രണ്ടര വര്‍ഷം മുന്‍പ് പട്ടാളം വീണ്ടും അധികാരം പിടിച്ചടക്കിയതിനു ശേഷമുളള മ്യാന്‍മറിന്‍റെ അവസ്ഥയെന്താണ്? പട്ടാള അട്ടിമറിയെ തുടര്‍ന്നു വീണ്ടും തടങ്കലിലായ ജനാധിപത്യ പ്രസ്ഥാന നേതാവ് ഓങ് സാന്‍ സൂചിയുടെ സ്ഥിതിയെന്ത്?
ഈ ചോദ്യങ്ങള്‍ ലോകത്ത് അധികമാരെയും അസ്വസ്ഥമാക്കുന്നില്ലെന്നു തോന്നുന്നു. അതിനിടയിലാണ് രണ്ടു സംഭവങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നത്. 78 വയസ്സുള്ള സൂചി രോഗബാധിതയാണെന്നും ഫലപ്രദമായ ചികില്‍സ നല്‍കാന്‍ പട്ടാള ഭരണകൂടം വിസമ്മതിക്കുകയാണെന്നും മകന്‍ കിം ആരിസ് ലണ്ടനില്‍നിന്നു ചൂണ്ടിക്കാട്ടിയതാണ് അവയിലൊന്ന്.
മോണരോഗം ബാധിച്ച സൂചിക്ക് അതുകാരണം ദിവസങ്ങളായി ഭക്ഷണം കഴിക്കാനാവുന്നില്ല, ഇടയ്ക്കിടെ ഛര്‍ദ്ദിയും തലകറക്കവും രക്തസമ്മര്‍ദ്ദത്തിന്‍റെ പ്രശ്നങ്ങളും ഉണ്ടാകുന്നു, ഈ സ്ഥിതി തുടര്‍ന്നാല്‍ അവരുടെ ജീവന്‍തന്നെ അപകടത്തിലാവും - ഇങ്ങനെയാണ് ഒരു ടിവി അഭിമുഖത്തില്‍ കിം ആരിസ് വിവരിച്ചത്. ജയില്‍ ഡോക്ടറുടെ മാത്രം ചികില്‍സയുമായി മുന്നോട്ടു പോകുന്ന അധികൃതര്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധ ഡോക്ടറുടെ സഹായം തേടാനോ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാനോ സമ്മതിക്കുന്നില്ലത്രേ.
ക്രൂരവും നിന്ദ്യവുമായ നടപടിയെന്നാണ് കിം ആരിസ് ഇതിനെ വിശേഷിപ്പിക്കുന്നത്. സൂചിയുടെ ജീവന്‍ രക്ഷിക്കാനും അവരെ മോചിപ്പിക്കാനും രാജ്യാന്തര സമൂഹം സത്വരമായി ഇടപെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുമുണ്ട്. ലണ്ടനില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ രണ്ടു പുത്രന്മാരില്‍ ഒരാള്‍ മാതാവിനുവേണ്ടി ഇങ്ങനെ ശബ്ദമുയര്‍ത്തുന്നത് ഇതാദ്യമാണ്.
തങ്ങളുടെ ഇടപെടല്‍ സൂചിക്കു ദോഷംചെയ്യുമെന്ന ഭയത്താല്‍ കിമ്മും സഹോദരന്‍ അലക്സാന്‍ഡറും അതില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. പിതാവ് മൈക്കല്‍ ഹാരിസിനോടൊപ്പം 1991ല്‍ മാതാവിനുവേണ്ടി നൊബേല്‍ സമാധാനസമ്മാനം ഏറ്റുവാങ്ങിയപ്പോള്‍ മാത്രമാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നതും.
തിരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ ഗവണ്‍മെന്‍റിനെ ഏറ്റവും ഒടുവില്‍ പട്ടാളം പുറത്താക്കുകയും അധികാരം സ്വയം പിടിച്ചെടുക്കുകയും ചെയ്തത് 2021 ഫെബ്രുവരിയിലാണ്. അതിനു മുന്‍പുളള അഞ്ചു വര്‍ഷം ഭരണത്തിലായിരുന്ന ഓങ്സാന്‍ സൂചി ഉള്‍പ്പെടെയുള്ള സിവിലിയന്‍ നേതാക്കളെ അവര്‍ തടങ്കലിലാക്കുകയും ചെയ്തു. അന്നുമുതല്‍ രാജ്യം ഇളകിമറിയുകയായിരുന്നു.
പ്രതിഷേധ പ്രകടനങ്ങളെ നിഷ്ക്കരുണം അടിച്ചമര്‍ത്തുകയാണ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ്ങിന്‍റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം. ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. അഭയാര്‍ഥികളായവരും അസംഖ്യം. പട്ടാള അട്ടിമറിയുടെ പിന്നാലെ രാജ്യത്തുടനീളം ഒരു വര്‍ഷത്തേക്കു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ആറു മാസം കൂടമ്പോള്‍ പുതുക്കിക്കൊണ്ടിരിക്കുന്നു.
ഒരു കൊല്ലത്തിനുശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും അധികാരം ജനങ്ങള്‍ക്കു കൈമാറുകയും ചെയ്യുമെന്നു പട്ടാളഭരണകൂടം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. അടിയന്തരാവസ്ഥ പിന്‍വലിക്കാതെ തിരഞ്ഞെടുപ്പ് നടത്താനുമാവില്ല.
മ്യാന്‍മര്‍ കൂടി ഉള്‍പ്പെടുന്ന പത്തംഗ ആസിയാന്‍ (തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്ര സംഘടന) ഇതു സംബന്ധിച്ച് പ്രകടിപ്പിച്ചുവരുന്ന അസംതൃപ്തിയും പ്രതിഷേധവുമാണ് മ്യാന്‍മറിലെ സ്ഥിതിഗതികളിലേക്കു ഇപ്പോള്‍ വീണ്ടും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു സംഭവവികാസം. ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ അഞ്ച്) മുതല്‍ മൂന്നു ദിവസം നടന്ന 43ാമത് ആസിയാന്‍ ഉച്ചകോടി അക്കാരണത്താല്‍ പതിവില്‍ കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.
ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം, ലാവോസ്േ, ബ്രൂണയ്, കംബോഡിയ, ഫിലിപ്പീന്‍സ്, മ്യാന്‍മര്‍ എന്നിവ അടങ്ങിയതാണ് 1967ല്‍ ജകാര്‍ത്ത ആസ്ഥാനമായി രൂപംകൊണ്ട ആസിയാന്‍. മ്യാന്‍മറിന് അതില്‍ അംഗത്വം ലഭിച്ചത് 30 വര്‍ഷത്തിനുശേഷമാണ്. അവിടെ ഭരണം പട്ടാള നിയന്ത്രണത്തിലാണെന്നതും ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നതും അത്രയും കാലം അംഗത്വം ലഭിക്കാന്‍ തടസ്സമാവുകയായിരുന്നു.
ജക്കാര്‍ത്തയിലെ ഇത്തവണത്തെ ആസിയാന്‍ ഉച്ചകോടി നടന്നത് മ്യാന്‍മര്‍ ഇല്ലാതെയാണ്. ആ രാജ്യത്തിന്‍റെ ഇരിപ്പിടം ഒഴിച്ചിട്ടു. മ്യാന്‍മറിലെ സ്ഥിതിഗതികളില്‍ ആസിയാനുള്ള അതൃപ്തിയും അനിഷ്ടവുമാണ് അതിലൂടെ ഒരിക്കല്‍കൂടി പ്രകടമായത്.
സ്ഥിതിഗതികള്‍ നേരെയാക്കാനുള്ള ഒരു അഞ്ചിന പരിപാടി നടപ്പാക്കാന്‍ 2021ല്‍തന്നെ ആസിയാനുമായി മ്യാന്‍മര്‍ പട്ടാളഭരണകൂടം ഒത്തുതീര്‍പ്പിലെത്തുകയുണ്ടായി. എന്നാല്‍, അതനുസരിച്ച് നടപടികളെടുക്കുന്നതില്‍ രണ്ടു വര്‍ഷത്തിനുശേഷവും അവര്‍ വീഴ്ച വരുത്തി. ഈ ഉച്ചകോടിയിലേക്കു മ്യാന്‍മറിനെ ക്ഷണിക്കാതിരിക്കാനുള്ള തീരുമാനം അതിനെ തുടര്‍ന്നുണ്ടായതാണ്. 2026ലെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം മ്യാന്‍മറിനു നുഷ്ടപ്പെടുകയും ചെയ്യും.
വര്‍ഷംതോറുമുള്ള ആസിയാന്‍ ഉച്ചകോടിയുടെ വേദി നിശ്ചയിക്കുന്നത് അംഗരാജ്യങ്ങളുടെ പേരുകളിലെ ഇംഗ്ളീഷ് ആദ്യാക്ഷര ക്രമം അനുസരിച്ചാണ്. 2023ലെ ഉച്ചകോടി ഇന്തൊനീഷ്യയില്‍ നടന്ന സ്ഥിതിക്കു 2024ല്‍ ലാവോസും 2025ല്‍ മലേഷ്യയും 2026ല്‍ മ്യാന്‍മറുമാണ് ഉച്ചകോടിക്ക് വേദിയാകേണ്ടത്. നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മ്യാന്‍മറിനെ അതില്‍നിന്ന് ഒഴിവാക്കുകയാണ്. അതിനു പകരം 2026ലെ ഉച്ചകോടി ഫിലിപ്പീന്‍സിലായിരിക്കുമത്രേ. മ്യാന്‍മറിന് ഇനിയൊരു അവസരം കിട്ടണമെങ്കില്‍ പത്തു വര്‍ഷംകൂടി കഴിയേണ്ടിവരുമെന്നര്‍ഥം.
പക്ഷേ, ഇതുകൊണ്ടൊന്നും മ്യാന്‍മറിലെ പട്ടാള നേതൃത്വത്തിന്‍റെ നിലപാടില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് അധികമാരും കരുതുന്നില്ല. ബ്രിട്ടനില്‍നിന്നു 1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള 75 വര്‍ഷത്തിനിടയില്‍ ഏറ്റവും അധികകാലം രാജ്യം ഭരിച്ചത് പട്ടാളമാണ്. ജനാധിപത്യത്തിന്‍റെ കുളിര്‍കാറ്റേല്‍ക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടായത് ചുരുങ്ങിയ കാലത്തെ ചില ഇടവേളകളില്‍ മാത്രം.
മുന്‍പ് ബര്‍മ്മ എന്നറിയപ്പെട്ടിരുന്ന ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനെതിരെ പോരാടിയ സായുധ സേനയുടെ തലവനായിരുന്ന ജനറല്‍ ഓങ് സാന്‍റെ മകളാണ് സൂചി. സ്വാതന്ത്ര്യത്തിന്‍റെ 14ാംവര്‍ഷത്തില്‍ 1962ലായിരുന്നു ആദ്യത്തെ പട്ടാള അട്ടിമറി.
രാഷ്ട്രീയ താല്‍പര്യമില്ലാതിരുന്നു സൂചി ഉപരിപഠനത്തിനായി ഇംഗ്ളണ്ടിലേക്കു പോയതായിരുന്നു. മൈക്കല്‍ ആരിസ് എന്ന ബ്രിട്ടീഷ് ചരിത്രകാരനെ വിവാഹം ചെയ്യുകയും അവിടെതന്നെ താമസമാക്കുകയും ചെയ്തു. പക്ഷേ, രോഗശയ്യയിലായിരുന്ന മാതാവിനെ കാണാന്‍ 1988ല്‍ നാട്ടിലെത്തിയ സൂചി ലണ്ടനിലേക്കു മടങ്ങിപ്പോയില്ല. നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എല്‍എഫ്ഡി) എന്ന രാഷ്ട്രീയ കക്ഷിക്കു രൂപം നല്‍കുകയും പട്ടാള ഭരണത്തിന് എതിരായ സമരത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
അതിന്‍റെ പേരില്‍ പലതവണയായി 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. ഭര്‍ത്താവ് കാന്‍സര്‍ രോഗബാധിതനായി മരണാസന്നനായപ്പോള്‍ ലണ്ടനില്‍പോയി അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനും 1999ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ ശവസംസ്ക്കാരത്തില്‍ പങ്കെടുക്കാനും അവര്‍ക്കായില്ല.
ഒടുവില്‍, രാജ്യാന്തര സമ്മര്‍ദ്ദം കാരണം, 2011ല്‍ പട്ടാളത്തിന്‍റെ നിയന്ത്രണങ്ങളില്‍ അയവുവരാന്‍ തുടങ്ങുകയും വീട്ടുതടങ്കലില്‍നിന്നു സൂചി മോചിതയാവുകയും ചെയ്തു. 2015ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ അതംഗീകരിക്കാനും പുതിയ ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ അവരെ അനുവദിക്കാനും പട്ടാളം തയാറായി.
പക്ഷേ, പ്രസിഡന്‍റ് സ്ഥാനം സൂചിക്കു നിഷേധിക്കപ്പെട്ടു. കാരണം, വിദേശ പൗരന്മാരായ മക്കളോ ഭാര്യാഭര്‍ത്താക്കന്മാരോ ഉള്ളവര്‍ പ്രസിഡന്‍റാവാന്‍ അര്‍ഹരല്ലെന്നു ഭരണഘടനയില്‍ പട്ടാളം എഴുതിച്ചേര്‍ത്തിരുന്നു. സ്റ്റേറ്റ് കൗണ്‍സലര്‍ സ്ഥാനമാണ് സൂചിക്കു ലഭിച്ചത്. ആ നിലയില്‍ സൂചിതന്നെയാണ് ഫലത്തില്‍ ഭരണത്തിനു നേതൃത്വം നല്‍കിയിരുന്നതും.
ആ ഗവണ്‍മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ 2020 നവംബറില്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 83 ശതമാനം സീറ്റുകളും നേടിയത് സൂചിയുടെ കക്ഷിയായിരുന്നു. പട്ടാളത്തെ അനുകൂലിക്കുന്നവര്‍ തറപറ്റി. ഇതു പട്ടാളത്തെ ഞെട്ടിക്കുകയും രാജ്യത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും തങ്ങള്‍ക്കു നഷ്ടപ്പെടുമെന്ന ഭയം അവരെ പിടികൂടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് ഏതാനും മണിക്കൂറുകള്‍ക്കകം സമ്മേളിക്കാനിരിക്കേ അവര്‍ വീണ്ടും ഭരണം പിടിച്ചടക്കുകയും ചെയ്തു. അന്നു മുതല്‍ സൂചി വീണ്ടും തടങ്കലിലായി.
പട്ടാള ഭരണകൂടം ചുമത്തിയ 19 കേസുകളുടെ അടിസ്ഥാനത്തില്‍ സൂചി 33 വര്‍ഷം വരെയുള്ള തടവിനു ശിക്ഷിക്കപ്പെട്ടു. പിന്നീട് അഞ്ചു കേസുകളില്‍ ഗവണ്‍മെന്‍റ് അവര്‍ക്കു മാപ്പ് നല്‍കിയതിനെ തുടര്‍ന്നു ശിക്ഷാകാലാവധി 27 ആയി കുറഞ്ഞു. എങ്കിലും, ഫലത്തില്‍ ജീവപര്യന്തം തടവ് തന്നെ. അവരെ കാണാന്‍ എതാനും മാസങ്ങളായി അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Content Highlights: Videsharangam | Opinion | Column