കൊസോവോ: ചെറിയ രാജ്യത്തിന്‍റെ വലിയ പ്രശ്നം

HIGHLIGHTS
  • സംഘര്‍ഷാവസ്ഥ കാരണം നാറ്റോ കാവല്‍ തുടരുന്നു
  • തിരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കം, സംഘട്ടനം
opinion-kosova
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കൊസോവോ അൽബേനിയക്കാർ. Photo by Armend NIMANI / AFP
SHARE

ദക്ഷിണ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് കൊസോവോയെങ്കിലും അതിന്‍റെ പ്രശ്നം ഒട്ടും ചെറുതല്ല. അതിന്‍റെ ചരിത്രം സംഭവബഹുലവുമാണ്. കാല്‍നൂറ്റാണ്ടുമുന്‍പ് അവിടെ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ പേരായിരുന്നു. പത്തു ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ യുദ്ധത്തില്‍ ഇടപെട്ടു. അതിനുശേഷം സമാധാനപാലനത്തിന്‍റെ ചമതലയും ഏറ്റെടുത്ത നാറ്റോയുടെ നാലായിരത്തോളം സൈനികര്‍ ഇപ്പോഴും അവിടെ കാവല്‍ തുടരുന്നു. വംശീയ വിദ്വേഷം മുറ്റിനില്‍ക്കുന്ന അന്തരീക്ഷം സദാ കലുഷമായിരിക്കുന്നു. 

അതെല്ലാം വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈയിടെ ആ രാജ്യത്തിന്‍റെ വടക്കന്‍മേഖലയിലുണ്ടായ കുഴുപ്പങ്ങള്‍. കൊസോവോ ഒരു സ്വതന്ത്രരാജ്യമാണോ അതല്ല അയല്‍രാജ്യമായ സെര്‍ബിയയുടെ ഭാഗമാണോ എന്ന തര്‍ക്കം വീണ്ടും ഉയര്‍ന്നു. സെര്‍ബിയക്കാരനായ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് നടത്തിയ പ്രസ്താവനയോടെ പ്രശ്നത്തിനു മറ്റൊരു മാനം കൂടി കൈവരികയും ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് 31) പാരിസില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മല്‍സരത്തിനു ശേഷം കോര്‍ട്ടിനു പുറത്തുള്ള ടിവി ക്യമാറയുടെ ലെന്‍സില്‍ ജോക്കോവിച്ച് എഴുതിയത് 'കൊസോവോ സെര്‍ബിയയുടെ ഹൃദയമാണ്' എന്നായിരുന്നു. ഇതിനെതിരെ കൊസോവോയുടെ ഒളിംപിക്സ് സമിതി രാജ്യാന്തര ഒളിംപിക്സ് സമിതിക്കു പരാതി നല്‍കി. 

ജോക്കോവിച്ചിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചത് സെര്‍ബിയയുടെയും കൊസോവോയിലെ ന്യൂനപക്ഷ വിഭാഗമായ സെര്‍ബ് വംശജരുടെയും നിലപാടാണ്. കൊസോവോ സെര്‍ബിയയ്ക്ക അവകാശപ്പെട്ടതാണെന്നും അതിനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കാനാവില്ലെന്നും അവര്‍ വാദിക്കുന്നു. കൊസോവോയിലെ ബഹുഭൂരിപക്ഷമായ അല്‍ബേനിയന്‍ വംശജര്‍ അതിനെ എതിര്‍ക്കുന്നുവെന്നു മാത്രമല്ല, അയല്‍രാജ്യമായ അല്‍ബേനിയയുമായി കോസോവൊയേ കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

കൊസോവോയുടെ വടക്കന്‍ മേഖലയിലെ നഗരസഭകളിലേക്ക് ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പാണ് പുതിയ കുഴപ്പത്തിനിടയാക്കിയത്. ആ പ്രദേശങ്ങളില്‍ സെര്‍ബുകളാണ് ഭൂരിപക്ഷം. അവര്‍ തിരഞ്ഞെടുപ്പ് ബഹിഷക്കരിക്കുകയും ജയിച്ചവര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. 

തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതു നാലു ശതമാനത്തില്‍ താഴെ വോട്ടര്‍മാരാണത്രേ. സ്വെച്ചാന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയവര്‍ പൊലീസുമായും അവരെ സഹായിക്കാന്‍ എത്തിയ നാറ്റോ സൈനികരുമായും ഏറ്റുമുട്ടി. പ്രകടനക്കാരില്‍ 52 പേര്‍ക്കും നാറ്റോ സൈനികരില്‍ 30 പേര്‍ക്കും പരിക്കേറ്റു. 

സമാധാനപാലനത്തിനുവേണ്ടി 700 സൈനികരെക്കൂടി രംഗത്തിറക്കാന്‍ നാറ്റോ നിര്‍ബന്ധിതരായി. ആവശ്യമാണെങ്കില്‍ കൂടുതല്‍ പേരെ അയക്കാനും നാറ്റോ ഒരുങ്ങിനില്‍ക്കുന്നു. സ്വതവേതന്നെ കലുഷമായ അന്തരീക്ഷം സ്ഫോടനാത്മാകാന്‍ ഇടയാക്കിയതിനു കൊസോവോ ഗവണ്‍മെന്‍റിനെ നാറ്റോ കുറ്റപ്പെടുത്തുകയും ചെയ്തു. യൂറോപ്പില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനികാഭ്യാസത്തില്‍ കൊസോവോയും പങ്കെടുക്കുന്നുണ്ടായിരുന്നു. അതില്‍നിന്നു കൊസോവോയെ പുറത്താക്കി. 

kosova-2
2023 മെയ് 29 ന് മിട്രോവിക്ക പട്ടണത്തിൽ നാറ്റോ സൈനികർക്ക് സമീപം നടക്കുന്ന ഒരു സ്ത്രീ. Photo by Armend NIMANI / AFP

ഇപ്പോള്‍ നിലവില്ലാത്ത യുഗൊസ്ളാവ്യയുടെ ഒരു ഭാഗമായിരുന്നു സെര്‍ബിയ. കൊസോവോ അതിലെ ഒരു പ്രവിശ്യയായിരുന്നു. 1455 മുതല്‍ ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകാലം ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന കൊസോവോ സെര്‍ബിയയുടെ ഭാഗമാകുന്നത് 1912 ലാണ്. 

കൊസോവോ ഉള്‍പ്പെടെയുള്ള സെര്‍ബിയ സ്ളാവ് വംശജരുടെ മറ്റു ചില രാജ്യങ്ങളോടൊപ്പം യുഗൊസ്ളാവിയ എന്ന പുതിയ രാജ്യത്തിന്‍റെ ഭാഗമായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അതൊരു ഫഡറല്‍ റിപ്പബ്ളിക്കാവുകയും ചെയ്തു. 1991ല്‍ ആ രാജ്യം ഛിന്നഭിന്നമാകാന്‍ തുടങ്ങിയതോടെ ആരംഭിക്കുന്നതാണ് കൊസോവോയിലെ പുതിയ പ്രശ്നത്തിന്‍റെ ചരിത്രം.  

സെര്‍ബിയയുമായി പിണങ്ങി യുഗൊസ്ളാവ്യയിലെ മറ്റു ഘടക റിപ്പബ്ളിക്കുകള്‍ ഒന്നൊന്നായി വേറിട്ടുപോവുകയായിരുന്നു. അവസാനം, മോണ്‍ടിനഗ്രോ മാത്രമേ സെര്‍ബിയയോടൊപ്പം ബാക്കിയായുളളൂ. അതിനുശേഷവും യുഗോസ്ളാവിയ എന്നപേര് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. പിന്നീട് മോണ്‍ടിനഗ്രോയും വിട്ടുപോയി. അതിനുശേഷം സെര്‍ബിയ ആ പേരില്‍തന്നെ നിലനില്‍ക്കുന്നു.

വേറിട്ടുപോയ രാജ്യങ്ങളില്‍ പലതിലും ഗണ്യമായ തോതില്‍ സെര്‍ബ് വംശജരുണ്ട്. അവരുടെ സംരക്ഷണം സെര്‍ബിയ ഏറ്റെടുത്തു. ആ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സെര്‍ബിയയില്‍ ചേര്‍ക്കാന്‍ നടത്തിയ ശ്രമം വര്‍ഷങ്ങള്‍ നീണ്ടുനിന്ന വന്‍യുദ്ധങ്ങള്‍ക്കു കാരണമാവുകയും ചെയ്തു. ക്രൊയേഷ്യയിലും ബോസ്നിയ-ഹെര്‍സിഗോവിനയിലും നടന്ന യുദ്ധങ്ങള്‍ ഇതിന് ഉദാഹരണമായിരുന്നു. 

അല്‍ബേനിയന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള കൊസോവോ വേറിട്ടുപോകാന്‍ ശ്രമിച്ചപ്പോഴും സെര്‍ബിയയുടെ പ്രതികരണം വ്യത്യസ്തമായിരുന്നില്ല. യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യുഎസ് നേതൃത്വത്തില്‍ 1999ല്‍ നാറ്റോ ഇടപെട്ടു. ബില്‍ ക്ളിന്‍റനായിരുന്നു അന്നു യുഎസ് പ്രസിഡന്‍റ്. സെര്‍ബിയയുടെ തലസ്ഥാനമായ ബല്‍ഗ്രേഡ്വരെ നാറ്റോയുടെ വ്യോമാക്രമണത്തിനു വിധേയമായി. സെര്‍ബ് സൈന്യം കൊസോവോയില്‍നിന്നു പിന്‍വാങ്ങിയത് അതിനെ തുടര്‍ന്നാണ്.

ആദ്യം സെര്‍ബിയയുടെയും പില്‍ക്കാലത്ത് അവശിഷ്ട യുഗൊസ്ളാവിയയുടെയും പ്രസിഡന്‍റായിരുന്ന സ്ളൊബോദന്‍ മിലോസെവിച്ചിനു ബോസ്നിയയിലും ക്രൊയേഷ്യയിലും കൊസോവോയിലും നടന്ന ഭീകരമായ അതിക്രമങ്ങളുടെ പേരില്‍ രാജ്യാന്തര ട്രൈബ്യൂണലില്‍ വിചാരണയെ നേരിടേണ്ടിവന്നു. പക്ഷേ, ശിക്ഷ അനുഭവിക്കേണ്ടിവന്നില്ല. വിചാരണത്തടവുകാരനായിരിക്കേ 2000ല്‍ ജയിലില്‍ വച്ചുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു.

കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് 2008ലാണ്. റഷ്യയുടെ പിന്തുണയോടെ സെര്‍ബിയയും കൊസോവോയിലെ സെര്‍ബ് വംശജരും അതിനെ എതിര്‍ത്തു.

ഇതിനകം നൂറിലേറെ രാജ്യങ്ങള്‍ കൊസോവോയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും റഷ്യയും ചൈനയും യൂറോപ്യന്‍ യൂണിയനിലെ അഞ്ചു രാജ്യങ്ങളും (സ്പെയിന്‍, സ്ളൊവാക്യ, സൈപ്രസ്, റൊമാനിയ, ഗ്രീസ്) അക്കൂട്ടത്തിലില്ല. 

റഷ്യയുടെ വീറ്റോ കാരണം കൊസോവോയ്ക്ക് യുഎന്‍ അംഗത്വം കിട്ടിയില്ല. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പ്മൂലം യൂറോപ്യന്‍ യൂണിയന്‍റെ വാതിലും കൊസോവോയുടെ മുന്നില്‍ അടഞ്ഞുകിടക്കുന്നു. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും കൊസോവോയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. 

സെര്‍ബിയയിലെയും കൊസോവോയിലെയും ഭരണാധികാരികള്‍ക്കിടയില്‍ യോജിപ്പിനും സമാധാനത്തിനുമുള്ള വഴികള്‍ കണ്ടെത്താനുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂണ്‍ ഒന്ന്) മോള്‍ഡോവയില്‍ 40 യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കാള്‍ സമ്മേളിച്ചപ്പോള്‍ സെര്‍ബിയയുടെയും കൊസോവോയുടെയും പ്രസിഡന്‍റുമാരും സന്നിഹിതരായിരുന്നു. പക്ഷേ, മഞ്ഞുരുകിയില്ല. 

Content Summary: Videsharangam Column by K Obeidulla on Kosova National Issue and Political Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS