ആഫ്രിക്കന്‍ ഇരുട്ടടിയേറ്റ് ഫ്രാന്‍സ്

HIGHLIGHTS
  • മുന്‍ കോളനികളില്‍ സ്വാധീനം നഷ്ടപ്പെടുന്നു
  • നൈജറില്‍ യുദ്ധഭീതി
ecowas
Representative image. Photo Credit: michal812/istockphoto.com
SHARE

പശ്ചിമാഫ്രിക്കയിലെ നൈജറില്‍ രണ്ടാഴ്ച മുന്‍പുണ്ടായ പട്ടാളവിപ്ളവത്തിന്‍റെ അനന്തര ഫലങ്ങള്‍ ആ രാജ്യത്തിനകത്ത് ഒതുങ്ങിനില്‍ക്കാനിടയില്ലെന്ന ആശങ്ക അതിവേഗം യാഥാര്‍ഥ്യമാവുകയാണ്. യുദ്ധം പൊട്ടിപ്പുറപ്പെടുകയും വന്‍ശക്തികള്‍പോലും അതിലേക്കു വലിച്ചിഴയക്കപ്പെടുകയും ചെയ്യുമോ എന്ന ഭീതിയും വളരാന്‍ തുടങ്ങിയിട്ടുണ്ട്. 

ഈ പശ്ചാത്തലത്തില്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ നൈജറിലെ അവരുടെ പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോകാനും തുടങ്ങിയിരിക്കുകയാണ്. അത്യാവശ്യ കാര്യമില്ലാത്തവര്‍ ആവുന്നത്ര വേഗത്തില്‍ രാജ്യം വിടണമെന്ന് നൈജറിലെ ഇന്ത്യക്കാരെ ഇന്ത്യാ ഗവണ്‍മെന്‍റ് ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.   

അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുകയും തടവിലാവുകയും ചെയ്ത പ്രസിഡന്‍റ് മുഹമ്മദ് ബാസൂമിനെ വിട്ടയക്കുകയും രാജ്യത്തു മുന്‍സ്ഥിതി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹത്തെ അട്ടിമറിച്ചവരോട് രാജ്യാന്തര സമൂഹം ആവശപ്പെട്ടിട്ടുള്ളത്. നൈജര്‍ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ ആഫ്രിക്കന്‍ യൂണിയനും പശ്ചിമാഫ്രിക്കന്‍ രാഷ്ട്ര സാമ്പത്തിക കൂട്ടായ്മയായ ഇക്കോവാസും (ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്സ്) ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

ഒരാഴ്ചയ്ക്കകം അങ്ങനെ ചെയ്തില്ലെങ്കില്‍ ബലപ്രയോഗം ഉണ്ടാകുമെന്നു അയല്‍രാജ്യമായ നൈജീരിയയിലെ അബൂജയില്‍ സമ്മേളിച്ച ഇക്കോവാസ് അടിയന്തര ഉച്ചകോടി മന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ആ കാലാവധി കഴിഞ്ഞു പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 10) ഇക്കോവാസ് നേതാക്കള്‍ അബൂജയില്‍തന്നെ വീണ്ടും സമ്മേളിക്കുകയും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയതു. പുതിയ അന്ത്യശാസനമൊന്നും നല്‍കിയില്ലെന്നു മാത്രം. 

ഇക്കോവാസിന്‍റെ ഭീഷണി വെറുമൊരു ഓലപ്പാമ്പായി കരുതാനാവില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഈ സംഘടന പശ്ചിമാഫ്രിക്കയിലെ ആറു രാജ്യങ്ങളിലെ കുഴപ്പങ്ങളില്‍ സൈനികമായ ഇടപെടുകയും സമാധാനം പുനഃസ്ഥാപിക്കുകയുമുണ്ടായി. ലൈബീരിയില്‍ രണ്ടു തവണയും (1990, 2023) സിയറ ലിയോണ്‍ (1997), ഗിനി ബിസ്സോ (1999), കോട്ട് ഡി ഐവോര്‍ (2003), മാലി (2013), ഗാംബിയ (2017) എന്നിവിടങ്ങളില്‍ ഓരോ തവണയും ഇടപെട്ടു.

ആഭ്യന്തര യുദ്ധം അവസാനിപ്പിക്കല്‍, സ്ഥാനഭ്രഷ്നാക്കപ്പെട്ട ഭരണാധിപനെ പുനഃസ്ഥാപിക്കല്‍, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു ദൗത്യം. ഏറ്റവും ഒടുവില്‍ നടന്ന ഗാംബിയയിലെ സംഭവം പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. അവിടെ ദീര്‍ഘകാലമായി അധികാരത്തിലുണ്ടായിരുന്ന പ്രസിഡന്‍റ് യഹ്യ ജമ്മെ 2016 ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ തോറ്റു. പക്ഷേ, സ്ഥാനമൊഴിയാന്‍ കൂട്ടാക്കിയില്ല. 

ജയിച്ച സ്ഥാനാര്‍ഥിയായ ആദമ ബാറോ ദിവസങ്ങള്‍ നീണ്ടുനിന്ന കുഴപ്പങ്ങള്‍ക്കിടയില്‍ തൊട്ടടുത്തുള്ള സെനഗലില്‍ അഭയം പ്രാപിക്കുകയും ഇക്കോവാസിന്‍റെ സഹായം തേടുകയും ചെയ്തു. ഇക്കോവാസ് സൈനികമായി ഇടപെട്ടതിനെ തുടര്‍ന്നു ജമ്മെ നാടുവിട്ടു. ചോരച്ചൊരിച്ചിലൊന്നും ഇല്ലാതെ പ്രശ്നം അവസാനിക്കുകയും ചെയ്തു. 

പക്ഷേ, നൈജറിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. ഇക്കോവാസ് ബലം പ്രയോഗിച്ചാല്‍ അതിനെ ചെറുക്കുകതന്നെ ചെയ്യുമെന്നാണ് പട്ടാള അട്ടിമറിക്കു നേതൃത്വം നല്‍കിയ ജനറല്‍ അബ്ദുര്‍ റഹ്മാന്‍ ഷിയാനി  വ്യക്തമാക്കിയിട്ടുള്ളത്. പ്രസിഡന്‍റ് ബാസൂം പട്ടാള ഭരണകൂടത്തിന്‍റെ തടവുകാരനാണെന്നതും ഇക്കോവാസിന്‍റെ നടപടിക്കു പ്രയാസമുണ്ടാക്കുന്നു. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ഒരു ബന്ദിനാടകം കളിക്കാന്‍പോലും പട്ടാളം ഒരുമ്പെട്ടേക്കാം. 

അയല്‍രാജ്യങ്ങളായ മാലിയിലെയും ബുര്‍ക്കിന ഫാസ്സോയിലെയും സൈനിക ഭരണകൂടങ്ങള്‍ നല്‍കുന്ന പിന്തുണയും തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ജനറല്‍ ഷിയാനിക്കു ശക്തി പകരാനിടയുണ്ട്. നൈജറിനെതിരായ ഏത് ആക്രമണവും തങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായി കരുതുകയും അതനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്നാണ് മാലിയും  ബുര്‍ക്കിന ഫാസ്സോയും വ്യക്തമാക്കിയത്. അത്തരമൊരു യുദ്ധത്തിന് ഇക്കോവാസ് സന്നദ്ധമാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

അതിനിടയില്‍ അമേരിക്കയുടെ ആക്ടിങ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ട്ടോറിയ ന്യൂളന്‍ഡ് നൈജറിന്‍റെ തലസ്ഥാനമായ നിമായെയില്‍ എത്തുകയും പട്ടാളഭരണത്തലവനെയും തടങ്കലിലായ പ്രസിഡന്‍റ് ബാസൂമിനെയും കാണാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, വിജയിച്ചില്ല. ജനങ്ങള്‍ പ്രസിഡന്‍റായ തിരഞ്ഞെടുത്ത ബാസൂമിനെ അധികാരത്തില്‍ തിരിച്ചെത്താന്‍ അനുവദിച്ചില്ലെങ്കില്‍ നൈജറിനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തുമെന്ന് ന്യൂളന്‍ഡ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ആഫ്രിക്കയില്‍ ഏറ്റവുമധികം യുഎസ് സഹായം കിട്ടുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജര്‍. ആ രാജ്യം ഉള്‍പ്പെടുന്ന സാഹില്‍ മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘങ്ങളെ ഉന്മൂലനം ചെയ്യാന്‍ നല്‍കുന്ന സഹകരണത്തിന്‍റെ പേരിലാണ് മുഖ്യമായും ഈ സഹായം. അമേരിക്ക നല്‍കുന്നത്. ആയിരം യുഎസ് ഭടന്മാര്‍ നൈജറില്‍ പ്രവര്‍ത്തിച്ചവരുന്നു. അമേരിക്കയുടെ ഒരു ഡ്രോണ്‍ താവളവും നൈജറിലുണ്ട്. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ നൈജര്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന് ഉദാഹരണായി പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു യുഎസ് വിദേശമന്ത്രി നൈജര്‍ സന്ദര്‍ശിക്കുന്നത് അതാദ്യമായിരുന്നു. നൈജറിലെ പട്ടാള ഭരണം തുടരുകയാണെങ്കില്‍ തീര്‍ച്ചയായും അതു അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കാതിരിക്കില്ല.  

അമേരിക്കയുടെ ബദ്ധശത്രുവായ റഷ്യ നൈജറിലെയും മാലി, ബുര്‍ക്കിന ഫാസ്സോ എന്നിവ പോലുള്ള മറ്റു ചില രാജ്യങ്ങളിലയും അനിശ്ചിതാവസ്ഥയില്‍നിന്നു മുതലെടുക്കാനുള്ള സാധ്യതയും യുഎസ് ഭരണകൂടത്തെ അസ്വസ്ഥമാക്കാന്‍ ഇടയുണ്ട്. പട്ടാള അട്ടിമറിയെ സ്വാഗതംചെയ്തുകൊണ്ടു നൈജര്‍ തലസ്ഥാനത്തു നടന്ന ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനത്തില്‍  ചിലര്‍ റഷ്യന്‍ പതാക ഉയര്‍ത്തിപ്പിടിക്കുകയും റഷ്യയ്ക്കും പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തത് ഇതിന് ഉദാഹരണമായിരുന്നു.  

ഫ്രാന്‍സിനെതിരായ മുദ്രാവാക്യങ്ങളോടൊപ്പം യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി. വാഗ്നര്‍ ഗ്രൂപ്പ് എന്ന റഷ്യന്‍ കൂലിപ്പട്ടാളത്തിന്‍റെ തലവനായ യെവ്ജനി പ്രിഗോഷിന്‍ നൈജറിലെ പട്ടാള അട്ടിമറിയെ പ്രകീര്‍ത്തിച്ചതും അമേരിക്കയെ സംബന്ധിച്ചിടത്തോളം അവഗണിക്കാവുന്നതല്ല. എങ്കിലും ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ നൈജറിലെ പട്ടാള അട്ടിമറിക്കു പിന്നില്‍ റഷ്യയുടെ കൈകളുള്ളതായി കരുതുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ബ്ളിങ്കന്‍ നല്‍കിയ മറുപടി അങ്ങനെ കരുതുന്നില്ലെന്നായിരുന്നു. 

അതേസമയം, ഈ സാഹചര്യത്തില്‍നിന്നു റഷ്യ മുതലെടുക്കാനുള്ള സാധ്യത അദ്ദേഹം തളളിക്കളഞ്ഞുമില്ല. മാലിയിലും സമീപമേഖലയിലെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലും നേരത്തെതന്നെ വാഗ്നര്‍ സൈനികര്‍ ഗവണ്‍മെന്‍റ് സൈന്യങ്ങളെ സഹായിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. 

ഫ്രാന്‍സാണ് ഏറ്റവും വലിയ കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. ഒരു കാലത്ത് ആഫ്രിക്കയിലെ പകുതിയോളം രാജ്യങ്ങള്‍ ഫ്രാന്‍സിന്‍റെ അധീനത്തിലോ നിയന്ത്രണത്തിലോ ആയിരുന്നു. ഫ്രഞ്ച് കോളനികളായിരുന്ന കാലത്തെ അവയുടെ അനുഭവങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷവും ആ രാജ്യങ്ങളില്‍ പലതിലും ഫ്രാന്‍സ് പലവിധത്തിലും ഇടപെട്ടുവെന്ന ആരോപണവുമുണ്ടായി. 

ഫ്രഞ്ച് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ അധികാരത്തില്‍ അവരോധിക്കാന്‍ ഫ്രാന്‍സ് സദാ ചരടുവലി നടത്തുകയാണെന്ന സംശയവും ജനങ്ങള്‍ക്കിടയില്‍ വേരൂന്നാന്‍ തുടങ്ങിയിരുന്നു. നൈജറില്‍ പട്ടാള അട്ടിമറിയില്‍ പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ബാസൂമിനെയും പലരും കാണുന്നത് അങ്ങനെയാണത്രേ. 

ഫ്രാന്‍സിനെതിരായ രോഷം പ്രകടപ്പിക്കാന്‍ അവസരം കൈവന്നപ്പോള്‍ വളരെ രൂക്ഷമായിത്തന്നെ അതവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. പട്ടാള അട്ടിമറിക്കു ശേഷം നൈജറിന്‍റെ തലസ്ഥാന നഗരിയിലുണ്ടായ പ്രകടനത്തിനിടയില്‍ ഫ്രഞ്ച് എംബസ്സിക്കുനേരെ നടന്ന അക്രമം അതിനുദാഹരണമാണ്. ഫ്രഞ്ച് പതാക കത്തിക്കുകയുമുണ്ടായി. 

ഭീകരര്‍ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ഫ്രാന്‍സിന്‍റെ 1500 സൈനികര്‍ നൈജറില്‍ സേവനം ചെയ്യുന്നുണ്ട്. അയല്‍ രാജ്യങ്ങളായ മാലിയിലും ബുര്‍ക്കിന ഫാസ്സോയിലും ഫ്രഞ്ച് ഭടന്മാരുണ്ടായിരുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ആ രാജ്യങ്ങളില്‍ പട്ടാളം അധികാരം പിടിച്ചടക്കിയപ്പോള്‍ ഫ്രാന്‍സ് ആ ഭടന്മാരെ മാറ്റിയതും നൈജറിലേക്കാണ്. ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം ആ മേഖലയിലെ അവശേഷിക്കുന്ന ഏക സുരക്ഷാ താവളമായി അങ്ങനെ നൈജര്‍. സൈനികര്‍ പുറത്താക്കപ്പെടുന്നതോടെ അതും ഫ്രാന്‍സിനു നഷ്ടപ്പെടും.   

 Content Highlights: Niger | Videsharangom | K Obeidulla | France | Ecowas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS