ഇല്ലാതായ 'രാജ്യം', പെരുവഴിയിലായ ജനം

HIGHLIGHTS
  • നഗോര്‍ണോ കാരബാഖില്‍നിന്ന് അര്‍മീനിയന്‍ വംശജരുടെ കൂട്ടപലായനം
  • റഷ്യ അകലുമ്പോള്‍ അമേരിക്ക അടുക്കുന്നു
Russian peacekeeps  near the border with Armenia, in the region of Nagorno-Karabakh, Azerbaijan in 2020 -(File-  Reuters
2020–ലെ യുദ്ധത്തിനു ശേഷം നഗോർണോ–കരാബാക്ക് മേഖലയിൽ എത്തിയ ടാങ്കിനു സമീപം റഷ്യൻ സൈനികൻ (File- Reuters)
SHARE

ദക്ഷിണ യൂറോപ്പും പശ്ചിമേഷ്യയും കൂട്ടിമുട്ടുന്ന തന്ത്രപരമായ കവലയില്‍ കിടക്കുന്ന നഗോര്‍ണോ കാരബാഖ് എന്ന പ്രദേശം രണ്ടു വര്‍ഷത്തെ ഇടവേളയക്കുശേഷം വീണ്ടുമൊരു മാനുഷിക ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്. തലമുറകളായി അവിടെ ജീവിച്ചുവന്ന ജനവിഭാഗത്തിനു മേലില്‍ അവിടെ തുടരാന്‍ സാധ്യമല്ലാതായി.  

മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ മൂന്നാമതൊരു തവണകൂടി അവിടെ നടന്ന യുദ്ധത്തിന്‍റെ ഫലമാണിത്. ഭാഗ്യവശാല്‍ ഒറ്റ ദിവസമേ യുദ്ധം നീണ്ടുനിന്നുള്ളൂ. മുന്‍പത്തെ അത്രയും ഘോരമായ ചോരച്ചൊരിച്ചലിന് ഇടയായതുമില്ല. പക്ഷേ, യുദ്ധം അവസാനിച്ചത് അവിടത്തെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ആളുകളുടെ ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്ക ബാക്കിവച്ചുകൊണ്ടാണ്. 

സോവിയറ്റ് യൂണിയന്‍റെ ഭാഗങ്ങളായിരുന്ന അസര്‍ബൈജാന്‍, അര്‍മീനിയ എന്നീ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് യുദ്ധത്തിന് കാരണമായ അടിസ്ഥാന പ്രശ്നം. സോവിയറ്റ് യൂണിയന്‍റെ തന്നെ ഭാഗങ്ങളായിരുന്ന ജോര്‍ജിയയ്ക്കു പുറമെ തുര്‍ക്കി, ഇറാന്‍ എന്നിവയും ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ 4400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. സമീപത്തുതന്നെയുള്ള കാസ്പിയന്‍ കടല്‍, കരിങ്കടല്‍ എന്നിവയുടെ സാന്നിധ്യവും അതിന്‍റെ തന്ത്രപരമായ പ്രാധാന്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. 

അസര്‍ബൈജാന്‍റെ അതിര്‍ത്തിക്കകത്തു കിടക്കുന്ന നഗോര്‍ണോ കാരബാഖ് അസര്‍ബൈജാന്‍റെ ഭാഗമാണെങ്കിലും മൂന്നു പതിറ്റാണ്ടുകാലമായി അത് അവരുടെ നിയന്ത്രണത്തിലായിരുന്നില്ല. അവിടെയുള്ള ജനങ്ങളില്‍ ബഹുഭൂരിപക്ഷമായ അര്‍മീനിയന്‍ വംശജര്‍ അവിടെ ആര്‍ട്സാഖ് എന്ന പേരില്‍ സ്വന്തമായ ഒരു റിപ്പബ്ളിക്ക് സ്ഥാപിച്ചിരിക്കുകയായിരുന്നു. 

ഒരാഴ്ച മുന്‍പ് (സെപ്റ്റംബര്‍ 19) അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ കാരബാഖിലേക്ക് ഇരച്ചുകയറുകയും ഒറ്റ ദിവസംകൊണ്ട് അവരുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. അവരുടെ സൈന്യം കീഴടങ്ങി. അവിടത്തെ ഒന്നേകാല്‍ ലക്ഷം അര്‍മീനിയന്‍ വംശജര്‍ വഴിയാധാരമായത് അങ്ങനെയാണ്. 

ഇനിയങ്ങോട്ട് അസര്‍ബൈജാന്‍റെ നിയന്ത്രണത്തില്‍ ജീവിക്കുകയെന്നത് അവര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. കൂട്ടക്കൊല ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നു. അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുളള വെറുപ്പും വൈരാഗ്യവും അത്രയും പഴക്കമേറിയതും ആഴത്തിലുള്ളതുമാണ്. പരസ്പരമുള്ള ശത്രുതയ്ക്കു മൂര്‍ച്ച കൂട്ടുന്നതില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കളും ഭരണകൂടങ്ങളും പങ്കു വഹിച്ചു. 

നഗോര്‍ണോ കാരബാഖ് രാജ്യാന്തര നിയമപ്രകാരം അസര്‍ബൈജാന്‍റെ ഭാഗമാണ്. ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ ലോകം പൊതുവില്‍ അതിനെ കാണുന്നത് അങ്ങനെയാണ്. പക്ഷേ, അവിടത്തെ അര്‍മീനിയന്‍ വംശജര്‍ തങ്ങളാണ് അവിടെ ബഹുഭൂരിപക്ഷമെന്ന കാരണത്താല്‍ അതിനു വിസമ്മതിച്ചു. അര്‍മീനിയയിലെ ഗവണ്‍മെന്‍റ് അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തുവെങ്കിലും അവരുടെ റിപ്പബ്ളിക്കിനെ അര്‍മീനിയയും അംഗീകരിച്ചിരുന്നില്ല.    

നഗോര്‍ണോ കാരബാഖിലെ അര്‍മീനിയന്‍ വംശജര്‍ പിന്നീട് അതിനു ചുറ്റുമുള്ള ചില അസര്‍ബൈജാന്‍ ജില്ലകള്‍കൂടി പിടിച്ചടക്കി. അവിടെയും ജനങ്ങളില്‍ ബഹുഭൂരിപക്ഷം അര്‍മീനിയന്‍ വംശജരാണെന്നതായിരുന്നു അതിനു പറഞ്ഞ കാരണം.  സ്വയം പ്രഖ്യാപിത ആര്‍ട്സാഖ് റിപ്പബ്ളിക്കിന്‍റെ വ്യാപ്തി അങ്ങനെ അര്‍മീനിയയുടെ അതിര്‍ത്തിവരെ എത്തുകയും വലിപ്പം ഏതാണ്ട് ഇരട്ടിയാവുകയും ചെയ്തു. നഗോര്‍ണോ കാരബാഖിനെ അര്‍മീനിയയുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. 

മുസ്ലിം ഭൂരിപക്ഷമുള്ള അസര്‍ബൈജാനും ക്രൈസ്തവ ഭൂരിപക്ഷമുള്ള അര്‍മീനിയയും മുന്‍പ് തുര്‍ക്കി, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ ഭാഗങ്ങളായിരുന്നു. പിന്നീട് രാജഭരണകാലത്തു റഷ്യയില്‍ ലയിപ്പിക്കപ്പെട്ടു. 1917ല്‍ മോസ്ക്കോയില്‍ ബോള്‍ഷെവിക്ക് വിപ്ളവകാരികള്‍ അധികാരം പിടിച്ചടക്കിയശേഷം അവ സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ളിക്കുകളായി.   

നഗോര്‍ണോ കാരബാഖ് അസര്‍ബൈജാന്‍റെ അതിര്‍ത്തിക്കകത്തായിട്ടും അവിടത്തെ ജനങ്ങളില്‍ മിക്കവരും അര്‍മീനിയന്‍ വംശജരായതിനാല്‍ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ ആ പ്രദേശത്തിനു സ്വയംഭരണാധികാരം നല്‍കിയിരുന്നു. അതിനെ അസര്‍ബൈജാന്‍കാര്‍ (അസീരികള്‍) എതിര്‍ത്തുവെങ്കിലും സ്റ്റാലിന്‍റെ ഉരുക്കുമുഷ്ടിക്കു മുന്നില്‍ പിന്തിരിയേണ്ടിവന്നു.     

പക്ഷേ, 1980കളുടെ അവസാനത്തില്‍ സോവിയറ്റ് നിയന്ത്രണം അയയാനും അര്‍മീനിയന്മാരും അസീരികളും തമ്മില്‍ ഏറ്റുമുട്ടാനും തുടങ്ങി. നഗോര്‍ണോ കാരബാഖിലെ അര്‍മീനിയന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നിയമസഭ ആ പ്രദേശത്തെ സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുകയും അര്‍മീനിയയുമായി കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 

അതിനെ തുടര്‍ന്നുണ്ടായ അസര്‍ബൈജാന്‍-അര്‍മീനിയ യുദ്ധം ആറു വര്‍ഷം (1988-1994)  നീണ്ടുനിന്നു. 20,000 മുതല്‍ 30,000വരെ ആളുകള്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. 

യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടന (ഒഎസ്സിഇ) ഇടപെട്ടു. അവര്‍ നിയോഗിച്ചതും റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടുന്നതുമായ സമിതിയുടെ (മിന്‍സ്ക് ഗ്രൂപ്പ്) ശ്രമഫലമായിരുന്നു 1994ലെ വെടിനിര്‍ത്തല്‍. അതേസമയം, യുദ്ധത്തിനു കാരണമായ പ്രശ്നം പരിഹരിക്കാനുള്ള കാര്യമായ ശ്രമമൊന്നും നടന്നുമില്ല.  

നഗോര്‍ണോ കാരബാഖിനു ചുറ്റുമുള്ള സ്ഥലങ്ങള്‍കൂടി അര്‍മീനിയന്‍ വംശജര്‍ പിടിച്ചടക്കിയത് ആ യുദ്ധത്തിലായിരുന്നു. അവരെ അവിടെനിന്നു പുറത്താക്കാനും സ്വന്തം സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാനും അസര്‍ബൈജാന്‍ സെന്യം 2020 സെപ്റ്റംബറില്‍ ശ്രമം തുടങ്ങിയതോടെയായിരുന്നു രണ്ടാമത്തെ യുദ്ധത്തിന്‍റെ തുടക്കം. 44 ദിവസം നീണ്ടുനിന്ന ആ യുദ്ധത്തില്‍ ആറായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 

ടാങ്കുകളും പീരങ്കികളും പോര്‍വിമാനങ്ങളും കവചിത വാഹനങ്ങളും മിസൈലുകളുമായി നടന്ന ആ ഘോരയുദ്ധം ലോകത്തു, പ്രത്യേകിച്ച് യൂറോപ്പില്‍ ആശങ്ക സൃഷ്ടിക്കുകയുണ്ടായി. അസര്‍ബൈജാനില്‍ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും വഹിച്ചുകൊണ്ട് ജോര്‍ജിയയിലേക്കും മെഡിറ്ററേനിയന്‍ തീരത്തേക്കും   പോകുന്ന പൈപ്ലൈനുകള്‍ക്ക് അപകടം സംഭവിക്കുമോയെന്ന ഭയമായിരുന്നു കാരണം. 

നഗോര്‍ണോ കാരബാഖില്‍ അര്‍മീനിയന്‍ വംശജര്‍ പുതുതായി കൂട്ടിച്ചേര്‍ത്ത തങ്ങളുടെ സ്ഥലങ്ങള്‍ അസര്‍ബൈജാന്‍ തിരിച്ചുപിടിച്ചു. റഷ്യയുടെ ശ്രമഫലമായി വെടിനിര്‍ത്തലുണ്ടാവുകയും അതിന്‍റെ മേല്‍നോട്ടം റഷ്യ ഏറ്റെടുക്കുകയും ചെയ്തു. സമാധാന പരിപാലനത്തിനായി രണ്ടായിരത്തോളം റഷ്യന്‍ സൈനികരും എത്തി.  

നഗോര്‍ണോ കാരബാഖിനെ അര്‍മീനിയയുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു വഴിയായ ലിച്ചിന്‍ ഇടനാഴി എന്നറിയപ്പെടുന്ന ഹൈവേയുടെ മേല്‍നോട്ടവും റഷ്യന്‍ സൈനികര്‍ക്കായിരുന്നു. അതിലൂടെയാണ് അവിടത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളെല്ലാം കിട്ടിക്കൊണ്ടിരുന്നത്. ഏതാനും മാസം മുന്‍പ് അസര്‍ബൈജാന്‍ ആ വഴിയടച്ചു. അതിനെതിരെ ഒന്നും ചെയ്യാന്‍ റഷ്യന്‍ സൈനികര്‍ക്കായില്ല. ഭക്ഷണവും മരുന്നും ഇന്ധനവും കിട്ടാതെ ജനങ്ങള്‍ നരകിച്ചു.

സെപ്റ്റംബര്‍ 19ന് അസര്‍ബൈജാന്‍ സൈന്യം വീണ്ടും അവിടേക്കു കയറിയത് ഭീകരരെ ഒതുക്കാനെന്ന പേരിലായിരുന്നു. സ്വയംപ്രഖ്യാപിത ആര്‍ട്സാഖ് ഗവണ്‍മെന്‍റിന്‍റെ സൈന്യം ചെറുത്തുനിന്നുവെങ്കിലും രണ്ടാം ദിവസംതന്നെ അവര്‍ കീഴടങ്ങി. അതിനിടയില്‍ ഇരുനൂറോളം പേര്‍ മരിക്കുകയും ഏതാണ്ട് നാനൂറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ സമാധാന പരിപാലന സേനയിലെ അന്‍പതു പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഈ ദുരവസ്ഥയക്കു നഗോര്‍ണോ കാരബാഖിലെ അര്‍മീനിയന്‍ വംശജര്‍ തങ്ങളുടെ നേതാക്കളെ മാത്രമല്ല, അര്‍മീനിയന്‍ ഗവണ്‍മെന്‍റിനെയും കുറ്റപ്പെടുത്തുകയാണ്. ഗവണ്‍മെന്‍റിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നിക്കോള്‍ പഷിന്യാന്‍റെ രാജി ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് അര്‍മീനിയയില്‍തന്നെ പ്രകടനങ്ങള്‍ നടന്നുവരുന്നു. 

അര്‍മീനിയന്മാരുടെ അഭ്യുദയകാംക്ഷിയെന്ന ഭാവേന റഷ്യ ചതിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അത്രത്തോളം പോകാതെ പലരും റഷ്യയുടെ മാധ്യസ്ഥ ശ്രമങ്ങളിലെ പാകപ്പിഴകളെ കുറ്റപ്പെടുത്തുന്നു. അയല്‍രാജ്യമായ യുക്രെയിനിലെ യുദ്ധത്തില്‍ നിന്ന ഒന്നര വര്‍ഷമായിട്ടും തലയൂരാന്‍ കഴിയാതെ വിഷമിക്കുന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ സമീപ മേഖലയിലെ പ്രശ്നത്തില്‍ കാര്യമായ ഇടപെടല്‍ നടത്താതെ മനഃപൂര്‍വം മാറിനിന്നുവെന്നു കരുതുന്നവരുമുണ്ട്. 

റഷ്യയുടെ നിഷ്ക്രിയത്വത്തിനു മറ്റൊരു കാരണംകൂടി ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യയുമായി സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്ന അര്‍മീനിയ സമീപ കാലത്തായി അമേരിക്കയുമായി അടുത്തുകൊണ്ടിരിക്കുന്നുവെന്നതാണത്. പക്ഷേ, നഗോര്‍ണോ കാരബാഖിലെ അര്‍മീനിയന്‍ വംശജര്‍ കൂട്ടത്തോടെ വഴിയാധാരമാകുന്നത് തടയുന്ന വിധത്തില്‍ പ്രശ്നത്തിനു സമാധാനപരമായ ഒത്തൂതീര്‍പ്പുണ്ടാക്കാന്‍ അമേരിക്കയ്ക്കുമായില്ല. 

തലമുറകളായി തങ്ങള്‍ ജീവിച്ചുവന്ന ആ പ്രദേശത്തുനിന്നുള്ള അര്‍മീനിയന്‍ വംശജരുടെ ഒഴിച്ചുപോക്കു തുടങ്ങിക്കഴിഞ്ഞു. അര്‍മീനിയയാണ് അവരുടെ ലക്ഷ്യം. അര്‍മീനിയ അവരെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും പേരെ ഒന്നിച്ചു കുടിയിരുത്തുക അവരെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല. 

Content Highlights: Opinion | Column | Vidhesharangam | Nagorno

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS