അന്‍പത് വര്‍ഷം മുന്‍പ് ചിലെയില്‍ സംഭവിച്ചത്

HIGHLIGHTS
  • പട്ടാള അട്ടിമറിയില്‍ രാഷ്ട്രത്തലവനു ദാരുണ മരണം
  • തുടര്‍ന്നുണ്ടായത് 17 വര്‍ഷം നീണ്ടുനിന്ന സൈനിക സ്വേഛാധിപത്യം
CHILE-ELECTIONS-VOTE
അഗസ്റ്റോ പിനോഷെയുടെ പ്രതിമ. ഫയൽ ചിത്രം: Martin BERNETTI / AFP
SHARE

സെപ്റ്റംബര്‍ 11 എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും ഓര്‍മയില്‍ ഓടിയെത്തുക 2001ലെ ആ ദിവസം അമേരിക്കയില്‍ നടന്ന ഭീകരാക്രമണമായിരിക്കും. എന്നാല്‍ അതിനു 28 വര്‍ഷം മുന്‍പ്തന്നെ ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവത്തിനു സെപ്റ്റംബര്‍ 11 സാക്ഷ്യം വഹിക്കുകയുണ്ടായി.   

തെക്കെ അമേരിക്കയിലെ ചിലെയില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റിനെ പട്ടാളം അട്ടിമറിക്കുകയും അതിനിടയില്‍ പ്രസിഡന്‍റ് സാല്‍വദോര്‍ അയന്‍ഡെ മരിക്കുകയും ചെയ്തത് 1973 സെപ്റ്റംബര്‍ 11നാണ്. ചിലെ ഉള്‍പ്പെടെ തെക്കെ അമേരിക്കയിലെ പല രാജ്യങ്ങളിലും അതിനുമുന്‍പും ശേഷവും പട്ടാളം അധികാരം പിടിച്ചടക്കുകയുണ്ടായി. എങ്കിലും ചിലെയിലെ സംഭവത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ലോകത്ത് ഒരു രാജ്യത്തു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ മാര്‍ക്സിസ്റ്റ് നേതാവായിരുന്നു അയന്‍ഡെ. 

അക്കാരണത്താല്‍ അയന്‍ഡെയുടെ പതനവും മരണവും രാജ്യാന്തര തലത്തില്‍ കോളിളക്കം സൃഷ്ടിച്ചു. 17 വര്‍ഷം നീണ്ടുനിന്ന നിഷ്ഠുരമായ സൈനിക സ്വേഛാധിപത്യത്തിന് തുടക്കം കുറിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം കടന്നുപോയത് ആ സംഭവത്തിന്‍റെ 50ാം വാര്‍ഷികമാണ്. 

അല്‍ഖായിദ ഭീകരര്‍ നടത്തിയ 2001ലെ ആക്രമണത്തില്‍ അമേരിക്ക ഇരയായിരുന്നു. 1973ല്‍ വേട്ടക്കാരോടൊപ്പം കൂടി എന്ന ആരോപണത്തെയാണ് നേരിടേണ്ടിവന്നത്. റിച്ചഡ് നിക്സനായിരുന്നു അന്നു യുഎസ് പ്രസിഡന്‍റ്. അദ്ദേഹത്തിന്‍റെ വിദേശനയത്തിനു രൂപം നല്‍കിയിരുന്നത് അതീവ തന്ത്രശാലിയായി അറിയപ്പെട്ടിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഹെന്‍ട്രി കിസ്സിഞ്ജറും. ചിലിയില്‍ തുടര്‍ന്നുണ്ടായ സൈനിക സ്വേഛാധിപത്യത്തിലെ അതിക്രമങ്ങളെയും നിഷഠുരതകളെയും പിന്തുണച്ചുവെന്ന ആക്ഷേപത്തെയും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു.  

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡവും വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഭാഗമായ മധ്യ അമേരിക്കയും സമീപ മേഖലയിലുള്ള കരീബിയന്‍ കടലിലെ ദ്വീപുകളും അടങ്ങുന്ന ലാറ്റിന്‍ അമേരിക്കയെ യുഎസ് ഭരണകൂടം കണ്ടിരുന്നത് അവരുടെ പിന്നാമ്പുറമായിട്ടാണ്. അവിടെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ അധികാരത്തിലെത്തുന്നത് അവരെ ഭയപ്പെടുത്തുകയായിരുന്നു. 1959ലെ ക്യൂബന്‍ വിപ്ളവത്തോടെ ആ ഭയം യുഎസ് വിദേശനയത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായി.  

കരീബിയന്‍ കടലിലെ ദ്വീപ് രാജ്യമായ ക്യൂബയില്‍ ഫിദല്‍ കാസ്ര്ട്രോയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ വിപ്ളവകാരികള്‍ ഭരണം പിടിച്ചടക്കിയത് കടുത്ത യുഎസ് അനുകൂലിയായ ഏകാധിപതിയെ അട്ടിമറിച്ചുകൊണ്ടാണ്. വ്യവസായങ്ങള്‍ കാസ്ട്രോ ദേശസാല്‍ക്കരിക്കുകയും ഭൂപരിഷ്ക്കരണം നടപ്പാക്കുകയും ചെയ്തു. 

വന്‍കിട വ്യവസായികളിലും ഭൂവുടമകളിലും അധികപേരും അമേരിക്കക്കാരായതിനാല്‍ ഇതെല്ലാം ദോഷകരമായി ബാധിച്ചത് മുഖ്യമായും അമേരിക്കക്കാരെയായിരുന്നു. ചാരവിഭാഗമായ സിഐഎ ഉപയോഗിച്ചു കാസ്ട്രോ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ ക്യൂബയെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായ സോവിയറ്റ് യൂണിയന്‍റെ പാളയത്തിലെത്തിക്കുകയും ചെയ്തു.  

യുഎസ്-സോവിയറ്റ് ശീതയുദ്ധത്തിന്‍റെ ഭാഗമായിത്തീര്‍ന്നു ക്യൂബ. അവിടെ സോവിയറ്റ് യൂണിയന്‍ ആണവ മിസൈലുകള്‍ സ്ഥാപിക്കുകയും അവ നീക്കം ചെയ്യാന്‍ അമേരിക്ക അന്ത്യശാസനം നല്‍കുകയും തുടര്‍ന്ന് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ 1962ല്‍ ആണവ യുദ്ധത്തിന്‍റെ വക്കോളമെത്തുകയും ചെയ്തത് ലോകത്തു പൊതുവില്‍തന്നെ ഉള്‍ക്കിടിലമുണ്ടാക്കിയ മറ്റൊരു സംഭവവികാസമായിരുന്നു. 

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ മൂലയില്‍ ശാന്തസമുദ്ര തീരത്തു കിടക്കുന്ന ചിലെയില്‍ കടുത്ത മാര്‍ക്സിസ്റ്റുകാരനായ ഡോ. സാല്‍വദോര്‍ അയന്‍ഡെ 1970 നവംബറില്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ആ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ്. അയന്‍ഡെയെ തടയാന്‍ സിഐഎ പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അദ്ദേഹത്തിന്‍റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിനു പാര്‍ലമെന്‍റില്‍ നേരിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളുവെന്ന വസ്തുതയും അവര്‍ക്കു സഹായകമായില്ല. 

സ്ഥാനമേറ്റ ശേഷം അയന്‍ഡെ തന്‍റെ സോഷ്യലിസ്റ്റ് നടപരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ തുടങ്ങി. രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ചെമ്പ് ഖനികള്‍ ദേശസാല്‍ക്കരിച്ചു. ഇവയില്‍ മിക്കതും യുഎസ് ഉടമസ്ഥതിയിലുള്ളതായിരുന്നു. അതിനിടയില്‍തന്നെ അയന്‍ഡെ ഗവണ്‍മെന്‍റിനെതിരെ പ്രതിപത്തിന്‍റെ പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടു. അതിന്‍റെ പിന്നിലൂം സിഐഎയുടെ കരങ്ങളുണ്ടായിരുന്നുവെന്നാണ് പിന്നീടുണ്ടായ ആരോപണം. 

കൂസലില്ലാതെ അയന്‍ഡെ മുന്നോട്ടുപോയപ്പോള്‍ അദ്ദേഹത്തെ ബലംപ്രയോഗിച്ചു പുറത്താക്കുകയേ നിവൃത്തിയുള്ളൂവെന്ന ചിന്ത എതിരാളികളില്‍ ശക്തിപ്പെട്ടു. അതിനുവേണ്ടിയുള്ള സഹായംതേടി സിഐഎ ആദ്യം സമീപിച്ചത് ചിലെയുടെ സെന്യാധിപനായ ജനറല്‍ റെനെ ഷ്നീഡറെയായിരുന്നുവത്രേ. അദ്ദേഹം സഹകരിക്കാന്‍ തയാറായില്ല. അധിക നാളുകള്‍ക്കകം ദുരൂഹസാഹചര്യത്തില്‍ ഷ്നീഡര്‍ കൊല്ലപ്പെട്ടു.  

അദ്ദേഹത്തിന്‍റെ ഒഴിവില്‍ സൈന്യാധിപനായി അയന്‍ഡെ നിയമിച്ചതായിരുന്നു ജനറല്‍ ഓഗസ്റ്റിനോ പിനോഷെയെ. അയന്‍ഡെയ്ക്ക് അധികാരം മാത്രമല്ല, ജീവന്‍തന്നെ നഷ്ടപ്പെടാന്‍ അതു കാരണമാവുകയും ചെയ്തു. തലസ്ഥാനമായ സാന്‍റിയാഗോ നഗരത്തിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരം ബോംബിട്ടു തകര്‍ത്തുകൊണ്ടായിരുന്നു 1973 സെപ്റ്റംബര്‍ 11 രാവിലെ പിനോഷെയുടെ നേതൃത്വത്തിലുള്ള പട്ടാള അട്ടിമറിയുടെ തുടക്കം. പ്രസിഡന്‍റിനെ കൊലപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തം. 

അയന്‍ഡെയുടെ മൃതദേഹം കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി. പ്രസിഡന്‍റിനെ തടവിലാക്കിയ പട്ടാളക്കാര്‍ അദ്ദേഹത്തെ വെടിവച്ചുകൊന്നു എന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. എന്നാല്‍, തന്‍റെ അംഗരക്ഷകരില്‍ ഒരാളുടെ തോക്ക് കൈവശപ്പെടുത്തി അദ്ദേഹം സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നു പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. 

പിനോഷെയുടെ സൈന്യത്തിന്‍റെ പിടിയിലായാല്‍ അതീവദുസ്സഹമായ പീഡനത്തിന് ഇരയാകേണ്ടിവരുമെന്ന ഭയമാണത്രേ അതിനുവേണ്ടി അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിനോഷെയുടെ  17 വര്‍ഷം നീണ്ടുനിന്ന  ഭരണത്തില്‍ തടങ്കല്‍ തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്ന പൈശാചികമായ മര്‍ദ്ദനങ്ങളെക്കുറിച്ച് പില്‍ക്കാലത്തുവന്ന വിവരങ്ങള്‍ അതിനെ ന്യായീകരിക്കുന്നു.

അയന്‍ഡെയെ അനുകൂലിക്കുന്നവരെയും പട്ടാള അട്ടിമറിയെ എതിര്‍ക്കുന്നവരെയും അത്തരക്കാരെന്നു സംശയിക്കുന്നവരെയും കൂട്ടത്തോടെ പിടികൂടുകയായിരുന്നു. സാന്‍റിയാഗോ നാഷനല്‍ സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയ തടങ്കല്‍പ്പാളയത്തില്‍ അവരെ വിചാരണ ചെയ്തു ശിക്ഷിച്ചു. അക്കൂട്ടത്തില്‍ യുവാക്കളും വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 

ആയിരക്കണക്കിന് ആളുകള്‍ക്കു വധശിക്ഷ നല്‍കി. മൂവായിരത്തോളം പേരെ കാണാതായി. അവര്‍ക്ക് എന്തു സംഭവിച്ചതാണെന്ന് ഇപ്പോഴും വ്യക്തമായ വിവരമില്ല. വധിച്ചശേഷം മൃതദേഹങ്ങള്‍ കടലിലോ അഗ്നിപര്‍വതങ്ങളിലോ തള്ളിയതായിരിക്കാം എന്നു കരുതപ്പെടുന്നു. അസംഖ്യമാളുകള്‍ നാടുവിട്ടുപോയി. 

അമേരിക്കയില്‍ നിക്സനുശേഷം പ്രസിഡന്‍റായവരില്‍ പിനോഷെയ്ക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയത് റോണള്‍ഡ് റെയ്ഗനായിരുന്നു. 1978ല്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചറില്‍നിന്നും നിര്‍ലോപമായ പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചു. അതിനിടയില്‍, ചിലെയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ലോകമൊട്ടുക്കും പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു.

സിവിലിയന്‍ വേഷത്തില്‍ അധികാരത്തില്‍ തുടരുന്നതിനുവേണ്ടി പിനോഷെ 1988ല്‍ നടത്തിയ ഹിതിപരിശോധനയുടെ ഫലം അദ്ദേഹത്തിന് എതിരായി. അങ്ങനെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. അതിനുശേഷം ചികില്‍സയ്ക്കുവേണ്ടി ലണ്ടനില്‍ പോയപ്പോള്‍ അവിടെ ഒരു ആശുപത്രിയില്‍ അറസ്റ്റിലാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭരണത്തില്‍ ചിലെയില്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കാണാതാവുകയും ചെയ്ത സ്പെയിന്‍ പൗരന്മാരുടെ ബന്ധുക്കള്‍ കൊടുത്ത കേസില്‍ സ്പെയിനിലെ ഒരു കോടതി പുറപ്പെടുവിച്ച വാറന്‍റിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

ആരോഗ്യ കാരണങ്ങളാല്‍ 16 മാസത്തിനുശേഷം മോചിതനായി പിനോഷെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവിടെയും ക്രിമിനല്‍ കേസുകള്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പക്ഷേ, വിചാരണയെ നേരിടേണ്ടിവന്നില്ല. വീട്ടുതടങ്കലില്‍ കഴിയവേ 2006ല്‍ 91ാം വയസ്സില്‍ മരിച്ചു.  

അതിനുശേഷം ഇടതുപക്ഷക്കാരും വലതു പക്ഷക്കാരും മാറിമാറി അധികാരത്തില്‍ എത്തിയ ചിലെയില്‍ ഇപ്പോള്‍ ഭരിക്കുന്നത് ഒന്നര വര്‍ഷം മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തേഴുകാരനായ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ്  ഗബ്രിയേല്‍ ബോറികാണ്. അര നൂറ്റാണ്ടുമുന്‍പ് നടന്ന ഭീകര സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രാജ്യം ഇക്കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 11) ഓര്‍മിക്കുമ്പോള്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ലാറ്റിന്‍ അമേരിക്കയിലെ സമാന ചിന്താഗതിക്കാരായ മറ്റു ചില രാഷ്ട്ര നേതാക്കളും സാന്‍റിയാഗോയില്‍ എത്തിച്ചേര്‍ന്നിരുന്നു.

Content Highlights: Chile | Army | Goverment | Opinion | Column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS