മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായതോടെ പാക്കിസ്ഥാനിലെ രാഷ്ട്രീയാന്തരീക്ഷം കുറേക്കൂടി ഇരുളുകയും സ്ഫോടനാത്മകമാവുകയും ചെയ്തു. മുന്‍പ്രധാനമന്ത്രിമാര്‍ക്കും മുന്‍പ്രസിഡന്‍റ്, മുന്‍മുഖ്യമന്ത്രി, മുന്‍മന്ത്രിമാര്‍ തുടങ്ങിയ മറ്റു ചില രാഷ്ട്രീയ നേതാക്കള്‍ക്കും പാക്കിസ്ഥാനില്‍ ഇതിനുമുന്‍പും ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഇവരില്‍ ഉള്‍പ്പെടുന്നു.
തങ്ങള്‍ അനുഭവിച്ചതെല്ലാം അതിന് ഉത്തരവാദിയായ ഇമ്രാനെക്കൊണ്ട് അനുഭവിപ്പിക്കണമെന്നത് ഇവരില്‍ പലരുടെയും വാശിയായിരുന്നു. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന അവര്‍ക്കു തീര്‍ച്ചയായും ഇപ്പോള്‍ സന്തോഷമായിക്കാണും.
ശിക്ഷ വിധിക്കപ്പെട്ട ഉടനെ അറസ്റ്റ് ചെയ്തു ജയിലിലേക്കു കൊണ്ടുപോയതിനാല്‍ അപ്പീല്‍ നല്‍കാനും അതിലൂടെ ശിക്ഷ സ്റ്റേ ചെയ്യുന്നതിനു ശ്രമിക്കാനും ഇമ്രാനു കഴിഞ്ഞില്ല. ജയിലിലായ ആദ്യ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ അഭിഭാഷകര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാല്‍ അപ്പീലിനുള്ള അവസരങ്ങള്‍ പിന്നെയും അകന്നുപോവുകയും ചെയ്തു.
നാലു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ആളും രാജ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടികളില്‍ ഒന്നിന്‍റെ തലവനുമായ മുന്‍ ക്രിക്കറ്റ് കപ്ത്താന് (ക്യാപ്റ്റന്‍) ആ നിലയിലുള്ള പരിഗണനകൊളൊന്നും ലഭിച്ചില്ല. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന ജയിലില്‍ എഴുപതാം വയസ്സില്‍ ഒരു സാധാരണ തടവുകാരനുള്ള സൗകര്യങ്ങള്‍ മാത്രം അനുഭവിച്ചുകൊണ്ടു ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവന്നു.
മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് അഞ്ച്) ഇസ്ലാമാബാദ് ജില്ലാ കോടതിയിലെ അഡീഷണല്‍ ജഡ്ജി വിധിച്ചിരുന്നത്. അതോടൊപ്പം കൂടുതല്‍ കനപ്പെട്ട മറ്റൊരു ശിക്ഷയും അദ്ദേഹത്തിന്‍റെ മേല്‍ വന്നു പതിച്ചു. പൊതുപദവികള്‍ വഹിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കപ്പെട്ടു.
അതു കാരണം, അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2028 വരെ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹത്തിനു മല്‍സരിക്കാനാവില്ലെന്ന സ്ഥിതിവന്നു. ശിക്ഷ നിലനില്‍ക്കുന്നിടത്തോളം സ്വന്തം പാര്‍ട്ടിയുടെ നേതാവായി തുടരാന്‍ പോലും പാടില്ലെന്നാണ് നിയമം. അത്തരമൊരു ശിക്ഷ നേരത്തെതന്നെ അനുഭവിച്ചുവരുന്ന ആളാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ ജ്യേഷ്ടനും മുന്‍പ്രധാനമന്ത്രിയുമായ നവാസ് ഷരീഫ്.
സാധാരണഗതിയില്‍ ഇമ്രാനെപ്പോലുള്ള ഒരാളുടെ അറസ്റ്റ്തന്നെ രാഷ്ട്രീയാന്തരീക്ഷത്തിനു ചൂടുപിടിക്കാന്‍ പര്യാപ്തമാണ്. ഇതിനിടയില്‍തന്നെയാണ് ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ നടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പൊതുതിരഞ്ഞെടുപ്പ് വൈകാനിടയുണ്ടെന്നു സൂചനകളും പുറത്തുവന്നിരിക്കുന്നത്. അന്തരീക്ഷം കൂടുതല്‍ കലുഷമാകാന്‍ ഇതു കാരണമാകുന്നു.
പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ ഗവണ്‍മെന്‍റ് തനിക്കെതിരെ 140 കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് ഇമ്രാന്‍ തന്നെ വെളിപ്പടുത്തിയിരുന്നത്. അഴിമതിക്കു പുറമെ ഭീകര പ്രവര്‍ത്തനം, രാജ്യദ്രോഹം, കൊലപാതകം, മതനിന്ദ എന്നിവയും കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷേ, പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏതാണ്ട് ഒന്നര വര്‍ഷത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതു രണ്ടു കേസുകളില്‍ മാത്രം-തോഷഖാന കേസിലും അല്‍ഖാദിര്‍ ട്രസ്റ്റ് കേസിലും.
ഇപ്പോള്‍ അറ്സ്റ്റ് ചെയ്യപ്പെട്ടു ജയിലിലായത് തോഷഖാന കേസിലാണ്. മേയ് ഒന്‍പതിന് ആദ്യത്തെ അറസ്റ്റുണ്ടായത് അല്‍ഖാദിര്‍ ട്രസ്റ്റ് കേസിലും. രാജ്യമൊട്ടുക്കും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത് അല്‍ഖാദിര്‍ കേസിലെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു. അന്നത്തെ ആ കുഴപ്പങ്ങളുടെ പേരിലും ഇമ്രാനെതിരെ അറസ്റ്റ് ഭീഷണി ഉയരുകയുണ്ടായി. സൈനിക സ്ഥാപനങ്ങളും ആക്രമണത്തിന് ഇരയായിരുന്നതു കാരണം ഇമ്രാനെ പട്ടാളക്കോടതിയില്‍ വിചാരണ ചെയ്യാനുള്ള നീക്കങ്ങളും നടന്നു.
പ്രധാനമന്ത്രിയും പ്രസിഡന്‍റും മറ്റും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടങ്ങളിലെ നേതാക്കള്‍ അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്ന പതിവുണ്ട്. അത് അവര്‍ക്കുള്ളതല്ല, രാജ്യത്തിനുള്ളതാണ്. പാക്കിസ്ഥാനില്‍ അവ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന കാര്യാലയമാണ് തോഷഖാന.
സമ്മാനം കിട്ടുന്ന ആളുകള്‍ അവ തോഷഖാനയ്ക്കു കൈമാറുന്നു. എങ്കിലും തങ്ങള്‍ക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കള്‍ അവര്‍ കുറഞ്ഞ വില കൊടുത്തു സ്വന്തമാക്കുന്ന പതിവുമുണ്ട്. വെടിയേറ്റാല്‍ തകരാത്ത വിധത്തിലുള്ള അത്യാഡംബര കാറുകള്‍, രത്നാഭരണങ്ങള്‍, മോതിരങ്ങള്‍, കഫ്ലിങ്കുകള്‍, പേനകള്‍, വാച്ചുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ലക്ഷക്കണക്കിനു രൂപ വിലയുള്ള വാച്ചുകള്‍ ആയിരത്തിലേറെ ഉണ്ടായിരുന്നുവത്രേ. ഇങ്ങനെ വാങ്ങുന്ന വസ്തുക്കള്‍ ചിലര്‍ വളരെ കുടിയ വിലയ്ക്കു മറിച്ചു വില്‍ക്കുന്നതും പതിവാണ്.
പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സഹോദരനായ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് തുടങ്ങിയ മറ്റു പലരെയുംപോലെ ഇമ്രാന്‍ ഖാനും ഇങ്ങനെ തോഷഖാനയില്‍നിന്നു സാധനങ്ങള്‍ സ്വന്തമാക്കുകയുണ്ടായി. ഇമ്രാന്‍ മാത്രമാണ് അതിന്‍റെ പേരില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായത്. കാരണം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ അദ്ദേഹം ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യപ്രസ്താവനയില്‍ വിശദവിവരങ്ങള്‍ മറച്ചുപിടിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തുവത്രേ.
ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ് ഇമ്രാനെതിരായ ക്രിമിനല്‍ കേസ്. അതിന്‍റെ വിചാരണ മാസങ്ങളായി ഇസ്ലാമാബാദിലെ അഡീഷണല്‍ ജില്ലാകോടതിയില്‍ നടന്നുവരികയായിരുന്നു.
ജഡ്ജി വിധി പ്രഖ്യാപിക്കുമ്പോള്‍ പതിവിനു വിപരീതമായ പ്രതിയോ അദ്ദേഹത്തിന്‍റെ അഭിഭാഷകരോ കോടതിയില്‍ ഹാജരുണ്ടായിരുന്നില്ല. അതു ചൂണ്ടിക്കാട്ടിയപ്പോള്‍ വിചാരണയ്ക്കിടയില്‍ വളരെ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമേ ഇമ്രാന്‍ കോടതിയില്‍ വന്നിരുന്നുവെന്നുള്ള ഔദ്യോഗിക വിശദീകരണവുമുണ്ടായി.
വാസ്തവത്തില്‍ ഈ കേസിന്‍റെ വിചാരണയ്ക്കു വഴങ്ങാന്‍ തുടക്കംമുതല്‍ക്കേ ഇമ്രാന്‍ വിസമ്മതിക്കുകയായിരുന്നു. മാര്‍ച്ചില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ലഹോറിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പൊലീസ് സംഘത്തിന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരുടെ ചെറുത്തുനില്‍പ്പു കാരണം വെറുംകൈയോടെ മടങ്ങേണ്ടിവന്നു.
അതിനുശേഷം, മേയ് ഒന്‍പതിനു മറ്റൊരു കേസിനോട് അനുബന്ധിച്ച് ഇമ്രാന്‍ ഇസ്ലാമാദ് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴ്സിന്‍റെ ഒരു വന്‍സംഘം തള്ളിക്കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തത്.
പക്ഷേ, ജയിലില്‍ കിടക്കേണ്ടിവന്നില്ല. പൊലീസ് അവരുടെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിക്കുകയായിരുന്നു. അഴിമതി നിര്‍മാര്‍ജ്ജന വിഭാഗമായ നാഷനല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍എബി) വാറന്‍റ് അനുസരിച്ച് അറസ്റ്റ് ചെയ്ത ഇമ്രാനെ പിറ്റേന്ന് രാവിലെ അവിടെവച്ചുതന്നെ എന്‍എബി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി.
ജഡ്ജി അദ്ദേഹത്തെ എട്ടു ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിനു ജയിലില്‍ കിടക്കേണ്ടിവന്നില്ല. സുപ്രീംകോടതി അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ഇമ്രാനെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ഉമര്‍ അത ബന്ദിയാല്‍ ഇമ്രാനെ വഴിവിട്ടു സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു.
അല്‍ഖാദിര്‍ ട്രസ്റ്റ് കേസ് എന്നറിയപ്പെടുന്ന ഭൂമി ഇടപാട് കേസിലായിരുന്നു ആ അറസ്റ്റ്. കേസില്‍ ഇമ്രാന്‍റെ ഭാര്യ ബുഷറ ബീബിയും പ്രതിയാണ്. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു. ആ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു ഇമ്രാന്‍ അനുകൂലികളുടെ രാജ്യവ്യാപകമായ അഴിഞ്ഞാട്ടം. അതിന്‍റെ പേരില്‍ ഇമ്രാന്‍റെ പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
മുന്‍വിദേശമന്ത്രിയായ വൈസ്പ്രസിഡന്‍റ് ഷാ മഹ്മൂദ് ഖുറൈഷി ഉള്‍പ്പെടെയുള്ള ചിലര്‍ക്കു ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. ഒട്ടേറെപേര്‍ പാര്‍ട്ടി വിട്ടുപോവുകയും ചിലര്‍ ഇസ്തിഖാമെ പാക്കിസ്ഥാന്‍ എന്ന പുതിയ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ഇമ്രാന്‍റെ പുതിയ അറസ്റ്റിനെതിരെയും പ്രകടനങ്ങള്‍ നടന്നുവെങ്കിലും മുന്‍പത്തെപ്പോലുള്ള വീറും ആവേശവും ദൃശ്യമായില്ല.
Content Highlights: Imran Khan's political career | Imran Khan's corruption trial | Imran Khan's imprisonment | Pakistan