20 വര്‍ഷം മുന്‍പ് ഈ നാളുകളില്‍...

Mail This Article
ഇരുപതു വര്‍ഷംമുന്‍പ് ഈ നാളുകളില്‍, പശ്ചിമേഷ്യയിലെ ഇറാഖ് അതിഭീകരമായ ഒരു യുദ്ധത്തിന് ഇരയാവാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നുണ്ടായ യുദ്ധമായിരുന്നില്ല അത്. ഇറാഖിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനെ അട്ടിമറിക്കാനുള്ള ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്യുകയും മാസങ്ങള്‍ നീണ്ടുനിന്ന തയാറെടുപ്പുകള്‍ നടത്തുകയും ചെയ്ത ശേഷം അമേരിക്ക മുഖ്യമായും ബ്രിട്ടന്‍റെ സഹായത്തോടെ 2003 മാര്‍ച്ച് 20ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആഴ്ചകള്‍ക്കകം സദ്ദാമിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തലസ്ഥാനമായ ബഗ്ദാദിലെ ഫിര്‍ദൗസ് ചത്വരത്തില്‍ സ്ഥാപിച്ചിരുന്ന സദ്ദാമിന്‍റെ പടുകൂറ്റന്‍ പ്രതിമ യുഎസ് സൈനികരും നാട്ടുകാരുംകൂടി കയര്‍ കെട്ടി വലിച്ചു താഴെയിട്ടു. ഒളിവില്‍ പോയ സദ്ദാം പിന്നീടു പിടിയിലാവുകയും ഭരണകാലത്തു താന്‍ നടത്തിയ കൊടിയ പാതകങ്ങളുടെ പേരിലുള്ള ശിക്ഷയായി തൂക്കിലേറ്റപ്പെടുകയും ചെയ്തു.

'ദൗത്യം പൂര്‍ത്തിയായി' എന്നു മേയ് ഒന്നിന് ഏബ്രഹാം ലിങ്കണ്‍ എന്ന യുഎസ് വിമാനവാഹിനിയില്‍ നിന്നു പ്രസിഡന്‍റ് ജോര്‍ജ് ഡബ്ളിയു. ബുഷ് നടത്തിയ പ്രഖ്യാപനവും ലോകം ഓര്‍ക്കുന്നു. പക്ഷേ, യുദ്ധം അവസാനിച്ചില്ല. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്, അവസാനിപ്പിക്കാന്‍ പ്രയാസം എന്നു മുന്‍പേ പലരും പറഞ്ഞിരുന്നതു ഒരിക്കല്‍കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു.
യുദ്ധം പാളിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഇറാഖിലെ സാഹചര്യങ്ങളുടെ സങ്കീര്‍ണതകള്‍ നിറഞ്ഞ സവിശേഷതകള്‍ തിരിച്ചറിയുന്നതിലും ബുഷ് പരാജയപ്പെട്ടു. അതെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടാം ഗള്‍ഫ് യുദ്ധം എന്നും അറിയപ്പെടുന്ന ഇറാഖ് യുദ്ധത്തിന്‍റെ കേളികൊട്ട് വാസ്തവത്തില്‍ 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തോടെതന്നെ തുടങ്ങിയതാണ്.
അയല്‍രാജ്യമായ കുവൈത്തിനെ 1990ല്‍ ആക്രമിച്ചുകീഴടക്കിയ സദ്ദാമിനെ അവിടെനിന്നു തുരത്താന്‍ ബുഷിന്‍റെ പിതാവായ പ്രസിഡന്‍റ് എച്ച്. ഡബ്ളിയു. ബുഷിന്‍റെ നേതൃത്വത്തില്‍ നടന്നതായിരുന്നു ഒന്നാം ഗള്‍ഫ് യുദ്ധം. അതിനു യുഎന്‍ അംഗീകാരമുണ്ടായിരുന്നു. ഒട്ടേറെ രാജ്യങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു.
രണ്ടാം യുദ്ധത്തിനു പക്ഷേ, യുഎന്‍ അംഗീകാരം ഉണ്ടായിരുന്നില്ല. അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അതിനെ വിശേഷിപ്പിച്ചത് നിയമവിരുദ്ധ യുദ്ധം എന്നായിരുന്നു. റഷ്യയും ചൈനയും മാത്രമല്ല, അമേരിക്കയുടെ സുഹൃല്‍ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും പോലും എതിര്‍ത്തു. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ അംഗമായിരുന്നിട്ടും തുര്‍ക്കിയും സഹകരിക്കാന്‍ വിസമ്മതിച്ചു. യുദ്ധത്തിനെതിരെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും വന്‍പ്രകടനങ്ങളുമുണ്ടായി.
ശത്രുക്കളെന്നു കരുതുന്ന രാജ്യങ്ങള്‍ക്കെതിരെയും സ്വന്തം ജനങ്ങള്‍ക്കു നേരെ പോലും പ്രയോഗിക്കാനായി ഇറാഖ് കൂട്ട നശീകരണായുധങ്ങള്‍ (ആണവ-ജൈവ-രാസായുധങ്ങള്‍) നിര്‍മിക്കുന്നു, ഉടന്‍തന്നെ അതു തിടഞ്ഞില്ലെങ്കില്‍ ലോകം അപകടത്തിലാവും, 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ ഭീകരാക്രമണം നടത്തിയ അല്‍ഖായിദ സംഘവുമായി സദ്ദാമിനു ബന്ധമുണ്ട്-ഇങ്ങനെയുള്ള വാദങ്ങളാണ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറും യുദ്ധത്തിനു കാരണമായി ഉന്നയിച്ചിരുന്നത്.
എന്നാല്‍, പാശ്ചാത്യ ഉപരോധം കാരണം ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷംതന്നെ സദ്ദാം തന്‍റെ പക്കലുള്ള കൂട്ടനശീകരണായുധങ്ങള്‍ നശിപ്പിക്കുകയും അവയുടെ നിര്‍മാണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പലരും അതു ചൂണ്ടിക്കാട്ടിയെങ്കിലും ബുഷും ബ്ളെയറും വിശ്വസിച്ചില്ല. മതനിരപേക്ഷത പുലര്‍ത്തിയിരുന്ന സദ്ദാം അല്‍ഖായിദ പോലുള്ള മതാധിഷ്ഠിത സംഘങ്ങള്‍ക്ക് എതിരായിരുന്നുവെന്നും പരക്കേ കരുതപ്പെട്ടിരുന്നു. ബുഷും ബ്ളെയറും അതിനോടും യോജിച്ചില്ല. അവരുടെ നിലപാടു തെറ്റായിരുന്നുവെന്നു യുദ്ധത്തിനുശേഷം നടന്ന അന്വേഷണങ്ങളില്‍ തെളിഞ്ഞു. സദ്ദാമന്‍റെ അപ്രീതിക്കു പാത്രമായി നാടുവിട്ട ഇറാഖി വിമതര്‍ സദ്ദാമിനെതിരെ ഇളക്കിവിടുന്നതിനുവേണ്ടി അവരെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചതാണെന്നു കരുതുന്നവരുണ്ട്. യുഎസ് സൈനികരെ തങ്ങളുടെ രക്ഷകരായിക്കണ്ട് ഇറാഖികള്‍ പൂച്ചെണ്ടു നല്‍കി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവത്രേ. അതും നടന്നില്ല.
സദ്ദാമിന്‍റെ പീഢനങ്ങളില്‍നിന്നു രക്ഷപ്പെട്ടതില്‍ ഇറാഖികള്‍ പൊതുവില്‍ സന്തുഷ്ടരായിരുന്നുവെങ്കിലും കാലക്രമത്തില്‍ അധിനിവേശ സൈന്യമായി മുദ്രകുത്തപ്പെടാനുള്ള ദുര്യോഗമാണ് അമേരിക്കയ്ക്കുണ്ടായത്. ഇറാഖിലെ ജനങ്ങള്‍ക്കിടയില്‍ നേരത്തെതന്നെ യുഎസ് വിരുദ്ധവികാരം വേരൂന്നിയിരുന്നു.
ഒന്നാം ഗള്‍ഫ് യുദ്ധത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖിനെതിരെ നടപ്പിലായതും ഇറാഖികളെ പൊതുവില്‍ ദുരിതത്തിലാക്കിയതുമായ സാമ്പത്തിക ഉപരോധമായിരുന്നു അതിനു കാരണം. സദ്ദാമിന്‍റെ പതനത്തെ തുടര്‍ന്നുണ്ടായ അരാജകത്വവും അമേരിക്കയെ പ്രതിക്കൂട്ടിലാക്കി.
ഇറാഖിലെ രണ്ടു പ്രബല വിഭാഗങ്ങള്‍ (മുസ്ലിംകളിലെ സുന്നികളും ഷിയാക്കളും) തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അതിന്‍റെ പ്രത്യാഘാതങ്ങളെയും അമേരിക്കയ്ക്കു നേരിടേണ്ടിവന്നു. സദ്ദാം ഹുസൈന്‍ വരെയുള്ള ഇറാഖി ഭരണാധിപന്മാരെല്ലാം സുന്നികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷം ഷിയാക്കളാണ്. തൊട്ടടുത്ത രാജ്യമായ ഇറാനില്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷയും ഷിയാക്കളാണെന്നു മാത്രമല്ല ഭരണം പരമ്പരാഗതമായി അവരുടെ കൈകളിലൂമാണ്.
സദ്ദാമിന്‍റെ പതനത്തോടെ ഇറാഖില്‍ സുന്നി മേധാവിത്തം അവസാനിക്കുകയും ഭരണ നിയന്ത്രണം മുഖ്യമായി ഷിയാക്കളുടെ കൈകളിലാവുകയും ചെയ്തു. തുടര്‍ന്ന് സുന്നികള്‍ക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങളാണ് അവരും ഷിയാക്കളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇറാഖി ഷിയാക്കളെ ഇറാന്‍ നേരിട്ടും അല്ലാതെയും സഹായിക്കുകയാണെന്ന ആരോപണവുമുണ്ടായി.
ഇറാനും ഇറാഖും സൗഹൃദത്തിലായതും അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്‍റെ ഫലമാണ്. സദ്ദാം ഹുസൈന്‍റെ ഭരണകാലത്ത് പത്തു വര്‍ഷത്തോളം (1980-1988) ഈ രാജ്യങ്ങള്‍ യുദ്ധത്തിലായിരുന്നു. രാജഭരണം അവസാനിച്ച 1979ലെ ഇസ്ലാമിക വിപ്ളവം മുതല്‍ക്കേ അമേരിക്കയുമായി ഉടക്കിലായിരുന്ന ഇറാനു സ്വന്തമായ ശ്രമമൊന്നും നടത്താതെതന്നെ ലഭിച്ച ഒരു വലിയ നേട്ടമായി സദ്ദാമിന്‍റെ പതനവും ഇറാഖിലെ ഷിയാ നേതൃത്വത്തിലുള്ള ഭരണവും.

ഇങ്ങനെ സംഭവിക്കുമെന്ന് അമേരിക്കയില്‍തന്നെ പലരും ബുഷിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ബുഷ് ചെവിക്കൊണ്ടില്ല.
അല്‍ഖായിദയുമായി കൂട്ടുകെട്ടിലാണെന്നു പറഞ്ഞ് സദ്ദാമിനെ ആക്രമിച്ച അമേരിക്കയ്ക്കു സദ്ദാമിന്‍റെ പതനത്തിനുശേഷം ഇറാഖില്‍ അല്‍ഖായിദയും അതിനേക്കാള്‍ കൂടുതല്‍ അപകടകാരികളായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകരസംഘങ്ങളും വിഹരിക്കുന്നതു കാണേണ്ടിവന്നു.
ഒരു ഘട്ടത്തില്‍ അമേരിക്കയുടെ 170,000 ഭടന്മാര്‍ ഇറാഖിലുണ്ടായിരുന്നു. 4,500 യുഎസ് സൈനികര്‍ മരിച്ചു. മൂന്നു ലക്ഷത്തോളം ഇറാഖികളും (അധികവും സിവിലിയന്മാര്‍) മരിച്ചതായി കണക്കാക്കപ്പെടുന്നു. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി. യുദ്ധത്തിനുവേണ്ടി അമേരിക്കയ്ക്കു ചെലവായതു മൂന്നു ലക്ഷം കോടി ഡോളര്‍.
ഇറാനിലെ സൈന്യത്തിനു പരിശീലനവും ഉപദേശവും നല്‍കുന്ന കുറേ പേരെ ഒഴികെ എല്ലാവരെയും ബുഷിന്‍റെ പിന്‍ഗാമിയായ പ്രസിഡന്‍റ് ബറാക് ഒബാമ 2011ല്‍ പിന്‍വലിച്ചു. അവശേഷിച്ചവരില്‍ കുറേപേരെ 2021ല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പിന്‍വലിച്ചു. ആവശ്യം നേരിടുമ്പോള്‍മാത്രം ഭീകരരെ ചെറുക്കുന്നതില്‍ ബഗ്ദാദിലെ ഗവണ്‍മെന്‍റിനെ സഹായിക്കാനായി ഏതാണ്ട് 2500 യുഎസ് സൈനികര്‍ ഇപ്പോഴും ഇറാഖില്‍ അവശേഷിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ അല്‍ഖായിദയ്ക്കും അവരുടെ രക്ഷകരായിരുന്ന താലിബാനും എതിരെ അമേരിക്ക യുദ്ധം ആരംഭിച്ച് ഒന്നര വര്‍ഷം മാത്രമായപ്പോഴായിരുന്നു 2003ലെ ഇറാഖ് യുദ്ധം. 2001ല്‍ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിനുളള മറുപടിയായിരുന്നു അഫ്ഗാനിസ്ഥാനിലെ സൈനിക നടപടി. അതു പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്തന്നെ മറ്റൊരു രാജ്യത്തും യുദ്ധം തുടങ്ങുന്നത് ബുദ്ധിശൂന്യതയാണെന്ന് അമേരിക്കയില്‍ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ബുഷ് ഗൗനിച്ചില്ല. ഒടുവില്‍ അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈന്യം പിന്‍വാങ്ങുവാനും വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു.
Content Summary: Videsharangom Column by K Obiedullah on Iran War