ഒത്തുകളി രാഷ്ട്രീയത്തിന്‍റെ തായ് മോഡല്‍

HIGHLIGHTS
  • തിരിച്ചെത്തിയ മുന്‍പ്രധാനമന്ത്രി ആശുപത്രിയില്‍
  • ഏറ്റവും വലിയ കക്ഷി അധികാരത്തിനു പുറത്ത്
thai-politics-at-a-crossroads-uncertainty-and-turmoil-continue-amidst-party-power-struggles
തക്സിന്‍ ഷിനവത്ര
SHARE

അപ്രതീക്ഷിതമായ രണ്ടു സംഭവങ്ങള്‍ക്കു തായ്ലന്‍ഡ് ഒരേദിവസം ഏതാനും മണിക്കൂറുകളുടെ ഇടവേളയോടെ സാക്ഷിയായി. മുന്‍പ്രധാനമന്ത്രി തക്സിന്‍ ഷിനവത്ര 15 വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസം കാത്തുനിന്ന ശേഷം തായ്ലന്‍ഡിന് ഒരു പുതിയ പ്രധാനമന്ത്രിയെ ലഭിക്കുകയും ചെയ്തു. 

പരസ്പര ബന്ധമുള്ളതെന്നു കരുതപ്പെടുന്ന ഈ സംഭവങ്ങള്‍ തെക്കു കിഴക്കന്‍ ഏഷ്യയിലെ ആ രാജ്യത്തെ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റത്തിനു തുടക്കം കുറിക്കുന്നു. ഇക്കഴിഞ്ഞ മേയിലെ തിരഞ്ഞെടുപ്പില്‍  കണ്ടതുപോലെ ജനങ്ങള്‍ ആഗ്രഹിച്ച വിധത്തിലുള്ള മാറ്റമാണോ ഇതെന്ന സംശയവും  ഇതിനിടയില്‍ ഉടലെടുത്തിട്ടുണ്ട്. 

ജനപ്രിയനായകനായി അറിയപ്പെട്ടിരുന്ന തക്സിന്‍ നാലു വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ തായ് പ്രധാനമന്ത്രിയായിരുന്നു. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഗുണകരമായ നയപരിപാടികളുടെ പിന്‍ബലത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങള്‍ക്കു വിധേയനായി. 2006ല്‍ രാഷ്ട്രീയ പ്രതിയോഗികള്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പട്ടാളം അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. 

ആധുനിക തായ് ചരിത്രത്തിലെ അനിശ്ചിതത്വത്തിന്‍റെയും ഇളകിമറിയലിന്‍റെയും പുതിയ അധ്യായം തുടങ്ങിയത് അങ്ങനെയാണ്. അറസ്റ്റ് ഭയന്നു നാടുവിട്ടുപോയ തക്സിന്‍ തിരിച്ചെത്തിയെങ്കിലും അധികം കഴിയുന്നതിനു മുന്‍പ് 2008ല്‍ വീണ്ടും നാടുവിട്ടു. അഴിമതിക്കേസില്‍ എട്ടു വര്‍ഷം തടവ്ശിക്ഷ വിധിക്കപ്പെട്ട അദ്ദേഹം  അന്നു മുതല്‍ വിദേശത്തു കഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 

തക്സിന്‍ സ്ഥാപിച്ച തായ് റക്തായ് പാര്‍ട്ടി നിരോധിക്കപ്പെടുകയുമുണ്ടായി. എങ്കിലും അദ്ദേഹത്തിന്‍റെ അനുയായികള്‍ പുതിയ പാര്‍ട്ടി (ഫ്യൂ തായ്) രൂപീകരിക്കുകയും പിന്നീടു നടന്ന മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളിലും  വിജയം നേടുകയും ചെയ്തു. പക്ഷേ അധികകാലം ഭരിക്കാന്‍ അവര്‍ അനുവദിക്കപ്പെട്ടില്ല.

തക്സിന്‍റെ ഇളയ സഹോദരി യിങ്ലക്കിന്‍റെ നേതൃത്വത്തില്‍ 2011ല്‍ രൂപംകൊണ്ട ഫ്യൂ തായ് മന്ത്രിസഭയ്ക്കു രണ്ടര വര്‍ഷമേ അധികാരത്തില്‍ തുടരാനായുള്ളൂ. അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സംബന്ധിച്ച് കേസുകള്‍ ഉണ്ടാവുകയും ഭരണഘടനാ കോടതി യിങ്ലുക്കിന് അഞ്ചു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. 

കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടര്‍ന്ന യിങ്ലക്കിനെ 2014ല്‍ ജനറല്‍ പ്രയുത് ചാന്‍ ഓച്ചയുടെ നേതൃത്വത്തില്‍ പട്ടാളം പുറത്താക്കി. 1932ല്‍ ഭരണഘടനാ വിധേയമായ രാജാധിപത്യം നിലവില്‍ വന്നശേഷം തായ്ലന്‍ഡില്‍ നടക്കുന്ന പന്ത്രണ്ടാമത്തെ പട്ടാള അട്ടിമറിയായിരുന്നു അത്. 

അഴിമതിക്കേസില്‍ സുപ്രീം കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കുന്നതിനു മുന്‍പ് യിങ്ലക്കും നാടുവിട്ടു. തിരിച്ചെത്തിയാല്‍ ജയിലിലാകുമെന്ന കാരണത്താല്‍ അവരും വിദേശത്തു കഴിയുകയായിരുന്നു. പട്ടാളത്തലവന്‍ ജനറല്‍ പ്രയുത് പിന്നീട് സ്വയം പ്രധാനമന്ത്രിയായി. അദ്ദേഹം  നയിക്കുന്ന ഗവണ്‍മെന്‍റിന്‍റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ മേയിലേത്. 2019ല്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായിരുന്നുവെങ്കിലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിനു സഹായകമായത് അതായിരുന്നു. 

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍റെ ഫലം പക്ഷേ, പ്രയുതിനെ ഞെട്ടിച്ചു. പട്ടാള ഇടപെടലിനെ എതിര്‍ക്കുന്ന രണ്ടു കക്ഷികള്‍ (മൂവ് ഫോര്‍വേഡ് എന്ന പുതിയ കക്ഷിയും തക്സിന്‍ ഷിനവത്രയുടെ മകള്‍ പെയ്ടോങ്ടാം നയിച്ച ഫ്യു തായ് പാര്‍ട്ടിയും) സീറ്റുകള്‍ തൂത്തുവാരി. മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ദാഹമാണ് അതില്‍ പ്രതിഫലിച്ചത്. 

പാര്‍ലമെന്‍റിന്‍റെ അധോസഭയായ 500 അംഗ പ്രതിനിധിസഭയില്‍ രണ്ടു കക്ഷികള്‍ക്കും കൂടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും കൂടുതല്‍ സീറ്റുകള്‍ കിട്ടി. പ്രയുതിന്‍റെ യുനൈറ്റഡ് തായ് നേഷന്‍ പാര്‍ട്ടിക്ക് അഞ്ചാം  സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.  

പക്ഷേ, പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് 500 അംഗ പ്രതിനിധിസഭ തനിച്ചല്ല, 250 അംഗ സെനറ്റും കൂടിച്ചേര്‍ന്നാണ്. സ്ഥാനാര്‍ഥിക്കു ഇരു സഭകളിലും കൂടി ഭൂരിപക്ഷം കിട്ടിയിരിക്കണം. പക്ഷേ, സെനറ്റിലെ മുഴുവന്‍ അംഗങ്ങളും പട്ടാളം നോമിനേറ്റ് ചെയ്യുന്നവരായതിനാല്‍ പട്ടാളത്തിന് ഇഷ്ടമല്ലാത്ത ആര്‍ക്കും പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. 

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പില്‍ സെനറ്റിനും പങ്കുണ്ടായിരിക്കണമെന്നു ജനറല്‍ പ്രയുതിന്‍റെ ഗവണ്‍മെന്‍റ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതിന്‍റെ ഉദ്ദേശ്യംതന്നെ അതായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ശ്രമം മൂന്നു മാസമായി വിജയിക്കാതിരുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.

ഫ്യു തായ് പാര്‍ട്ടിയെ മറികടന്നു മൂവ് ഫോര്‍ഫേഡ് പാര്‍ട്ടി ഒന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഈ തിരഞ്ഞെടുപ്പിന്‍റെ സുപ്രധാനമായ അനന്തരഫലം. 2019ലെ തിരഞ്ഞെടുപ്പില്‍ മുന്‍നിരയിലുണ്ടായിരുന്നതും പിന്നീടു നിരോധിക്കപ്പെടുകയും ചെയ്ത  ഫ്യൂച്ചര്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ പുനരവതാരമാണിത്. യുഎസ് സര്‍വകലാശാലാ ബിരുദങ്ങളുള്ള മുന്‍ ബിസിനസുകാരനായ പിറ്റ ലിംജറോന്‍രറ്റ് എന്ന നാല്‍പത്തിരണ്ടുകാരന്‍ അതിനെ നയിക്കുന്നു. 

പട്ടാളത്തിന്‍റെയും വന്‍ബിസിനസുകാരുടെയു രാജകൊട്ടാര സില്‍ബന്ധികളുടെയും നിയന്ത്രണത്തില്‍നിന്നു തായ്ലന്‍ഡിനെ മോചിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഫ്യു തായ് ഉള്‍പ്പെടെയുള്ള മറ്റു ചില കക്ഷികള്‍ക്കും ഈ അഭിപ്രായമുണ്ടെങ്കിലും അവരെപ്പോലെ അക്കാര്യം പച്ചയായി തുറന്നു പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. 

അക്കാരണത്താല്‍തന്നെ പുതിയ ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ മൂവ് ഫോര്‍വേഡിന് അവസരം നിഷേധിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നിയമ ലംഘനത്തിന്‍റെ പേരില്‍ അവരുടെ നേതാവിന്‍റെ പാര്‍ലമെന്‍റ് അംഗത്വം ഭരണഘടനാ കോടതി റദ്ദാക്കുകയും ചെയ്തു. 

പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഫ്യൂ തായ് പാര്‍ട്ടിക്ക് അവസരം ലഭിച്ചത് അങ്ങനെയാണ്. അവരെ പിന്തുണയ്ക്കാന്‍ മൂവ് ഫോര്‍വേഡ് തയാറായെങ്കിലും ഫ്യൂ തായ് തിരസ്ക്കരിച്ചു. പട്ടാളത്തിന്‍റെയും അവരെ അനുകൂലിക്കുന്നവരുടെയും കക്ഷികള്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം കക്ഷികളുടെ പിന്തുണ അവര്‍ സ്വീകരിക്കുകയും ചെയ്തു.

അവരുടെ സ്ഥാനാര്‍ഥിയായ സ്രേത്ത താവിസിന്‍ എന്ന അറുപതുകാരനെ അങ്ങനെ തായ്ലന്‍ഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി പാര്‍ലമെന്‍റ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഓഗസ്റ്റ് 22) തിരഞ്ഞെടുത്തു. മുന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഇദ്ദേഹം. ഫ്യൂ തായ് പാര്‍ട്ടിയും പട്ടാളവും തമ്മിലുണ്ടായ രഹസ്യ ധാരണയുടെ ഫലമാണ് ഇതെന്നു സംശയിക്കപ്പെടുന്നു. 

അതേദിവസം തന്നെ ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് മുന്‍പ്രധാനമന്ത്രി തക്സിന്‍ നാട്ടില്‍ തിരിച്ചെത്തിയതും അതിനെ തുടര്‍ന്നുണ്ടായ മറ്റു ചില സംഭവങ്ങളും ഈ സംശയം ബലപ്പെടുത്തുന്നു. തക്സിന്‍ സിംഗപ്പൂരില്‍നിന്നു സ്വകാര്യ വിമാനത്തില്‍ വന്നിറങ്ങിയ ഉടനെ അദ്ദേഹത്തെ സുപ്രീംകോടതിയിലേക്കു കൊണ്ടുപോയി. നേരത്തെ വിധിച്ച എട്ടുവര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കാനായി  സുപ്രീംകോടതി അദ്ദേഹത്തെ ജയിലിലേക്കയച്ചു. 

ജയിലില്‍ ഭേദപ്പെട്ട സൗകര്യങ്ങളുള്ള മുറി കിട്ടിയെങ്കിലും അധികനേരം അവിടെ കഴിയേണ്ടിവന്നില്ല. എഴുപത്തിനാലുകാരനായ തക്സിനു രാത്രി നെഞ്ചുവേദനയും അമിത രക്തസമ്മര്‍ദ്ദവും ഉണ്ടായത്രേ. ഉടന്‍തന്നെ അദ്ദേഹത്തെ പൊലീസിന്‍റെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ വിഐപികള്‍ക്കുള്ള സ്വീറ്റില്‍ കഴിയുന്നു.  

അവിടെ നിന്ന് അദ്ദേഹം ജയില്‍ മോചനത്തിനുവേണ്ടി മഹാവജിരലോംഗോണ്‍ രാജാവിനു ദയാഹര്‍ജി അയക്കുമത്രേ. പുതിയ സാഹചര്യത്തില്‍ രാജാവ് അതു സ്വീകരിക്കാതിരിക്കുമെന്ന അധികമാരും കരുതുന്നില്ല. ശിക്ഷ തീര്‍ത്തും  റദ്ദായില്ലെങ്കിലും ശിക്ഷാ കാലാവധിയില്‍ കാര്യമായ ഇളവ് കിട്ടാനിടയുണ്ട്.  

തായ് രാഷ്ട്രീയ രംഗത്തു ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന അനിശ്ചിതത്വത്തിനു ഇളകിമറിയലിനും ഇത് അന്ത്യം കുറിക്കുമെന്നു കരുതപ്പെടുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ കക്ഷി അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടത് ജനാധിപത്യത്തിനു സംഭവിച്ച ഒരു തിരിച്ചടിയായി അവശേഷിക്കുകയാണെന്ന അഭിപ്രായവും പരക്കേ നിലനില്‍ക്കുകയാണ്.  

പട്ടാളം, വന്‍ബിസിനസുകാര്‍, രാജകൊട്ടാര സ്വേവകര്‍ എന്നിവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അനുവദിക്കില്ലെന്ന നിലപാടില്‍നിന്നു ഫ്യൂ തായ് പെട്ടെന്നു വ്യതിചലിച്ചത് ആ കക്ഷിയിലെതന്നെ പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlight - Thai politics | Thaksin Shinawatra | Collusive politics | Thailand elections | Military intervention in Thai politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS