ചരിത്രപ്രധാനമെന്നു പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. അതിനു കാരണക്കാരനായ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ് അല്ലാതായതിനു ശേഷം രണ്ടര വര്‍ഷവുമായി.
കരാറിന്‍റെ മുഖ്യശില്‍പ്പിയായ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പാര്‍ട്ടിക്കാരനായ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ (അദ്ദേഹം ഒബാമയുടെ വൈസ്പ്രസിഡന്‍റ് കൂടിയായിരുന്നു) ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതിനെ പുനരുജ്ജീവിക്കുമെന്നു കരുതുകയായിരുന്നു പലരും. അങ്ങനെയാണ് ബൈഡന്‍ സ്വന്തം തിരഞ്ഞെടുപ്പിനു മുന്‍പ് വാഗ്ദാനം ചെയ്തിരുന്നതും. പക്ഷേ, ആ വാക്ക് ഇതുവരെ പാലിക്കപ്പെട്ടില്ല.
എങ്കിലും, കഴിഞ്ഞ ചില മാസങ്ങളായി അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ രഹസ്യമായും തകൃതിയായും നടന്നുവരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. ഗള്‍ഫ് രാജ്യമായ ഒമാന്‍റെ മധ്യസ്ഥതയില്‍, അതിന്‍റെ തലസ്ഥാനമായ മസ്ക്കത്തില്‍ വച്ചാണത്രേ അമേരിക്കയുടെയും ഇറാന്‍റെയും നയതന്ത്ര ഉദ്യാഗസഥര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ മുഖ്യമായും നടന്നുവരുന്നത്. 2015ലെ ആണവ കരാറിലേക്കു നയിച്ച കൂടിയാലോചനകളിലും ഒമാന്‍ സമാനമായ പങ്ക് വഹിച്ചിരുന്നു.
മധ്യപൂര്‍വദേശത്തിന്‍റെയും ഉത്തരാഫ്രിക്കയുടെയും കാര്യത്തിലുള്ള യുഎസ് കോഓര്‍ഡിനേറ്ററും യുഎസ് ദേശീയ സുരക്ഷാസമിതിയിലെ അംഗവുമായ ബ്രെറ്റ് മഗുര്‍ക്, ആണവ കാര്യങ്ങള്‍ക്കുള്ള ഇറാന്‍റെ മുഖ്യ നിഗോഷിയേറ്റര്‍ അലി ബഗേരി കനി എന്നിവര്‍ മസ്ക്കത്തില്‍വച്ച പല തവണ തമ്മില്‍ കണ്ടു.
ഇറാന്‍ കാര്യത്തിലുള്ള യുഎസ് പ്രസിഡന്‍റിന്‍റെ പ്രത്യേക ദൂതന്‍ റോബര്‍ട് മാലിയും ഐക്യരാഷ്ട്ര സംഘടനയിലെ ഇറാന്‍ അംബാസ്സഡര്‍ അലി ബഹ്റയ്നിയും തമ്മില്‍ ന്യൂയോര്‍ക്കിലും ചര്‍ച്ചകള്‍ നടന്നു. ഒമാന്‍ സുല്‍ത്താന്‍ ഹൈത്താം ബിന്‍ താരിഖ് അല്‍ സയ്ദ് മേയില്‍ ടെഹറാനിലെത്തി ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയെ കണ്ടു സംസാരിച്ചതിനും ഈ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
ഇറാന്‍ നിഗോഷിയേറ്റര്‍ അലി ബഗേരി കനി മറ്റൊരു ഗള്‍ഫ് രാജ്യമായ ഖത്തറിലെ ദോഹയില്‍ വച്ച് യൂറോപ്യന്‍ യൂണിയന്‍റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകളും ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇറാന്‍ വിദേശമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനും അപ്പോള്‍ ദോഹയിലുണ്ടായിരുന്നു.
ഇതേസമയം, ആണവ പ്രശ്നം സംബന്ധിച്ച് ഇറാനുമായി ചര്‍ച്ച നടക്കുന്നുവെന്നത് നിഷേധിക്കുകയാണ് ബൈഡന്‍ ഭരണകൂടം. ഇറാനും ഏറെക്കുറെ മൗനം പാലിക്കുന്നു. ഇറാനില്‍ തടവിലുള്ള യുഎസ് പൗരന്മാരുടെ മോചനം, ഇറാനും അമേരിക്കയും തമ്മിലുളള ബന്ധത്തിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് മേഖലയെ അപകടപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കല്‍, യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യക്ക് ഇറാന്‍ നല്‍കുന്ന സഹായം അവസാനിപ്പിക്കല്‍, വിദേശ രാജ്യങ്ങളില്‍ പിടിച്ചുവച്ചിട്ടുള്ള ഇറാന്‍റെ ആസ്തികള്‍ ഇറാനു വിട്ടുകൊടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും ആണവ പ്രശ്നവുമായി അതിനു ബന്ധമില്ലെന്നും അവര്‍ വിശദീകരിക്കുന്നു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ ചില രാജ്യങ്ങള്‍ ഇറാനു ശതകോടിക്കണക്കിനു ഡോളര്‍ നല്‍കാനുണ്ട്. ആണവ പ്രശ്നത്തിന്‍റെ പേരില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം അതു ആ രാജ്യങ്ങളുടെ ബാങ്കുകളില്‍ മരവിക്കപ്പെട്ടുകിടക്കുകയാണ്. ഇവയില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഏഴു ശതകോടി ഡോളറും ഇറാഖില്‍ നിന്നുള്ള ആറു ശതകോടി ഡോളറും സൈനിക കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കില്ലെന്ന നിബന്ധനയോടെ ഇറാനു വിട്ടുകൊടുക്കാന്‍ ഇപ്പോള്‍ തീരുമാനമായി. മസ്ക്കത്തില്‍ നടന്നുവന്ന ചര്‍ച്ചകളെ തുടര്‍ന്നാണിത്.
ആണവ പ്രവര്‍ത്തനം സംബന്ധിച്ച് വീണ്ടുമൊരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു സമ്മതിക്കാന്‍ അമേരിക്കയ്ക്കോ ഇറാനോ ഉല്‍സാഹമില്ലാത്തത് എന്തുകൊണ്ടാണ്? ശ്രമം വിജയിക്കുമെന്ന കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും ഉറപ്പില്ലെന്നും ഇരു കക്ഷികള്‍ക്കും ഒരുപോലെ തൃപ്തികരമായ ഒത്തുതീര്‍പ്പിലെത്തുക എളുപ്പമല്ലെന്ന് അവര്‍ക്കു പൂര്‍ണബോധ്യമുണ്ടെന്നുമാണ് ഈ ചോദ്യത്തിനു പലരും നല്‍കുന്ന ഉത്തരം.
സംയുക്ത സമഗ്ര കര്‍മ പദ്ധതി (ജോയിന്‍റ് കോംപ്രഹന്‍സീവ് ആക്ഷന്‍ പ്ളാന്‍) എന്ന പേരുള്ളതും ഇറാന്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഒപ്പുവച്ചതുമായ 2015 ജൂലൈയിലെ കരാര്‍തന്നെ 20 മാസം നീണ്ടുനിന്ന വളരെ ക്ളേശകരമായ ചര്‍ച്ചകളെ തുടര്‍ന്നു രൂപംകൊണ്ടതായിരുന്നു. എക്കാലത്തെയും ഏറ്റവും മോശം കരാര്‍, മണ്ടന്‍ കരാര്‍ എന്നെല്ലാം പറഞ്ഞാണ് ട്രംപ് അതു തള്ളിക്കളഞ്ഞത്. കരാര്‍ കൊണ്ടുളള ലാഭം ഇറാനും നഷ്ടം അമേരിക്കയക്കും ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
ഇറാന്‍ നടത്തിവരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുളള വ്യവസ്ഥകളും കരാറില്‍ ഉണ്ടാകേണ്ടതാണെന്നും ട്രംപ് വാദിക്കുകയുണ്ടായി. സിറിയ, യെമന്‍, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ ഇറാന്‍ നടത്തിവരുന്നതായി ആരോപിക്കപ്പെടുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ കരാര്‍ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പുതിയ കരാര്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ഇറാന്‍റെ ആണവ പ്രവര്‍ത്തനം ബോംബ് നിര്‍മാണമായി വികസിക്കാനുള്ള സാധ്യത തടഞ്ഞുവെന്നത് ആ കരാറിന്‍റെ ഒരു വലിയ നേട്ടമായി അംഗീകരിക്കപ്പെട്ടു. ബോംബ് നിര്‍മിച്ചു കഴിഞ്ഞാല്‍ ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കുപോലും ഭീഷണിയാകുമെന്നായിരുന്നു ഭയം. അതു തടയുന്നതിനു വേണ്ടി ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനും സമ്പുഷ്ട യുറേനിയത്തിന്‍റെ കരുതല്‍ ശേഖരത്തിനും പരിധി നിശ്ചയിക്കപ്പെട്ടു.
തങ്ങളുടെ ആണവ നിലയങ്ങളിലെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും ഇറാന്‍ അനുവദിച്ചു. ബോംബ് നിര്‍മാണത്തിന്‍റെ പേരില്‍ ഇറാന്‍റെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങളും സമ്മതിക്കുകയുണ്ടായി. അതിനുളള നടപടികള്‍ അവര്‍ ആരംഭിക്കുകയും ചെയ്തു.
അതിനിടയിലായിരുന്നു കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന ട്രംപിന്‍റെ പ്രഖ്യാപനം. അങ്ങനെ ചെയ്യരുതെന്ന് കരാറില്‍ ഒപ്പുവച്ച മറ്റു ചില രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചുവെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ഇറാന്‍റെ മേലുള്ള യുഎസ് ഉപരോധം അദ്ദേഹം പുനൃഃസ്ഥാപിക്കുകയും കര്‍ശനമാക്കുകയും ചെയ്തു. ഇതോടെ കരാര്‍ ഫലത്തില്‍ മൃതിടയഞ്ഞു.
അത്തരമൊരു കരാര്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന ന്യായത്തില്‍ ഇറാനും പിന്നോട്ടടിച്ചു. കരാര്‍ പ്രകാരം പരിമിതപ്പെടുത്തിയിരുന്ന ആണവ പ്രവര്‍ത്തനം (മുഖ്യമായും യുറേനിയം സമ്പുഷ്ടീകരണം) അവര്‍ പുനരാരംഭിക്കുകയും ചെയ്തു. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍പിടി) ഒപ്പുവച്ച രാജ്യമെന്ന നിലയില്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുളള ആണവ പ്രവര്‍ത്തനത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതു മാത്രമേ തങ്ങള്‍ ചെയ്യുന്നുളളൂവെന്നും ബോംബ് നിര്‍മാണം തങ്ങളുടെ പരിഗണനയില്‍ ഇല്ലെന്നും ഇറാന്‍ ആവര്‍ത്തിക്കുന്നു.
എന്നാല്‍, അമേരിക്ക അതു വിശ്വസിക്കുന്നില്ല. ബോംബ് നിര്‍മാണത്തിനു വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനവുമായി ഇറാന്‍ ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് അവര്‍ സംശയിക്കുന്നു. ബോംബ് നിര്‍മിക്കാന്‍ ഇറാന്‍ തീരുമാനിക്കുന്ന പക്ഷം, മുമ്പത്തേക്കാള്‍ വേഗത്തില്‍ അതു സാധ്യമാകുന്ന നിലയില്‍ അവര്‍ എത്തിക്കഴിഞ്ഞുവെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാന്‍റെയും അമേരിക്കയുടെയും പ്രതിനിധികള്‍ തമ്മില്‍ മസ്ക്കത്തിലും ദോഹയിലുമായി ചര്‍ച്ചകള്‍ നടത്തിവരുന്നത്.
പഴയകരാര്‍ ചരമമടഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞ സ്ഥിതിക്ക് അത് അതേപടി പുനരുജ്ജീവിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അത് അസാധ്യവുമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിനാല്‍ അടിയന്തര പ്രാധാന്യമുളള കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു മിനി എഗ്രിമെന്‍റ് ആണത്രേ പരിഗണനയില്‍. അതിന്‍റെ രൂപം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.
Content Summary: Videsharangam Column about Iran Nuclear Deal