധ്യവും സ്വാധീനവും അനുവദിക്കുന്നത് പുടിന് അചിന്ത്യം. 

യുക്രെയിന്‍ 2014ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വത്തിനു ശ്രമിച്ചപ്പോള്‍ തന്നെ റഷ്യ ഉടക്കി. നാറ്റോയില്‍ കയറിക്കൂടാനുള്ള പരിപാടിയുടെ തുടക്കമായിട്ടാണ് അവര്‍ അതിനെ കണ്ടത്. യുക്രെയിനിലെ യുദ്ധത്തിന്‍റെ മുന്നോടിയായ സംഘര്‍ഷാവസ്ഥയുടെ തുടക്കവും അതോടെയായിരുന്നു.

യുക്രെയിനിലെ റഷ്യന്‍ അനുകൂലികളുടെ സഹായത്തോടെ ക്രൈമിയയെ 2014ല്‍ റഷ്യ സ്വന്തമാക്കിയപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതികരിച്ചത് രാജ്യാന്തര തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുളള ശ്രമവുമായിട്ടാണ്. അവര്‍ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും വന്‍സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-8ല്‍നിന്നു റഷ്യയെ പുറത്താക്കുകയും ചെയ്തു. 

സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ അപ്രത്യക്ഷമായ ശീതയുദ്ധത്തിന്‍റെ പുനരാരംഭത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ സംഭവവികാസം. എങ്കിലും യുക്രെയിനെതിരെ വന്‍തോതിലുള്ള ആക്രമണം റഷ്യ അഴിച്ചുവിടുമെന്ന് അധികമാരും കരുതിയിരുന്നില്ല. അതിനുള്ള സന്നാഹങ്ങള്‍ 2021 അവസാനത്തില്‍ തന്നെ തുടങ്ങി. യുക്രെയിനുമായുള്ള ആയിരത്തിലേറെ കിലോമീറ്റര്‍ അതിര്‍ത്തിയുടെ ചില ഭാഗങ്ങളില്‍ രണ്ടു ലക്ഷത്തോളം സൈനികരെ വിന്യസിപ്പിച്ച ശേഷമായിരുന്നു 2022 ഫെബ്രുവരി 24ന് ആക്രമണത്തിന്‍റെ തുടക്കം.  

അത്തരമൊരു സൈനിക സന്നാഹം വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പുതിയ റഷ്യന്‍ ആക്രമണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അതിനെ ചെറുക്കാനുളള പാശ്ചാത്യ ശക്തികളുടെ തിരക്കുപിടിച്ച ആലോചനകളുമെല്ലാം നടന്നുവരുന്നത് ഈ പശ്ചാത്തലത്തിലാണ്.

Content Summary:  Videsharangom Column by K. Obeidulla on What happens next in Ukraine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS