ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ലോകത്തെ അമ്പരപ്പിച്ച കാനഡ തുടര്‍ന്നുള്ള ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതൊരു വിവാദത്തിലും ചെന്നുചാടി. ഇത്തവണ കഥാനായകന്‍ പക്ഷേ, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അല്ല, അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരന്‍ തന്നെയായ പാര്‍ലമെന്‍റ് സ്പീക്കര്‍ ആന്‍റണി റോട്ടയാണ്. രാജ്യത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കിയ ഒരു സംഭവത്തിനാണ് അദ്ദേഹം കാരണക്കാരനായത്.
അതിന്‍റെ ഉത്തരവാദിത്തം ഏറ്റ് അദ്ദേഹം ക്ഷമാപണം നടത്തുകയും രാജിവയക്കുകയും ചെയ്തു. എങ്കിലും, ഇതില്‍ ട്രൂഡോയ്ക്കുള്ള പങ്കും മറച്ചുപിടിക്കാനാവാത്ത വിധത്തില്‍ മുഴച്ചുനില്‍ക്കുന്നു. അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നാത്‌സി ജര്‍മന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും അങ്ങനെ യുദ്ധക്കുറ്റവാളിയായി കരുതപ്പെടുകയും ചെയ്യുന്ന ഒരാളെ പാര്‍ലമെന്‍റില്‍ വിളിച്ചുവരുത്തി ആദരിക്കുകയാണ് സ്പീക്കര്‍ ചെയ്തത്. അതാണങ്കില്‍ ഒരു അസാധാരണ സമ്മേളനത്തിലും.
ഒന്നര വര്‍ഷമായി റഷ്യയുമായി പോരാടുന്ന യുക്രെയിനിലെ പ്രസിഡന്‍റ് വെളൊഡിമിര്‍ സെലന്‍സ്കിയെ സ്വീകരിക്കാനും ആ രാജ്യത്തിനുള്ള കാനഡയുടെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനുമായി സെപ്റ്റംബര്‍ 22നു പ്രത്യേകമായി വിളിച്ചുകൂട്ടിയതായിരുന്നു പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനം.
സെലന്‍സ്കിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ സ്പീക്കര്‍ നാടകീയമായ വിധത്തില്‍ സ്വന്തമൊരു പ്രസ്താവന നടത്തി. രണ്ടാം ലോക മഹായുദ്ധത്തില്‍ തന്‍റെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ യാരൊസ്ലാവ് ഹുങ്ക എന്ന യുക്രെയിന്‍കാരന്‍ സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന. തലമുഴുവന്‍ നരച്ച തൊണ്ണൂറ്റെട്ടുകാരനായ ഹുങ്കയെ അദ്ദേഹം യുദ്ധനായകന്‍, യുക്രെയിനിയന്‍ ഹീറോ, കനേഡിയന്‍ ഹീറോ എന്നിങ്ങനെ വിശേഷിപ്പിക്കുകയും ചെയ്തു.
സെലന്‍സ്കിയും ഭാര്യ ഒലീനയും ട്രൂഡോയും ഉള്‍പ്പെടെ സദസ്സിലുണ്ടായിരുന്ന എല്ലാവരും ആദരസൂചകമായി എഴുന്നേറ്റുനിന്നു. മിനിറ്റുകള്‍ നീണ്ടുനിന്ന കൈയടിയോടെ അവര്‍ രണ്ടു തവണ ഹുങ്കയെ അഭിവാദ്യം ചെയ്തു. ഹുങ്ക വാസ്തവത്തില്‍ ആരായിരുന്നുവെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ അവരെല്ലാവരും അറിയുന്നത് അതിനുശേഷമാണ്.
ഹിറ്റ്ലറുടെ നാത്‌സി സൈന്യത്തിന്‍റെ ഭാഗമായി യുക്രെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റിലെ അംഗമായിരുന്നു അയാള്‍. സോവിയറ്റ് യൂണിയന് എതിരെ പോരാടാനുള്ള ഉദ്ദേശ്യത്തോടെയാണ് അയാളും മറ്റു പലരും നാത്‌സികളുടെ സൈന്യത്തില്‍ ചേര്‍ന്നതത്രേ. എങ്കിലും യുക്രെയിനില്‍ ജൂതര്‍ക്കെതിരെ നാത്‌സികള്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ ആ യൂണിറ്റിനും പങ്കുണ്ടായിരുന്നുവെന്നാണ് ആരോപണം. യുദ്ധത്തിനുശേഷം ശിക്ഷ ഭയന്നു കാനഡയിലേക്കു രക്ഷപ്പെട്ട ആയിരക്കണക്കിനു യുക്രെയിന്‍കാരില്‍ ഒരാളായിരുന്നു ഹുങ്കയും.
ഹിറ്റ്ലറുടെ സൈന്യത്തിനെതിരെ പോരാടുകയും 42,000 ഭടന്മാരെ നഷ്ടപ്പെടുകയും ചെയ്ത കാനഡയിലെ ജനങ്ങള്‍ ഞെട്ടി. ഹുങ്കയെ പാര്‍ലമെന്‍റിലേക്കു വിളിച്ചുകൊണ്ടുവരികയും ആദരിക്കുകയും ചെയ്തതിന് ഉത്തരവാദിയായ സ്പീക്കര്‍ റോട്ട രാജിവയ്ക്കണമെന്ന മുറവിളി ഉയര്‍ന്നു. അദ്ദേഹത്തിന്‍റെ നിയോജകമണ്ഡലത്തിലെ വോട്ടറാണത്രേ ഹുങ്ക.
ഒരു വിദേശ രാഷ്ട്രത്തലവനു നല്‍കുന്ന സ്വീകരണത്തില്‍ ആരെല്ലാം പങ്കെടുക്കണം, പങ്കെടുക്കാന്‍ പാടില്ല എന്നു തീരുമാനിക്കുന്നതില്‍ ആത്യന്തികമായി ഗവണ്‍മെന്‍റിനും പങ്കുണ്ട്. ആ നിലയില്‍ ഈ സംഭവത്തിനു പ്രധാനമന്ത്രിയും ഉത്തരവാദിയാണെന്ന പേരിലാണ് അദ്ദേഹവും രാജിവയക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ആദ്യമെല്ലാം പിടിച്ചുനിന്ന സ്പീക്കര്‍ നാലാം ദിവസം രാജിവയ്ക്കുകയും ശ്രദ്ധക്കുറവ് പറ്റിപ്പോയി എന്നു പറഞ്ഞു സങ്കടപ്പെടുകയും രാജ്യത്തോടും ജനങ്ങളോടും മാപ്പിരക്കുകയും ചെയ്തു. ഹിറ്റ്ലറുടെ നിഷ്ഠുരതയ്ക്ക് ഇരയായ ലോക ജൂതസമൂഹത്തോട് പ്രത്യേകമായും അദ്ദേഹം ക്ഷമാപണം നടത്തി. "ഭയങ്കര തെറ്റായിപ്പോയി" എന്നു ട്രൂഡോയും ഏറ്റുപറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിയില്‍ യുക്രെയിനെ റഷ്യ ആക്രമിച്ചശേഷം അതിനെ ചെറുക്കാനുള്ള രാജ്യാന്തര സഹായം തേടി യാത്ര ചെയ്തുവരുന്ന പ്രസിഡന്‍റ് സെലന്‍സ്കി കാനഡയിലെത്തുന്നത് ഇതു രണ്ടാം തവണയായിരുന്നു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുകയും വാഷിങ്ടണില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിക്കുകയും ചെയ്തശേഷമാണ് കാനഡയിലെത്തിയത്.
യുക്രെയിനു പുറത്തു യുക്രെയിന്‍ വംശജര്‍ ഏറ്റവുമുള്ളതു കാനഡയിലാണ്. അവിടെ ഇത്തവണ തനിക്കു കിട്ടിയ വരവേല്‍പ്പ് ഇങ്ങനെ വികലമായിപ്പോയത് സെലന്‍സ്ക്കിയെയും വേദനിപ്പിച്ചിട്ടുണ്ടാവണം. അദ്ദേഹവും ഒരു ജൂതമത വിശ്വാസിയാണ്. ഹോളൊകോസ്റ്റ് എന്നറിയപ്പെടുന്നതും ജൂതരെ ഉന്മൂലനം ചെയ്യാനായി ഹിറ്റ്ലര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയതുമായ ഭീകരകൃത്യങ്ങള്‍ക്ക് ഇരയായവര്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിലുമുണ്ട്.
ഹോളൊകോസ്റ്റില്‍ മൊത്തം 60 ലക്ഷം ജൂതര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ജൂതമത വിശ്വാസികളെയും ഹിറ്റ്ലറുടെ കിങ്കരന്മാര്‍ നടത്തിയ വിവരണാതീതമായ അതിക്രമങ്ങള്‍ക്ക് ഇരയയായ ലക്ഷക്കണക്കിനു മറ്റുള്ളവരുടെ പിന്മുറക്കാരെയും കാനഡയിലെ സംഭവം എത്രമാത്രം അസ്വസ്ഥരാക്കിയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനിടയില്‍ മറ്റൊരു വിവരംകൂടി മാധ്യമങ്ങളിലൂടെ പുറത്തുവന്നു. യാറൊസ്ലാവ് ഹുങ്കയെപ്പോലുള്ള വേറെയും പലരും (ഹിറ്റ്ലറുടെ നാത്‌സി സേനായൂണിറ്റുകളില്‍ അയാളുടേതിനേക്കാള്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നവര്‍ പോലും) കാനഡയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടത്രേ.
ജര്‍മനിയുടെ പരാജയത്തില്‍ കലാശിച്ച രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നാത്‌സി ഗവണ്‍മെന്‍റിലെയും സൈന്യത്തിലെയും ഒട്ടേറെ പേര്‍ യുദ്ധക്കുറ്റങ്ങള്‍ക്കുള്ള വിചാരണയ്ക്കു വിധേയരാവുകയുണ്ടായി. പരാജയം ഉറപ്പായതോടെ ആത്മഹത്യ ചെയ്തതിനാല്‍ ഹിറ്റ്ലര്‍ക്കു വിചാരണയെ നേരിടേണ്ടിവന്നില്ല. ജര്‍മനിയില്‍തന്നെ ന്യൂറംബര്‍ഗില്‍ സ്ഥാപിതമായ പ്രത്യേക കോടതി ഹിറ്റ്ലറുടെ ചില അടുത്ത സഹപ്രവര്‍ത്തകര്‍ക്കു വധശിക്ഷയും മറ്റു ചിലര്‍ക്കു ജീവപര്യന്തം തടവുശിക്ഷയും നല്‍കി.
അതേസമയം, ഒട്ടേറെ പേര്‍ രക്ഷപ്പെട്ടു. അവരില്‍ അധികപേരും (9000) അത്ലാന്‍റിക് സമുദ്രം താണ്ടിയെത്തിയത് തെക്കെ അമേരിക്കയിലാണ്-പ്രത്യേകിച്ച് അര്‍ജന്‍റീനയിലും ബ്രസീലിലും. അര്‍ജന്‍റീനയില്‍ അഭയം പ്രാപിച്ച 5000 പേരില്‍ ഒരാളായിരുന്നു ഹിറ്റ്ലറുടെ ജൂത ഉന്മൂലന പരിപാടിയില്‍ പ്രമുഖ പങ്കു വഹിച്ചിരുന്ന അഡോള്‍ഫ് ഐക്മാന്‍. അത്തരം ആളുകള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന വിധത്തിലായിരുന്നു അയാളുടെ അന്ത്യം.
യുദ്ധത്തിന്‍റെ അവസാനത്തില്‍ ജര്‍മനിയിലെത്തിയ സഖ്യസേനയുടെ ഭാഗമായ യുഎസ് സൈനികര്‍ ഐക്മാനെ പിടികൂടിയിയിരുന്നു. പക്ഷേ, തടവുചാടി. ഏതാനും വര്‍ഷം ജര്‍മനിയില്‍ തന്നെ ഒളിച്ചുതാമസിച്ച ശേഷം ഓസ്ട്രിയയിലേക്കും ഇറ്റലിയിലേക്കും മാറുകയും ഒടുവില്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് ഐരിസില്‍ എത്തുകയും ചെയ്തു. അവിടെ ഒരു ജര്‍മന്‍കാര്‍ നിര്‍മാണ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ ഇസ്രയേല്‍ ചാരന്മാര്‍ 1960 മേയില്‍ രഹസ്യമായി അവിടെയെത്തി അയാളെ പിടികൂടി. ലഹരിമരുന്നുകൊടുത്തു മയക്കി വിമാനത്തില്‍ കയറ്റി ഇസ്രയേലിലെത്തിച്ചു. ഇസ്രയേലിലെ ഒരു പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച അന്‍പത്താറുകാരനായ അയാളെ 1962ല്‍ തൂക്കിക്കൊന്നു.
യുദ്ധക്കുറ്റവാളിയെന്ന ആരോപണം ഉയര്‍ന്ന സ്ഥിതിക്കു കാനഡയില്‍ ഹുങ്കയുടെ ഭാവി എന്തായിരിക്കും? ട്രൂഡോയുടെ ഗവണ്‍മെന്‍റ് വല്ല നടപടിയും എടുക്കുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭ്യമല്ല. അതേസമയം അയാളെ വിചാരണയ്ക്കുവേണ്ടി തങ്ങള്‍ക്കു വിട്ടുതരാന്‍ കാനഡയോട് ആവശ്യമെന്നു പോളണ്ട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഹുങ്ക ഉള്‍പ്പെട്ടിരുന്ന നാത്‌സി സൈനിക യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന പ്രദേശം അക്കാലത്ത് പോളണ്ടിന്‍റെ ഭാഗമായിരുന്നു. അതാണ് അയാളെ വിട്ടുകിട്ടണമെന്ന പോളണ്ടിന്‍റെ ആവശ്യത്തിന് അടിസ്ഥാനം. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏറ്റവുമധികം നശനഷ്ടങ്ങളുണ്ടായ രാജ്യങ്ങളിലൊന്നും പോളണ്ടായിരുന്നു. അവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ കാനഡയുടെ പ്രതികരണം എന്തായിരിക്കും?
Content Highlights: Videsharagam | Opinion | Column | Canada