തിരിച്ചുവരുന്നു ബഷാര്‍ അല്‍ അസ്സദ്

HIGHLIGHTS
  • സിറിയയുടെ സസ്പെന്‍ഷന്‍ അറബ് ലീഗ് പിന്‍വലിച്ചു
  • പ്രശ്നത്തിനു സമാധാപരമായ രാഷ്ട്രീയ പരിഹാരം തേടുന്നു
Syria-President-Bashar-al-Assad
ഇദ്‍‌ലിബ് പ്രവിശ്യയിൽ സൈനികരെ സന്ദർശിക്കുന്ന സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്. ഫയൽ ചിത്രം: Syrian Presidency Socialmedia page / AFP
SHARE

തുനീസിയയിലെ സൈനല്‍ ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്നി മുബാറക്, ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫി, യെമനിലെ അലി അബ്ദുല്ല സാലിഹ്,  സുഡാനിലെ ഉമര്‍ ഹസന്‍ അല്‍ ബഷീര്‍... സമീപകാല അറബ് ലോക ചരിത്രത്തില്‍ ജനമുന്നേറ്റത്തിനു മുന്നില്‍ കടപുഴകിവീണ ഏകാധിപതികളുടെ പട്ടിക ഇങ്ങനെയാണ്. സിറിയയിലെ ബഷാര്‍ അല്‍ അസ്സദിന്‍റെ പേരുകൂടി അതില്‍ ചേര്‍ക്കപ്പെടുന്നതു കാണാന്‍ കാത്തിരിക്കുകയായിരുന്നു പലരും. അമേരിക്ക ഉള്‍പ്പെടെ പല ശക്തികളും അസ്സദിനെതിരെ അണിനിരന്നിരുന്ന പശ്ചാത്തലത്തില്‍ അത് അസാധ്യമല്ലെന്നാണ് പൊതുവില്‍ കരുതപ്പെട്ടിരുന്നതും.

പക്ഷേ, പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്തായി. പശ്ചിമേഷ്യയിലെ സിറിയയില്‍ പന്ത്രണ്ട് വര്‍ഷമായി നടന്നുവന്ന ഭീകരമായ ആഭ്യന്തരയുദ്ധം മിക്കവാറും കെട്ടടങ്ങിയമട്ടാണ്. രാജ്യം മിക്കവാറും തകര്‍ന്നുതരിപ്പണമായെങ്കിലും അസ്സദ് പ്രസിഡന്‍റായി തുടരുന്നു. രാജ്യത്തിന്‍റെ നഷ്ടപ്പെട്ടുപോയ പല ഭാഗങ്ങളും വീണ്ടും അദ്ദേഹത്തിന്‍റെ അധീനത്തിലായിക്കഴിഞ്ഞു. അസ്സദ് അധികാരത്തില്‍നിന്ന് ഇറങ്ങിയാല്‍ മാത്രമേ യുദ്ധം തീരൂവെന്ന അഭിപ്രായം ഇപ്പോള്‍ അധിതമാര്‍ക്കുമില്ല. യുദ്ധക്കുറ്റങ്ങള്‍ക്ക് അസ്സദിനെ വിചാരണ ചെയ്യണമെന്ന മുറവിളികളും അപ്രസക്തമായി. 

SYRIA/
സിറിയയുടെ ഭരണം കയ്യാളുന്ന അസദ് കുടുംബം

രാജ്യാന്തരതലത്തിലെ സിറിയയുടെ ഒറ്റപ്പെടലും അവസാനിക്കാന്‍ പോവുകയാണെന്നു കരുതുന്നവരുണ്ട്. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗില്‍ നിന്നുള്ള സിറിയയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടതിനെ അവര്‍ കാണുന്നത് അങ്ങനെയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് ഏഴ്) ഈജിപ്തിലെ കൈറോയില്‍ ചേര്‍ന്ന അറബ് ലീഗ് വിദേശമന്ത്രിമാരുടെ യോഗത്തിന്‍റേതാണ് ഈ സുപ്രധാന തീരുമാനം.  

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഈ മാസം 19നു അറബ് ലീഗ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടക്കും. സിറിയയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട സ്ഥിതിക്കു സ്വാഭാവികമായും അസ്സദിനും ഉച്ചകോടിയിലേക്കു ക്ഷണനമുണ്ടാകും. അദ്ദേഹം പങ്കെടുക്കുമോ ഇല്ലയോ എന്നതാണ് ഇനിയും കാണാനിരിക്കുന്നത്. 

അറബ് ലീഗില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെടുന്ന ആദ്യത്തെ രാജ്യമായിരുന്നില്ല സിറിയ. ഏതാണ്ട് ഇത്രയും കാലം (പത്തുവര്‍ഷം) ഈജിപ്തിനും ഇത്തരമൊരു നടപടിയെ നേരിടേണ്ടിവന്നിരുന്നു. പ്രസിഡന്‍റ് അന്‍വര്‍ സാദാത്തിന്‍റെ ഭരണത്തില്‍ ഈജിപ്ത് 1979ല്‍ ഇസ്രയേലുമായി സമാധാന ഉടമ്പടി ഉണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അത്.  അറ്ബ് ലീഗിന്‍റെ ആസ്ഥാനം ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോയില്‍നിന്ന് തുനീസിലേക്ക് (തുനീസിയ)മാറ്റുകയുമുണ്ടായി. 1989 ലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. തുടര്‍ന്ന് ആസ്ഥാനം വീണ്ടും കൈറോയിലാക്കുകയും ചെയ്തു.   

അറബ് ലീഗിലേക്കുളള സിറിയയുടെ തിരിച്ചുവരവ് സിറിയയിലെ പ്രശ്നത്തിനു മേഖലാതലത്തില്‍ പരിഹാരം കണ്ടെത്താനുള്ള ഊര്‍ജ്ജം പകരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇതിനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളുടെയും സന്ദര്‍ശനങ്ങളുടെയും രൂപത്തില്‍ നടന്നുവരികയുമായിരുന്നു. പുതുയ ദൗത്യത്തിന്‍റ ഭാഗമായി അസ്സദുമായി ചര്‍ച്ച നടത്തുന്നതിനുവേണ്ടി സൗദി അറേബ്യ, ഈജിപ്ത്, ലെബനന്‍, ജോര്‍ദ്ദാന്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സമിതി രൂപീകരിക്കാനും അറബ് ലീഗ് തീരുമാനിച്ചിട്ടുണ്ട്. 

സിറിയയെ അറബ് ലീഗ് സസ്പെന്‍ഡ് ചെയ്തതിനു പുറമെ പല അറബ് രാജ്യങ്ങളും സിറിയയുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. അവയില്‍ ചില രാജ്യങ്ങള്‍ ബന്ധം പുനഃസ്ഥാപിച്ചു കഴിഞ്ഞു. അസ്സദിനെ സാമ്പത്തികമായി ഞെരുക്കാനുളള ലക്ഷ്യത്തോടെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സിറിയയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമുണ്ടായി. അതു തുടരാനാണ് സാധ്യത. സിറിയയുടെ സസ്പെന്‍ഷന്‍ അറബ് ലീഗ് പിന്‍വലിച്ചതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്.    

ഇരുപത്തിരണ്ടു വര്‍ഷം മുന്‍പ്, 34ാം വയസ്സില്‍ ബഷാര്‍ അല്‍ അസ്സദ് സിറിയയുടെ പ്രസിഡന്‍റായതു പിതാവ് ഹാഫിസ് അല്‍ അസ്സദിന്‍റെ പിന്‍ഗാമിയായിട്ടാണ്. പക്ഷേ, പിതാവ് തന്‍റെ പിന്‍ഗാമിയാകാന്‍ ആദ്യം കണ്ടുവച്ചിരുന്നത് അദ്ദേഹത്തെയല്ല, എന്‍ജിനീയറും സൈന്യത്തിലെ കേണലുമായിരുന്ന മൂത്തമകന്‍ ബാസ്സിലിനെയായിരുന്നു. ബാസ്സില്‍ 1994ല്‍ കാറപകടത്തില്‍ മരിച്ചു. നേത്ര ചികില്‍സയില്‍ ഉപരിപഠനത്തിനുവേണ്ടി ലണ്ടനിലായിരുന്ന രണ്ടാമത്തെ മകന്‍ ബഷാറിന് അതിനാല്‍ പെട്ടെന്നു നാട്ടിലേക്കു മടങ്ങേണ്ടിവന്നു. 30 വര്‍ഷം ഉരുക്കുമുഷ്ടിയോടെ രാജ്യം ഭരിച്ച പിതാവിന്‍റെ മരണത്തെതുടര്‍ന്ന് അദ്ദേഹം അറബ് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്‍റാവുകയും ചെയ്തു.

പുതിയ കാലഘട്ടത്തിന്‍റെ പ്രതീക്ഷകള്‍ ജനങ്ങള്‍ ബഷാറില്‍ കണ്ടുവെങ്കിലും. അവര്‍ നിരാശരാകാന്‍ അധികകാലം വേണ്ടിവന്നില്ല. തുനൂസിയയിലും ഈജിപ്തിലും മറ്റും വീശിയടിച്ച ജനകീയ പ്രക്ഷോഭത്തിന്‍റെ അലയൊലികള്‍ സിറിയയിലും എത്തിയപ്പോള്‍ തെക്കു പടിഞ്ഞാറന്‍ സിറിയയിലെ ദറാ നഗരത്തില്‍ 2011 മാര്‍ച്ച് 15ന് സ്കൂള്‍ കുട്ടികള്‍ തെരുവുഭിത്തിയില്‍ ബഷാര്‍ വിരുദ്ധ മുദ്രാവാക്യം എഴുതിവച്ചു. പൊലീസ് അവരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അതിനെതിരായ ജനരോഷമാണ് ആഭ്യന്തര യുദ്ധമായി മാറിയത്. ജനങ്ങള്‍ക്കെതിരെ ബഷാര്‍ പട്ടാളത്തെ കയറൂരിവിട്ടു. 

ബഷാറിന്‍റെ പട്ടാളത്തിലെ ചില പ്രമുഖര്‍തന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അവര്‍ രൂപം നല്‍കിയ ഫ്രീ സിറിയന്‍ ആര്‍മിയെ പാശ്ചാത്യ രാജ്യങ്ങളും തുര്‍ക്കിയും ചില അറബ് രാജ്യങ്ങളും സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മറുഭാഗത്തു റഷ്യയും ഇറാനും ബഷാറിന്‍റെ പിന്നില്‍ അണിനിരന്നു. ബഷാറിന്‍റെ പിതാവിന്‍റെ ഭരണത്തില്‍ തന്നെ തുടങ്ങിയതാണ് റഷ്യയുമായും ഇറാനുമായുളള സിറിയയുടെ കൂട്ടുകെട്ട്. സിറിയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു തുരങ്കം വയ്ക്കാനുള്ള ശ്രമം റഷ്യയും ഇറാനും പാശ്ചാത്യ നീക്കങ്ങളില്‍ കാണുകയും ചെയ്തു. യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ നഷ്ടപ്പെട്ട പല പ്രദേശങ്ങളും പിന്നീട് അസ്സദ് തിരിച്ചുപിടിച്ചത് റഷ്യയുടെയും ഇറാന്‍റെയും സഹായത്തോടെയാണ്.  

അതിനിടയില്‍ മതാധിഷ്ടിത തീവ്രവാദി സംഘടനകള്‍ സിറിയയില്‍ അവരുടെ സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സംഘടന സിറിയയിലും തൊട്ടടുത്ത ഇറാഖിലും മാത്രമല്ല, അവിടെ നിന്നുകൊണ്ട് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും ഭീകരാക്രമണം അഴിച്ചുവിട്ടു. അവരെ ഉന്മൂലനം ചെയ്യുക എന്നതായി അതോടെ രാജ്യാന്തര സമൂഹത്തിന്‍റെ, വിശേഷിച്ച്  അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മുഖ്യ ലക്ഷ്യം. ആഭ്യന്തര യുദ്ധത്തെ അതിജീവിക്കാന്‍ ഈ സ്ഥിതിവിശേഷവും ബഷാര്‍ അല്‍ അസ്സദിനു സഹായകമായിത്തീര്‍ന്നു.

അതിനിടയില്‍തന്നെ കുര്‍ദ് പ്രശ്നവും ഉയര്‍ന്നുവന്നു. ഐഎസിനെതിരായ യുഎസ് യുദ്ധത്തെ സിറിയയിലെ കുര്‍ദുകള്‍ സഹായിക്കുയായിരുന്നു. പക്ഷേ, സിറിയയില്‍ കുര്‍ദുകളുടെ സ്വാധീനം വര്‍ധിക്കുന്നത് അയല്‍രാജ്യമായ തുര്‍ക്കിക്കു സഹിക്കാനാവുന്നില്ല. ഐഎസിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കുര്‍ദ് സായുധ സംഘടന ദക്ഷിണ തുര്‍ക്കിയില്‍ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുര്‍ദ് തീവ്രവാദികളുമായി സഖ്യത്തിലാണെന്നു തുര്‍ക്കി കുറ്റപ്പെടുത്തുന്നു. വടക്കന്‍ സിറിയയുടെ ചില ഭാഗങ്ങള്‍ തുര്‍ക്കിയുടെ അധീനത്തിലാവുകയും ചെയ്തു. തുര്‍ക്കിയുടെ സാന്നിധ്യം സിറിയന്‍ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. 

MIDEAST-CRISIS/SYRIA-RUSSIA-PUTIN
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും.

സിറിയയിലെ ആഭ്യന്തര യുദ്ധത്തെ യുഎന്‍ കാണുന്നതു സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ  ദുരന്തങ്ങളില്‍ ഒന്നായിട്ടാണ്. സിറിയയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന, ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ കണക്കു പ്രകാരം അഞ്ചു ലക്ഷത്തിലേറെ പേര്‍ മരിച്ചു. ലക്ഷക്കണക്കിനാളുകള്‍ മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിച്ചു. തുര്‍ക്കിയില്‍ മാത്രം ഇവരുടെ എണ്ണം 36 ലക്ഷത്തില്‍ അധികമായി. പരക്കെ നശിച്ച് പ്രേതഭൂമിയായി മാറിയ രാജ്യത്തു ബോംബുകളില്‍ നിന്നും വെടിയുണ്ടകളില്‍നിന്നും രക്ഷതേടി ജനം നിരന്തരമായി ഓടിക്കൊണ്ടിരുന്നു. 

കൂനിന്മേല്‍ കുരുവെന്നപോലെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തുര്‍ക്കിയുടെ തെക്കു ഭാഗത്തോടൊപ്പം സിറിയയുടെ വടക്കു പടിഞ്ഞാറു ഭാഗത്തും വന്‍ഭൂകമ്പമുണ്ടായി. ജനജീവിതം തീര്‍ത്തും ദുസ്സഹമായി. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുകയെന്നത് അതിന്‍റെ കൂടി പശ്ചാത്തലത്തില്‍ അടിയന്തരാവശ്യമായിത്തീര്‍ന്നു.

ബദ്ധവൈരികളായിരുന്ന സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയിലുണ്ടായ തീരുമാനവും ഈ പ്രക്രിയയില്‍  പങ്കുവഹിച്ചതായി അനുമാനിക്കപ്പെടുന്നു. ഈ രാജ്യങ്ങള്‍ സിറിയയില്‍ വിരുദ്ധ കക്ഷികളെ പിന്തുണയ്ക്കുകയായിരുന്നു. 

Content Summary : Syria Arab League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS