യുനെസ്കോയിലേക്ക് വീണ്ടും യുഎസ്

Mail This Article
"യുദ്ധങ്ങള്‍ തുടങ്ങുന്നതു മനുഷ്യരുടെ മനസ്സിലാണ്. അതിനാല്‍ സമാധാനത്തിന്‍റെ കോട്ടകള്‍ പടുത്തുയര്‍ത്തേണ്ടതും മനുഷരുടെ മനസ്സിലാണ്". അമേരിക്കയിലെ പ്രമുഖ കവിയും നയതന്ത്രജ്ഞനുമായിരുന്ന ആര്‍ച്ചിബാള്‍ഡ് മക്ലീഷ് യുനെസ്കോ എന്ന യുഎന്‍ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്ക്കാരിക സംഘടനയുടെ ഭരണഘടനയ്ക്ക് എഴുതിയ ആമുഖത്തിലെ ഈ വരികള്‍ യുനെസ്കോയെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം മനസ്സിലെത്തുന്നതു സ്വാഭാവികം.
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്ക്കാരം എന്നീ രംഗങ്ങളിലെ രാജ്യാന്തര സഹകരണത്തിലൂടെ സമാധാനത്തിന്‍റെ കോട്ടകള്‍ പണിയാനുള്ള ദൗത്യം 1945ല്‍ സ്ഥാപിതമായതു മുതല്‍ക്കേ തുടര്‍ന്നുവരികയാണ് യുനെസ്കോ. പാരിസ് (ഫ്രാന്‍സ്) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അതിലെ ഒരു മുഖ്യ പങ്കാളിയാണ് അമേരിക്ക. പക്ഷേ, കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ രണ്ടു തവണ അമേരിക്ക പിണങ്ങിപ്പോയി. മൊത്തം ഏതാണ്ട് കാല്‍നൂറ്റാണ്ടുകാലം പുറത്തുനില്‍ക്കുകയും ചെയ്തു. ഇത്തരമൊരു ചരിത്രം മറ്റൊരു രാജ്യത്തിനുമില്ല. ബ്രിട്ടനും സിംഗപ്പൂരും ഓരോ തവണ കുറച്ചുകാലത്തേക്കു മാറിനിന്നിരുന്നുവെന്നു മാത്രം.
നാലിലേറെ വര്‍ഷം പുറത്തുനിന്നശേഷമാണ് ഇപ്പോള്‍ രണ്ടാം തവണയും അമേരിക്ക തിരിച്ചെത്തുന്നത്. അതിനുവേണ്ടിയുള്ള അപേക്ഷ യുനെസ്കോ സ്വീകരിക്കുകയും ഇക്കഴിഞ്ഞ ജൂണ്‍ 30നു വോട്ടിനിടുകയും ചെയ്തു. 193ല്‍ 142 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പത്തിനെതിരെ 132 വോട്ടോടെ അതു പാസ്സായി. റഷ്യ, ചൈന, ഇറാന്‍, സിറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, ബെലാറുസ്, എരിട്രിയ, നിക്കരാഗ്വ, പലസ്തീന്‍ എന്നിവയുടെ പ്രതിനിധികളാണ് എതിര്‍ത്തത്. 15 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.
പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭരണകാലത്താണ് 2019ല്‍ അമേരിക്ക ഏറ്റവും ഒടുവില്‍ യുനെസ്കോ വിട്ടുപോയത്. യുനെസ്കോ പതിവായി ഇസ്രയേല്‍ വിരുദ്ധ നിലപാടു സ്വീകരിക്കുന്നുവെന്നു കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു അത്. അതിനു മുന്‍പ്തന്നെ, അതേകാരണത്താല്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകാലത്ത് അമേരിക്ക യുനെസ്കോയ്ക്കുള്ള വാര്‍ഷിക വിഹിതം നല്‍കുന്നതു നിര്‍ത്തുകയുണ്ടായി.
ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കു ധനസഹായം നല്‍കരുതെന്നു നേരത്തെ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതാണ്. പലസ്തീനു യുനെസ്കോയില്‍ അംഗത്വം നല്‍കിയതിന്‍റെ പേരില്‍ പെട്ടെന്ന് ആ തീരുമാനം നടപ്പാവുകയായിരുന്നു.
യുനെസ്കോയുടെ വാര്‍ഷിക ബജറ്റിന്‍റെ 22 ശതമാനമാണ് അമേരിക്ക നല്‍കിവന്നിരുന്നത്. അംഗത്വം കൈവിടാതിരുന്നതിനാല്‍ വിഹിത ബാധ്യത നിലനില്‍ക്കുകയും കുടിശ്ശിക അടിക്കടി പെരുകുകയും ചെയ്തു. കുടിശ്ശികയുടെ പരിധി കടന്നതോടെ 2013 മുതല്‍ വോട്ടവകാശം നഷ്ടമായി. അതിന്‍റെകൂടി പശ്ചാത്തലത്തിലായിരുന്നു യുനെസ്കോ വിട്ടുപോകാനുള്ള ട്രംപിന്‍റെ തീരുമാനം. അതിനുശേഷം നിരീക്ഷക പദവിയില്‍ മാത്രം തുടരുകയായിരുന്നു.
ആ തീരുമാനം തെറ്റായിപ്പോയെന്നു ഫലത്തില്‍ സമ്മതിക്കുകയാണ് യുനെസ്കോയില്‍ വീണ്ടും ചേരാനുള്ള പുതിയ തീരുമാനത്തിലൂടെ അമേരിക്ക. യുനെസ്കോയുടെ പ്രവര്‍ത്തനമേഖലകളില്‍ മിക്കതിലും അമേരിക്കയുടെ സാന്നിധ്യമില്ലാത്ത തക്കം നോക്കി ചൈന സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നതു പ്രസിഡന്‍റ് ജോ ബൈഡനെ ആശങ്കാകുലനാക്കുകയാണത്രേ.
അത് ഇനിയും അനുവദിച്ചുകൊടുക്കാന്‍ അദ്ദേഹം തയാറായില്ല. നിര്‍മിതബുദ്ധിയുടെയും സാങ്കേതിക വിദ്യാഭ്യാസ മികവിന്‍റെയും രാജ്യാന്തര മാനദണ്ഡങ്ങള്‍ നിര്‍ണയിക്കപ്പെടുമ്പോള്‍ അമേരിക്ക അവഗണിക്കപ്പെടാതിരിക്കാനും ഇക്കാര്യത്തില്‍ ചുവടു മാറ്റിച്ചവിട്ടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
വിഹിത കുടിശ്ശികയായ 61 കോടി ഡോളര്‍ ഗഡുക്കളായി യുനെസ്കോയ്ക്കു നല്‍കാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. വാര്‍ഷിക ബജറ്റിന്‍റെ 22 ശതമാനം നല്‍കിക്കൊണ്ട് അമേരിക്ക ഒന്നാം സ്ഥാനത്തുനില്‍ക്കുമ്പോള്‍ ചൈന നില്‍ക്കുന്നത് മൂന്നാം സ്ഥാനത്താണ്. ജപ്പാന്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.
അമേരിക്ക വിട്ടുപോയതിനെ തുടര്‍ന്നു യുഎസ് വിഹിതവും കുടിശ്ശികയും കിട്ടാതായതതോടെ യുനെസ്കോ സാമ്പത്തികമായി കടുത്ത ഞെരുക്കത്തിലായിരുന്നു. അമേരിക്കയുടെ തിരിച്ചുവരവോടെ ആ പ്രശ്നം പരിഹരിക്കാന്‍ വഴിതെളിഞ്ഞു. യുനെസ്കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രേ അസൂലേ ഇതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടുന്നു. ഫ്രാന്‍സിലെ സാംസ്ക്കാരിക മന്ത്രിയായിരുന്ന ഈ വനിത ആദ്യമായി ഡയരക്ടറായത് 2017ലാണ്. 2021ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ അമേരിക്ക യുനെസ്കോയില്‍ തിരിച്ചെത്തുന്നതു നാലിലേറെ വര്‍ഷത്തിനു ശേഷമാണെങ്കില്‍ ആദ്യതവണ പുറത്തുനിന്നത് ഏതാണ്ട് രണ്ടു പതിറ്റാണ്ടുകളാണ്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം മുറുകിക്കൊണ്ടിരിക്കേ 1984ല്‍ പ്രസിഡന്‍റ് റോണള്‍ഡ് റെയ്ഗന്‍ തീരുമാനിച്ചതാണ് യുനെസ്കോയിലെ അംഗത്വം ഉപേക്ഷിക്കാന്‍.
യുനെസ്കോ സോവിയറ്റ് യൂണിയനു ശിങ്കിടി പാടുന്നുവെന്നായിരുന്നു അതിനു കാരണമായി അദ്ദേഹം ഉന്നയിച്ച മുഖ്യമായ ആരോപണം. ഭരണപരമായ പിടിപ്പുകേടും അഴിമതിയും പോലുള്ള മറ്റു ചില ആരോപണങ്ങളും ഉന്നയിക്കുകയുണ്ടായി റെയ്ഗനെപ്പോലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ് ഡബ്ളിയു ബുഷ് പ്രസിഡന്‍റായിരിക്കുമ്പോഴാണ് 2003ല്‍ അമേരിക്ക യുനെസ്കോയില്‍ തിരിച്ചെത്തിയതും. അതിനു കാരണം യുനെസ്കോയെപ്പറ്റി അമേരിക്കയുടെ നിലപാടിലുണ്ടായ മാറ്റമായിരുന്നില്ല, ഇറാഖില്‍ താന്‍ നടത്താന്‍ പോകുന്ന യുദ്ധത്തിനു രാജ്യാന്തര തലത്തില്‍ പിന്തുണ നേടിയെടുക്കാനുള്ള ബുഷിന്‍റെ ആഗ്രഹമായിരുന്നു.
ആദ്യമായി 1984ല്‍ വിട്ടുപോകുന്നതിനുമുന്‍പും യുനെസ്കോയുമായി അമേരിക്ക ഇടയുകയുണ്ടായി. പലസ്തീന്‍ വിമോചനസംഘടനയ്ക്കു (പിഎല്‍ഒ) നിരീക്ഷക പദവി നല്‍കിയതില്‍ പ്രതിഷേധിച്ച് 1974ല്‍ വിഹിതം നല്‍കുന്നതു നിര്‍ത്തിവച്ചു. ആ തീരുമാനം പിന്നീടു പിന്‍വലിക്കുകയും വിഹിതം നല്‍കുന്നതു പുനരാരംഭിക്കുകയും ചെയ്തു.
അമേരിക്കയോടൊപ്പം ഇസ്രയേലും 2019ല്‍ യുനെസ്കോ വിട്ടുപോവുകയുണ്ടായി. പക്ഷേ, അമേരിക്ക തിരിച്ചുവരുമ്പോഴും ഇസ്രയേല്‍ പുറത്തുതന്നെ നില്‍ക്കുന്നു. വീണ്ടും ചേരുന്നതു സംബന്ധിച്ച് സൂചനകളൊന്നുമില്ല. യുനെസ്കോയുമായി പിണങ്ങാന്‍ ഇസ്രയേലിനു വേറെയും കാരണങ്ങളുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ മറ്റൊരു സുപ്രധാന ഘടകമായ ലോകാരോഗ്യ സംഘടനയും (ഡബ്ളിയുഎച്ച്ഒ) ട്രംപിന്‍റെ ഭരണകാലത്ത് അമേരിക്കയുടെ അപ്രീതിക്കു പാത്രമാവുകയുണ്ടായി. അതാണെങ്കില്‍ കോവിഡ് മഹാമാരി ലോകമാകെ പടര്‍ന്നു പിടിക്കുകയും അതിനെ ചെറുക്കുന്നതിലുള്ള ഡബ്ളിയുഎച്ച്ഒയുടെ പങ്ക് ഏറ്റവും നിര്‍ണായകമാവുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലും.
കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഡബ്ളിയുഎച്ച്ഒ പരാജയപ്പെട്ടുവെന്നും രോഗത്തിന്‍റെ ഉല്‍ഭവം സംബന്ധിച്ച സത്യാവസ്ഥ മൂടിവയ്ക്കുന്നതില്‍ അതിന്‍റെ നേതൃത്വം ചൈനയെ സഹായിക്കുന്നുവെന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം. ഡബ്ളിയുഎച്ച്ഒയ്ക്കുള്ള അമേരിക്കയുടെ വാര്‍ഷിക വിഹിതം (42കോടി ഡോളര്‍) അദ്ദേഹം തടഞ്ഞു. അതിലെ അംഗത്വം അമേരിക്ക
ഉപേക്ഷിക്കുന്നതായി 2020 ഏപ്രിലില്‍ പ്രഖ്യാപിക്കുകയും ചെയ്തു. യുനെസ്കോയിലെന്നപോലെ ലോകാരോഗ്യ സംഘടനയിലും ഏറ്റവും ഉയര്‍ന്നവാര്‍ഷിക വിഹിതം (ബജറ്റിന്‍റെ 20 ശതമാനം) നല്‍കുന്നത് അമേരിക്കയാണ്.
ഡബ്ളിയുഎച്ച്ഒ വിട്ടുപോകുന്നവര്‍ ഒരു വര്‍ഷംമുന്‍പ് അതിനുള്ള നോട്ടീസ് കൊടുത്തിരിക്കണം. അതു പൂര്‍ത്തിയാകുന്നതിനു മുന്‍പ്തന്നെ ട്രംപിന്‍റെ കാലാവധി അവസാനിക്കുകയും ജോ ബൈഡന്‍ പ്രസിഡന്‍റായി സ്ഥാനം ഏല്‍ക്കുകയും ചെയ്തു. ട്രംപിന്‍റെ തീരുമാനം റദ്ദാക്കുകയും ലോകാരോഗ്യ സംഘടനയ്ക്കു നല്‍കാനുള്ള വിഹിതം അനുവദിക്കുകയുമായിരുന്നു അദ്ദേഹം ആദ്യംതന്നെ എടുത്ത നടപടികളിലൊന്ന്.
Content Summary: Videsharangam Column about America and UNESCO