കേസുകളുടെ ഘോഷയാത്രയുമായി ട്രംപ്

HIGHLIGHTS
  • തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതായി മറ്റൊരു കേസ്
  • വിചാരണകളുടെ തുടക്കം അടുത്ത തിരഞ്ഞെടുപ്പ് വേളയില്‍
Donald Trump (Photo by CHANDAN KHANNA / AFP)
ഫ്ലോറിഡയിലെ വസതിയിൽ മാധ്യമങ്ങളെയും അണികളെയും അഭിസംബോധന ചെയ്യുന്ന ഡോണൾഡ് ട്രംപ്. (Photo by CHANDAN KHANNA / AFP)
SHARE

അഞ്ചു മാസത്തിനുള്ളില്‍ നാലു ക്രിമിനല്‍ കേസുകള്‍. അമേരിക്കയിലെ മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഓരോ തവണയും തന്‍റെതന്നെ റെക്കോഡുകള്‍ ഭേദിക്കുകയാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായി ഇപ്പോള്‍ നാലാം തവണയും കോടതി കയറാന്‍ നിര്‍ബന്ധിതനാവുകയാണ് എഴുപത്തേഴാം വയസ്സില്‍ അദ്ദേഹം. 

രണ്ടര വര്‍ഷം മുന്‍പ് അധികാരം വിട്ട ട്രംപ് ഈ ഗതികേടിനെ അഭിമുഖീകരിക്കാന്‍ തുടങ്ങിയത് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു. അതിനു ശേഷം ജൂണിലും ഓഗസ്റ്റിലുമായി രണ്ടു കേസുകളെക്കൂടി നേരിടേണ്ടിവന്നു. മൂന്നാമത്തെ കേസില്‍ കോടതിയില്‍ ഹജരായി രണ്ടാഴ്ച ആകുന്നതേയുളളൂ. അതിനിടയിലാണ് നാലാമതൊരു ക്രിമിനല്‍ കേസില്‍കൂടി അദ്ദേഹം പ്രതിയായിരിക്കുന്നത്. 

ഇത്തരമൊരു ദുരനുഭവം അമേരിക്കയിലെ ഒരു മുന്‍ പ്രസിഡന്‍റിനും നേരിടേണ്ടിവന്നിരുന്നില്ല. രണ്ടു തവണ കുറ്റവിചാരണയ്ക്കു (ഇംപീച്ച്മെന്‍റ്) വിധേയനായ ഒരേയൊരു യുഎസ് പ്രസിഡന്‍റ് എന്ന കുപ്രസിദ്ധി നേരത്തെതന്നെ അദ്ദേഹം സമ്പാദിച്ചിരുന്നുതാനും. ഇതുവരെയുള്ള എല്ലാ കേസുകളും രാഷ്ട്രീയപ്രേരിതം, അപഹാസ്യം, യക്ഷിവേട്ട എന്നെല്ലാം പറഞ്ഞ് ട്രംപ് പുഛിച്ചുതള്ളുകയായിരുന്നു. പുതിയ കേസിനെ തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ പ്രതികരണവും ഒട്ടും വ്യത്യസ്തമല്ല. 

ഓഗസ്റ്റ് മൂന്നിന് വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ ട്രംപിനു കുറ്റപത്രം നല്‍കപ്പെട്ടത് കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം അട്ടിമറിക്കാന്‍ മറ്റു ചിലരുടെ കൂടെ ട്രംപ് ഗൂഡാലോചന നടത്തുകയും ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ്. സമാനമായ ആരോപണമാണ് ജോര്‍ജിയ സംസ്ഥാനത്തെ ഫുള്‍ട്ടണ്‍ കൗണ്ടി കോടതിയില്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തപ്പെട്ട പുതിയ കേസിന്‍റെയും അടിസ്ഥാനം. 

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യല്‍ തുടങ്ങിയ പ്രാരംഭ നടപടികള്‍ക്കുവേണ്ടി ഓഗസ്റ്റ് ഇരുപത്തിയഞ്ചിനകം കോടതിയില്‍ ഹാജരാകാനാണ് ട്രംപിനോടും കേസിലെ മറ്റ് ഒന്നര ഡസന്‍ പ്രതികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, വിചാരണ തുടങ്ങാന്‍ ആറുമാസംവരെ വൈകാനിടയുണ്ട്. 

തിരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമായി അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തി, അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി, അസത്യപ്രസ്താവനകള്‍ നടത്തി എന്നിങ്ങനെയുള്ള 41 കുറ്റങ്ങളാണ് 98 പേജുള്ള കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ട്രംപിന്‍റെ സ്വന്തം അഭിഭാഷകനായിരുന്ന മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗുലിയാനി, ട്രംപിന്‍റെ കീഴില്‍ വൈറ്റ്ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന മാര്‍ക്ക് മിഡോസ്, വൈറ്റ്ഹൗസ് അഭിഭാഷകന്‍ ജോണ്‍ ഈസ്റ്റ്മാന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷംവരെ തടവില്‍ കഴിയേണ്ടിവന്നേക്കാം.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപ് 2016ല്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ഇലക്ടറല്‍ വോട്ടിലെ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന മുന്‍സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റനോട് ജനകീയ വോട്ടില്‍ അദ്ദേഹം തോല്‍ക്കുകയാണ് ചെയ്തിരുന്നത്. 

രണ്ടാം തവണയും പ്രസിഡന്‍റാകാനുള്ള ശ്രമത്തില്‍ 2020ല്‍ ഏറ്റുമുട്ടിയത് ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മുന്‍വൈസ് പ്രസിഡന്‍റ് ജോ ബൈഡനുമായിട്ടാണ്. ജനകീയ വോട്ടിലും ഇലക്ടറല്‍ വോട്ടിലും രണ്ടിലും ബഹുഭൂരിപക്ഷം തനിക്കായിരിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും ചെയ്തു. താനുമായി മല്‍സരിക്കാന്‍തന്നെ അര്‍ഹനല്ലെന്നു പറഞ്ഞ് ട്രംപ് പുഛിച്ചു തളളിയിരുന്ന ബൈഡന്‍ ജനകീയ വോട്ടിലും ഇലക്ടറല്‍ വോട്ടിലും ഒരുപോലെ നേടിയ വിജയം അതിനാല്‍ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. 

പരാജയം വിജയമാക്കി മാറ്റാനായി ട്രംപ് മുഖ്യമായി രണ്ടു വിധത്തില്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാപകമായ തോതില്‍ കള്ളവോട്ടുകള്‍ നടന്നുവെന്നതിന്‍റെ പേരില്‍, ഇലക്ടറല്‍ വോട്ടുകള്‍ക്കു കോണ്‍ഗ്രസ് അംഗീകാരം നല്‍കുന്നതു തടയാനായിരുന്നു ഒരു ശ്രമം. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിനോക്കി ഫലം പ്രഖ്യാപിക്കാനായി വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് സംയുക്ത സമ്മേളനം ചേര്‍ന്ന ദിവസം (2021 ജനുവരി ആറ്) ഉണ്ടായ സംഭവം അതിന് ഉദാഹരണമാണ്. 

ട്രംപിന്‍റെ പ്രസംഗങ്ങള്‍ കേട്ട് ആവേശഭരിതരായ ഒരു വന്‍ജനക്കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന ക്യാപിറ്റോള്‍ മന്ദിരത്തിലേക്കു തള്ളിക്കയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. ട്രംപ് ആഗ്രഹിക്കുന്നതുപോലെ ചെയ്യാന്‍ പെന്‍സിന്‍റെയും കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങളുടെയുംമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവത്രേ അവരുടെ ഉദ്ദേശ്യം. ഓഗസ്റ്റ് ആദ്യത്തില്‍ വാഷിങ്ടണ്‍ കോടതിയില്‍ ട്രംപിനു ഹാജരാകേണ്ടിവന്നത് ആ സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫെഡറല്‍ കേസിലാണ്.

റിപ്പബ്ളിക്കന്‍ കോട്ടയായി കരുതപ്പെട്ടിരുന്ന ജോര്‍ജിയ സംസ്ഥാനമായിരുന്നു ട്രംപിന്‍റെ പരാജയം വിജയമാക്കി മാറ്റാന്‍ ശ്രമം നടന്നതായി പറയപ്പെടുന്ന മറ്റൊരു സ്ഥലം. രണ്ടു തവണ വോട്ടെണ്ണല്‍ നടന്ന അവിടെ താന്‍ 11787 വോട്ടുകള്‍ക്കു പിന്നിലായതു ട്രംപിനു വിശ്വസിക്കാനായില്ല. 

അത്രയും വോട്ടുകള്‍ ഉടന്‍ കണ്ടെത്തണമെന്നു ജോര്‍ജിയയിലെ സ്റ്റേറ്റ് സെക്രട്ടറി പദവി വഹിക്കന്ന ബ്രാഡ് റാഫന്‍സ്പെര്‍ജര്‍ എന്ന ഉദ്യോഗസ്ഥനോട് ട്രംപ് ഫോണില്‍ ആവശ്യപ്പെട്ടു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്നിട്ടും റാഫന്‍സ്പെര്‍ജര്‍ അതിനു വഴങ്ങിയില്ല. ട്രംപ് അദ്ദേഹത്തിന്‍റെ സഹായം തേടിയത് നിയമവിരുദ്ധമായ വിധത്തില്‍ കള്ളവോട്ട് ഉണ്ടാക്കാനോ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താനോ ആണെന്നാണ് ആരോപണം. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം ടെയ്പ് ചെയ്യപ്പെട്ടിരുന്നു.

ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഏറ്റവും പുതിയ കേസിലെ കുറ്റപത്രം. ജോര്‍ജിയയിലെ ഫുള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക് അറ്റോര്‍ണി (പ്രോസിക്യൂട്ടര്‍) ഫാനി വില്ലിസ് 2021 ഫെബ്രുവരി മുതല്‍ അതിനെക്കുറിച്ചെല്ലാം അന്വേഷണം നടത്തിവരികയായിരുന്നു. 

കറുത്ത വര്‍ഗക്കാരിയായ ഫാനി വില്ലിസ് ഡമോക്രാറ്റിക് പാര്‍ട്ടിക്കാരിയാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു കുറ്റപ്പെടുത്താന്‍ ഇതു ട്രംപിന്‍റെ കൈയില്‍ ആയുധമായിത്തീരുന്നു. പ്രസിഡന്‍റ് ജോ ബൈഡനാണ് ഇതിന്‍റെ പിന്നിലുള്ളതെന്ന ആരോപണം ആവര്‍ത്തിക്കാനും ഇത് ട്രംപിനു സഹായകമാവുന്നു. 

ആദ്യമായി ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോടതിയില്‍ ഹാജരാകാന്‍ ട്രംപിന് ഇടവരുത്തിയത് താരതമ്യേന രാഷ്ട്രീയബന്ധം കുറഞ്ഞ ഒരു കേസാണ്. മുന്‍പ്രസിഡന്‍റ്തന്നെ പടുത്തുയര്‍ത്തിയ അദ്ദേഹത്തിന്‍റെ പ്രതിഛായയുടെ പശ്ചാത്തലത്തില്‍ അത് അധികമാരെയും അല്‍ഭുതപ്പെടുത്തിയുമില്ല. സ്റ്റോമി ഡാനിയല്‍സ് എന്ന അശ്ളീല സിനിമാനടി ഉന്നയിച്ച ആരോപണത്തില്‍ നിന്നായിരുന്നു അതിന്‍റെ തുടക്കം. ട്രംപ് പ്രസിഡന്‍റാകുന്നതിനു പത്തു വര്‍ഷം മുന്‍പ്, അദ്ദേഹവുമായി താന്‍ കിടക്ക പങ്കിട്ടുവെന്നായിരുന്നു നടിയുടെ ആരോപണം.  

ട്രംപ് അതു നിഷേധിച്ചുവെങ്കിലും 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ നടി അതു പരസ്യമാക്കാന്‍ ഒരുമ്പെട്ടപ്പോള്‍ വിവാദം ഭയന്നു 130,000 ഡോളര്‍ കൊടുത്തു പ്രശ്നം ഒതുക്കിത്തീര്‍ത്തു. പ്രശ്നത്തിലുള്ള തന്‍റെ പങ്കു പുറത്ത് വെളിപ്പെടാതിരിക്കാന്‍ അഭിഭാഷകന്‍ മുഖേനയാണ് തുക കൈമാറിയത്. അതു ബിസിനസ് സംബന്ധമായ ചെലവായി തന്‍റെ കമ്പനിയുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്തു.  ഇതു കണക്കില്‍ കൃത്രിമം കാണിക്കലാണെന്ന പരാതിയുണ്ടായി. നടിക്കു പണം നല്‍കിയതു 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലായിരുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവിഹിത മാര്‍ഗം സ്വീകരിച്ചുവെന്ന ആരോപണത്തെയും നേരിടേണ്ടിവന്നു. ഈ കേസിന്‍റെ വിചാരണം ഈ വര്‍ഷം ഡിസംബറില്‍ തുടങ്ങാന്‍ വച്ചിരിക്കുകയാണ്. 

ജൂണില്‍ രണ്ടാമതൊരു കേസില്‍ പ്രതിയാകാനും ഫ്ളോറിഡയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാകാനും ട്രംപിന് ഇടവരുത്തിയത് കുറേക്കൂടി ഗൗരവമുള്ള ഒരു കേസാണ്. അതിന് ആധാരമായ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ജനങ്ങള്‍ ഞെട്ടുകയും അമ്പരയ്ക്കുകയുമുണ്ടായി. 

തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നു 2001 ജനുവരിയില്‍ ട്രംപ് വൈറ്റ്ഹൗസ് വിട്ടു ഫ്ളോറിഡയിലെ തന്‍റെ അത്യാഡംബര റിസോര്‍ട്ടിലേക്കു പോയത് പെട്ടികള്‍ നിറയെ നൂറുകണക്കിന് ഔദ്യോഗിക രേഖകളും കൊണ്ടായിരുന്നു. രാജ്യരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യസ്വഭാവത്തിലുള്ളതായിരുന്നു അവയില്‍ പലതും. അവ ഭദ്രമായി സൂക്ഷിക്കപ്പെട്ടില്ല. മാത്രമല്ല, ചിലതു നശിപ്പിക്കപ്പെടുകയും മറ്റു ചിലതില്‍ കൈകടത്തല്‍ നടന്നതായും സംശയം ജനിക്കുകയും ചെയ്തു. 

ഔദ്യോഗിക രേഖകളുടെ സംരക്ഷണച്ചുമതലയുളള ഉദ്യോഗസ്ഥര്‍ അവ തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപും അദ്ദേഹത്തിന്‍റെ അഭിഭാഷകരും തടഞ്ഞതായും പരാതിയുണ്ടായി. രേഖകള്‍ പിടിച്ചെടുക്കാനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്രകുറ്റാന്വേഷ വിഭാഗം (എഫ്ബിഐ) റിസോര്‍ട്ടില്‍ മിന്നല്‍ പരിശോധന നടത്തുകപോലും ചെയ്തു.  

ഇതു സംബന്ധിച്ച കേസിന്‍റെ വിചാരണ അടുത്ത വര്‍ഷം മേയില്‍ തുടങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം സംബന്ധിച്ചുള്ള വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയിലെ വിചാരണ കൂടൂതല്‍ വൈകാനും സാധ്യതയുണ്ട്. ഏതായാലും, അടുത്ത വര്‍ഷം നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പ്രൈമറി വോട്ടെടുപ്പുകള്‍ നടത്തുമ്പോള്‍ ഈ കേസുകളുടെയെല്ലാം വിചാരണയുടെ കോലാഹലമായിരിക്കും അമേരിക്കയില്‍.   

Content Highlights: Donald Trump criminal charges ​​​​| Donald Trump controversies | Donald Trump vs. Joe Biden | Donald Trump | 2024 US Presidential Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS