നാലാമൂഴ സ്വപ്നവുമായി നവാസ് ഷരീഫ്

HIGHLIGHTS
  • ആജീവനാന്ത അയോഗ്യത നീക്കാന്‍ പുതിയ നിയമങ്ങള്‍
  • ഇമ്രാന്‍റെ ഭാവി മേയ് ഒന്‍പതിന്‍റെ നിഴലില്‍
nawaz-article
Representative image. Photo Credit:creativei images/Shutterstock.com
SHARE

പാക്കിസ്ഥാനില്‍ മൂന്നു തവണ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നവാസ് ഷരീഫ് നാലാമതും പ്രധാനമന്ത്രിയായി വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനുളള തയാറെടുപ്പിലാണ്. മൂന്നര വര്‍ഷമായി ലണ്ടനില്‍ കഴിയുന്ന അദ്ദേഹം അടുത്തുതന്നെ നാട്ടില്‍ തിരിച്ചെത്തുകയും പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും  വീണ്ടും നാഷനല്‍ അസംബ്ളിയിലേക്കു മല്‍സരിക്കുകയും ചെയ്യുമത്രേ. നിലവിലുള്ള പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ പ്രസിഡന്‍റുമായ അനുജന്‍ ഷഹബാസ് ഷരീഫ് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു പറയുന്നതാണിത്.   

പക്ഷേ, അതെങ്ങനെ? അഞ്ചു വര്‍ഷംമുന്‍പ് സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ആളാണ് എഴുപത്തിമൂന്നുകാരനായ നവാസ് ഷരീഫ്. അഴിമതിക്കേസിലെ ആ വിധിയെ തുടര്‍ന്ന് അദ്ദേഹത്തിനു പൊതുപദവികള്‍ വഹിക്കുന്നതിനുള്ള ആജീവനാന്ത അയോഗ്യത കല്‍പ്പിക്കപ്പെട്ടു. താന്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നുപോലും അക്കാരണത്താല്‍ അദ്ദേഹത്തിന് ഒഴിയേണ്ടിവന്നു.

അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് വീണ്ടും പാര്‍ട്ടിയുടെ പ്രസിഡന്‍റും പ്രധാനമന്ത്രിയുമാവുക ? സുപ്രീം കോടതിയുടെ വിധി മറികടക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഇതുവരെ അസാധ്യമെന്നു തോന്നിയിരുന്ന അതിനുളള ശ്രമവും തുടങ്ങിക്കഴിഞ്ഞു. 

സുപ്രീംകോടതിയുടെ വിധികള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കുന്ന ഒരു ബില്‍ ഇക്കഴിഞ്ഞ മേയില്‍ പാര്‍ലമെന്‍റ് പാസ്സാക്കി. ഇനിയുണ്ടാകുന്ന സുപ്രീംകോടതി വിധിക്കെതിരെ മാത്രമല്ല, മുന്‍പുണ്ടായ വിധിക്കെതിരെയും അപ്പീല്‍ നല്‍കാം. പ്രസിഡന്‍റ് ആരിഫ് അല്‍വി ഒപ്പിട്ടതോടെ ബില്‍ നിയമമായിക്കഴിഞ്ഞു.

ഇനി വേണ്ടത് ഈ നിയമമനുസരിച്ച് സൂപ്രീം കോടതി വിധിക്കെതിരെ നവാസ് ഷരീഫ് അപ്പീല്‍ സമര്‍പ്പിക്കുകയാണ്. വിധി റദ്ദാക്കിക്കിട്ടുകയോ ഭേദഗതി ചെയ്തുകിട്ടുകയോ ചെയ്യാന്‍ ശ്രമിക്കാം. അയോഗ്യതാ കാലാവധി അഞ്ചു വര്‍ഷമോ അതില്‍ കുറഞ്ഞതോ കാലത്തേക്കു ചുരുക്കിട്ടിയാലും മതി, നവാസ് ഷരീഫിന് സുപ്രീംകോടതി അയോഗ്യത കല്‍പ്പിച്ചതു 2017 ജൂലൈയിലാണ്. അതിനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞു.

വിധി അനുകൂലമായാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍നാവും. പക്ഷേ, സുപ്രീംകോടതി കനിയുമോ? 

നവാസ് ഷരീഫിനു തിരിച്ചുവരാന്‍ സഹായകമായ വിധത്തില്‍ പാര്‍ലമെന്‍റിനെ ഉപയോഗിച്ചുകൊണ്ടുതന്നെ മറ്റൊരു വഴിയും ഷഹബാസ് ഷരീഫിന്‍റെ ഗവണ്‍മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും സംസ്ഥാന നിയമസഭാ സാമാജികര്‍ക്കും കല്‍പ്പിക്കാവുന്ന അയോഗ്യതയുടെ കാലാവധി പരമാവധി അഞ്ചു വര്‍ഷമായി ചുരുക്കുന്ന ബില്‍ പാസ്സാക്കിയെടുത്തു. 

പ്രസിഡന്‍റ് അല്‍വി ഹജ്ജ് തീര്‍ഥാടനത്തിനു പോയതിനാല്‍ സെനറ്റിന്‍റെ (പാര്‍ലമെന്‍റിന്‍റെ ഉപരിസഭ) അധ്യക്ഷന്‍ മുഹമ്മദ് സാദിഖ് സന്‍ജ്റാനി ആക്ടിങ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹം ഒപ്പിട്ടതോടെ ആ ബില്ലും നിയമമായി. 

പക്ഷേ, ഒരു പ്രശ്നം ഇപ്പോഴുമുണ്ട്. 2019 നവംബര്‍ മുതല്‍ നവാസ് ഷരീഫ് ലണ്ടനിലാണ്. രണ്ട് അഴിമതിക്കേസുകളിലായി പത്തു വര്‍ഷവും ഏഴു വര്‍ഷവും തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. അതിനിടയില്‍ ചികില്‍സാര്‍ഥം കോടതിയുടെ അനുവാദത്തോടെതന്നെ ലണ്ടനിലേക്കു പോയതാണ്. നാലാഴ്ചയാണ് അനുവദിച്ചിരുന്നതെങ്കിലും അഞ്ചു വര്‍ഷമായിട്ടും തിരിച്ചെത്തിയില്ല. 

കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. അങ്ങനെയൊരാള്‍ക്കു അതു സംബന്ധിച്ച നിയമനടിപടികളെയൊന്നും നേരിടാതെ  തിരിച്ചുവന്നു അനായാസം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവുമോ? അതിനുള്ള വഴിയും കണ്ടെത്തപ്പെടുമായിരിക്കാം. 

എങ്കില്‍, എല്ലാം തടസ്സങ്ങളും നീങ്ങി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നപക്ഷം നവാസ് ഷരീഫ് സാധാരണ ഗതിയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ഏറ്റെുമുട്ടുന്നത് ആരോടായിരിക്കും? സംശയമില്ല, പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐ) തലവനും മുന്‍ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനോടുതന്നെ. പക്ഷേ, ഇമ്രാനു മല്‍സരിക്കാനാവുമോ? 

മേയ് ഒന്‍പതിനും പിറ്റേന്നും നടന്ന അഭൂതപൂര്‍വമായ സംഭവങ്ങള്‍ക്കുശേഷം ഇമ്രാന്‍റെ രാഷ്ട്രീയ ഭാവിതന്നെ തുലാസ്സിലാണ്. അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെടാനിടയുണ്ടെന്ന അഭ്യൂഹം അന്നുമുതല്‍ക്കേ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. മേയ് ഒന്‍പതിന് ഇമ്രാന്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ ലഹളയുടെ പേരില്‍ അദ്ദേഹത്തെ പട്ടാളക്കോടതിയില്‍ വിചാരണ ചെയ്യുന്ന കാര്യവും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടുവരുന്നു. പട്ടാളക്കോടതിതന്നെ വേണമെന്നു ഷഹബാഷ് ഷരീഫ് ഗവണ്‍മെന്‍റിലെ ചില മന്ത്രിമാര്‍തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

അഴിമതിക്കേസില്‍ ഇമ്രാന്‍ അറസ്റ്റ് ചെയ്യപ്പെട്ട മേയ് ഒന്‍പതിനും അതിന്‍റെ പിറ്റേന്നും അതിലുള്ള പ്രതിഷേധമെന്ന പേരില്‍ രാജ്യവ്യാപകമായി നടന്ന അക്രമങ്ങള്‍ മുക്കാല്‍ നൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ പാക്കിസ്ഥാന്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അത്രയും ഭീകരമായിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള  സൈനിക സ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെട്ടു. 

റാവല്‍പിണ്ടിയിലെ സൈനികാസ്ഥാനവും (ആര്‍മി ഹൗസ്), ലഹോര്‍ മേഖലയിലെ കരസേനാ കമാന്‍ഡറുടെ വസതിയായ ജിന്നഹൗസൂം ഇക്കൂട്ടത്തില്‍പ്പെടുന്നു. രാഷട്ര സ്ഥാപകനായ മുഹമ്മദലി ജിന്നയുടെതായിരുന്ന ആ വീട്ടിലേക്ക് ജനക്കൂട്ടം തള്ളിക്കയറുകയും അതിനു തീവയ്ക്കുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ഇതിനുവേണ്ടിയെല്ലാം ജനങ്ങളെ ഇളക്കിവിട്ടത് ഇമ്രാനാണെന്നാണ് ആരോപണം. തന്‍റെ രാഷ്ട്രീയ പ്രതിയോഗികളെയെന്ന പോലെ സൈനിക നേതൃത്വത്തെയും കുറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ അവജ്ഞ ജനിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇമ്രാന്‍ പ്രസംഗിക്കുന്നതെന്നു നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു. ഇമ്രാനെ അറസ്റ്റ് ചെയ്താല്‍ എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ലഹോറില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ ഗൂഡാലോചന നടന്നിരുന്നതായും ആരോപണമുണ്ട്.

ഇതിന്‍റെയെല്ലാം പേരില്‍ ഇമ്രാന്‍റെ പാര്‍ട്ടിയിലെ ഒട്ടേറെ സീനിയര്‍ നേതാക്കള്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ പേരാണ് അറസ്റ്റിലായത്. പലരെയും വിട്ടയച്ചുവെങ്കിലും ഒട്ടേറെ പേര്‍ ഇപ്പോഴും ജയിലിലാണ്. പാര്‍ട്ടിയുടെ വൈസ്പ്രസിഡന്‍റും മുന്‍വിദേശമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറൈഷി, ജനറല്‍ സെക്രട്ടറിയും മുന്‍ധനമന്ത്രിയുമായ അസദ് ഉമര്‍, പാര്‍ട്ടിയുടെ വക്താവും മുന്‍വാര്‍ത്താവിതരണ മന്ത്രിയുമായ ഫവാദ് ചൗധരി, വനിതയായ മുന്‍മന്ത്രി ഷിറീന്‍ മസാറി എന്നിവര്‍ അടക്കം പലര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നു. 

മുന്‍പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ തുടങ്ങി ഒട്ടേറെപേര്‍ തങ്ങള്‍ ഇമ്രാന്‍റെ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുകയാണെന്നു മാത്രമല്ല, രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണെന്നും മാധ്യമസമ്മേളനം നടത്തി അറിയിച്ചു. പാര്‍ട്ടിയുടെ പ്രസിഡന്‍റായ മുന്‍പഞ്ചാബ് മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹി അഴിമതിക്കേസുകളിലായി രണ്ടു തവണ അറസ്റ്റ്ചെയ്യപ്പെട്ടു. ഒരു മാസമായി ജയിലില്‍ കഴിയുന്നു. മേയ് ഒന്‍പതിനു മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്കു തിരിച്ചുപോകാന്‍ ഇമ്രാനു കഴിയുമോ എന്ന സംശയം ഉയരാന്‍ ഈ സംഭവങ്ങള്‍ ഇടയാക്കുന്നു. 

മേയ് ഒന്‍പതിലെ അക്രമങ്ങള്‍ പട്ടാളത്തിനകത്തുതന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായും സൂചനകളുണ്ട്. പട്ടാളത്തിലെ ചില സീനിയര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഈയിടെ ഉണ്ടായ നടപടി അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു ലെഫ്റ്റനന്‍റ് ജനറല്‍ അടക്കം മൂന്നു സീനിയര്‍ ഓഫീസര്‍മാരെ പിരിച്ചുവിട്ടു. മൂന്നു മേജര്‍ ജനറല്‍മാര്‍, ഏഴു ബ്രിഗേഡിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റ് 15 പേരെക്കെതിരെ അച്ചടക്ക നടപടിയെടുത്തതായും സൈനിക വക്താവ് വെളിപ്പെടുത്തി.  

ജനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍നിന്നു സൈനിക സ്ഥാപനങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നതിലുണ്ടായ വീഴ്ചയുടെ പേരിലാണത്രേ ഈ നടപടി. ആ ദിവസത്തെ അനിഷ്ട സംഭവങ്ങളോടനുബന്ധിച്ച് ഒരു റിട്ട. ഫോര്‍ സ്റ്റാര്‍ ജനറലിന്‍റെ പൗത്രി, മറ്റൊരു റിട്ട. ഫോര്‍ സ്റ്റാര്‍ ജനറലിന്‍റെ ജാമാതാവ്, ഒരു റിട്ട. ത്രീ സ്റ്റാര്‍ ജനറലിന്‍റെ ഭാര്യ, ഒരു റിട്ട. ടു സ്റ്റാര്‍ ജനറലിന്‍റെ ഭാര്യ, ജാമാതാവ് എന്നിവര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്. 

ഇമ്രാന്‍റെ തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിയില്‍നിന്നു (പിടിഐ) രാജിവച്ചവരില്‍ പലരും ചേര്‍ന്നു ഇസ്തിഖാം-എ-പാക്കിസ്ഥാന്‍ (ഐപിപി) എന്നൊരു പുതിയ പാര്‍ട്ടിക്കു രൂപം നല്‍കിയിട്ടുള്ളതാണ് മറ്റൊരു പുതിയ സംഭവവികാസം. ജഹാംഗീര്‍ ഖാന്‍ തരീന്‍ എന്ന വ്യവസായ പ്രമുഖനാണ് ഇതിനു മുന്‍കൈയെടുത്തതെങ്കിലും അദ്ദേഹം അതിന്‍റെ ഭാരവാഹിയല്ല, രക്ഷാധികാരി മാത്രമാണ്. കാരണം, മുന്‍പ് ഒരു അഴിമതിക്കേസില്‍ കുറ്റക്കാരനായി കണ്ടതിനെ തുടര്‍ന്നു സുപ്രീംകോടതി അദ്ദേഹത്തിന് ആജീവനാന്ത അയോഗ്യത വിധിച്ചിരുന്നു.

ഇമ്രാന്‍റെ സുഹൃത്തായിരുന്ന തരീന്‍ 2018ല്‍ ഇമ്രാനെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചവരില്‍ ഒരാളുമാണ്. നാഷണല്‍ അസംബ്ളിയിലെ പിടിഐ അംഗമായിരുന്നു. പിന്നീടു ഇമ്രാനുമായി തെറ്റിപ്പിരിഞ്ഞു. ഇത്തവണ നവാസ് ഷരീഫിനെ സഹായിക്കാനാണ് സാധ്യത. ഇതും ഇമ്രാനു തിരിച്ചടിയായി.

Content Summary: Videsharangam Column about Nawaz Sharif

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS