വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കന്‍ മേഖലയില്‍ പരന്നു കിടക്കുന്ന കാനഡ ഒരു വലിയ രാജ്യവും ഭേദപ്പെട്ട സാമ്പത്തിക ശക്തിയുമാണെങ്കിലും മാധ്യമ ശ്രദ്ധയില്‍ അധികമൊന്നും സ്ഥലം പിടിക്കാറില്ല. പക്ഷേ, ഇന്ത്യയുടെ നേരെ പെട്ടെന്നു ശത്രുതാപരമായ നിലപാടു സ്വീകരിച്ചുകൊണ്ട് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലോകത്തെ പൊതുവില്‍ അമ്പരപ്പിച്ചിരിക്കുകയാണ്.
അടുത്ത കാലത്ത് കാനഡയില്‍നിന്ന് ആദ്യം പുറത്തുവന്നതു സഹതാപം ഉണര്‍ത്തുന്ന ഒരു വിവാഹമോചന വാര്‍ത്തയായിരുന്നു. 18 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ട്രൂഡോയും (51) ഭാര്യ സോഫി ഗ്രിഗോയിറും പിരിയുകയാണെന്നായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റിലെ ആ വാര്‍ത്ത. എങ്കിലും മൂന്നു മക്കളുടെ സന്തോഷം മുന്‍നിര്‍ത്തി സുഹൃത്തുക്കളായി തുടരാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു.
അതിനുശേഷം ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു ഇന്ത്യ ആതിഥ്യം വഹിച്ച ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ട്രൂഡോയുടെ ന്യൂഡല്‍ഹി സന്ദര്‍ശനം. അശുഭവാര്‍ത്തകള്‍ പിന്നെയുമുണ്ടായി. അദ്ദേഹത്തിനു താമസിക്കാന്‍ ഒരു പ്രമുഖ ആഡംബര ഹോട്ടലിലെ സ്വീറ്റാണ് ആവശ്യമായ എല്ലാ സുരക്ഷാ പരിശോധനകള്‍ക്കും സന്നാഹങ്ങള്‍ക്കുംശേഷം ഏര്‍പ്പാടു ചെയ്തിരുന്നത്. പക്ഷേ, കാനഡയില്‍ നിന്നെത്തിയ അദ്ദേഹത്തിന്‍റെ അംഗരക്ഷകര്‍ക്ക് അതു ബോധിച്ചില്ല. അതിനു പകരം അതേ ഹോട്ടലിലെ ഒരു മുറിയിലായി അദ്ദേഹത്തിന്‍റെ താമസം. എന്തുകൊണ്ട് സ്വീറ്റ് ഇഷ്ടമായില്ലെന്നതിനു വിശദീകരണമൊന്നും ഉണ്ടായില്ല.
ഉച്ചകോടി കഴിഞ്ഞു നാട്ടിലേക്കു മടങ്ങാന്‍ ട്രൂഡോ ഒരുങ്ങുമ്പോള്‍ മറ്റൊരു പ്രശ്നം. അദ്ദേഹവുമായി കാനഡയില്‍നിന്നെത്തിയ പ്രത്യേക വിമാനത്തിനു യന്ത്രത്തകരാറുണ്ടാവുകയും യാത്ര മുടങ്ങുകയും ചെയ്തു. ഇന്ത്യ സ്വന്തമൊരു വിമാനം ഏര്‍പ്പാടു ചെയ്യാമെന്ന് അറിയിച്ചെങ്കിലും ട്രൂഡോ നിരസിച്ചു. പിറ്റേന്ന് കാനഡയില്‍നിന്നയച്ച പകരം വിമാനം എത്തുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
അത് എത്തുമ്പോഴേക്കും ആദ്യ വിമാനം സജ്ജമാവുകയും അതില്‍തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. അങ്ങനെ രണ്ടു ദിവസം ഒരു പരിപാടിയുമില്ലാതെ അദ്ദേഹത്തിനു ഹോട്ടല്‍ മുറിയില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ വിരുന്നില്‍ ട്രൂഡോ പങ്കെടുത്തിരുന്നില്ലെന്നുള്ള വിവരവും പിന്നീട് പുറത്തുവന്നു. എന്തോ ഒരു പന്തികേട് അവിടെയും ദൃശ്യമായി. കാനഡയിലെ മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും ട്രൂഡോ ഇരയാവുകയും ചെയ്തു.
ജി20 വേളയില്‍ പുറത്തറിയാതിരുന്ന മറ്റൊരു വിവരംകൂടി പിന്നീടു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ട്രൂഡോയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഖലിസ്ഥാന്‍ വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയില്‍ സംരംക്ഷണവും പിന്തുണയും ലഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്നായിരുന്നു വാര്‍ത്ത.
കാനഡയുടെ തലസ്ഥാനമായ ഓട്ടവയില്‍ ട്രൂഡോ തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 18) പാര്‍ലമെന്‍റില്‍ അദ്ദേഹത്തിന്‍റെ ഇന്ത്യാ വിരോധപ്രകടനം. ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണില്‍ കാനഡയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്കു പങ്കുള്ളതായി വിശ്വസനീയമായ സംശയമുണ്ടെന്നായിരുന്നു ആരോപണം. അന്വേഷണം നടന്നുവരികയാണെന്ന വിശദീകരണവുമുണ്ടായി.
അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ്തന്നെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിച്ച ആരോപണം അസംബന്ധം എന്നു പറഞ്ഞ് ഇന്ത്യ തള്ളുകയാണ് ചെയ്തത്. എന്നിട്ടും അതേ ആരോപണത്തില്‍ ഉറച്ചുനിന്നുകൊണ്ട് കാനഡ ഓട്ടവയിലെ ഇന്ത്യന്‍ എംബസ്സിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ പുറത്താക്കി. നിജ്ജാര്‍ വധഗൂഢാലോചനയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന പേരിലായിരുന്നു ആ നടപടി.
തിരിച്ചടിയെന്ന നിലയില്‍ ന്യൂഡല്‍ഹിയിലെ കാനഡയുടെ എംബസ്സിയിലെ സമാനപദവിയിലുള്ള ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ന്യൂഡല്‍ഹിയിലെ കാനഡാ സ്ഥാനപതിയെ വിദേശമന്ത്രാലയ കാര്യാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഗുരുതരമായ വിധത്തില്‍ വഷളാകുമ്പോള്‍ രോഷം പ്രകടിപ്പിക്കാനായി നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുന്ന പതിവുണ്ട്. എന്നാല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ അത്തരമൊരു പതനം മുന്‍പൊരിക്കലും ഉണ്ടായിരുന്നില്ല.
ഖലിസ്ഥാന്‍ വിഘടനവാദികള്‍ കാനഡയില്‍ സ്വതന്ത്രരായി വിഹരിച്ചുകൊണ്ട് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാണ് പ്രശ്നത്തിനു കാരണം. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളും ആക്രമിക്കപ്പെടുകയുമുണ്ടായി. ഇതു സംബന്ധിച്ച് നേരത്തെതന്നെ ഇന്ത്യ പല തവണ കാനഡയോട് പരാതിപ്പെട്ടിരുന്നു. അതനുസരിച്ച നടപടിയെടുക്കാന്‍ വിസമ്മതിച്ച ട്രൂഡോയുടെ പുതിയ പസ്താവനയും ഇന്ത്യാവിരുദ്ധ നടപടികളും ഫലത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദികളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വിധത്തിലായി. ഇത് ഇന്ത്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
നാലു ദശകങ്ങള്‍ക്കുമുന്‍പ് കടുത്ത ഭീകര പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഖലിസ്ഥാന്‍ വിഘടനവാദം ഇന്ത്യയില്‍ തുടച്ചുനീക്കപ്പെട്ടശേഷം വര്‍ഷങ്ങള്‍ കടന്നുപോയി. എങ്കിലും, ഇന്ത്യയില്‍നിന്നു രക്ഷപ്പെട്ട് കാനഡയിലും ബ്രിട്ടനിലും ഓസ്ട്രേലിയയിലും അമേരിക്കയിലും എത്തിയ ഖലിസ്ഥാന്‍വാദികള്‍ ആ രാജ്യങ്ങളില്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാനഡ അതിന്‍റെയെല്ലാം പ്രഭവകേന്ദ്രമാവുകയും ചെയ്തു.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടകളില്‍ ഒന്നായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്‍റെ കാനഡ ഘടകത്തിന്‍റെ തലവനായിരുന്നു കൊല്ലപ്പെട്ട നാല്‍പ്പത്തഞ്ചുകാരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍. 1997ല്‍ കാനഡയിലെത്തുകയും പല ശ്രമങ്ങള്‍ക്കുശേഷം പൗരത്വം നേടുകയും ചെയ്തു. ഭീകരകൃത്യവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയായ അയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പത്തു ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുമായുളള കാനഡയുടെ അതിര്‍ത്തിക്കു സമീപമുളള സറേയിലെ സിഖ് ആരാധനാലയത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിലിരിക്കേയാണ് അയാള്‍ വെടിയേറ്റു മരിച്ചത്. മുഖംമൂടി അണിഞ്ഞിരുന്ന ഘാതുകര്‍ രക്ഷപ്പെട്ടു. അവരെ തിരിച്ചറിയാനായില്ല.
ഇന്ത്യക്കു പുറത്ത് ഏറ്റവുമധികം സിഖ് മതവിശ്വാസികളുള്ള രാജ്യമാണ് കാനഡ. അവിടെയുള്ള മൊത്തം മൂന്നു കോടി 80 ലക്ഷം ജനങ്ങളില്‍ 770,000 പേരാണ് (2.1 ശതമാനം) സിഖുകാര്‍. മൊത്തം ഇന്ത്യന്‍ വംശജര്‍ അതിന്‍റെ ഇരട്ടിയാണ്. ഈ വസ്തുകളില്‍ നിന്നു മുതലെടുപ്പ് നടത്താനാണ് ഖലിസ്ഥാന്‍ തീവ്രവാദികള്‍ നിരന്തരമായി യത്നിച്ചുകൊണ്ടിരിക്കുന്നത്. അതു തടയാന്‍ പ്രധാനമന്ത്രി ട്രൂഡോയ്ക്കു കഴിയുന്നില്ല. അതിന് അദ്ദേഹം ശ്രമിക്കുന്നില്ലെന്നുപോലും സംശയമുണ്ട്.
എട്ടു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ട്രൂഡോയ്ക്കുള്ള ജനപിന്തുണ അടിക്കടി കുറഞ്ഞുവരികയുമാണ്. രണ്ടു വര്‍ഷം മുന്‍പത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്തന്നെ അതിന് ഉദാഹരണമായിരുന്നു. 388 അംഗ പാര്‍ലമെന്‍റില്‍ അദ്ദേഹത്തിന്‍റെ ലിബറല്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടടപ്പെട്ടു. 20 സീറ്റുകള്‍ കൈവിട്ടുപോയതോടെ അംഗസംഖ്യ 177 ല്‍നിന്നു 157 ആയി കുറഞ്ഞു.
പ്രതിപക്ഷത്തായിരുന്ന ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 24 എംപിമാരുടെ പിന്തുണയോടെയാണ് അദ്ദേഹം ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. കടുത്ത ഖലിസ്ഥാന്‍വാദിയായി അറിയപ്പെടുന്ന ജഗമീത് സിങ്ങാണ് ആ പാര്‍ട്ടിയുടെ നേതാവ്. ഖലിസ്ഥാന്‍ അനുകൂലവും ഇന്ത്യാവിരുദ്ധവുമായ നിലപാടു സ്വീകരിക്കാന്‍ ട്രൂഡോയെ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഇതും ഉള്‍പ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
മറ്റുവിധത്തിലുള്ള കാര്യമായ വെല്ലുവിളികളെയൊന്നും ഇന്ത്യ-കാനഡ ബന്ധത്തിന് ഇതുവരെ നേരിടേണ്ടി വന്നിരുന്നില്ല. ഇപ്പോഴുണ്ടായ വിള്ളല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും കാനഡയില്‍ പഠനം നടത്തിവരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ബാധിക്കാന്‍ ഇടയുണ്ടോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്.
ശക്തമായ വ്യാപാര ബന്ധമാണ് നിലവിലുളളത്. കാനഡയുടെ പത്താമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനകം അതു 57 ശതമാനം വര്‍ദ്ധിച്ചുവെന്നായിരുന്നു 2022ലെ കണക്ക്. കൂടുതല്‍ വിപുലമായ വ്യാപാര സാധ്യതകള്‍ ആരായുന്നതിനുവേണ്ടി കാനഡയില്‍നിന്നുള്ള ഒരു സംഘം ഒക്ടോബറില്‍ ഇന്ത്യയിലെത്താന്‍ നിശ്ചയിച്ചിരുന്നു. അതു നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ സംഭവവികാസവുമായി അതിനു ബന്ധമില്ലെങ്കിലും മാറിയ സാഹചര്യത്തില്‍ അതിന്‍റെ ഭാവിയെപ്പറ്റി അതുമായി ബന്ധമുള്ളവര്‍ക്ക് ആശങ്ക ഉണ്ടാകാനിടയുണ്ട്.
കാനഡയിലുള്ള എട്ടു ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികളില്‍ 40 ശതമാനംവരെ (ഏതാണ്ട് 320,000 പേര്‍) ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇത്രയേറെ വിദ്യാര്‍ഥികള്‍ വേറെ എവിടെനിന്നുമില്ല. ഫീസും മറ്റുമായി ഇവരില്‍നിന്നു കിട്ടുന്ന പണം കാനഡയെ സംബന്ധിച്ചിടത്തോളം നല്ലൊരു വരുമാനവുമാണ്. അതിനു തടസ്സമായിത്തീരുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ ഇടവരുത്തുന്ന നടപടികള്‍ക്കു ട്രൂഡോ മുതിരില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും, ആശങ്കകള്‍ നിലനില്‍ക്കുന്നു.
Content Highlights: Videsharangam | Canada | India | Opinion | Column