താലിബാന്‍ ഒന്നും രണ്ടും പാക്കിസ്ഥാനും

HIGHLIGHTS
  • അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഭീകരാക്രമണങ്ങളില്‍ പാക്ക് രോഷം
  • തിരിച്ചടിക്കുമെന്നു പാക്ക് പട്ടാളത്തലവന്‍
attack article
Representative image. Photo Credit:kingma photos/Shutterstock.com
SHARE

ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പ്, 2021 ഓഗസ്റ്റ് 15ന്, അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ സൈന്യം വീണ്ടും ഭരണം പിടിച്ചടക്കിയപ്പോള്‍ ഏറ്റവുമധികം ആഹളാദം പ്രകടിപ്പിച്ച ഒരാള്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു. "കൊളോണിയലിസത്തിന്‍റെ ചങ്ങലകള്‍ അഫ്ഗാന്‍ ജനത പൊട്ടിച്ചെറിഞ്ഞു" എന്നാണ് അദ്ദേഹം ഉദ്ഘോഷിച്ചത്. അഫ്ഗാന്‍-പാക്ക് സൗഹൃദത്തിന്‍റെ ഒരു പുതിയ കാലഘട്ടം അദ്ദേഹത്തെപ്പോലുള്ളവര്‍ സ്വപനം കാണുകയും ചെയ്തു. 

മുന്‍പ്, 1996 മുതല്‍ 2001 വരെ താലിബാന്‍ കാബൂളില്‍ അധികാരത്തിലുണ്ടായിരുന്ന അഞ്ചു വര്‍ഷം അവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സുവര്‍ണ കാലമായിരുന്നു. അതിന്‍റെ തിരിച്ചുവരവിനുവേണ്ടി അവര്‍ കാത്തിരിക്കാനും തുടങ്ങി. പക്ഷേ, സ്ഥിതിഗതികള്‍ നേരെ മറിച്ചാവാന്‍ അധികമൊന്നും നാളുകള്‍ വേണ്ടിവന്നില്ല.

അഫ്ഗാനിസ്ഥാനില്‍ താവളമടിച്ചിട്ടുള്ള ഭീകര്‍ അതിര്‍ത്തി കടന്നുകയറി പാക്കിസ്ഥാനില്‍ ആക്രമണം നടത്തുകയാണെന്നു കുറ്റപ്പെടുത്തുകയാണ് പാക്ക് ഭരണകൂടം. ഇതു തടഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നു പാക്ക് കരസൈന്യാധിപന്‍ ജനറല്‍ ആസിഫ് മുനീര്‍ ഇയിടെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനു താക്കീതു നല്‍കുകയുമുണ്ടായി. അയല്‍രാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്തം അഫ്ഗാനിസ്ഥാന്‍ നിര്‍വഹിക്കണമെന്നു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് ആവശ്യപ്പെടുകയും ചെയ്തു. 

പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരര്‍ അതിര്‍ത്തികടന്നു കയറി ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണങ്ങളെയും അതു സംബന്ധിച്ചുള്ള ഇന്ത്യയുടെ പരാതികളുടെ നേരെ പാക്ക് ഭരണകൂടം പുലര്‍ത്തുന്ന കുറ്റകരമായ സമീപനത്തെയും ഇത് ഓര്‍മിപ്പിക്കുന്നു. പാക്കിസ്ഥാന്‍ ഒരിടത്തു വിതച്ചത് മറ്റൊരിടത്തു കൊയ്യുന്നു എന്നു കരുതുന്നവരുമുണ്ട്.

പാക്കിസ്ഥാന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഈ മാസം 12നു രണ്ടു സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണമാണ് പാക്ക് പട്ടാളത്തലവന്‍റെയും പ്രതിരോധ മന്ത്രിയുടെയും രോഷപ്രകടനത്തിനു കാരണം. സോബ് പട്ടണത്തിലെ സൈനിക കേന്ദ്രത്തില്‍ ഒന്‍പതു സൈനികരും സൂയി പട്ടണത്തില്‍ മൂന്നു സൈനികരും കൊല്ലപ്പെട്ടു. സമീപകാലത്തൊന്നും ഒറ്റ ദിവസത്തില്‍ ഇത്രയേറെ പാക്ക് സൈനികര്‍ ഭീകരതയ്ക്കിരയായിരുന്നില്ല.

