യുഎസ് രാഷ്ട്രീയ യുദ്ധത്തിലെ ഇന്ത്യന്‍ പോരാളികള്‍

HIGHLIGHTS
  • വൈറ്റ്ഹൗസില്‍ കണ്ണുനട്ട് നിക്കിയും വിവേകും ഹര്‍ഷ് വര്‍ധനും
  • പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് രംഗത്തിനു ചൂടുപിടിക്കുന്നു
Flag India Us
Photo by: FreshStock/shutterstock.com
SHARE

കമല ഹാരിസിന് അമേരിക്കയിലെ വൈസ്പ്രസിഡന്‍റും ഋഷി സുനകിനു ബ്രിട്ടനിലെ പ്രധാനമന്ത്രിയും ആകാമെങ്കില്‍ എന്തുകൊണ്ടു വിവേക് രാമസ്വാമിക്കും ഹര്‍ഷ്‌‌വർധൻ സിങ്ങിനും നിക്കി ഹേലിക്കും അമേരിക്കയുടെ പ്രസിഡന്‍റ്തന്നെ ആയിക്കൂടാ? അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുവേണ്ടി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ആദ്യംതന്നെ രംഗത്തിറങ്ങിയവരില്‍ മൂന്നു പേരാണിവര്‍. മൂവരും ഇന്ത്യന്‍ വംശജര്‍. 

ഇത്രയധികം ഇന്ത്യന്‍ വംശജര്‍ വൈറ്റ്ഹൗസില്‍ എത്താനുള്ള പോരാട്ടത്തിനായി മുന്നോട്ടു വന്നിരിക്കുന്നത് ഇതാദ്യമാണ്. പാര്‍ട്ടിയുടെ ടിക്കറ്റ്  നേടുകയും അതിനുശേഷം തിരഞ്ഞെടുപ്പില്‍ ജയിക്കുകയുംവേണം. എങ്കില്‍ മാത്രമേ വൈറ്റ് ഹൗസിന്‍റെ വാതില്‍ തുറക്കപ്പെടുകയുള്ളൂ. പക്ഷേ, അത് അസാധ്യമാണെന്ന സംശയം ഈ മൂന്നു പേര്‍ക്കുമില്ല. 

നേരത്തെതന്നെ ലോകത്തിലെ പല രാജ്യങ്ങളിലും ഇന്ത്യന്‍ വംശജര്‍ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയിരുന്നിട്ടുണ്ട്. അവരിലാര്‍ക്കും പക്ഷേ, ബ്രിട്ടനെപ്പോലുള്ള ഒരു പ്രമുഖരാജ്യത്തിന്‍റെ ഭരണാധിപനാകാന്‍ അവസരം ലഭിച്ചിരുന്നില്ല. കിഴക്കന്‍ ആഫ്രിക്കയില്‍നിന്ന് ബ്രിട്ടനിലേക്കു കുടിയേറിയ ഒരു ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് 2022 ഒക്ടോബറിലാണ്. അതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്തന്നെ ഇന്ത്യന്‍ വംശജര്‍ക്ക് ആ രാജ്യത്തെ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയുണ്ടായി. 

സുനക് തന്നെ മുന്‍ഗാമിയായ ബോറിസ് ജോണ്‍സന്‍റെ ക്യാബിനറ്റില്‍ ധനമന്ത്രിയായിരുന്നു. ആലോക് ശര്‍മ, പ്രീതി പട്ടേല്‍ എന്നീ മറ്റു രണ്ട് ഇന്ത്യന്‍ വംജരും ക്യാബിനറ്റ് മന്ത്രിമാരായി. സുവെല്ല ബ്രേവര്‍മാന്‍ വേറൊരാള്‍ ക്യാബിനറ്റ് പദവിയോടെ അറ്റോര്‍ണി ജനറലുമായി. 

എന്നിട്ടും, ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോള്‍ അത് ഏതാണ്ടൊരു അല്‍ഭുതമായിട്ടാണ് ഇന്ത്യയില്‍പോലും അധികമാളുകള്‍ക്കും തോന്നിയത്. പ്രമുഖ ഇന്ത്യന്‍ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്‍റെ സ്ഥാപകന്‍ എന്‍. ആര്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് അദ്ദേഹമെന്നു പലരും അറിയുന്നതും അപ്പോഴാണ്. 

അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാന്‍ മല്‍സരിക്കുന്ന മുപ്പത്തെട്ടുകാരന്‍ വിവേക് ഗണപതി രാമസ്വാമി ഇന്ത്യക്കാരന്‍ മാത്രമല്ല, കേരളത്തില്‍ പാലക്കാട്ടു കുടുംബവേരുള്ളവനുമാണ്. വടക്കഞ്ചേരിയിലെ വി. ജി. രാമസ്വാമിയുടെ മകന്‍. 

വി. ജി. രാമസ്വാമി കോഴിക്കോട്ട്െ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിച്ചു പാസ്സായി ജോലി തേടി അമേരിക്കയിലേക്കു പോയതായിരുന്നു. കര്‍ണാടകയില്‍നിന്നുള്ള ഒരു ഡോക്ടറെ വിവാഹം ചെയ്തു. അതിലുണ്ടായ മകനാണ് യുഎസ് സാങ്കേതിക വ്യവസായ രംഗത്തു പേരെടുത്തു കഴിഞ്ഞിട്ടുള്ള വിവേക്. 

തൊഴിലിനുവേണ്ടി മറുനാടുകളിലേക്കു പോയ ഇന്ത്യക്കാര്‍ അവിടെ സ്ഥിരതാമസമാക്കുകയും അവരുടെ മക്കള്‍ രാഷ്ട്രീയത്തിലിറങ്ങുകയും തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയും പ്രസിഡന്‍റും മറ്റുമാവുകയും ചെയ്തതിന്‍റെ ചരിത്രം സാമാന്യം നീണ്ടതാണ്.  

കണ്ണൂരില്‍നിന്നു തൊഴില്‍തേടി സിംഗപ്പൂരിലേക്കു പോയ ഒരു കുടുംബത്തിലെ അംഗമായിരുന്നു 1981 മുതല്‍ മൂന്നര വര്‍ഷം അവിടെ പ്രസിഡന്‍റായിരുന്ന സി. വി. ദേവന്‍ നായര്‍. പില്‍ക്കാലത്ത് എസ്. ആര്‍. നാഥന്‍ എന്ന തമിഴ് വംശജനും അതേ പദവിയിലെത്തി. നിലവിലുള്ള സിംഗപ്പൂര്‍ പ്രസിഡന്‍റ് ഹലീമ യാക്കൂബിന്‍റെ സിരകളിലും ഒഴുകുകയാണ് ഇന്ത്യന്‍ രക്തം. അവരുടെ മാതാവ് മലായക്കാരിയാണെങ്കിലും പിതാവ് ഇന്ത്യക്കാരനായിരുന്നു.

ഇന്ത്യ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസില്‍ ഇന്ത്യന്‍ വംശജര്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്നിട്ടുണ്ട്.  രണ്ടു പദവികളും വഹിച്ചയാളായിരുന്നു അനിരുദ്ധ ജഗന്നാഥ്. അദ്ദേഹത്തിന്‍റെ പുത്രന്‍ പ്രവീന്ദ്ര ജഗന്നാഥ് പിതാവിന്‍റെ പിന്‍ഗാമിയായി ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കസേരിയിലിരിക്കുന്നു. ഒപ്പം പ്രസിഡന്‍റായിരിക്കുന്നതു മറ്റൊരു ഇന്ത്യന്‍ വംശജനായ പ്രിഥ്വിരാജ് സിംങ് രൂപുന്‍. 

മൗറീഷ്യസില്‍തന്നെ ആദ്യത്തെ പ്രധാനമന്ത്രിയും (സിവുസാഗര്‍ രാംഗുലം) ഇന്ത്യന്‍ വംശജനായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ നവീനും പ്രധാനമന്ത്രിയായി. ഇന്ത്യാബന്ധമുള്ള വീരസ്വാമി റിംഗാഡു, കാസിം ഉത്തീം, കൈലാശ് പുര്യാഗ് എന്നിവര്‍ അവിടെ പ്രസിഡന്‍റായവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ശാന്തസമുദ്രത്തിലെ ഫിജിയിലും ഒരു ഇന്ത്യന്‍ വംശജന്‍ (മഹേന്ദ്ര ചൗധരി) കുറച്ചുകാലം പ്രധാനമന്ത്രിപദം വഹിക്കുകയുണ്ടായി. പക്ഷേ, പട്ടാളം നടത്തിയ അട്ടിമറിയില്‍ പുറംതള്ളപ്പെട്ടു. 

തെക്കെ അമേരിക്കന്‍ രാജ്യമായ ഗയാനയിലെ പ്രസിഡന്‍റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയും വൈസ്പ്രസിഡന്‍റ് ഭാരത് ജഗ്ദേവും ഇന്ത്യന്‍ വംശജരാണ്. പ്രഥമ പ്രധാനമന്ത്രിയും പില്‍ക്കാലത്തു പ്രസിഡന്‍റുമായിരുന്ന ചെഡ്ഡി ജഗാനില്‍നിന്നു തുടങ്ങുന്നതാണ് ഗയാനയിലെ ഇന്ത്യന്‍ വംശജരുടെ കഥ. മോസസ് നാഗമുത്തു എന്ന മറ്റൊരു പ്രധാനമന്ത്രികൂടി അവിടെയുണ്ടായിരുന്നു. 

തെക്കെ അമേരിക്കയിലെതന്നെ സുരിനാമിലെ പ്രസിഡന്‍റ് ചന്ദ്രിക പ്രസാദ് സന്തോഖി, ഇന്ത്യ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സെയ്ഷല്‍സിലെ പ്രസിഡന്‍റ് വേവല്‍ രാംകലാവന്‍ എന്നിവരും ഇന്ത്യയില്‍ കുടുംബ വേരുകളുള്ളവരാണ്. യൂറോപ്യന്‍ രാജ്യമായ അയര്‍ലന്‍ഡിലും പോര്‍ച്ചുഗല്ലിലും ഇന്ത്യന്‍ വംശജരാണ് പ്രധാനമന്ത്രിക്കസേരികളില്‍-ലിയോ വരാദ്കറും അന്‍റോണിയോ കോസ്റ്റയും. മറ്റൊരു പാശ്ചാത്യ രാജ്യമായ കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ക്യാബിനറ്റില്‍ ഇന്ത്യന്‍ വംശജര്‍ നാലു പേരുണ്ട്. 

അമേരിക്കയിലാണെങ്കില്‍ ഏതാണ്ടു മൂന്നു വര്‍ഷമായി വൈസ്പ്രസിഡന്‍് പദവി വഹിക്കുകയാണ് ഒരു തമിഴ്നാടുകാരിയുടെയും ജമൈക്കക്കാരന്‍റെയും മകളായ കമലദേവി ഹാരിസ് എന്ന കമല ഹാരിസ് (58). ആ നിലയില്‍ അമേരിക്കയുടെ നായകസ്ഥാനത്തിനു തൊട്ടടുത്തു നില്‍ക്കുകയാണവര്‍. 

എന്തെങ്കിലും കാരണത്താല്‍ പ്രസിഡന്‍റ് സ്ഥാനത്ത് ഒഴിവുവന്നാല്‍ ഉടന്‍തന്നെ ഭരണം ഏറ്റെടുക്കേണ്ടത്  വൈസ്പ്രസിഡന്‍റാണ്. 19632ല്‍ ജോണ്‍ കെന്നഡി വധിക്കപ്പെട്ടപ്പോള്‍ ലിന്‍ഡന്‍ ജോണ്‍സനും 1974ല്‍ റിച്ചഡ് നിക്സന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ ജെറള്‍ഡ് ഫോഡും പ്രസിഡന്‍റായത് അങ്ങനെയായിരുന്നു. 

കലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറല്‍, ആ സംസ്ഥാനത്തുനിന്നുളള സെനറ്റര്‍ എന്നീ പദവികള്‍ വഹിച്ച പശ്ഛാത്തലവുമായിട്ടാണ് 2020ലെ തിരഞ്ഞെടുപ്പിലൂടെ കമല  വൈസ്പ്രസിഡന്‍റായത്. വാസ്തവത്തില്‍ അവരുടെ ശ്രമം പ്രസിഡന്‍റാകാന്‍ തന്നെയായിരുന്നു. 

പക്ഷേ, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിനുവേണ്ടിയുള്ള മല്‍സരത്തില്‍ തോല്‍ക്കുമെന്നായപ്പോള്‍ പിന്‍വലിയുകയും ജോ ബൈഡനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബൈഡന്‍ കമലയെ തന്‍റെ റണ്ണിങ് മേറ്റാക്കി. യുഎസ് വൈസ്പ്രസിഡന്‍റാകുന്ന ആദ്യത്തെ വനിതയായി കമല.  

രണ്ട് ഇന്ത്യന്‍ വംശജര്‍ നേരത്തെതന്നെ യുഎസ് സംസ്ഥാന ഗവര്‍ണര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും പഞ്ചാബില്‍ കുടുംബ വേരുകളുള്ളവര്‍. ഒരാള്‍ (പിയൂഷ് ജിന്‍ഡാല്‍ എന്ന ബോബി ജിന്‍ഡാല്‍) രണ്ടു തവണ ലൂയിസിയാനയിലെ ഗവര്‍ണരായിരുന്നതിനു പുറമെ ഒരു തവണ യുഎസ് പ്രതിനിധിസഭയിലെ അംഗവുമായി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റിനുവേണ്ടി മല്‍സരിക്കുകയും തോല്‍ക്കുകയും ചെയ്തു. 

നിമ്രത രണ്‍ധവ എന്ന നിക്കി ഹേലി (51) സൗത്ത് കാരൊലൈനയിലെ ഗവര്‍ണറായിരുന്നു. നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍ എന്ന ഖ്യാതി നേടി. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡറാക്കിയതോടെ രാജ്യാന്തരതലത്തിലും അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ട്രംപ് വീണ്ടും മല്‍സരിക്കാന്‍ ശ്രമിക്കുമ്പോള്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ എതിര്‍സ്ഥാനാര്‍ഥികളില്‍ ഒരാളായിരിക്കുകയാണ് നിക്കി.

പക്ഷേ, അവരേക്കാള്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ മറ്റു രണ്ടു സ്ഥാനാര്‍ഥികളായ വിവേക് രാമസ്വാമിയും ഹര്‍ഷ്‌‌വർധൻ സിങ്ങും. പാര്‍ട്ടിയുടെ ടിക്കറ്റിനു വേണ്ടിയുള്ള മല്‍സരത്തില്‍ ഇതുവരെ ട്രംപിന്‍റെ തൊട്ടുപിന്നിലുണ്ടായിരുന്നതു ഫ്ളോറിഡയിലെ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റ്റിസായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്തുള്ളത് പുതുമുഖമായ വിവേകാണ്.

ഉന്നത സര്‍വകലാശാലകളില്‍നിന്നു ജീവശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ അദ്ദേഹം ബിസിനസില്‍ പ്രവേശിച്ചു പല കമ്പനികളും സ്ഥാപിച്ചു. കോടികള്‍ സമ്പാദിക്കുകയും അമേരിക്കയിലെ യുവാക്കള്‍ക്കിടയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാവുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ല.

ഹര്‍ഷ്‌‌വർധൻ സിങ് (38) മുന്‍പ് ന്യൂജഴ്സിയിലെ ഗവര്‍ണറാകാന്‍ ഒരു ശ്രമം നടത്തിയിരുന്നു. പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും മല്‍സരിക്കാനും രംഗത്തിറങ്ങി. ഒന്നിലും വിജയിച്ചില്ല. എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. കുടുബത്തിനു പ്രതിരോധ സാങ്കേതികവിദ്യയുമായി ബന്ധമുള്ള ഒരു വന്‍വ്യവസായവുമുണ്ട്. കോവിഡ് വാക്സീന്‍ കുത്തിവയ്ക്കാന്‍ വിസമ്മതിച്ച തനിക്ക് അക്കാരണത്താല്‍ ഏറ്റവും ശുദ്ധമായ രക്തമാണുള്ളതെന്നും ഹര്‍ഷ്‌‌വർധൻ തമാശയായി അവകാശപ്പെടുന്നു. 

നിക്കിയോ വിവേകോ ഹര്‍ഷ്‌‌വർധനോ? അതല്ല ഡിസാന്‍റിസോ ട്രംപോ? അല്ലെങ്കില്‍ ഇനിയും രംഗത്തിറങ്ങാനിടയുള്ള മറ്റാരെങ്കിലുമോ? ആരായിരിക്കും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി? അതറിയാന്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. 

Content Highlights: Videsharangam | America | India 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS