അമേരിക്കയിലെ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനു നാലു മാസത്തിനിടയില്‍ മൂന്നാം തവണയും ക്രിമിനല്‍ കേസില്‍ പ്രതിയായി കോടതി കയറേണ്ടിവന്നു. ആദ്യത്തെ രണ്ടു കേസുകളെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമായ ഒരു കേസിലാണ് അദ്ദേഹം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നതും.
കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം തനിക്ക് അനുകൂലമായി അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുകയും അട്ടിമറിക്കുവേണ്ടി ശ്രമിക്കുകയും ചെയ്തു, അങ്ങനെ ജനാധിപത്യത്തിനും നിയമവാഴ്ചയക്കും തുരങ്കംവയക്കാനുള്ള നടപടികളില്‍ വ്യാപൃതനായി. തങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്കു വോട്ടുചെയ്യാനുള്ള പൗരന്മാരുടെ അവകാശങ്ങളില്‍ കൈകടത്തി. ഇതെല്ലാമാണ് ട്രംപിന്‍റെ മേല്‍ പുതുതായി ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ജനാധിപത്യവും നിയമവാഴ്ചയും സംരക്ഷിക്കാന്‍ മുഖ്യമായി ഭരമേല്‍പ്പിക്കപ്പെട്ട ആള്‍തന്നെ ഇത്തരമൊരു കേസില്‍ പ്രതിയായിരിക്കുന്നതിലെ വൈരുധ്യം അമ്പരപ്പുളവാക്കുന്നു.
പക്ഷേ, ട്രംപിന് ഇത്തവണയും കൂസലില്ല. ഇതു യക്ഷിവേട്ടയാണെന്നും പ്രസിഡന്‍റ് ജോ ബൈഡനാണ് ഇതിന്‍റെ പിന്നിലുള്ളതെന്നുമുള്ള ആരോപണം അദ്ദേഹം ആവര്‍ത്തിക്കുന്നു. അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തന്‍റെ വിജയം ഉറപ്പിക്കാനായി ബൈഡന്‍ ഇപ്പോള്‍തന്നെ ഇടപെടുകയാണെന്നും അതിന് ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി ട്രംപ്തന്നെ കച്ചമുറുക്കിക്കൊണ്ടിരിക്കേയാണ് കേസുകള്‍ ഒന്നൊന്നായി അദ്ദേഹത്തെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നത്. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുമ്പോഴും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാനുള്ള മല്‍സരത്തില്‍ അദ്ദേഹം മുന്നിട്ടു നില്‍ക്കുന്നു.
പ്രാരംഭ നടപടികള്‍ക്കുവേണ്ടി ആദ്യത്തെ കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപിന് ഹാജരാകേണ്ടിവന്നതു ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് കോടതിയിലായിരുന്നു. രണ്ടാമത്തെ കേസില്‍ ഫ്ളോറിഡയിലെ ഫെഡറല്‍ കോടതിയിലും. പുതിയ കേസില്‍ ഹാജരാകാനായി വാഷിങ്ടണിലെ ഫെഡറല്‍ കോടതിയിലെത്തിയ അദ്ദേഹത്തിനു പ്രസിഡന്‍റ് സ്ഥാനത്തുനിന്നു വിരമിച്ചവേശഷമുള്ള രണ്ടര വര്‍ഷത്തിനിടയിലെ ആദ്യത്തെ വാഷിങ്ടണ്‍ സന്ദര്‍ശനമാവുമായി ഇത്.
ഏതു ക്രിമിനല്‍ കേസ് പ്രതിയെയും പോലെയാണ് വാഷിങ്ടണ്‍ കോടതിയിലും ട്രംപ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തുകയും വിരലയാളം എടുക്കുകയും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. കുറ്റം സമ്മതിക്കുന്നുവോ ഇല്ലയോ എന്ന് ഇന്ത്യന്‍ വംശജയായ മജിസ്ട്രേറ്റ്-ജഡ്ജി മോക്സില ഉപാധ്യായ ചോദിച്ചപ്പോള്‍ ഇല്ലെന്നു ട്രംപ് മറുപടി നില്‍കി. അടുത്ത ഹിയറിങ് ഈ മാസം 28 നടക്കും.
കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം അട്ടിമറിക്കാന്‍ മറ്റു ചിലരുടെ കൂടെ ട്രംപ് ഗൂഡാലോന നടത്തുകയും ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നത് അക്കാലത്തുതന്നെ ഉയര്‍ന്നുവന്ന ആരോപണമാണ്. താന്‍ ജയിക്കുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു ട്രംപ്. താന്‍ തോല്‍ക്കുകയും പുഛിച്ചുതള്ളിയിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ബൈഡന്‍ ജയിക്കുകയും ചെയ്തുവെന്നത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല.
ബൈഡനും ട്രംപിനും കിട്ടിയ ജനകീയ വോട്ടുകള്‍ എട്ടുകോടി 12 ലക്ഷം, ഏഴുകോടി 42 ലക്ഷം എന്നിങ്ങനെയും ഇലക്ടറല്‍ വോട്ടുകള്‍ 306, 232 എന്നിങ്ങനെയുമായിരുന്നു. വ്യാപകമായ തോതില്‍ കള്ളവോട്ടുകള്‍ നടന്നുവെന്നതിന്‍റെ പേരില്‍ ഇലക്ടറല്‍ വോട്ടുകള്‍ക്കു കോണ്‍ഗ്രസ് അംഗീകാരം നല്‍കുന്നതു തടയാനായിരുന്നു ട്രംപിന്‍റെ അവസാനശ്രമം. അതിനുവേണ്ടി തന്‍റെ വിശ്വസ്തനായ വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ സഹായം തേടുകയും ചെയ്തു. പക്ഷേ, നിയമവിരുദ്ധമായ നടപടിക്കു കൂട്ടുനില്‍ക്കാന്‍ പെന്‍സ് വിസമ്മതിച്ചു.
ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിനോക്കി ഫലം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് സംയുക്ത സമ്മേളനം ചേര്‍ന്ന ദിവസം (2021 ജനുവരി ആറ്) ഒരു വന്‍ജനക്കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന ക്യാപിറ്റോള്‍ മന്ദിരത്തിലേക്കു തള്ളിക്കയറുകയും വ്യാപകമായ തോതില്‍ അക്രമം അഴിച്ചുവിട്ടുകയും ചെയ്തു. രണ്ടര നൂറ്റാണ്ടു കാലത്തെ യുഎസ് ചരിത്രത്തിലെ ഏറ്റവും അപലപനീയമായ സംഭവമായിരുന്നു അത്. ട്രംപ് ആഗ്രഹിക്കുന്നതുപോലെ ചെയ്യാന്‍ അധ്യക്ഷനായ പെന്‍സിന്‍റെയും കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങളുടെയുംമേല്‍ സമ്മര്‍ദം ചെലുത്താനാണ് അവര്‍ അങ്ങനെ ചെയ്തതെന്നായിരുന്നു ആരോപണം.
ബൈഡന്‍ ഭരണകൂടത്തിലെ നീതിന്യായ വകുപ്പ് നിയോഗിച്ച സ്പെഷ്യന്‍ കൗണ്‍സല്‍ (ചീഫ് പ്രോസിക്യൂട്ടര്‍) ജാക്ക് സ്മിത്തും അദ്ദേഹത്തിന്‍റെ സംഘവും അതിനെക്കുറിച്ചെല്ലാം മാസങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു.
അതിന്‍റെ അടിസ്ഥാനത്തില്‍ 45 പേജുള്ള ഒരു കുറ്റപത്രമാണ് അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചത്. നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ട്രംപിന്‍റെ പ്രസംഗങ്ങളാണ് ജനക്കൂട്ടത്തെ അക്രമത്തിലേക്കു നയിച്ചതെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു.
അശ്ളീല ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സ്റ്റോമി ഡാനിയല്‍സ് എന്ന നടി ട്രംപിനെതിരെ ഉന്നയിച്ച ആരോപണത്തില്‍നിന്നായിരുന്നു അദ്ദേഹത്തിനു നേരിടേണ്ടിവന്ന ആദ്യത്തെ കേസിന്‍റെ തുടക്കം. ട്രംപ് പ്രസിഡന്‍റാകുന്നതിനു പത്തു വര്‍ഷം മുന്‍പ്, 2006 ജൂലൈയില്‍ അദ്ദേഹവുമായി താന്‍ കിടക്ക പങ്കിട്ടുവെന്നായിരുന്നു നടിയുടെ ആരോപണം.
ട്രംപ് അതു നിഷേധിച്ചുവെങ്കിലും 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ നടി അതു പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ വിവാദം ഭയന്നു 130,000 ഡോളര്‍ കൊടുത്തു പ്രശ്നം ഒതുക്കിത്തീര്‍ത്തു. അഭിഭാഷകന്‍ മുഖേന നല്‍കിയ ഈ തുക ബിസിനസ് സംബന്ധമായ ചെലവായി തന്‍റെ കമ്പനിയുടെ എക്കൗണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു.
അവിഹിത വേഴ്ചയല്ല വിവാദമായത്, അതു പരസ്യമാകാതിരിക്കാനായി നടിക്കു പണം കൊടുത്തതും അതോടനുബന്ധിച്ച് കമ്പനിയുടെ കണക്കില്‍ കൃത്രിമം കാണിച്ചതുമാണ്. നടിക്കു പണം നല്‍കിയതു 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലാണെന്നതും പ്രശ്നമായി. തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനായി അവിഹിത മാര്‍ഗം സ്വീകരിച്ചുവെന്ന ആരോപണത്തെയും അങ്ങനെ നേരിടേണ്ടിവന്നു.
ആ കേസിനേക്കാള്‍ ഗുരുതരം മാത്രമല്ല, രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ് ജൂണില്‍ കോടതിയിലെത്തിയ രണ്ടാമത്തെ കേസ്. തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നു. 2001 ജനുവരിയില്‍ ട്രംപ് വൈറ്റ്ഹൗസില്‍ നിന്നു പോയത് ഫ്ളോറിഡയിലെ മാര്‍-എ-ലാഗോ എന്ന തന്‍റെ അത്യാഡംബര റിസോര്‍ട്ടിലേക്കാണ്. പെട്ടികള്‍ നിറയെ നൂറുകണക്കിന് ഔദ്യോഗിക രേഖകളും കൊണ്ടുപോയി.
രേഖകളില്‍ പലതും രഹസ്യ സ്വഭാവത്തിലുള്ളതും (ക്ളാസിഫൈഡ്) പരമരഹസ്യ സ്വഭാവത്തിലുള്ളതും (ടോപ്സീക്രട്ട്) ആയിരുന്നു. അമേരിക്കയുടെ ആണവ പരിപാടി, പുറത്തുനിന്ന് ആക്രമണമുണ്ടായാല്‍ അതിനെ ചെറുക്കുന്ന കാര്യം, ഉത്തര കൊറിയയുമായുളള യുഎസ് ബന്ധം തുടങ്ങിയ സുപ്രധാനമായ പല കാര്യങ്ങളും പരാമര്‍ശിക്കുന്നതും രാജ്യ സുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളളതുമാണത്രേ പല രേഖകളും.
രേഖകള്‍ ഭദ്രമായി സൂക്ഷിച്ചില്ലെന്നു മാത്രമല്ല, ചിലതു നശിപ്പിക്കപ്പെടുകയും മറ്റു ചിലതില്‍ കൈകടത്തല്‍ നടന്നതായും സംശയം ജനിക്കുകയും ചെയ്തു. വേണമെങ്കില്‍ ആര്‍ക്കും എടുത്തു വായിച്ചുനോക്കാന്‍ പറ്റുന്ന വിധത്തില്‍ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു ചില രേഖകള്‍.
ഔദ്യോഗിക രേഖകളുടെ സംരക്ഷണച്ചുമതലയുളള നാഷനല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് റെക്കോഡ്സ് അഡ്മിനിസട്രേഷനിലെ ഉദ്യോഗസ്ഥര്‍ അവ തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപും അദ്ദേഹത്തിന്‍റെ അഭിഭാഷകരും തടഞ്ഞതായും പരാതിയുണ്ടായി. രേഖകള്‍ പിടിച്ചെടുക്കാനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്രകുറ്റാന്വേഷ വിഭാഗത്തിന്‍റെ (എഫ്ബിഐ) മാര്‍-എ-ലാഗോയില്‍ മിന്നല്‍ പരിശോധന നടത്തുകപോലും ചെയ്തു. ട്രംപ് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.
അശ്ലീല സിനിമാ നടിയുമായി ബന്ധപ്പെട്ട കേസിന്‍റെ വചാരണ ഈ വര്‍ഷം ഡിസംബറിലും രഹസ്യരേഖകള്‍ സംബന്ധിച്ച കേസിന്‍റെ വിചാരണ അടുത്ത വര്‍ഷം മേയിലും തുടങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം സംബന്ധിച്ച കേസിന്‍റെ വിചാരണ പിന്നെയും വൈകാനാണ് സാധ്യത.
ആദ്യത്തെ രണ്ടു കേസുകളെപ്പോലെ അതും അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് അഭൂതപൂര്‍വമായ വീറും വാശിയും ഉണ്ടാക്കിക്കൊടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വിധി വരുന്നത് ഒരുപക്ഷേ 2024 നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷവുമാവാം. തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുകയും കേസില്‍ തോല്‍ക്കുകയും ചെയ്താല്‍ എന്തു സംഭവിക്കുമെന്ന ചര്‍ച്ചകളും തകൃതിയായി നടന്നുവരുന്നു.
Content Highlights: Donald Trump criminal charges | Donald Trump controversies | Donald Trump vs. Joe Biden | Donald Trump | 2024 US Presidential Election