പാക്ക് താലിബാന്‍ എന്നും വിളിക്കപ്പെടുന്ന തെഹ്രീഖെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന ഭീകര സംഘടനയെയാണ് ഇസ്ലമാബാദിലെ ഭരണകൂടം ഇതിനു കുറ്റപ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാനില്‍ താവളങ്ങളുള്ള ഇവര്‍ നേരത്തെതന്നെ പാക്കിസ്ഥാനില്‍ നടന്ന ഒട്ടേറെ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായിരുന്നു. അതിന്‍റെ പേരില്‍ അതിനെ പാക്ക് ഗവണ്‍മെന്‍റ് നിരോധിക്കുകയുമുണ്ടായി.

പാക്കിസ്ഥാനില്‍ അഫ്ഗാന്‍ മാതൃകയിലുള്ള മതാഷ്ഠിത ഭരണം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. എങ്കിലും, കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും അവിടെ വീണ്ടും അധികാരം കരസ്ഥമാക്കിയിട്ടുള്ളതുമായ അഫ്ഗാന്‍ താലിബാന്‍റെ ഭാഗമല്ല. അതേസമയം ഇരുകൂട്ടരും പരസ്പരം സഹകരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥലങ്ങള്‍ താവളമാക്കി ടിടിപി പാക്കിസ്ഥാനില്‍ ആക്രമണം നടത്തുകയും കാബൂളിലെ ഭരണകൂടം അതു തടയാതിരിക്കുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഏറ്റവുമൊടുവില്‍, ബലൂചിസ്ഥാനില്‍ നടന്ന ഇരട്ട ഭീകരാക്രമണങ്ങളില്‍ പാക്ക് താലിബാനിലെതന്നെ ചിലരും കൊല്ലപ്പെടുകയുണ്ടായി. അവരില്‍നിന്നു കണ്ടെടുത്ത ആയുധങ്ങളില്‍ പലതും അത്യാധുനികവും യുഎസ് നിര്‍മിതവും യുഎസ് സൈന്യം ഉപയോഗിക്കുന്ന മാതിരിയിലുള്ളതുമാണ്. അഫ്ഗാന്‍ താലിബാന്‍റെ തിരിച്ചു വരവ് ചെറുക്കാനായി കാബൂളിലെ രാജ്യാന്തര അംഗീകാരമുണ്ടായിരുന്ന താലിബാന്‍ വിരുദ്ധ ഗവണ്‍മെന്‍റിന്‍റെ സൈന്യത്തിന് അമേരിക്ക ഇത്തരം ആയുധങ്ങള്‍ നല്‍കിയിരുന്നു. 

ഇരുപതോളം വര്‍ഷത്തെ യുദ്ധത്തിനുശേഷം യുഎസ് സൈന്യം 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ അഫ്ഗാന്‍ സൈന്യത്തിലെ പലരും ആയുധം വച്ച് താലിബാനു കീഴടങ്ങി. മറ്റ് ഒട്ടേറെ പേര്‍ ആയുധങ്ങള്‍ ഇട്ടേച്ച് ഓടിപ്പോവുകയും ചെയ്തു. അവയെല്ലാം താലിബാന്‍ സൈന്യത്തിനു മുതല്‍ക്കൂട്ടായതു സ്വാഭാവികം. 

പക്ഷേ, അവയെങ്ങനെ പാക്ക് താലിബാന്‍റെ കൈകളിലെത്തി? അഫ്ഗാന്‍ താലിബാന്‍ നല്‍കിയതാണെന്നും ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിനു വേറെ തെളിവ് ആവശ്യമില്ലെന്നും പാക്കിസ്ഥാന്‍ വാദിക്കുന്നു.

പാക്കിസ്ഥാനുമായി 2600 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുകയാണ് അഫ്ഗാനിസ്ഥാന്‍. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അല്‍ഖായിദ തുടങ്ങിയ ഭീകരസംഘങ്ങള്‍ക്കും അവിടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താവളങ്ങളുണ്ടെന്നതു രഹസ്യമല്ല. എങ്കിലും, പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത് തെഹ്രീഖെ താലിബാനാണ്. ഏറ്റവും ഒടുവില്‍ തെഹ്രീഖെ ജിഹാദ് എന്ന മറ്റൊരു സംഘടനയും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അവര്‍ പാക്ക് താലിബാന്‍റെ ഒരു അവാന്തര വിഭാഗമാണെന്നു പറയപ്പെടുന്നു.

മിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്തം പാക്ക് താലിബാന്‍ ഏല്‍ക്കുകയുണ്ടായി. അവയില്‍ ഏറ്റവും ഭീകരമായിരുന്നു 2014 ഡിസംബറില്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യ തലസ്ഥാനമായ പെഷാവറിലെ ആര്‍മി പബ്ളിക്ക് സ്കൂളിലുണ്ടായ ആക്രമണം.130 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളില്‍ മിക്കവരും സൈനികരുടെ മക്കളായിരുന്നു. 

അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള പെഷാവറില്‍തന്നെ ഈ വര്‍ഷം ജനുവരിയില്‍ പൊലീസ് കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മസ്ജിദില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മൃതിയടഞ്ഞത് നൂറിലേറെ പേരാണ്. മിക്കവരും പൊലീസുകാര്‍. മുഖ്യമായും പൊലീസുകാര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്ന ഈ മസ്ജിദ് ആക്രമിക്കപ്പെട്ടത് അവരെ ലക്ഷ്യംവച്ചുതന്നെയായിരുന്നു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം ഇതിനകംതന്നെ മറ്റ് ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടക്കുകയും സൈനികര്‍ ഉള്‍പ്പെടെ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷവും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല. 

ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതു മാത്രമല്ല, അവ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കു കൂടി വ്യാപിക്കുകയാണെന്നതും പാക്കിസ്ഥാനെ അസ്വസ്ഥമാക്കാന്‍ പര്യാപ്തമാണ്. പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളില്‍ ഏറ്റവും വലുതാണ് ബലൂചിസ്ഥാന്‍. ഏറ്റവും അവികസിതവും. 

പ്രകൃതി വിഭവ സമ്പന്നമാണെങ്കിലും ആനുപാതിക പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള പരാതി അവിടെ പുകഞ്ഞുകൊണ്ടിരിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തിലുള്ള വിഘടനവാദം വളരുകയുമാണ്. അതിനു നേതൃത്വം നല്‍കുന്ന സംഘടനകളും ഭീകരരും തമ്മില്‍ കൈകോര്‍ത്താല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോയേക്കാമെന്ന ഭീതിയും പാക്ക് ഭരണകൂടത്തെ അലട്ടുന്നുണ്ടത്രേ.

അഫ്ഗാനിസ്ഥാനില്‍നിന്നു പാക്കിസ്ഥാനെ ആക്രമിക്കുന്നവരെ കാബൂളിലെ ഭരണകൂടം ഇനിയും തടഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു പാക്ക് പട്ടാളത്തലവന്‍ ജനറല്‍ ആസിഫ് മുനീര്‍ പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്? പാക്ക് സൈന്യം അതിര്‍ത്തി കടന്നുകയറി ഭീകരരുടെ താവളങ്ങള്‍ ബോംബിട്ടു നശിപ്പിക്കുമെന്നാണോ? അതിനു പാക്കിസ്ഥാന്‍ ധൈര്യപ്പെടുമോ?

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിന് ഇടയാക്കുന്ന നടപടിക്കു തല്‍ക്കാലം താല്‍പര്യമില്ലെന്ന സന്ദേശവും താക്കീതിന്‍റെ തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ നല്‍കുകയുണ്ടായി. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ അഫ്ഗാന്‍കാര്യ ദൂതനായി നിയമിതനായ ആസിഫ് ദുറാനി ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 19) കാബൂളിലെത്തിയത് അതിന് ഉദാഹരണമായിരുന്നു. മുന്‍പ് യുഎഇയിലും ഇറാനിലും പാക്ക് അംബാസ്സഡറായിരുന്ന ദുറാനി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ താലിബാന്‍ ഗവണ്‍മെന്‍റ് നേതാക്കളുമായി ചര്‍ച്ച നടത്തി. പക്ഷേ, ഫലമുണ്ടായില്ല. 

പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്നത് അഫ്ഗാന്‍ പൗരന്മാരല്ല, പാക്കിസ്ഥാന്‍കാര്‍തന്നെയാണ്, അവരെ കൈകാര്യം ചെയ്യേണ്ടത് അഫ്ഗാന്‍ ഗവണ്‍മെന്‍റല്ല, പാക്ക് ഗവണ്‍മെന്‍റാണ്, അവരുമായി സംസാരിച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കണം-ഇങ്ങനെയൊരു മറുപടിയാണ് കാബൂളില്‍ ദുറാനിക്കു കിട്ടിയത്. ഈ പ്രശ്നത്തില്‍ താലിബാന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതു പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന ഉപദേശവും ലഭിച്ചു. 

രണ്ടു പതിറ്റാണ്ടു കാലത്തെ യുദ്ധത്തിനുശേഷം താലിബാന്‍ 2021 ഓഗസ്റ്റില്‍ കാബൂളില്‍ തിരിച്ചെത്തിയത് അവിടെ നിന്നുള്ള യുഎസ് സൈന്യത്തിന്‍റെ പിന്മാറ്റത്തെ തുടര്‍ന്നാണ്. താലിബാന്‍റെയും അമേരിക്കയുടെയും പ്രതിനിധികള്‍ തമ്മില്‍ ഖത്തറിലെ ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നു രൂപംകൊണ്ട 2020 ഫെബ്രുവരിയിലെ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്. 

അഫ്ഗാനിസ്ഥാനില്‍നിന്നു മറ്റു രാജ്യങ്ങളെ ആക്രമിക്കാന്‍ ഭീകരരെ താലിബാന്‍ അനുവദിക്കുകയില്ലെന്നത് അതിലെ ഒരു പ്രധാന വ്യവസ്ഥയാണ്. പാക്ക് താലിബാനു കടിഞ്ഞാണിടാന്‍ ആ കരാര്‍പ്രകാരംതന്നെ കാബൂളിലെ അഫ്ഗാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും അവരെ പാക്കിസ്ഥാന്‍ ഓര്‍മപ്പെടുത്തുകയുണ്ടായി. പക്ഷേ, തങ്ങള്‍ കരാര്‍ ഉണ്ടാക്കിയത് അമേരിക്കയുമായിട്ടാണെന്നും പാക്കിസ്ഥാനുമായിട്ടില്ലെന്നും അതനുസരിച്ചുള്ള ഒരു ബാധ്യതയും പാക്കിസ്ഥാനോടു തങ്ങള്‍ക്കില്ലെന്നുമാണത്രേ അഫ്ഗാന്‍ താലിബാന്‍ അവര്‍ക്കു നല്‍കിയ മറുപടി. 

ഇതോടെ പന്തു വീണ്ടും പാക്കിസ്ഥാന്‍റെ കോര്‍ട്ടിലായി. ഇനിയും ആക്രമണം ഉണ്ടായാല്‍ എന്തു സംഭവിക്കുമെന്ന ഉല്‍ക്കണ്ഠയിലാണത്രേ ബന്ധപ്പെട്ട എല്ലാവരും.

 Content Summary: Videsharanga Column about Taliban                            

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA