"എന്‍റെ മകനെപ്പറ്റി എനിക്ക് അഭിമാനമുണ്ട്. അവനെ എനിക്കു വലിയ ഇഷ്ടമാണ്." അമേരിക്കയിലെ പ്രസിഡന്‍റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു പറയാറുളളതാണിത്. പക്ഷേ, ബൈഡന്‍ ഇപ്പോള്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്നതിനു കാരണമായിരിക്കുന്നതും ആ മകനാണ്.
വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ചുഴിയില്‍ പെട്ടുപോയവര്‍ ബൈഡന്‍റെ മുന്‍ഗാമികളിലുമുണ്ട്. എന്നാല്‍, ആ സംഭവങ്ങളിലൊന്നും അവരുടെ മക്കളുടെയോമറ്റു കുടുംബാഗങ്ങളുടെയോ പേരുകള്‍ ഇത്രയും ഒച്ചപ്പാടുണ്ടാക്കുന്ന വിധത്തില്‍ ഉയര്‍ന്നുകേട്ടിരുന്നില്ല. വ്യത്യസ്തമായ ഒരു കഥയിലെ നായകനാവുകയാണ് ബൈഡന്‍റെ മകനും രാജ്യാന്തര ബിസിനസുകാരനുമായ ഹണ്ടര്‍ എന്ന റോബര്‍ട്ട് ഹണ്ടര്‍ ബൈഡന്‍.
അന്‍പത്തിമൂന്നുകാരനായ ഹണ്ടര്‍ മുന്‍പ് അഭിഭാഷകനും ബാങ്കറുമായിരുന്നു. പ്രസിഡന്‍റ് ബറാക് ഒബാമയുടെ കീഴില്‍ ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്ന കാലത്ത് (2009-2017) ചില വിദേശരാജ്യങ്ങളില്‍ ഹണ്ടര്‍ നടത്തിയ ബിസിനസ് ഇടപാടുകളാണ് അദ്ദേഹത്തിന്‍റെ പിതാവിന് ഒരു വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുന്നത്. അതാണെങ്കില്‍ അദ്ദേഹം രണ്ടാം തവണയും പ്രസിഡന്‍റാകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലും.
ഹണ്ടറുടെ സംശയാസ്പദമെന്നു പറയപ്പെടുന്ന ആ ഇടപാടുകളെപ്പറ്റി ബൈഡന് അറിയാമായിരുന്നുവെന്നും അവയിലൂടെ മകന്‍ മാത്രമല്ല, അദ്ദേഹവും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നുമാണ് ആരോപണം. വാസ്തവത്തില്‍ ഇതു പൂര്‍ണമായും ഒരു പുതിയ കാര്യമല്ല. ബൈഡനു പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള വഴിയൊരുക്കിയ 2020ലെ തിരഞ്ഞെടുപ്പിനു മുന്‍പ്തന്നെ ചര്‍ച്ചാവിഷയമായിരുന്നു.
ബൈഡന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപായിരുന്നു അതിനു കാരണക്കാരന്‍. ഹണ്ടറുടെ യുക്രെയിനിലെ ബിസിനസ് ബന്ധം ബൈഡനെതിരായ ഒരു ചുരുപ്പ് ചീട്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതു വിജയിച്ചില്ലെന്നു മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. 2019ല്‍ ട്രംപ് ആദ്യമായി കുറ്റവിചാരണയെ (ഇംപീച്ച്മെന്‍റ്) നേരിടാന്‍ ഇടയാക്കിയതുതന്നെ അതായിരുന്നു.
ഇപ്പോള്‍ ട്രംപിന്‍റെ റിപ്പബ്ളിക്കാര്‍ പാര്‍ട്ടിക്കാര്‍ ബൈഡനെ ഇംപീച്ച്ചെയ്യാന്‍ ഒരുങ്ങുകയാണ്. അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെടുന്നത്. ബൈഡന്‍ ഇതു നിഷേധിക്കുന്നു. പക്ഷേ, പ്രതിനിധി സഭയിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ സ്പീക്കല്‍ കെവിന്‍ മക്കാര്‍ത്തി ഇംപീച്ച്മെന്‍റിനു മുന്നോടിയായുളള അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.

പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ്, ഉന്നത കോടതികളിലെ ജഡ്ജിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഭരണഘടനാ പദവി വഹിക്കുന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രാജ്യദ്രോഹം, അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവ പോലുള്ള ആരോപണങ്ങള്‍ ഉണ്ടായാല്‍ അവരെ കുറ്റംചുമത്തി പുറത്താക്കാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്‍റ്.
പാര്‍ലമെന്‍റ് അഥവാ കോണ്‍ഗ്രസിന്‍റെ അധോസഭയായ പ്രതിനിധി സഭയാണ് കുറ്റം ചുമത്തുക. അതിനു കേവലഭൂരിപക്ഷം മതി. ഉപരിസഭയായ സെനറ്റ് വിചാരണ നടത്തുകയും കുറ്റംചെയ്തതായി കണ്ടാല്‍ പുറത്താക്കാനുളള നടപടിയെടുക്കുകയും ചെയ്യും. പക്ഷേ, അതിനു മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരിക്കണം.
പ്രതിനിധി സഭയില്‍ റിപ്പബളിക്കന്‍ പാര്‍ട്ടിക്കു നേരിയ ഭൂരിപക്ഷമുള്ളതിനാല്‍ ബൈഡനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനു സാധാരണഗതിയില്‍ അവിടെ തടസ്സമുണ്ടാവാനിടയില്ല. പക്ഷേ, സെനറ്റില്‍ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്കായതിനാല്‍ ബൈഡനെ പുറത്താക്കാനുള്ള ശ്രമം വിഫലമാവുകയേയുള്ളൂ.

ഇതുവരെ ആന്‍ഡ്രൂ ജോണ്‍സന്‍, ബില്‍ ക്ളിന്‍റന്‍, ഡോണള്‍ഡ് ട്രംപ് എന്നീ മൂന്നു പ്രസിഡന്‍റുമാര്‍ക്ക് എതിരെ നടന്ന ഇംപീച്ച്മെന്‍റ് ശ്രമങ്ങളുടെയും പര്യവസാനം അങ്ങനെയായിരുന്നു. മറ്റൊരാള്‍ (റിച്ചഡ് നിക്സന്‍) നടപടികള്‍ തീരുന്നതിനുകാത്തുനില്‍ക്കാതെ രാജിവച്ചു. ഏറ്റവുമൊടുവില്‍ ട്രംപിനെതിരെ നടന്ന രണ്ടു ഇംപീച്ച്മെന്‍റ് നടപടികളും സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്‍റ് ബൈഡനെ ഇംപീച്ച് ചെയ്യാന്‍ പ്രതിനിധിസഭയിലെ സ്പീക്കര്‍ മക്കാര്‍ത്തി തുടങ്ങിവച്ച ശ്രമം ആ സഭയില്‍തന്നെ വിജയിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ട്. കാരണം, ബൈഡനെ കുടുക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇനിയും കിട്ടിയിട്ടില്ലെന്നും ആ നിലയില്‍ ഇത്തരമൊരു നീക്കം തിരക്കുപിടിച്ചു നടത്തുന്നതു മണ്ടത്തരമാണെന്നും അവര്‍ കരുതുന്നു.
ഇംപീച്ച്മെന്‍റ്ിനു മുന്നോടിയായുള്ള അന്വേഷണത്തിനു സാധാരണഗതിയില്‍ പ്രതിനിധിസഭ തീരുമാനിക്കുന്നത് വോട്ടെടുപ്പ് നടത്തിയാണ്. എന്നാല്‍ സ്പീക്കര്‍ മക്കാര്‍ത്തി വോട്ടെടുപ്പ് നടത്താതെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ഫലം പ്രതികൂലമായേക്കാമെന്ന് അദ്ദേഹത്തിനു തന്നെയുള്ള സംശയമാണത്രേ അതിനു കാരണം. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കടുത്ത ട്രംപ് അനുകൂലികളുടെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങിയെന്നാണ് ആരോപണം. ഇല്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തുനിന്നു നീക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയത്രേ.
അവരുടെ ഉദ്ദേശ്യം അടുത്ത വര്‍ഷം നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ബൈഡനെ പരമാവധി നാറ്റിക്കുകയാണെന്നു വ്യക്തമാവുന്നു. 2020ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ട്രംപിനെ അപകീര്‍ത്തിപ്പെടുത്താൻ ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ വഴിവിട്ടു ശ്രമിച്ചുവെന്നും ട്രംപിനെതിരായ ഇംപീച്മെന്‍റ് അതിന്‍റെ ഭാഗമായിരുന്നുവെന്നും കരുതുന്നവരാണ് റിപ്പബ്ളിക്കന്മാര്‍. അവരെ സംബന്ധിച്ചിടത്തോളം അതിനു പകരം വീട്ടാനുള്ള സുവര്‍ണാവസരമാണിത്.
ചൈന, യുക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹണ്ടറുടെ ബിസിനസ് ബന്ധങ്ങള്‍ 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍തന്നെ ചര്‍ച്ചാവിഷയമായതു ബൈഡനുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു. ബൈഡന്‍ വൈസ്പ്രസിഡന്‍റ് ആയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പദവി ഹണ്ടര്‍ ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. മകനെ സഹായിക്കാനായി ബൈഡൻ യുക്രെയിനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ആരോപണവും ഉയരുകയുണ്ടായി.

യുക്രെയിനില്‍ പ്രകൃതി വാതക വ്യവസായമുള്ള ബുരിസ്മ എന്ന വന്‍ബസിനസ് സ്ഥാപനത്തിന്‍റെ ഡയരക്ടര്‍ ബോഡ് അംഗമായിരുന്നു ഹണ്ടര്‍. അതിനു മുന്‍പ് അത്തരം വ്യവസായങ്ങളുമായി ബന്ധമില്ലാതിരുന്ന ഹണ്ടര്‍ എങ്ങനെ ആ പദവിയിലെത്തിയെന്നതു പലര്‍ക്കും അല്‍ഭുതമായിരുന്നു.
ബുരിസ്മയ്ക്കെതിരെ യുക്രെയിനില്‍ കേസുണ്ടായി. അന്വേഷണം നടക്കുകയായിരുന്നു. അതിനു ചുക്കാന്‍ പിടിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്കു പെട്ടെന്നു സ്ഥാനചലനമുണ്ടായി. അതിനു കാരണം യുഎസ് വൈസ്പ്രസിഡന്‍റ് എന്ന നിലയില്‍ ബൈഡന്‍ യുക്രെയിന്‍ ഗവണ്‍മെന്‍റില്‍ ചെലുത്തിയ സമ്മര്‍ദ്ദമാണെന്നായിരുന്നു ആരോപണം.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റ്ാവുകയും 2020ലെ തിരഞ്ഞെടുപ്പില്‍ബൈഡന്‍ അദ്ദേഹത്തിന്‍റെ എതിരാളിയാവുകയും ചെയ്തതോടെ ആ സംഭവത്തിനു പുതിയൊരു മാനമുണ്ടായി. യുക്രെയിനിലെ പുതിയ പ്രസിഡന്‍റ് വൊളൊഡിമിര്‍ സെലന്‍സ്ക്കിയുമായി ട്രംപ് ഫോണില്‍ ബന്ധപ്പെടുകയും ബൈഡനെ കുടുക്കാന്‍ പറ്റിയ വിവരങ്ങള്‍ തനിക്കു കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുക്രെയിനു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്ന സാമ്പത്തിക സഹായം കൈമാറാന്‍ അതുവരെ താന്‍ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.
സ്വന്തം കാര്യ ലാഭത്തിനുവേണ്ടി വിദേശ സഹായം തേടുകയും അങ്ങനെ അധികാര ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തുവെന്നുള്ള വിമര്‍ശനം ട്രംപിനെതിരെ ഉയരാന്‍ ഇതു കാരണമായി. 2019ല്‍ ട്രംപിനെതിരെയുള്ള ആദ്യത്തെ ഇംപീച്ച്മെന്‍റ് നടപടിക്ക് അതു വഴിയൊരുക്കി. അതോടനുബന്ധിച്ചുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ ഹണ്ടറുടെ ബിസിനസ് ബന്ധങ്ങളെയും അവയിലെ ബൈഡന്‍റെ ഇടപെടലുകളെയും സംബന്ധിച്ച വിവാദം മുങ്ങിപ്പോവുകയും ചെയ്തു.

വൈസ്പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനത്തില്‍ ബൈഡന്‍ നടത്തിയ ചില വിദേശ യാത്രകളില്‍ ഹണ്ടറും ഒപ്പമുണ്ടായിരുന്നുവത്രേ. വിദേശ രാജ്യങ്ങളിലെ തന്‍റെ ബിസിനസ് പങ്കാളികളെ ഹണ്ടര്‍ പിതാവിനു പരിചയപ്പെടുത്തിക്കൊടുത്തുവെന്നും തന്‍റെ ബിസിനസ് സംരംഭങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ പിന്തുണയുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയെന്നുമുള്ള ആരോപണങ്ങളും അലയടിക്കുകയാണ്.
ഇതിനിടയില്‍തന്നെ ഹണ്ടര്‍ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്തു. 2018ല്‍ അദ്ദേഹം തോക്കു വാങ്ങിയത് ലഹരിമരുന്ന് ഉപയോഗിക്കുന്ന കാലത്തായിരുന്നു. അത്തരമാളുകള്‍ തോക്കു കൈവശം വയ്ക്കാന്‍ പാടില്ലെന്നു നിമയമുണ്ട്. പക്ഷേ, ഹണ്ടര്‍ സത്യം മറച്ചുപിടിച്ചു. കുറ്റക്കാരനെന്നു വിധിയുണ്ടായാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരും. മദ്യത്തിനും ലഹരി മരുന്നിനും അടിമയായിരുന്ന ഹണ്ടര്‍ അതില്‍നിന്നു മോചനം നേടാന്‍ നടത്തിയ സമരത്തിന്‍റെ കഥയും ഇതോടൊപ്പം ചര്‍ച്ചാവിഷയമാകുന്നു.
Content Highlight: Hunter Biden | legal troubles | US president | Joe Biden | California | Republicans | Democrat