ഏറ്റവും അപകടകാരിയായ അമേരിക്കക്കാരന്‍

HIGHLIGHTS
  • വിയറ്റ്നാം യുദ്ധത്തിന്‍റെ ഉള്ളുകള്ളികള്‍ വീണ്ടും ഓര്‍മയില്‍
  • പത്രസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച കോടതി വിധി
videsharangam-vietnam-war-article
Representative image. Photo Credit:cmannphoto/istockphoto.com
SHARE

യുഎസ് നയതന്ത്രജ്ഞര്‍ക്കിടയിലെ പെരുംതച്ചനായിരുന്നു ഡോ. ഹെന്‍ട്രി കിസ്സിഞ്ജര്‍. പ്രസിഡന്‍റ് റിച്ചഡ് നിക്സന്‍റെ സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അമേരിക്കയിലെ അന്നത്തെ ഏറ്റവും അപകടകാരി ആരായിരുന്നുവെന്ന് അറിയാമോ ? ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 16) തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ അന്തരിച്ച ഡാനിയല്‍ എല്‍സ്ബര്‍ഗ്.

അരനൂറ്റാണ്ടു മുന്‍പ് വിയറ്റ്നാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ആ യുദ്ധം സംബന്ധിച്ച് അമേരിക്ക പരമരഹസ്യമാക്കി വച്ചിരുന്ന വിവരങ്ങള്‍ എല്‍സ്ബര്‍ഗ് ചോര്‍ത്തുകയും പത്രങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്തു. കിസ്സിഞ്ജറുടെ രോഷപ്രകടത്തിനു കാരണം അതായിരുന്നു. അമേരിക്ക ഉള്‍പ്പെട്ട ഏറ്റവും വിവാദപരമായ യുദ്ധങ്ങളില്‍ ഒന്നിന്‍റെ അന്ത്യം കുറിക്കാന്‍ ഇടയാക്കിയ സംഭവങ്ങളുടെ തുടക്കവും അങ്ങനെയായിരുന്നു. 

ആ നിലയില്‍ എല്‍സ്ബര്‍ഗ് തന്‍റെ രാജ്യത്തിനു മഹത്തായ സേവനമാണ് ചെയ്തതെന്നു കരുതുന്നവരുണ്ട്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുളള പത്രങ്ങളുടെ സ്വാതന്ത്യം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രധാന വിധി യുഎസ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതും അതോടനുബന്ധിച്ചാണ്. അതിനു കാരണക്കാരനായി എന്ന നിലയിലും എല്‍സ്ബര്‍ഗ് ഓര്‍മിക്കപ്പെടുന്നു. സ്വാഭാവികമായും വിയറ്റ്നാം യുദ്ധത്തിലേക്ക് ഓര്‍മകള്‍ തിരിച്ചെത്താനും എല്‍സ്ബര്‍ഗിന്‍റെ മരണം അവസരമുണ്ടാക്കുന്നു. 

അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനികമായി ഇടപെടുന്നതിനുമുന്‍പ് വിദേശത്ത് അമേരിക്ക നടത്തിയ ഏറ്റവും നീണ്ട യുദ്ധമായിരുന്നു വിയറ്റ്നാമിലേത്. 1955 നവംബര്‍ മുതല്‍ 1975 ഏപ്രില്‍ വരെ അതു നീണ്ടുനിന്നു. അതിനിടയില്‍ യുദ്ധം അയല്‍രാജ്യങ്ങളായ ലാവോസിലേക്കും കംബോഡിയയിലേക്കും വ്യാപിക്കുകയും അങ്ങനെ രണ്ടാം ഇന്തൊചൈനാ യുദ്ധമെന്ന പേരിലും അറിയപ്പെടുകയും ചെയ്തു. 

ഫ്രാന്‍സിന്‍റെ അധീനത്തിലായിരുന്ന ആ പദേശത്തെ മോചിപ്പിക്കാന്‍ അവിടത്തുകാര്‍  1946 മുതല്‍ 1954 വരെ നടത്തിയ ഗറില്ലാ യുദ്ധമായിരുന്നു ഒന്നാം ഇന്തൊചൈനാ യുദ്ധം. ഫ്രഞ്ചുകാര്‍ സ്ഥലംവിട്ടതോടെ വിയറ്റ്നാമിന്‍റെ വടക്കന്‍ മേഖലയില്‍ സോവിയറ്റ് യൂണിയന്‍റെയും ചൈനയുടെയും പിന്തുണയുള്ള കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍വന്നു. തെക്കന്‍ മേഖലയിലെ കമ്യൂണിസ്റ്റ് വിരുദ്ധ ഭരണകൂടത്തെ സഹായിക്കാന്‍ അമേരിക്കയും തയാറായി. 

ഇരുരാജ്യങ്ങളും തമ്മില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടി തെക്കന്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഗറിലകള്‍ (വിയറ്റ്കോങ്) വടക്കന്‍ വിയറ്റ്നാമിന്‍റെ സഹായത്തോടെ ഒളിപ്പോരു തുടങ്ങിയതോടെ അവരെ ചെറുക്കാന്‍ അമേരിക്കയും തെക്കന്‍ വിയറ്റ്നാമിനോടൊപ്പം ചേര്‍ന്നു. ചില സഖ്യരാജ്യങ്ങളും ഒപ്പംകൂടി. അങ്ങനെ തുടങ്ങിയതാണ് വിയറ്റ്നാം യുദ്ധം. 

അമേരിക്ക ഇടപെട്ടില്ലെങ്കില്‍ തെക്കു കിഴക്കന്‍ ഏഷ്യയുടെ ആ ഭാഗം മുഴുവന്‍ ചുവന്നുപോകുമെന്നായിരുന്നു ആ കാലഘട്ടത്തില്‍ അമേരിക്ക ഭരിച്ച ഹാരി എസ്. ട്രൂമാന്‍, ഡ്വൈറ്റ് ഐസന്‍ഹോവര്‍, ജോണ്‍ എഫ്. കെന്നഡി, ലിന്‍ഡന്‍ ജോണ്‍സന്‍, റിച്ചഡ് നിക്സന്‍ എന്നീ അഞ്ചു പ്രസിഡന്‍റുമാരും വിശ്വസിച്ചിരുന്നത്. അത് അമേരിക്കയ്ക്കു വലിയ ഭീഷണിയാകുമെന്നും അവര്‍ കരുതി. അതിനെ ചെറുക്കുന്നതിനുവേണ്ടി അവര്‍ വിയറ്റ്നാം യുദ്ധത്തില്‍ ആണ്ടുമുങ്ങി.  

അതേസമയം, യുദ്ധത്തില്‍ അമേരിക്ക അടിക്കടി പരാജയപ്പെടുകയാണെന്നും ഒരിക്കലും ജയിക്കില്ലെന്നും വ്യക്തമായ സൂചനകളുണ്ടായിരുന്നു. യുഎസ് ഭരണകൂടം അതു ജനങ്ങളില്‍നിന്നു മറച്ചുപിടിച്ചു. അതു വെളിപ്പെടുത്തുകയാണ് പ്രസിഡന്‍റ് നിക്സന്‍റെ ഭരണകാലത്തു ഗവണ്‍മെന്‍റിലെതന്നെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എല്‍സ്ബര്‍ഗ് ചെയ്തത്.   

പ്രതിരോധ കാര്യാലയത്തില്‍ (പെന്‍റഗണ്‍) മിലിട്ടറി അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു  എല്‍സ്ബര്‍ഗ്. 1960കളുടെ മധ്യത്തില്‍ രണ്ടു വര്‍ഷത്തോളം വിയറ്റ്നാമില്‍ പ്രവര്‍ത്തിക്കുകയും യുദ്ധം നേരില്‍ കാണാന്‍ ഇടവരികയും ചെയ്തു. യുദ്ധത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല കാര്യങ്ങളും ഗവണ്‍മെന്‍റ് മറച്ചുപിടിക്കുകയാണെന്നും കളവു പറയുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം സംശയിക്കാന്‍ തുടങ്ങി.

പ്രസിഡന്‍റ് കെന്നഡിയുടെയും പ്രസിഡന്റ് ജോണ്‍സന്‍റെയും പ്രതിരോധ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് മാക്നമാറ നിര്‍ദേശിച്ചതനുസരിച്ച് വിയറ്റ്നാം യുദ്ധത്തിന്‍റെ ചരിത്രം വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് അതിനകം പെന്‍റഗണില്‍ തയാറായിക്കഴിഞ്ഞിരുന്നു. 47 വാല്യങ്ങളിലായി ഏഴായിരം പേജുള്ളതും രഹസ്യമായി സൂക്ഷിച്ചിരുന്നതുമായ ആ റിപ്പോര്‍ട്ടില്‍ അടങ്ങിയ വിവരങ്ങള്‍ എല്‍സ്ബര്‍ഗിനെ നടുക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു. 

യുദ്ധത്തിന്‍റെ വ്യര്‍ത്ഥത  മനസ്സിലാക്കിയ അദ്ദേഹത്തിന് എത്രയും വേഗം അത് അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യമായി. ആ റിപ്പോര്‍ട്ട് പരസ്യമാക്കുകയെന്നത് അതിനുള്ള മാര്‍ഗമായി കണ്ടെത്തുകയും ചെയ്തു. യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായതു 1964 ഓഗ്സറ്റില്‍ ടോങ്കിന്‍ ഉള്‍ക്കടലില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി യുഎസ് യുദ്ധക്കപ്പലുകള്‍ക്കുനേരെ വടക്കന്‍ വിയറ്റ്നാം നാവിക സൈന്യം വെടിവച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ ഇടപെടല്‍ ശക്തമാക്കാനും കൂടുതല്‍ സൈനികരെ അവിടേക്ക് അയക്കാനും യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയത് അതിനുശേഷമാണ്. 

എന്നാല്‍, രണ്ടാമത്തെ സംഭവം കെട്ടുകഥയാണെന്നും അമേരിക്കയെ യുദ്ധത്തില്‍ കൂടുതല്‍ ആഴത്തില്‍ ഇടപെടുവിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയതാണെന്നുമായിരുന്ന മാക്നമാറയ്ക്കുവേണ്ടി തയാറാക്കിയ റിപ്പോര്‍ട്ടിലെ നിഗമനം. ഈ റിപ്പോര്‍ട്ടാണ് പെന്‍റഗണ്‍ പേപ്പേഴ്സ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. വിയറ്റ്നാമിലെ ദൗത്യം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയിരുന്ന എല്‍സ്ബര്‍ഗ് അതു പെന്‍റഗണില്‍നിന്നു പുറത്തുകൊണ്ടുപോവുകയും ഒരു സുഹൃത്തിന്‍റെ സഹായത്തോടെ മുഴുവന്‍ പേജുകളുടെയും ഫോട്ടോകോപ്പി എടുക്കുകയു ചെയ്തു. 

പ്രസിദ്ധീകരിക്കാനായി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തെയാണ് ആദ്യം സമീപിച്ചത്. ഉറവിടം വെളിപ്പെടുത്താതെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പത്രം സമ്മതിക്കുകയും 1971 ജൂണ്‍ 13 മുതല്‍ പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. എന്നാല്‍, രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് അതിനെതിരെ നിക്സന്‍ ഭരണകൂടം കോടതിയെ സമീപിക്കുകയും ഇന്‍ജങ്ഷന്‍ നേടുകയും ചെയ്തതിനാല്‍ മൂന്നു ദിവസത്തിനുശേഷം അവര്‍ക്കു പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നു. 

തുടര്‍ന്ന് എല്‍സ്ബര്‍ഗ് സമീപിച്ചതു വാഷിങ്ടണ്‍ പോസ്റ്റിനെയാണ്. അവരെയും ഗവണ്‍മെന്‍റ് കോടതി മുഖേന തടഞ്ഞതോടെ മറ്റു പത്രങ്ങളെ സമീപിച്ചു. ബോസ്റ്റണ്‍ ഗ്ളോബ്, ഷിക്കാഗോ സണ്‍-ടൈംസ്, സെന്‍റ് ലൂയിസ് പോസ്റ്റ്-ഡിസ്പാച്ച് തുടങ്ങിയ ഒന്നര ഡസന്‍ പത്രങ്ങള്‍ ഒന്നൊന്നായി റിപ്പോര്‍ട്ടിന്‍റെ മറ്റു ഭാഗങ്ങളും പ്രസിദ്ധീകരിച്ചു. അവരുടെ മാര്‍ഗം പിന്തുടരുന്നതില്‍നിന്നു മറ്റു പത്രങ്ങളെ മുന്‍കൂറായി വിലക്കാനും ഗവണ്‍മെന്‍റ് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. 

വാര്‍ത്ത കൊടുക്കുന്നതു ഗവണ്‍മെന്‍റ് തടഞ്ഞതിനെതിരെ ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും യുഎസ് സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഗവണ്‍മെന്‍റിനു തിരിച്ചടി നേരിടേണ്ടിവന്നു. അടിയന്തരാവസ്ഥ പോലുള്ള സന്ദര്‍ഭങ്ങളിലൊഴികെ വാര്‍ത്തകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണാഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. 

ചാരവൃത്തിക്കേസില്‍ പ്രതിയാക്കി എല്‍സ്ബര്‍ഗിനെതിരെ കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 115 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. പക്ഷേ, അനുകൂലവിധി സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ ഗവണ്‍മെന്‍റ് തരികിട കളിക്കുകയും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജഡ്ജി കേസ് തള്ളിക്കളഞ്ഞു. 

പില്‍ക്കാലത്ത് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലെ ഒരു മുന്‍നിരക്കാരനായി ഡാനിയല്‍ എല്‍സ്ബര്‍ഗ്. അദ്ദേഹം തന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഡോക്യുമെന്‍ററി സിനിമയും പുറത്തിറങ്ങി. ഡോ. കിസ്സിഞ്ജറുടെ വാക്കുകളായിരുന്നു ഒരു പുസ്തകത്തിന്‍റെയും സിനിമയുടെയും പേര്- 'അമേരിക്കയിലെ ഏറ്റവും അപകടകാരി'.

Content Summary: Videsharangam Column by K Obeidulla on Vietnam War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS