ഈ വര്‍ഷത്തെ ആദ്യ പകുതി കഴിഞ്ഞതേയുള്ളൂ. അതിനിടയില്‍ ഫ്രാന്‍സിലെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയ്ക്കു നേരിടേണ്ടിവന്നതു ഗുരുതരമായ രണ്ടു പ്രതിസന്ധികളാണ്. രണ്ടു തവണയും ഫ്രാന്‍സില്‍ ദിവസങ്ങളോളം തെരുവുകള്‍ സംഘര്‍ഷഭരിതമായി. രണ്ടാം തവണ അക്രമങ്ങള്‍ രാജ്യവ്യാപകമായി അഴിഞ്ഞാടുകതന്നെ ചെയ്തു. "ഫ്രാന്‍സ് കത്തിയെരിയുന്നു" എന്നു പോലും മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ തലക്കെട്ടുകളുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നു പോലും മുറവിളികള്‍ ഉയരുകയും ചെയ്തു.
ആദ്യത്തെ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് പെന്‍ഷന്‍ പ്രായം 62ല്‍നിന്നു 64 ആക്കി ഉയര്‍ത്താന്‍ മക്രോ ഭരണകൂടം ജനുവരിയില്‍ എടുത്ത തീരുമാനത്തെ തുടര്‍ന്നായിരുന്നു. യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന നടപടിയെന്ന നിലയില്‍ അതിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം പടര്‍ന്നു പിടിക്കുകയും തെരുവുകളിലെ പ്രകടനങ്ങള്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുകയും ചെയ്തു. അതുമൂലമുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കു നൂറുദിവസങ്ങള്‍ക്കകം പരിഹാരം കണ്ടെത്താനുള്ള പ്രതിജ്ഞയിലായിരുന്നു അതിനുശേഷം മക്രോ.
അതിനിടയിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 27) മറ്റൊരു കാരണത്താല്‍ വീണ്ടും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാന നഗരമായ പാരിസിന്‍റെ പ്രാന്തത്തിലുള്ള നാന്‍റെരെ എന്ന സ്ഥലത്ത് ഒരു പതിനേഴുകാരനെ കാറിലിരിക്കുമ്പോള്‍ പോലീസ് വെടിവച്ചു കൊന്നതില്‍നിന്നായിരുന്നു അവയുടെ തുടക്കം.
നാഹെല്‍ എം. എന്നു പേരായ ആ പയ്യന്‍ ഫ്രാന്‍സിലെ ഗണ്യമായ ഒരു ജനവിഭാഗമായ ആഫ്രിക്കന്‍-അറബ് വംശജരില്‍ ഒരാളാണ്. തൊലിയുടെ നിറം കൊണ്ടുതന്നെ എളുപ്പത്തില്‍ തരിച്ചറിയാവുന്ന ഇത്തരം ആളുകളുടെ നേരെ പൊലീസ് പരമ്പരാഗതമായി വിവേചനാപരമായും ധാര്‍ഷ്ട്യത്തോടെയും ക്രൂരമായും പെരുമാറുകയാണെന്നു നേരത്തെതന്നെ ആക്ഷേപമുണ്ട്.
സമ്പന്നരാജ്യമായ ഫ്രാന്‍സിലുണ്ടായ അടിസ്ഥാന സൗകര്യ വികസനമൊന്നും ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ എത്തിനോക്കുക പോലും ചെയ്തിട്ടില്ല. ആ സ്ഥലങ്ങളില്‍ ജീവിക്കുന്ന ചെറുപ്പക്കാരില്‍ മിക്കവര്‍ക്കും സ്ഥിരമായ തൊഴിലില്ല. കാര്യമായ വിദ്യാഭ്യാസവുമില്ല. അവര്‍ക്കിടയില്‍ കുറ്റവാളികളുണ്ട്. അവരെ മൊത്തത്തില്‍തന്ന പൊലീസ് ക്രിമിനലുകളായി കാണുകയും ചെയ്യുന്നു. ഫ്രാന്‍സിനെ കുഴക്കുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ഒന്നാണിത്.
നാഹെലിന്‍റെ മരണം ഉടന്‍തന്നെ രാജ്യമൊട്ടുക്കും വന്‍തോതിലുളള പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയാക്കി. പൊലീസിനു നേരെയുള്ള ആക്രമണങ്ങളും കടകമ്പോളങ്ങളില്‍ തീവയ്പുമുണ്ടായി. കാറുകളും ബസുകളും അഗ്നിക്കിരയായി. വീടുകള്‍ മുതല്‍ മാളുകള്‍വരെ കൊള്ളയടിക്കപ്പെട്ടു. പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും നൂറുകണക്കിനാളുകള്‍ അറസ്റ്റിലാവുകയും ചെയ്തു. പാരിസിനടുത്തുളള ഒരു നഗരത്തില്‍ മേയറുടെ വീട് ആക്രമിക്കപ്പെട്ടു.
കുഴപ്പങ്ങള്‍ക്കു പ്രേരകമായിത്തീര്‍ന്നതു വാസ്തവത്തില്‍ നാഹെലിന്‍റെ ദാരുണ മരണം മാത്രമല്ലെന്നു കരുതുന്നവരുണ്ട്. ആ പയ്യനെപ്പോലുള്ളവര്‍ ജീവിതത്തിന്‍റെ മിക്കവാറും എല്ലാ മണ്ഡലങ്ങളിലും അവഗണിക്കപ്പെടുകയും വിവേചനം നേരിടുകയും മറ്റുള്ളവരുടെ ധാര്‍ഷ്ട്ര്യത്തിന് ഇരയാവുകയും ചെയ്ത പഴയ പല സംഭവങ്ങളുടെ ഓര്‍മകളും അവരുടെ മനസ്സില്‍ തിളച്ചുമറിയുകയായിരുന്നുവെന്നു പലരും ചൂണ്ടിക്കാട്ടുന്നു.
പൊലീസിനെ കാണന്നതു പോലും അവരെ ഭയപ്പെടുത്തുകയാണത്രേ. ഉദാഹരണമായി ഒരു സംഭവം ഇതു സംബന്ധിച്ച മാധ്യമ ചര്‍ച്ചകളിലെല്ലാം പരാമര്‍ശിക്കപ്പെടുകയുണ്ടായി. 2005ല്‍ പാരിസ് നഗരപരിസരത്തു മൂന്നു ബാലന്മാര്‍ വൈകുന്നേരം കൂട്ടുകാരൊടൊപ്പം ഫുട്ബോള്‍ കളിച്ചശേഷം വീടുകളിലേക്കു മടങ്ങുകയായിരുന്നു. വഴിമധ്യേ ഏതാനും പൊലീസുകാര്‍ തങ്ങളെ പിന്തുടരുന്നതു കണ്ടപ്പോള്‍ അവര്‍ പേടിക്കുകയും ഓടുകയും ചെയ്തു.
ഒളിക്കാനായി അവര്‍ കയറിയത് ഒരു വൈദ്യുതി സബ്സ്റ്റേഷനിലാണ്. രണ്ടു പേര്‍ ഷോക്കേറ്റു മരിക്കുകയും മുന്നാമന്‍ ഗുരുതരമായപൊള്ളലേറ്റ് ആശ്രപത്രിയിലാവുകയും ചെയ്തു. ആ സംഭവത്തിനു പൊലീസുകാര്‍ ഉത്തരവാദിയായിരുന്നില്ല. പൊലീസിനെ കണ്ടപ്പോള്‍ അവര്‍ എന്തിന് ഓടി എന്നായിരുന്നു പിക്കാലത്ത് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി നിക്കൊളാസ് സര്‍ക്കോസിയുടെ പ്രതികരണം. പൊലീസിനെ കാണുമ്പോള്‍ ഓടിയൊളിക്കേണ്ടുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന ചോദ്യവും ഉയര്‍ന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 27നു നാഹെല്‍ എന്ന പതിനേഴുകാരന് ഉണ്ടായ ദാരുണമായ അന്ത്യം ആ സംഭവത്തിന്‍റെ ഓര്‍മകള്‍ ഉയര്‍ത്തുന്ന വിധത്തിലുള്ളതാണ്. രണ്ടു കൂട്ടുകാരോടൊപ്പം മഞ്ഞ നിറത്തിലുള്ള ഒരു മെര്‍സീഡസ് കാര്‍ അതിവേഗത്തില്‍ ഓടിക്കുകയായിരുന്നു അവന്‍. ഒരു കവലയില്‍വച്ച് കാര്‍ പൊലീസ് തടഞ്ഞുനിര്‍ത്തി.
പ്രായപൂര്‍ത്തിയാവാത്ത നാഹെലിനു ലൈസന്‍സുണ്ടാവില്ലെന്നു പോലീസിന് ഉറപ്പായിരുന്നു. വിലകൂടിയ മെര്‍സീഡസ് പോലുള്ള കാറുകള്‍ അവനെപ്പോലുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും അവര്‍ക്കു തോന്നിയിരിക്കണം. (കാര്‍ വാടകയ്ക്കെടുത്തതായിരുന്നുവെന്നു പിന്നീട് അറിവായി).
നാഹെലിന്‍റെ നെഞ്ചിനുനേരെ തോക്കു ചൂണ്ടിനില്‍ക്കുകയായിരുന്നു ഒരു പൊലീസുകാരന്‍. സംസാരിക്കുന്നതിടയില്‍ പയ്യന്‍ കാര്‍ മുന്നോട്ടെടുത്തു. ഉടന്‍തന്നെ പൊലീസുകാരന്‍ വെടിവയ്ക്കുകയായിരുന്നു. വഴിയാത്രക്കാര്‍ക്ക് അവന്‍ അപകടമുണ്ടാക്കുമെന്ന ഭയത്താല്‍ അതു തടയുന്നതിനുവേണ്ടി വെടിവച്ചുവെന്നായിരുന്നു പൊലീസുകാരന്‍റെ വിശദീകരണം. നാഹെലിന്‍റെ കൂടെയുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ക്കു പരുക്കേല്‍ക്കുകയും മറ്റയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇതെല്ലാം ഒരു വഴിയാത്രക്കാരന്‍ തന്‍റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാല്‍ സംഭവം സംബന്ധിച്ച് പിന്നീടു കാര്യമായ തര്‍ക്കമൊന്നും ഉണ്ടായില്ല. വെടിവച്ച മുപ്പത്തെട്ടുകാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുകയും അയാള്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കുകയും ചെയ്തു. അതിനെതിരെ പ്രതിഷേധവുമായി പൊലീസ് യൂണിയനുകളും രംഗത്തിറങ്ങി.
നാന്‍റെരെയില്‍ നടന്നതുപോലുള്ള സംഭവം ഈ വര്‍ഷം മൂന്നാമത്തേതാണെന്നാണ് ഇതിനെ തുടര്‍ന്നു പുറത്തുവന്ന ഒരു വിവരം. കഴിഞ്ഞ വര്‍ഷം 13 സംഭവങ്ങള്‍ ഉണ്ടാവുകയും അങ്ങനെ റെക്കോഡ് സൃഷ്ടിക്കപ്പെടുകയും ചെയ്തുവത്രേ. ഇരയായിത്തീര്‍ന്നവരില്‍ അധികപേരും ആഫ്രിക്കയിലെ മുന്‍ഫ്രഞ്ച് കോളണികളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരാണ്.
നാഹെലിന്‍റെ പശ്ചാത്തലവും വ്യത്യസ്തമല്ല. അവന്‍റെ മാതാവ് അല്‍ജീരിയന്‍ വംശജയും പിതാവ് മൊറോക്കോ വംശജനുമാണ്. ഫ്രാന്‍സിലെ വിദേശവംശജരില്‍ അധികപേരും ഉത്തരാഫ്രിക്കയിലെ ഈ രണ്ടു രാജ്യങ്ങളില്‍നിന്നുള്ളവരാണ്. പിതാവിനെ നാഹെല്‍ കണ്ടിട്ടുപോലുമില്ലത്രേ. അമ്മയുടെ കൂടെയായിരുന്നു താമസം. അവര്‍ക്കു വേറെ മക്കളില്ല.
നാഹെലിന്‍റെ മരണത്തെതുടര്‍ന്നു രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ പ്രസിഡന്‍റ് മക്രോ അയല്‍രാജ്യമായ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു. സമ്മേളനം തീരുംവരെ കാത്തുനില്‍ക്കാതെ അദ്ദേഹം പാരിസിലേക്കു മടങ്ങി. ചെറുപ്പക്കാരന്‍റെ മരണത്തിനിടയാക്കിയ പൊലീസിന്‍റെ നിരുത്തരവാദപരമായ നടപടിയെയും അതിന്‍റെ പേരില്‍ അഴിഞ്ഞാടുന്ന അക്രമത്തെയും അദ്ദേഹം അപലപിക്കുകയും ചെയ്തു.
ക്രമസമാധാന പാലനത്തിനായി പട്ടാളത്തെ വിളിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മക്രോയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. 1955 മുതല്‍ ആറു തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമാണ് ഫ്രാന്‍സ്. ഏറ്റവും ഒടുവിലത്തേത് 2015ല്‍ പാരിസിലുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു. പട്ടാളത്തെ വിളിക്കാതെയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെയും പ്രശ്നം പരിഹരിക്കാനായിരുന്നു മക്രോയുടെ ശ്രമം.
എങ്കിലും, ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ രണ്ട്) മുതല്‍ മൂന്നു ദിവസം ജര്‍മനി സന്ദര്‍ശിക്കാനുള്ള പരിപാടി അവസാന ഘട്ടത്തില്‍ അദ്ദേഹത്തിനു റദ്ദാക്കേണ്ടവന്നു. കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ ഒരു പ്രസിഡന്‍റും ജര്‍മനി സന്ദര്‍ശിച്ചിരുന്നില്ല. അതിനാല്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനിലെ ചാള്‍സ് രാജാവ് നാലു ദിവസത്തെ പരിപാടിയുമായി പത്നീസമേതം പാരിസിലേക്കു പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഉണ്ടായതും സമാനമായ സ്ഥിതിവിശേഷമാണ്. പെന്‍ഷന്‍ പ്രശ്നത്തിന്‍റെ പേരിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കാരണം ഫ്രാന്‍സിന്‍റെ തെരുവുകളില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുകയായിരുന്നു. ചാള്‍സിന്‍റെ സന്ദര്‍ശനം (രാജാവ് എന്ന നിലയിലുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനം) മാറ്റിവയ്ക്കേണ്ടിവന്നു.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അവയേക്കാളെല്ലാം ഏറെ പ്രാധാന്യമുള്ളതാണ് ഈ മാസം 13 മുതല്‍ രണ്ടു ദിവസം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനം. ജൂലൈ 14നു നടക്കുന്നതും ബാസ്റ്റില്‍ ഡേ എന്നറിയപ്പെടുന്നതുമായ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരിക്കും അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഫ്രാന്‍സില്‍ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ തുടങ്ങിയ സ്ഥിതിക്ക് ഈ സന്ദര്‍ശന പരിപാടിയില്‍ മാറ്റമൊന്നും ഉണ്ടാകാനിടയില്ല.
Content Summary: Videsharangam Column about France Issue