ഏഷ്യയില്‍ മാത്രമല്ല, ഒരുപക്ഷേ ലോകത്തുതന്നെ ഏറ്റവും നീണ്ടകാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന ആളാണ് കംബോഡിയയിലെ ഹുന്‍ സെന്‍. 38 വര്‍ഷമായി. ഇനി അഞ്ചു വര്‍ഷംകൂടി തുടരാന്‍ കഴിയുന്ന വിധത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയിലെ തിരഞ്ഞെടുപ്പില്‍ (ജൂലൈ 23) അദ്ദേഹം തന്‍റെ പാര്‍ട്ടിക്കു വീണ്ടും 'വന്‍വിജയം' നേടിക്കൊടുക്കുകയുമുണ്ടായി. പക്ഷേ, എഴുപതാം വയസ്സില്‍ എത്തിനില്‍ക്കുന്ന അദ്ദേഹം ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ലത്രേ.
പകരം മൂത്ത മകന്‍ ഹുന്‍ മനെയെ പ്രധാനമന്ത്രിയാക്കുകയാണ്. അതു സംബന്ധിച്ച പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. മകന്‍ പിന്‍ഗാമിയാകുമെന്നു നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതാടെ കുടുംബാധിപത്യത്തിനു മറ്റൊരു ഉദാഹരണം കൂടിയായി.
ഹുന്‍ സെന്നിന്‍റെ ഭരണത്തില്‍ ജനാധിപത്യം ചവിട്ടിയരക്കപ്പെടുന്നുവെന്നായിരുന്നു പരക്കേയുള്ള ആക്ഷേപം. അതിനാല്‍ അദ്ദേഹത്തിന്‍റെ മകന്‍റെ ഭരണത്തില്‍ സ്ഥിതി എന്തായിരിക്കുമെന്ന നീറുന്ന ചിന്തയില്‍ തലപുകയ്ക്കുകയാണ് കംബോഡിയയിലെ ഒരുകോടി 66 ലക്ഷം ജനങ്ങള്‍.
നാല്‍പ്പത്തഞ്ചുകാരനായ ഹുന്‍ മനെ ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുന്നതിനു മുന്‍പ്വരെ കരസൈന്യാധിപനായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ വെസ്റ്റ് പോയിന്‍റ് മിലിട്ടറി അക്കാദമിയിലായിരുന്നു സൈനിക പരിശീലനം.
കൂടാതെ സാമ്പത്തിക ശാസ്ത്രത്തില്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും ബ്രിട്ടനിലെ ബ്രിസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡിയും നേടി. ഈ പശ്ചാത്തലം കാരണം അദ്ദേഹം പിതാവില്‍ നിന്നു വ്യത്യസ്തനും ഉദാരമനസ്ക്കനുമായിരിക്കുമെന്നു കരുതുന്നവരുണ്ട്. യാഥാര്‍ഥ്യം അനുഭവിച്ചറിയാന്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതു വരെയെങ്കിലും കാത്തിരിക്കുയേ നിവൃത്തിയുള്ളൂ.
ഇതേസമയം, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ഹുന്‍ മനെ നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും കാരണം അദ്ദേഹത്തിന്‍റെ ഭരണത്തില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു കരുതുന്നവരുമുണ്ട്. പ്രധാനമന്ത്രിപദം ഒഴിഞ്ഞാലും താന്‍ രാഷ്ട്രീയരംഗത്ത് ഉണ്ടായിരിക്കുമെന്ന് ഹുന്‍ സെന്‍ പറഞ്ഞതും അവരെ നിരാശപ്പെടുത്തുന്നണ്ടത്രേ. ഭരണകക്ഷിയായ കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് അദ്ദേഹം തുടരുന്ന പക്ഷം ഭരണത്തിന്‍റെ കടിഞ്ഞാണ്‍ ഏറെക്കുറെ അദ്ദേഹത്തിന്‍റെ കൈകളില്‍ തന്നെയിരിക്കാനുള്ള സാധ്യത അധികമാരും തള്ളിക്കളയുന്നില്ല.
ഏഷ്യയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന കംബോഡിയയ്ക്കു സംഭവബഹുലമായ ചരിത്രമാണുള്ളത്. വിയറ്റ്നാം, ലാവോസ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ തായ്ലന്‍ഡ് ഉള്‍ക്കടല്‍ തീരത്തു കിടക്കുന്ന കംബോഡിയ വിയറ്റ്നാമിനോടും ലാവോസിനോടുമൊപ്പം 1863 മുതല്‍ 90 വര്‍ഷം ഫ്രഞ്ചുകാരുടെ അധീനത്തിലായിരുന്നു. മൂന്നു രാജ്യങ്ങളും കൂടി ഫ്രഞ്ച് ഇന്തൊചൈന എന്നറിയപ്പെടുകയും ചെയ്തു. ആ രാജ്യങ്ങളിലെ ഇന്ത്യന്‍, ചൈനീസ് സാംസ്ക്കാരിക സ്വാധീനമായിരുന്നു ഈ പേരിന് ആധാരം.
ഫ്രഞ്ചുകാരുടെ പിടിയില്‍ നിന്നു 1953ല്‍ കംബോഡിയ സ്വതന്ത്രമായത് അവിടെ മുന്‍പുണ്ടായിരുന്ന രാജഭരണം പുനഃസ്ഥാപിച്ചുകൊണ്ടാണ്. നരോദം സിഹാനൂക് രാജകുമാരന്‍ രാഷ്ട്രത്തലവനായി. കവിയും സംഗീതജ്ഞനും സിനിമാ സംവിധായകനുമായിരുന്നു അദ്ദേഹം. അന്‍പതോളം പടങ്ങള്‍ സംവിധാനം ചെയ്തു. ചിലതില്‍ അഭിനയിക്കുകയും ചെയ്തു. അതേസമയം, അയല്‍രാജ്യമായ വിയറ്റ്നാമില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിലേക്കു വലിച്ചിഴയ്ക്കപ്പെടാതെ നിഷ്പക്ഷത പാലിക്കുന്നതില്‍ അസാമാന്യ നയതന്ത്ര വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു.
തെക്കന്‍ വിയറ്റ്നാം കമ്യൂണിസ്റ്റ് (വിയറ്റ്കോങ്) ഗറിലകളും അവരെ സഹായിക്കുന്ന കമ്യൂണിസ്റ്റ് വടക്കന്‍ വിയറ്റ്നാമും ഒരു ഭാഗത്തും കമ്യൂണിസ്റ്റ് വിരുദ്ധ തെക്കന്‍ വിയറ്റ്നാമും അവരെ സഹായിക്കുന്ന അമേരിക്കയും മറുഭാഗത്തും ആയിട്ടായിരുന്നു ഏതാണ്ട് 20 വര്‍ഷം നീണ്ടുനിന്ന ആ യുദ്ധം.
കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന കംബോഡിയന്‍ പട്ടാളത്തലവന്‍ ലോന്‍ നോല്‍ 1970ല്‍ സിഹാനൂക്ക് സോവിയറ്റ് യൂണിയനിലേക്കു പോയ തക്കംനോക്കി അദ്ദേഹത്തെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്തു. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തു. കംബോഡിയയിലെ വിയറ്റ്കോങ് ഒളിത്താവളങ്ങള്‍ ബോംബിട്ടു തകര്‍ക്കാന്‍ അദ്ദേഹം അമേരിക്കയെ അനുവദിച്ചു. അങ്ങനെ സിഹാനൂക്കിന്‍റെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി വിയറ്റ്നാം യുദ്ധത്തിലേക്ക് കംബോഡിയ വലിച്ചിഴക്കപ്പെട്ടു.
കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ ചില വര്‍ഷങ്ങളാണ് പിന്നീടുണ്ടായത്. ഖമര്‍ റൂഷ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കംബോഡിയന്‍ കമ്യൂണിസ്റ്റുകള്‍ 1975 ലോന്‍ നോലിനെ അട്ടിമറിച്ചു ഭരണം കൈക്കലാക്കി. രാജ്യത്തെ പൂര്‍ണമായി ഉടച്ചുവാര്‍ക്കാനുള്ള യത്നത്തിലായി അവര്‍.
രാജ്യത്തിന്‍റെ കംപൂച്ചിയ എന്ന പഴയ പേര് അവര്‍ പുനഃസ്ഥാപിച്ചു. വ്യവസായ ശാലകള്‍ അടച്ചുപൂട്ടുകയും കൃഷിയില്‍മാത്രം അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥ നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തു. നഗരവാസികളെ ഗ്രാമങ്ങളിലേക്കു പിടിച്ചു കൊണ്ടുപോയി കൃഷിപ്പണിക്ക് ഉപയോഗിച്ചു.
ജനജീവിതം താറുമാറായി. ഒട്ടേറെ പേര്‍ പട്ടിണികിടന്നും രോഗം പിടിച്ചും മരിച്ചു. അസംതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അധികൃതരുടെ ക്രൂര മര്‍ദ്ദനമേറ്റു മരിച്ചവരും രാജ്യദ്രോഹികള്‍ എന്ന മുദ്രകുത്തപ്പെട്ട് വധശിക്ഷയ്ക്ക് ഇരയായവരും നാടുവിട്ടു പോയവരും നിരവധി. അഞ്ചു വര്‍ഷത്തെ ഖമര്‍ റൂഷ് ഭരണത്തില്‍ 15 ലക്ഷം മുതല്‍ 20 ലക്ഷംവരെ പേര്‍ മരിച്ചു.
ഖമര്‍ റൂഷ് നേതാവ് പോള്‍പോട്ട് തന്‍റെ ഭരണം വിയറ്റ്നാമിലേക്കു വ്യാപിപ്പിക്കാനും ശ്രമിക്കുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുളള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയും 1978ല്‍ വിയറ്റ്നാം സൈന്യം കംബോഡിയയിലേക്കു കടന്നു ഖമര്‍ റൂഷിനെ അധികാരത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നു വിയറ്റ്നാം സൈന്യം പിന്‍വാങ്ങിയത് പത്തു വര്‍ഷത്തിനു ശേഷമാണ്.
ഖമര്‍ റൂഷ് സൈന്യത്തിലെ ഒരു പ്രമുഖനായിരുന്നു ഹുന്‍ സെന്‍. പിന്നീട് അവരുമായി തെറ്റിപ്പിരിയുകയും വിയറ്റ്നാമിലേക്കു രക്ഷപ്പെടുകയും ചെയ്തു. 1978ല്‍ കംബോഡിയ ആക്രമിച്ചു കീഴടക്കിയ വിയറ്റ്നാം സൈന്യത്തിന്‍റെ പിന്നാലെയാണ് തിരിച്ചത്തിയത്.
അങ്ങനെ കംബോഡിയന്‍ രാഷ്ട്രീയത്തിലെ പടവുകള്‍ ഓരോന്നായി കയറാന്‍ തുടങ്ങി. വിയറ്റ്നാം അധിനിവേശകാലത്തുതന്നെ 26ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിദേശമന്ത്രിയായി. 1985ല്‍ ആദ്യമായി പ്രധാനമന്ത്രിയുമായി.
മിക്ക തിരഞ്ഞെടുപ്പുകളിലും ഹുന്‍ സെന്‍ തന്‍റെ കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കു വിജയം നേടിക്കൊടുത്തത് അവിഹിത മാര്‍ഗത്തിലൂടെയാണെന്നാണ് ആക്ഷേപം. 2018ലും ഈ വര്‍ഷവും നടന്ന സംഭവങ്ങള്‍ പ്രത്യേകിച്ചും രാജ്യാന്തര തലത്തില്‍തന്നെ വിമര്‍ശിക്കപ്പെടുകയുമുണ്ടായി. കോടതികള്‍ അദ്ദേഹത്തെ സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും കംബോഡിയയുടെമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അതെല്ലാം കാരണമാവുകയും ചെയ്തു.
പ്രതിപക്ഷ കക്ഷിയായിരുന്ന കംബോഡിയന്‍ നാഷനല്‍ റെസ്ക്യൂ പാര്‍ട്ടി (സിഎന്‍ആര്‍പി) 2014ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 44 ശതമാനം വോട്ടു നേടിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ ഭരണകക്ഷിക്കു വലിയ വെല്ലുവിളിയാകുമെന്നു ഹുന്‍ സെന്‍ ആശങ്കപ്പെട്ടുവത്രേ.
രാജ്യരക്ഷയ്ക്കു ഭീഷണിയാകുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന കേസില്‍ കുടുങ്ങി സിഎന്‍ആര്‍പി 2017ല്‍ നിരോധിക്കപ്പെട്ടു. അതിന്‍റെ നേതാക്കളില്‍ പലരും ജയിലിലാവുകയും മറ്റു പലരും നാടുവിടുകയും ചെയ്തു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റിലായ സിഎന്‍ആര്‍പി തലവന്‍ കെം സോക്കയെ പിന്നീട് കോടതി 27 വര്‍ഷം തടവിനു ശിക്ഷിച്ചു. എതിരാളികള്‍ അമര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തില്‍. 2018 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റിലെ എല്ലാ സീറ്റുകളും ഭരണകക്ഷി തൂത്തുവാരി.
അതിന്‍റെ ആവര്‍ത്തനമാണ് ഇത്തവണയും സംഭവിച്ചത്. സിഎന്‍ആര്‍പിയുടെ ചാരത്തില്‍നിന്ന് ഉയര്‍ന്നവന്ന കാന്‍ഡില്‍ലൈറ്റ് പാര്‍ട്ടി എന്ന പുതിയ പ്രതിപക്ഷകക്ഷിക്ക് ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ അനുമതി നല്‍കിയില്ല. പാര്‍ട്ടിയെ റജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെന്ന പേരിലായിരുന്നു ആ നടപടി. അങ്ങനെ അവരും രംഗത്തിനു പുറത്തായി.
അവശേഷിച്ച ഒന്നര ഡസന്‍ ചെറുകക്ഷികളെ മലര്‍ത്തിയടിച്ചു ഭരണകക്ഷി പാര്‍ലമെന്‍റിലെ 125ല്‍ 120 സീറ്റും നേടി. ഹുന്‍ സെന്നിന്‍റെ മകന്‍ രാജ്യത്തിന്‍റെ പുതിയ നായകനായി സ്ഥാനമേല്‍ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
Content Summary : Cambodia leader Hun Sen to step down, hand over power to son