ആകാശത്തിലെ ചാരന്മാര്‍

chinese-spy-balloon
(ട്വിറ്റർ ചിത്രം)
SHARE

അമേരിക്കയും ചൈനയും തമ്മിലുളള ബന്ധം അടിക്കടി ഉലഞ്ഞുകൊണ്ടിരിക്കേ, പെട്ടെന്ന് അത് ഒന്നുകൂടി ഉലയാന്‍ കാരണമായിരിക്കുകയാണ് ഒരു ബലൂണ്‍. സംശയാസ്പദമായ വിധത്തില്‍ അമേരിക്കയ്ക്കു മുകളിലൂടെ, സാധാരണ യാത്രാവിമാനങ്ങള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ നീങ്ങുകയായിരുന്ന ഈ പടുകൂറ്റന്‍ ചൈനീസ് ബലൂണ്‍ യുഎസ് വ്യോമസേന വെടിവച്ചിടുകയായിരുന്നു.

മൂന്നു ബസ്സുകളുടെയോ ഒരു വിമാനത്തിന്‍റെയോ അത്രയും വലിപ്പമുള്ളതും രണ്ടു വലിയ പാനലുകള്‍ ഘടിപ്പിച്ചതുമായ ബലൂണ്‍ ചൈനയ്ക്കുവേണ്ടി അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനുളള ചാരപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നാണ് യുഎസ് ആരോപണം. പ്രകോപനപരമെന്നു പറഞ്ഞ് അമേരിക്ക ചൈനയെ വിമര്‍ശിക്കുകയും രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്ന ഇത്തരം നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

ബലൂണ്‍ തങ്ങളുടേതാണെന്നതു ചൈന നിഷേധിക്കുകയുണ്ടായില്ല. എന്നാല്‍,അതു ചാരപ്പണി നടത്തുകയാണെന്ന ആരോപണം അവര്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാ നിരീക്ഷണ പരീക്ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും കാറ്റ് കാരണം വഴിതെറ്റിപ്പോയതാണെന്നും വിശദീകരിച്ചു. ഇത്തരം നിസ്സാര കാര്യങ്ങളുടെ പേരില്‍ പ്രകോപനപരമായ വിമര്‍ശനങ്ങള്‍ നടത്തി അന്തരീക്ഷം വഷളാക്കുന്നത് അമേരിക്കയാണെന്നു കുറ്റപ്പെടുത്താനും ചൈന മടിച്ചില്ല.  

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള വഴികള്‍ ആരായാനുള്ള ശ്രമത്തില്‍ ഫെബ്രുവരി അഞ്ചും ആറും തീയതികളില്‍ ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍. ചൈനയുടെ പ്രമുഖ നയതതന്ത്രജ്ഞനായ വാങ്യിക്കു പുറമെ ചൈനീസ് പ്രസിന്‍റ് ഷി ജിന്‍പിങ്ങുമായും ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിനു പരിപാടിയുണ്ടായിരുന്നു. 

ബ്ളിങ്കന്‍ ബെയ്ജിങ്ങിലേക്കു പുറപ്പെടുന്നതിന്‍റെ തലേന്നായിരുന്നു ബലൂണ്‍ സംഭവം. അദ്ദേഹം തന്‍റെ സന്ദര്‍ശനം റദ്ദാക്കി. പത്തു ദിവസത്തിനു ശേഷം മ്യൂണിക്കിലെ (ജര്‍മനി) രാജ്യാന്തര സുരക്ഷാ സമ്മേളനത്തില്‍ (മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫ്രന്‍സ്) പങ്കെടുക്കുന്നതിനിടയില്‍ ബ്ളിങ്കനും വാങ് യിയും തമ്മില്‍ സംസാരിച്ചുവെങ്കിലും അന്തരീക്ഷം മെച്ചപ്പെടുത്താനായില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ പരസ്പരം ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. 

വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കു പടിഞ്ഞാറെ മൂലയിലുള്ള യുഎസ് പ്രവിശ്യയായ അലാസ്ക്കയ്ക്കു മുകളിലൂടെ ജനുവരി 28നാണത്രേ  ബലൂണ്‍ ആദ്യമായി യുഎസ് ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആരും അതത്ര കാര്യമാക്കിയില്ലെന്നു തോന്നുന്നു. അവിടെനിന്നു കാനഡയുടെ വ്യോമാതിര്‍ത്തിയിലേക്കു നീങ്ങുകയും പിന്നീട് അമേരിക്കയുടെ പല സംസ്ഥാനങ്ങള്‍ക്കും മുകളിലൂടെ കടന്ന് ഒടുവില്‍ തെക്കു കിഴക്കു ഭാഗത്തെ സൗത്ത് കാരൊലൈന സംസ്ഥാനത്തിന്‍റെ മുകളിലെത്തുകയും ചെയ്തു.

യുഎസ് സൈന്യത്തിന്‍റെ ചില തന്ത്രപരമായ സ്ഥാപനങ്ങള്‍ അവിടെയുണ്ട്. ബലൂണ്‍ അവയുടെ പടങ്ങള്‍ എടുക്കുകയായിരുന്നുവെന്ന സംശയം ഉയര്‍ന്നു. കാര്യത്തിന്‍റെ ഗൗരവം ബന്ധപ്പെട്ടവര്‍ക്കു ബോധ്യമായത് അപ്പോഴാണത്രേ. പ്രശ്നം പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുന്നിലെത്തി. ബലൂണ്‍ വെടിവച്ചിടാന്‍ ഉത്തരവ് നല്‍കിയത് അദ്ദേഹമാണത്രേ. 

സമീപ സംസ്ഥാനമായ മോണ്‍ടാനയിലെ ലാങ്ലി വ്യോമസേനാ താവളത്തില്‍നിന്നു പുറപ്പെട്ട ഒരു എഫ് 22 പോര്‍വിമാനം എയ്തുവിട്ട മിസൈല്‍ ഏറ്റു ബലൂണ്‍ തകര്‍ന്നു. ഭൂമിയുടെ ഉപരിതലത്തില്‍നിന്നു 60,000 അടി (ഏതാണ്ട് 18 കിലോമീറ്റര്‍) ഉയരത്തിലായിരുന്നുത്രേ അപ്പോള്‍ ബലൂണ്‍. യാത്രാവിമാനങ്ങള്‍ പറക്കുന്നത് 40,000 അടി അഥവാ 12 കിലോമീറ്റര്‍ ഉയരത്തിലാണ്. യുഎസ് നാവിക സേനയും കോസ്റ്റ്ഗാര്‍ഡും കൂടി ബലൂണിന്‍റെ അവശിഷടങ്ങള്‍ കടലില്‍നിന്നു കരയില്‍ എത്തിച്ച ശേഷം കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ) അവയുടെ 

സൂക്ഷ്മമായ പരിശോധന തുടങ്ങി. അതിന്‍റെ ഫലം ഇതുവരെ അറിവായിട്ടില്ല. ചാരവൃത്തിക്കുവേണ്ടി ബലൂണുകള്‍ ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല.രണ്ടാം ലോകമഹായുദ്ധ കാലത്തുതന്നെ (1939-1945) ജപ്പാന്‍ ഈ രംഗത്ത് ഉണ്ടായിരുന്നുവത്രേ. കാലക്രമത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തോടെ ബലൂണുകള്‍ക്കു പ്രാധാന്യം നഷ്ടപ്പെടുകയും അവയുടെ സഥാനം യു-2 പോലുള്ള ചാരവിമാനങ്ങളും ബഹിരാകാശ ഉപഗ്രങ്ങളും ഡ്രോണുകളും പിടിച്ചടക്കുകയും ചെയ്തു.

അതേസമയം ബലൂണുകളുടെ ഉപയോഗം തീര്‍ത്തും അവസാനിച്ചുമില്ല. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ അഞ്ചു ഭൂഖണ്ഡങ്ങളിലെ നാല്‍പ്പതോളം രാജ്യങ്ങളുടെ മുകളില്‍ ചൈനീസ് ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ കണക്കുകള്‍ അമേരിക്കയുടെ കൈയിലുണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍, ചരിത്രത്തില്‍ ഒരു ചാരവിമാനത്തിന്‍റെ പേരില്‍ നാണക്കേടുണ്ടായത് അമേരിക്കക്കാണ്. ആറു ദശകങ്ങള്‍ക്കുമുന്‍പ് നടന്ന ആ സംഭവം ചൈനീസ് ബലൂണ്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും ഓര്‍മ്മയില്‍ എത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് സ്വാഭാവികം. 

അമേരിക്കയില്‍ ഡ്വൈറ്റ് ഐസന്‍ഹോവര്‍ പ്രസിഡന്‍റും സോവിയറ്റ് യൂണിയനില്‍ നികിത ക്രൂഷ്ച്ചോവ് പ്രധാനമന്ത്രിയുമായിരിക്കേ ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. 1960 മേയ് ഒന്നിനു പാക്കിസ്ഥാനിലെ പെഷാവറിനു സമീപമുള്ള യുഎസ് താവളത്തില്‍നിന്നു പുറപ്പെട്ട യു-2 ചാരവിമാനം സോവിയറ്റ് യൂണിയനു മുകളിലൂടെ പറക്കുന്നതിനിടയില്‍ വെടിവച്ചവീഴ്ത്തപ്പെട്ടു. പൈലറ്റ് ക്യാപ്റ്റന്‍ ഗാരി ഫ്രാന്‍സിസ് പവേഴ്സ് പാരഷ്യൂട്ടുമായി പുറത്തേക്കു ചാടി രക്ഷപ്പെട്ടുവെങ്കിലും സോവിയറ്റ് അധികൃതരുടെ പിടിയിലായി. 

വിമാനം കാണാതായെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. സത്യം സോവിയറ്റ് യൂണിയന്‍ വെളിപ്പെടുത്തിയത് അമേരിക്കയ്ക്കു നാണക്കേടായി. ചാരപ്പണി നടത്തുകയായിരുന്നുവെന്ന പൈലറ്റിന്‍റെ കുറ്റസമ്മതം അവര്‍ പ്രക്ഷേപണം ചെയ്യുകയും അയാളെ വിചാരണചെയ്ത് 10 വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. എങ്കിലും, മൂന്നു വര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നില്ല. ചാരവൃത്തിക്ക് അമേരിക്കയില്‍ തടങ്കലിലായ ഒരു സോവിയറ്റ് ഇന്‍റലിജന്‍സ് ഓഫീസര്‍ക്കു പകരമായി 1962 ഫെബ്രുവരിയില്‍ മോചിതനായി. 

യുഎസ് പ്രസിഡന്‍റുമായി പാരിസില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഉച്ചകോടി അലസിപ്പോയതായിരുന്നു ആ സംഭവത്തിന്‍റെ മറ്റൊരു അനന്തര ഫലം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മേയ് 16നു പാരിസിലെത്തിയ ക്രൂഷ്ച്ചോവ് ഐസന്‍ഹോവറെ കഠിനമായി വിമര്‍ശിക്കുക മാത്രമല്ല, ഐസന്‍ഹോവര്‍ ജൂണില്‍ നടത്താനിരുന്ന സോവിയറ്റ് സന്ദര്‍ശനം അദ്ദേഹം റദ്ദാക്കുകയും ചെയ്തു. ഇരുവരുംകൂടി ശീതയുദ്ധത്തിന് അയവു വരുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നു കരുതിയവര്‍ നിരാശരായി.  

ഏതാണ്ട് സമാനമായ സ്ഥിതിയാണ് ബലൂണ്‍ സംഭവത്തെ തുടര്‍ന്ന് യുഎസ്-ചൈന ബന്ധത്തിലും സംജാതമായിരിക്കുന്നത്. പല കാരണങ്ങളാല്‍ ബന്ധം അടിക്കടി വഷളാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി നടത്തിയ തയ്വാന്‍ സന്ദര്‍ശനം സ്ഥിതിഗതികള്‍ കുറേക്കൂടി ഗുരുതരമാക്കുകയും ചെയ്തു. 

അമേരിക്കയിലെ ഇത്രയും ഉന്നതയായ ഒരു നേതാവ് തയ്വാന്‍ സന്ദര്‍ശിക്കുന്നത് കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായിരുന്നു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള മറ്റ് അഞ്ചംഗങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. ചൈനയില്‍നിന്ന് വേറിട്ടൊരു രാജ്യമായി തുടരാന്‍ തയ്വാനെ അമേരിക്ക സഹായിക്കുകയാണെന്ന ആരോപണം ഇതോടെ വീണ്ടും ഉയര്‍ന്നു.

എങ്കിലും, കവിഞ്ഞവര്‍ഷം നവംബറില്‍ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി-20 ഉച്ചകോടി വേളയില്‍ തമ്മില്‍ സംസാരിച്ചത് പുതിയൊരു പ്രതീക്ഷയ്ക്കു തുടക്കംകുറിച്ചു. അതിന്‍റെ തുടര്‍ച്ചയെന്ന നിലയിലുള്ള വിശദ ചര്‍ച്ചകള്‍ക്കുവേണ്ടി ബെയ്ജിങ്ങിലേക്കു പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു ബൈഡന്‍റെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍. ബലൂണ്‍ സംഭവം അതിനു തടസ്സമായി. 

ഇതിനിടയില്‍തന്നെയാണ് യുക്രെയിന്‍ പ്രശ്നത്തില്‍ പാശ്ചാത്യ നിലപാടിനു കടകവിരുദ്ധമായ വിധത്തില്‍ ചൈന റഷ്യയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതും. യുക്രെയിനില്‍ യുഎസ് പ്രസിഡന്‍റ് നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിന്‍റെ തൊട്ടുപിന്നാലെ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ്യി മോസ്ക്കോയിലെത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ കണ്ടു. ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം പാറപോലെ ഉറച്ചതാണെന്നു പ്രഖ്യാപിച്ചു. അടുത്തുതന്നെ ചൈനീസ് പ്രസിഡന്‍റും മോസ്കോയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 Content Summary : Videsharangom Chineese Spy Balloon Shot Down Over Atlantic Ocean by US                                                    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS