നായകന്‍ ഇല്ലാതെ ലെബനന്‍

HIGHLIGHTS
  • പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള പന്ത്രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു
  • രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍
Lebanese MP parliamentary session
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ലെബനീസ് എംപിമാർ ജൂൺ 14നു പാർലമെന്റിൽ ഒത്തുചേർന്നപ്പോൾ. Photo by ANWAR AMRO / AFP
SHARE

ശ്ചിമേഷ്യയിലെ ഒരു ചെറിയ അറബ് രാജ്യമായ ലെബനനില്‍ എട്ടു മാസമായി പ്രസിഡന്‍റ് ഇല്ല. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നു പ്രസിഡന്‍റ് മിഷല്‍ ഔന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തില്‍ രാജിവച്ചതിനുശേഷം ഇതുവരെ ഒരു പകരക്കാരനെ കണ്ടെത്താനായില്ല. അതിനാല്‍, ഒരു കെയര്‍ടേക്കര്‍ ഗവണ്‍മെന്‍റിന്‍റെ ഭരണത്തിലാണ് രാജ്യം. പരിമിതമായ അധികാരങ്ങളുള്ള ഈ ഗവണ്‍മെന്‍റിനു സ്വാഭാവികമായും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പാര്‍ലമെന്‍റ് പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാകണമെങ്കില്‍ അതില്‍ പ്രസിഡന്‍റ് ഒപ്പുവയ്ക്കണം. അതുപോലും നടക്കുന്നില്ല. ഫലം: നേരത്തെ തന്നെ രാഷ്ട്രീയവും സാമ്പത്തികവും ഭരണപരവുമായ ഗുരുതര പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരുന്ന ലെബനന്‍റെ സ്ഥിതി കുറേക്കൂടി പരിതാപകരമായിത്തീര്‍ന്നു.

അധികാരം പങ്കിടാനായി എണ്‍പതു വര്‍ഷംമുന്‍പ് ലെബനനിലെ സമുദായ-രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുണ്ടാക്കിയതും ഇപ്പോഴും അതേപടി  നിലനില്‍ക്കുന്നതുമായ ധാരണയനുസരിച്ച് രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനവും സര്‍വസൈന്യാധിപ പദവിയും മാരൊണൈറ്റ് ക്രൈസ്തവര്‍ക്കുള്ളതാണ്. അന്ന് അവരായിരുന്നു ഭൂരിപക്ഷം. 2016 മുതല്‍ രണ്ടു തവണയായി ആറു വര്‍ഷം പ്രസിഡന്‍റ്ായിരുന്ന എണ്‍പത്തൊന്‍പതുകാരനായ മുന്‍ ജനറല്‍ ഔന്‍ അവരെ പ്രതിനിധീകരിക്കുകയായിരുന്നു. 

പ്രധാനമന്ത്രിപദം സുന്നി മുസ്ലിംകള്‍ക്കും പാര്‍ലമെന്‍റ് സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലിംകള്‍ക്കുമുള്ളതാണ്. ഉപപ്രധാനമന്ത്രിയും ഡപ്യൂട്ടി സ്പീക്കറും ആകുന്നതു ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവരായിരിക്കും. പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണവും ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ 6:5 അനുപാതത്തില്‍ വീതിച്ചിരിക്കുന്നു. 

ഔന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ പ്രസിഡന്‍റാകാന്‍ മുന്നോട്ടുവന്നതു മുഖ്യമായി രണ്ടു മാരൊണൈറ്റ് ക്രൈസ്തവരാണ്- മുന്‍മന്ത്രിമാരായ ജിഹാദ് അസൂറും (57) സുലൈമാന്‍ ഫ്രാന്‍ജിയെയും (58). അസൂര്‍ ധനമന്ത്രിസ്ഥാനം വഹിച്ചതിനു പുറമെ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) മേഖലാ മേധാവിയായുമായിരുന്നു. ആ ഉദ്യോഗത്തില്‍നിന്നു തല്‍ക്കാലം മാറിനിന്നുകൊണ്ടാണ് വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുളള ധനസഹായത്തിനുവേണ്ടി ഐഎംഎഫിന് അപേക്ഷ നല്‍കി കാത്തിരിക്കുകയുമാണ് ലെബനന്‍. അസൂര്‍ പ്രസിഡന്‍റാകുന്നതോടെ അത് എളുപ്പമാകുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്വതന്ത്രനായി മല്‍സരിക്കുന്ന അദ്ദേഹത്തെ ഫ്രീ പാട്രിയോട്ടിക് മൂവ്മെന്‍റ്, ലെബനീസ് ഫോഴ്സ് എന്നീ രണ്ടു പ്രമുഖ ക്രൈസ്തവ കക്ഷികള്‍ പിന്തുണയ്ക്കുന്നു.

സുലൈമാന്‍ ഫ്രാന്‍ജിയെ അതേപേരില്‍തന്നെയുണ്ടായിരുന്ന ഒരു മുന്‍പ്രസിഡന്‍റിന്‍റെ പൗത്രനാണ്. 1975 മുതല്‍ 15 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ ലെബനന്‍ ഭരിച്ചിരുന്നത് അദ്ദേഹത്തിന്‍റെ പിതാമഹനായിരുന്നു. പിതാമഹന്‍ അയല്‍രാജ്യമായ സിറിയയിലെ അന്നത്തെ സിറിയന്‍ പ്രസിഡന്‍റ് ഹാഫിസ് അല്‍ അസ്സദിന്‍റെ ഉറ്റ സുഹൃത്തായിരുന്നതുപോലെ പൗത്രന്‍ ഹാഫിസിന്‍റെ പുത്രനും പിന്‍ഗാമിയുമായ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദുമായി ചങ്ങാത്തത്തിലായി. 

മറാഡ മുവ്മെന്‍റ് എന്ന കക്ഷിയുടെ നേതാവായ അദ്ദേഹത്തിന്‍റെ പിന്നില്‍ അണിനിരന്നിരിക്കുന്നതു മുഖ്യമായും രണ്ട് ഷിയ കക്ഷികളാണ്. സ്പീക്കര്‍ നബീഹ് ബെരിയുടെ നേതൃത്വത്തിലുള്ള അമലും സ്വന്തമായ സായുധ വിഭാഗമുള്ള ഹിസ്ബുല്ലയും. പ്രസിഡന്‍റ് പദവി മാരൊണൈറ്റ് ക്രൈസ്തവര്‍ക്കുള്ളതാണെങ്കിലും പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത് അവര്‍ മാത്രമല്ല, പാര്‍ലമെന്‍റാണ്. പക്ഷേ, 128 അംഗങ്ങളുള്ള പാര്‍ലമെന്‍റ് അതിനുവേണ്ടി 12 തവണ സമ്മേളിച്ചിട്ടും ഫലമുണ്ടായില്ല. ജയിക്കാന്‍ സഭയിലെ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് വോട്ട് (86) കിട്ടണമെന്നാണ് നിയമം. അല്ലെങ്കില്‍ രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണം. 

ഏറ്റവും ഒടുവില്‍  ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂണ്‍ 14) തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അസൂറിനു കിട്ടിയത് 59 വോട്ടും ഫ്രാന്‍ജിയെക്കു കിട്ടിയത് 51 വോട്ടുമായിരുന്നു. രണ്ടാം വട്ട വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ കേവലഭൂരിപക്ഷം (65 വോട്ട്) നേടി അസൂര്‍ ജയിക്കുമായിരുന്നുവത്രേ. പക്ഷേ, ഹിസ്ബുല്ലയുടെയും സഖ്യകക്ഷികളുടെയും അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ സഭയില്‍ ക്വോറം ഇല്ലാതായതിനാല്‍ രണ്ടാം വട്ട വോട്ടെടുപ്പ് നടന്നില്ല. വീണ്ടും സ്തംഭനാവസ്ഥ നിലവില്‍ വരികയും ചെയ്തു. മുന്‍പ് പതിനൊന്നു തവണ സംഭവിച്ചതും ഇങ്ങനെതന്നെയായിരുന്നു. ഹിസ്ബുല്ലയും സഖ്യകക്ഷികളും കൂടി അവരെ അനുകൂലിക്കുന്ന ഒരാളെ പ്രസിഡന്‍റായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. 

ജിഹാദ് അസൂര്‍ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആളാണെന്നും അത്തരമൊരാളെ പ്രസിഡന്‍റാകാന്‍ സഹകരിക്കില്ലെന്നുമുള്ള നിലപാടിലാണ് ഹിസ്ബുല്ലയും സഖ്യകക്ഷികളും. അതേസമയം, ഇറാന്‍റെയും സിറിയയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ഹിസ്ബുല്ലയെന്ന ആരോപണം 1982ല്‍ അതു സ്ഥാപിതമായതു മുതല്‍ക്കേ നിലവിലുണ്ട് താനും. ലെബനീസ് ഷിയാ വിഭാഗത്തിലെ തീവ്രവാദികളുടെ സംഘടനയാണ് ഹിസ്ബുല്ല. 

സ്വന്തമായ ഒരു സായുധ വിഭാഗവും അവര്‍ക്കുണ്ട്. ലെബനീസ് പട്ടാളത്തെക്കാള്‍ ശക്തമാണ് അവരെന്നും പറയപ്പെടുന്നു. 1982ല്‍ ബെയ്റൂട്ടിലെ യുഎസ് എംബസ്സിക്കു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ പല ഭീകരകൃത്യങ്ങള്‍ക്കും അവരാണ് ഉത്തരവാദിയെന്ന ആരോപണവുമുണ്ട്. 

രണ്ടു തവണ (1992-1998, 2000-2004) പ്രധാനമന്ത്രിയായിരുന്ന സുന്നി നേതാവ് റഫീഖ് ഹരീരി 2005ല്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച കേസിലെ പ്രതികളും ഹിസ്ബുല്ല പ്രവര്‍ത്തകരായിരുന്നു. തലസ്ഥാനമായ ബെയ്റൂട്ടില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ചാണ് ഹരീരി കൊല്ലപ്പെട്ടത്. പതിനഞ്ചു വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു താറുമാറായ ലെബനനിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിഗതികള്‍ നേരെയാകാന്‍ തുടങ്ങിയത് അദ്ദേഹത്തിന്‍റെ ഭരണത്തിലായിരുന്നു. പക്ഷേ, അതിനിടയില്‍ അദ്ദേഹം ഹിസ്ബുല്ലയുടെയും അവരെ സഹായിച്ചുവന്ന സിറിയയിലെ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന്‍റെയും ശത്രുത സമ്പാദിച്ചു. അസദിന്‍റെ ആജ്ഞാനുവര്‍ത്തിയാകാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നുവത്രേ കാരണം.

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തുകിടക്കുന്ന, 10,452 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ലെബനന്‍റെ ഒരു ഭാഗത്തു സിറിയയാണെങ്കില്‍ മറ്റൊരു ഭാഗത്ത് ഇസ്രയേലാണ്. ഇവര്‍ തമ്മിലുള്ള ശത്രുതയും ലെബനീസ് രാഷ്ട്രീയാന്തരീക്ഷത്തെ കലുഷമാക്കിക്കൊണ്ടിരിക്കുന്നു. സിറിയയെപ്പോലെ ലെബനനും ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാന്‍സിന്‍റെ നിയന്തണത്തിലായി. 1943ല്‍ സ്വതന്ത്രമായ ശേഷമുണ്ടായ സത്വരമായ സാമ്പത്തിക പുരോഗതിയും സുഖസൗകര്യങ്ങളും ലെബനനു കിഴക്കന്‍ മേഖലയിലെ സ്വിറ്റ്സര്‍ലന്‍ഡെന്നും ബെയ്റൂട്ടിന് അറബ് ലോകത്തെ പാരിസെന്നുമുള്ള വിശേഷണങ്ങള്‍ നേടിക്കൊടുത്തു. 

പക്ഷേ, 1975ല്‍ പൊട്ടിപ്പുറപ്പെടുകയും ഒന്നര ദശകക്കാലം നീണ്ടുനില്‍ക്കുകയും ചെയ്ത ആഭ്യന്തര യുദ്ധത്തോടെ ആ പ്രതാപം അസ്തമിച്ചു. പിന്നീടു ഉയിര്‍ത്തെഴുന്നേറ്റുവെങ്കിലും അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നര ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ആ കലാപത്തിന്‍റെ അനന്തര ഫലങ്ങളാണ് 33 വര്‍ഷങ്ങള്‍ക്കു ശേഷവും ലെബനന്‍ അനുഭവിച്ചുവരുന്നത്. രാഷ്ട്രീയരംഗത്തെ കോളിളക്കങ്ങള്‍ക്കിടിയില്‍ അഴിമതി തഴച്ചുവളരുകയും സുസ്ഥിരഭരണം ലെബനന് അജ്ഞാതമാവുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. സിറിയയില്‍നിന്നുള്ള 15 ലക്ഷം അഭയാര്‍ഥികളുടെ സംരക്ഷണവും ഏറ്റെടുക്കേണ്ടിവന്നു. ഇതിനെല്ലാമിടയിലാണ് 67 ലക്ഷം മാത്രം ജനങ്ങളുള്ള ഈ ചെറിയ രാജ്യം പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനാവാതെയും വിഷമിച്ചുകൊണ്ടിരിക്കുന്നത്.

English Summary: Lebanon’s parliament fails to elect president for 12th time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS