അരാജകത്വത്തിന്‍റെ പിടിയില്‍ സുഡാന്‍

HIGHLIGHTS
  • സേനാവിഭാഗങ്ങള്‍ തമ്മിലുളള യദ്ധത്തില്‍ രാജ്യം കത്തിയെരിയുന്നു
  • അധികാരത്തര്‍ക്കം ആഭ്യന്തര കലാപമായി മാറി
videsharangom-column-about-sudan-war
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ സൈനികരെ വിന്യസിച്ചിരിക്കുന്നു. (Photo by - / AFP)
SHARE

വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ സുഡാനില്‍ നാലു വര്‍ഷംമുന്‍പ് ഈ നാളുകളില്‍ ജനങ്ങള്‍ അഭൂതപൂര്‍വമായ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിന്‍റെ 30 വര്‍ഷത്തെ ഭീകരമായ ഏകാധിപത്യം അവസാനിച്ചത് ആഘോഷിക്കുകയായിരുന്നു അവര്‍. ജനാധിപത്യ സൂര്യന്‍ സുഡാനില്‍ ഉദിച്ചുയരുന്നത് അവര്‍ സ്വപന്ം കാണാന്‍ തുടങ്ങുകയും ചെയ്തു. 

പക്ഷേ, നാലു വര്‍ഷത്തിനു ശേഷം അവര്‍ കാണുന്നത് ആ സ്വപനത്തിന്‍റെ ചാരമാണ്. അതോടൊപ്പം ഒരു പുതിയ ആഭ്യന്തര കലാപത്തിന്‍റെ കെടുതികള്‍ക്ക് അവര്‍ ഇരയായിക്കൊണ്ടുമിരിക്കുന്നു. കലാപവും ചോരിച്ചൊരിച്ചിലും സുഡാനില്‍ പുതിയ സംഭവങ്ങളല്ല. എന്നാല്‍, മുന്‍പ്, രാജ്യത്തിന്‍റെ ഇതര ഭാഗങ്ങള്‍ കത്തിയെരിയുമ്പോള്‍ തലസ്ഥാന നഗരമായ ഖാര്‍ത്തൂമിലെ നിവാസികള്‍ ഏറെക്കുറെ സുരക്ഷിതരായിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടു സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഒരാഴ്ചയായി നടന്നുവരുന്ന ഏറ്റുമുട്ടലിന്‍റെ കെടുതികള്‍ക്ക് അധികവും ഇരയായിക്കൊണ്ടിരിക്കുന്നത്ഖാര്‍ത്തുമിലെയും സമീപനഗരമായ ഓംദുര്‍മാനിലെയും ജനങ്ങളാണ്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടയില്‍ ഇരുനൂറിലേറെ പേര്‍ മരിക്കുകയും രണ്ടായിരത്തോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ഥികളായവര്‍ അസംഖ്യം. കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവരില്‍ മറുനാട്ടുകാരും ഉള്‍പ്പെടുന്നു. അങ്ങനെ ആദ്യദിവസം തന്നെ (ഏപ്രില്‍ 15, ശനിയാഴ്ച) ഖാര്‍ത്തൂമില്‍ വെടിയേറ്റു മരിച്ചവരില്‍ ഒരാളാണ് 

മലയാളിയായ വിമുക്ത ഭടന്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48). കണ്ണുര്‍ ആലക്കോട് സ്വദേശിയായ ആല്‍ബര്‍ട്ട് അവിടെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി വിഭാഗം തലവനായിരുന്നു.  ആറു മാസം മുന്‍പാണ് എത്തിയത്. ഈയിടെ ഭാര്യയും മകളുമെത്തി. എല്ലാവരുംകൂടി മേയ് ആദ്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതായിരുന്നു. 

താമസിക്കുന്ന ഫ്ളാറ്റിലെ ജനലിനടുത്തുനിന്ന് മൊബൈലില്‍ ബ്രിട്ടനിലെ മകനുമായി സംസാരിച്ചുകൊണ്ടിരിക്കേയാണ് പുറത്തുനിന്ന്  ആരോ വച്ച വെടി ആല്‍ബര്‍ട്ടിന്‍റെ ജീവന്‍ അപഹരിച്ചത്. ഖാര്‍ത്തൂമില്‍ സ്വന്തം വസതിക്ക് അകത്തുപോലും സ്ഥിതി എത്രമാത്രം അപകടകരമാണെന്നു വ്യക്തമാക്കുകയാണ് ഈ സംഭവം. 

യുഎസ് എംബസ്സിയുടെ വാഹനങ്ങള്‍, നോര്‍വെയുടെ അംബാസ്സഡറുടെ വസതി എന്നിവയക്കുനേരെ വെടിവയ്പുണ്ടായതും ഖാര്‍ത്തൂമിലാണ്. യൂറോപ്യന്‍ യൂണിയന്‍ അംബാസ്സഡറുടെ നേരെയും ആക്രമണമുണ്ടായി. രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്തു യുഎന്‍ ഫുഡ് പ്രോഗ്രാമിലെ മൂന്നു പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. സുഡാനിലെ പാവങ്ങള്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കുന്ന യുഎന്‍പരിപാടി ഇതോടെ സ്തംഭനത്തിലായി.  

പല സ്ഥലങ്ങളിലും ജനങ്ങള്‍ ഭക്ഷണവും വെള്ളം പോലും കിട്ടാതെ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടകമ്പോളങ്ങള്‍ അടഞ്ഞികിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ കിട്ടാനുളള വഴികളില്ലാതായി. പുറത്തിറങ്ങിയാല്‍ ആരുടെയെങ്കിലും വെടികള്‍ക്ക് ഇരയാകുമോ എന്ന ഭീതിയിലാണത്രേ ജനങ്ങള്‍. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അവരുടെ പൗരന്മാരെ സുഡാനില്‍നിന്ന് ഒഴിപ്പിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ആയിരത്തിലേറെ ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നു പറയപ്പെടുന്നു.   

സായുധ സേനയുടെ തലവന്‍ ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്നറിയപ്പെടുന്ന അര്‍ധ സൈനിക വിഭാഗത്തിന്‍റെ തലവന്‍ ലെഫ്. ജനറല്‍ മുഹമ്മദ്  ഹമദ് ദഗാലോയും തമ്മിലുള്ള അധികാര വടംവലിയാണ് സുഡാന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കലാപമായി മാറിയിരിക്കുന്നത്. യഥാക്രമം ഏതാണ്ട് രണ്ടു ലക്ഷവും ഒരു ലക്ഷവും അംഗബലമുള്ളവരാണ് ഈ സേനാവിഭാഗങ്ങള്‍.

ബുര്‍ഹാന്‍ ഫലത്തില്‍ രാജ്യത്തിന്‍റെ തലവനും ഹെമറ്റി എന്നു വിളിക്കപ്പെടുന്ന ദഗാലോ ഉപമേധാവിയുമാണ്. ഇരു സേനാ വിഭാഗങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും ട്രക്കുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുളും ഉപയോഗിച്ചുവരുന്നു. വ്യോമാക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നു രണ്ടു തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായെങ്കിലും വെടിനിര്‍ത്തല്‍ ഏതാനും മണിക്കൂറിലധികം നീണ്ടുനില്‍ക്കുകയുണ്ടായില്ല. 

ഉരുക്കുമുഷ്ടിയോടെ 1989 മുതല്‍ 2019വരെ സുഡാന്‍ ഭരിച്ച പ്രസിഡന്‍റ ഉമര്‍ അല്‍ ബഷീറിന്‍റെ വിശ്വസ്തരായിരുന്നു ബുര്‍ഹാനും ദഗാലോയും. എങ്കിലും, നാലു വര്‍ഷംമുന്‍പ് ബഷീറിനെതിരെ പൊട്ടിപ്പുറപ്പെട്ടതും മാസങ്ങള്‍ നീണ്ടുനിന്നതുമായ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ അവര്‍ കൂറുമാറുകയും 2019 ഏപ്രിലില്‍ പട്ടാളവിപ്ളവത്തിലൂടെ ബഷീറിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. 

ഭരണം ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ അവര്‍ തയാറാകാത്തതിനാല്‍ അവര്‍ക്ക് എതിരെയും ജനങ്ങള്‍ക്കു സമരം ചെയ്യേണ്ടിവന്നു. ഒടുവില്‍ ആഫ്രിക്കന്‍ യൂണിയന്‍ ഇടപെട്ടതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് അധികാരം പങ്കിടാനുള്ള ഒത്തുതീര്‍പ്പിലെത്തുകയും 2023ല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. 

യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍  അബ്ദുല്ല ഹംദോക്ക് പ്രധാനമന്ത്രിയായെങ്കിലും അദ്ദേഹത്തിന് അധികനാള്‍ തുടരനായില്ല. ഇതുകാരണം 2021 ഒക്ടോബര്‍ മുതല്‍ അധികാരം   ബുര്‍ഹാന്‍റെയും ദഗാലോയുടെയും കൈകളില്‍തന്നെ തുടരുകയായിരുന്നു.

ദഗാലോയുടെ നേതൃത്വത്തിലുള്ള അര്‍ധ സൈനിക വിഭാഗത്തെ പട്ടാളത്തില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഇരുവരും തമ്മിലുളള ഏറ്റുമുട്ടലിനു പ്രധാനകാരണമെന്നു പറയപ്പെടുന്നു. എത്രയും വേഗം ലയനം നടക്കാന്‍ കാത്തിരിക്കുകയാണത്രേ ബുര്‍ഹാന്‍. അതേസമയം, സ്വന്തം സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ദഗാലോ അതു കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. സ്വര്‍ണ ഖനികള്‍ ഉള്‍പ്പെടെ, രാജ്യത്തിന്‍റെ  പല ആസ്തികളും ഈ രണ്ടുപേരും സ്വന്തമാക്കിക്കഴിഞ്ഞതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കവും ഇരു സേനാവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കു വഹിച്ചതായി പറയപ്പെടുന്നു. 

ദുരന്തങ്ങളുടെ ഒരു പരമ്പരയാണ് സുഡാന്‍റെ ചരിത്രം. ചെങ്കടല്‍തീരത്തു സ്ഥിതിചെയ്യുന്ന ഈ രാജ്യം 1956ല്‍ ബ്രിട്ടനില്‍നിന്നു സ്വതന്ത്രമാകുമ്പോള്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു. നാലിലൊരു ഭാഗം 2011ല്‍ ദക്ഷിണ സുഡാന്‍ എന്ന പേരില്‍ വേറിട്ടുപോയി സ്വതന്ത്ര രാജ്യമായതോടെ സുഡാന്‍റെ സ്ഥാനം മൂന്നാമതായി (അല്‍ജീരിയ, കോംഗോ ജനാധിപത്യ റിപ്പബ്ളിക്ക് എന്നിവയ്ക്കുതാഴെ). 

അവഗണനയ്ക്കും വിവേചനത്തിനും തങ്ങള്‍ ഇരയാവുകയാണെന്ന തെക്കന്‍ മേഖലയിലെ ജനങ്ങളുടെ പരാതി വിഘടനവാദത്തിലേക്കു നയിക്കുകയായിരുന്നു. യുദ്ധവുമുണ്ടായി. ഒടുവില്‍, ഹിതപരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടു. അതോടെ സുഡാന് എണ്ണ നിക്ഷേപങ്ങളുടെ മുക്കാല്‍ ഭാഗവും നഷ്ടപ്പെടുകയും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ തുടങ്ങുകയുംചെയ്തു.  

സുഡാനില്‍ ആറു തവണ പട്ടാളം ഭരണത്തില്‍ ഇടപെടുകയും അധികാരം പിടിച്ചടക്കുകയും ചെയ്തു. ആദ്യത്തേതു രാജ്യം സ്വതന്ത്രമായതിനുശേഷമുള്ള രണ്ടാം വര്‍ഷത്തിലായിരുന്നു. നാലാമത്തേതായിരുന്നു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സാദിഖ് അല്‍ മഹ്ദിയുടെ ഗവണ്‍മെന്‍റിനെ അട്ടിമറിച്ചുകൊണ്ട് 1989ല്‍ കേണല്‍ ഉമര്‍ ഹസ്സന്‍ അല്‍ ബഷീര്‍ നടത്തിയ പട്ടാള വിപ്ളവം. തനിക്കെതിരെ നടന്ന പല പട്ടാള വിപ്ളവ ശ്രമങ്ങളെയും ബഷീര്‍ അതിജീവിക്കുകയും ചെയ്തു.   

പല കാരണങ്ങളാല്‍ സുഡാന്‍ ലോകശ്രദ്ധയ്ക്കു പാത്രമാകാന്‍ തുടങ്ങിയതും ബഷീറിന്‍റെ ഭരണകാലത്താണ്. കിഴക്കന്‍ ആഫ്രിക്കയിലെ കെന്യയിലും ടാന്‍സനിയയിലും യുഎസ് എംബസികകള്‍ക്കു നേരെ 1998ല്‍ അല്‍ഖായിദ ഭീകരാക്രമണംആസൂത്രണം ചെയ്തു നടപ്പാക്കിയത് സുഡാനില്‍വച്ചായിരുന്നു. അതിന്‍റെ പേരില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണത്തെ നേരിടേണ്ടിവന്നു. 20 വര്‍ഷത്തോളം യുഎസ് സാമ്പത്തിക ഉപരോധത്തിനും വിധേയമായി. 

പശ്ചിമ സുഡാനിലെ ദാര്‍ഫുര്‍ പ്രവിശ്യയില്‍ 2003 മുതല്‍ ഏതാനും വര്‍ഷം നീണ്ടുനിന്ന അതിഭീകരമായ വംശീയ കലാപവും രാജ്യാന്തരതലത്തില്‍ സുഡാനെ കുപ്രസിദ്ധമാക്കി. ദാര്‍ഫുറില്‍ അറബ് വംശജരും ആഫ്രിക്കന്‍ വംശജരും തമ്മില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന തര്‍ക്കവും സംഘര്‍ഷവും കലാപമായി മാറുകയായിരുന്നു. രണ്ടു ലക്ഷംമുതല്‍ നാലു ലക്ഷംവരെ പേര്‍ കൊല്ലപ്പെടുകയും 25 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തുവെന്നാണ് യുഎന്‍ കണക്ക്.

ദാര്‍ഫുര്‍ കലാപത്തില്‍ പങ്കു വഹിച്ചുവെന്ന പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) യുദ്ധക്കുറ്റങ്ങള്‍, വംശീയഹത്യ, മാനവരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിവ ചുമത്തി ബഷീറിനെതിരേ കേസെടുത്തു. 2009ലും 2010ലും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. ധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രനേതാവിനെതിരെ ഐസിസി ഇത്തരമൊരു നടപടിയെടുക്കുന്നത് ആദ്യമായിരുന്നു. 2019ല്‍ അധികാരം നഷ്ടപ്പെട്ടതുമുതല്‍ സുഡാനില്‍ ജയിലിലാണ് ബഷീര്‍. 

Content Summary : Videsharangom Column about Sudan War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS