'നാറ്റോ'യ്ക്ക് ട്രംപിന്‍റെ മരണമണി?

HIGHLIGHTS
  • റഷ്യ ആക്രമിച്ചാല്‍ ഇടപെടില്ലെന്ന് മുന്നറിയിപ്പ്
  • പാശ്ചാത്യസൈനിക സഖ്യത്തിന്‍റെ ഭാവിയെപ്പറ്റി സംശയം
Trump
Representative image. Photo Credit: Alexandros Michailidis/istockphoto.com.
SHARE

ഡോണള്‍ഡ് ട്രംപ് രണ്ടാമതും അമേരിക്കയുടെ പ്രസിഡന്‍റാവുകയാണെങ്കില്‍ ആദ്യംതന്നെ സംഭവിക്കുന്ന ഒരു കാര്യം പാശ്ചാത്യ സൈനിക സഖ്യമായ 'നാറ്റോ'യുടെ മരണമായിരിക്കുമെന്ന ഭീതിയിലാണ് ഇപ്പോള്‍ യൂറോപ്പ്ര്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള മുക്കാല്‍ നൂറ്റാണ്ടുകാലമായി യൂറോപ്പ് അതിന്‍റെ സുരക്ഷിതത്വത്തിനുവേണ്ടി ആശ്രയിക്കുന്നതു നാറ്റോയെയും അതിനു നേതൃത്വം നല്‍കുന്ന അമേരിക്കയെയുമാണ്. അതിനാല്‍ നാറ്റോയുടെ അന്ത്യം ആ ഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം സങ്കല്‍പ്പാതീതതമാണ്. യുക്രെയിനില്‍ രണ്ടു വര്‍ഷമായി തുടര്‍ന്നുവരുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ഈ സാധ്യതയെക്കുറിച്ചുള്ള ചിന്ത യൂറോപ്പിനെ ആഴത്തില്‍ അസ്വസ്ഥമാക്കുന്നു.  

ഇപ്പോള്‍ പെട്ടെന്ന് ഇതൊരു ചര്‍ച്ചാവിഷയമാകാന്‍ കാരണം ട്രംപ് ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 10) സൗത്ത് കൊരൊലൈനയില്‍ നടത്തിയ ഒരു തിരഞ്ഞെടുപ്പ് പ്രസംഗമാണ്. നാറ്റോയിലെ അംഗത്വം നിലനിര്‍ത്തുന്നതിനുള്ള സാമ്പത്തിക ബാധ്യത യൂറോപ്പിലെ പല രാജ്യങ്ങളും പാലിക്കുന്നില്ല. അതിനാല്‍ അമേരിക്കയ്ക്കു കൂടുതല്‍ ഭാരം ചുമക്കേണ്ടിവരുന്നു. അതിനി സമ്മതിക്കാനാവില്ല. ആ രാജ്യങ്ങളെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ അതിനെതിരെ അമേരിക്ക ഇടപെടില്ല. റഷ്യക്ക് ഇഷ്ടമുള്ളതു ചെയ്യാം. ഇതായിരുന്നു ട്രംപിന്‍റെ പ്രസംഗത്തിന്‍റെ ചുരുക്കം. 

ഇതു സംബന്ധിച്ച് താന്‍ യൂറോപ്പിലെ ഒരു വലിയ രാജ്യത്തിന്‍റെ നേതാവുമായി സംസാരിച്ചുവെന്നും അദ്ദേഹത്തോടുതന്നെ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞുവെന്നും ട്രംപ് തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. പക്ഷേ ആ നേതാവ് ആരാണെന്നോ എപ്പോഴാണ് അദ്ദേഹവുമായി സംസാരിച്ചതെന്നോ പറഞ്ഞില്ല. ഏതായാലും ട്രംപിന്‍റെ പ്രസംഗം വലിയ വിവാദത്തിനു കാരണമായി.

നാറ്റോയുടെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍വഹിക്കാനായി അംഗരാജ്യങ്ങള്‍ അവരുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ (ജിഡിപി) ചുരുങ്ങിയത് രണ്ടു ശതമാനം സ്വന്തം പ്രതിരോധച്ചെലവിനുവേണ്ടി ഉപയോഗിക്കണമെന്ന് നാറ്റോയുടെ ചാര്‍ട്ടറില്‍ പറയുന്നുണ്ട്. പക്ഷേ 31 അംഗരാജ്യങ്ങളില്‍ മിക്കതും അതില്‍ വീഴ്ച വരുത്തുന്നു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. അതേമയം അമേരിക്കയും മറ്റു ചില രാജ്യങ്ങളും നിശ്ചയിച്ചതില്‍ കൂടുതല്‍ പണം പ്രതിരോധ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നു. അതിനെ പരാമര്‍ശിച്ചായിരുന്നു ട്രംപിന്‍റെ രോഷപ്രകടനം.

നാറ്റോയിലെ ഒരംഗ രാജ്യം ആക്രമിക്കപ്പെട്ടാല്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കുകയും ആ വിധത്തില്‍ പ്രതികരിക്കുകയും ചെയ്യുമെന്നും നാറ്റോയുടെ ചാര്‍ട്ടറില്‍ പറയുന്നുണ്ട്. ഇതാണ് നാറ്റോ അംഗത്വം യൂറോപ്പിലെ അംഗരാജ്യങ്ങള്‍ക്കു നല്‍കുന്ന സുരക്ഷിതത്വ ബോധത്തിന്‍റെ അടിസ്ഥാനം. സാമ്പത്തിക ബാധ്യത പാലിക്കാത്ത രാജ്യങ്ങളെ സഹായിക്കാന്‍ അമേരിക്ക ഇനി തയാറാവില്ലെന്നും റഷ്യക്ക് വേണമെങ്കില്‍ അവയെ ആക്രമിക്കാമെന്നും അമേരിക്ക ഇടപെടില്ലെന്നുമുള്ള ട്രംപിന്‍റെ മുന്നറിയിപ്പ് ആ സുരക്ഷിതത്വ ബോധത്തിന്‍റെ അടിക്കല്ലിളക്കുന്നു. 

നാറ്റോ അംഗമല്ലാത്ത അയല്‍രാജ്യമായ യുക്രെയിനെ ആക്രമിച്ചതുപോലെ വേണമെങ്കില്‍ യൂറോപ്പിലെ ഏത് നാറ്റോ അംഗരാജ്യത്തെയും ആക്രമിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ട്രംപ് ക്ഷണിക്കുകയാണെന്ന തോന്നലാണ് ഇതുണ്ടാക്കിയത്. യൂറോപ്പിലും അമേരിക്കയിലും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടാവുകയും ചെയ്തു. മണ്ടത്തരം, ലജജാവഹം എന്നിങ്ങനെയായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം. 

സോവിയറ്റ് യൂണിയനെ ചെറുക്കാനായി 74 വര്‍ഷം മുന്‍പ് ബെല്‍ജിയത്തിലെ ബ്രസല്‍സ് ആസ്ഥാനമായി രൂപംകൊണ്ടതാണ്  നാറ്റോ എന്ന ചുരുക്കപ്പേരുള്ള നോര്‍ത്ത് അറ്റ്ലാന്‍റിക്  ട്രീറ്റി ഓര്‍ഗനൈസേഷന്‍. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ തല്‍സ്ഥാനത്തു പ്രത്യക്ഷപ്പെട്ടതാണ് റഷ്യ. ആ രാജ്യത്തെയാണ് തന്‍റെ സ്വന്തം രാജ്യം നയിക്കുന്ന സൈനിക സഖ്യത്തിലെ അംഗരാജ്യങ്ങളെ ആക്രമിക്കാന്‍ അമേരിക്കയുടെ മുന്‍തലവന്‍ പരസ്യമായി ക്ഷണിച്ചിരിക്കുന്നതെന്നത് പലര്‍ക്കും വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലത്രേ.  

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ അമേരിക്കയും യൂറോപ്പും തമ്മിലുണ്ടാകാന്‍ തുടങ്ങിയ സുദൃഢ ബന്ധത്തിന്‍റെ തറക്കല്ലില്‍ കെട്ടിപ്പടുത്തതാണ് നാറ്റോ. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നിവ ഉള്‍പ്പെടെ 1949ല്‍ പന്ത്രണ്ട് അംഗങ്ങളുണ്ടായിരുന്ന അതിലെ അംഗ സംഖ്യ ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഫിന്‍ലന്‍ഡ് കൂടി ചേര്‍ന്നതോടെ 31 ആയി. സ്വീഡന്‍ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍കൂടി ചേരാന്‍ കാത്തിരിക്കുന്നു. അമേരിക്കയും കാനഡയും ഒഴികെയുള്ള എല്ലാ നാറ്റോ അംഗങ്ങളും യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇത്രയും വലിയ സൈനികസഖ്യം ലോകചരിത്രത്തില്‍ വേറെയില്ല. 

നാറ്റോയെ ചെറുക്കാന്‍ സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍ വാഴ്സോ സഖ്യം എന്ന പേരില്‍ 1955 മുതല്‍ മറ്റൊരു സൈനിക കൂട്ടായ്മയും ആറ് അംഗങ്ങളോടെ രംഗത്തുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അതിന്‍റെ കഥ കഴിഞ്ഞു. അതിലുണ്ടായിരുന്ന ചില രാജ്യങ്ങള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്‍റെതന്നെ ഭാഗമായിരുന്ന ചില രാജ്യങ്ങളും നാറ്റോയില്‍ ചേര്‍ന്നു. അല്‍ബേനിയ, ബള്‍ഗേറിയ, ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ളിക്ക്, സ്ളൊവാക്യ, റുമേനിയ, ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.  

സോവിയറ്റ് യൂണിയന്‍റെ പിന്‍ഗാമിയായ റഷ്യയെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഒരു ഭാഗത്തും  നാറ്റോയിലെ അംഗത്വം നല്‍കുന്ന സുരക്ഷിതത്വ ബോധം മറുഭാഗത്തും. ഇവ രണ്ടും കൂടി ആ രാജ്യങ്ങളെ നാറ്റോവുമായി അടുപ്പിക്കുകയായിരുന്നു. നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്‍റെ തീരുമാനം പ്രത്യേകിച്ചും ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

നാറ്റോയില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്ത ശേഷമാണ് ഫന്‍ലന്‍ഡിന്‍റെ തീരുമാനം. 1917വരെ ഫിന്‍ലന്‍ഡ് റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. 1939ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്‍ ഫിന്‍ലന്‍ഡിനെ ആക്രമിക്കുകയും ഫിന്‍ലന്‍ഡുകാര്‍ അതിനെതിരെ പോരാടുകയും ചെയ്തു. അതെല്ലാം അന്നാട്ടുകാര്‍ ഇന്നും ഓര്‍മിക്കുന്നുണ്ട്. 

എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യം സോവിയറ്റ് യുണിയനുമായും പിന്നീട് റഷ്യയുമായുള്ള പാശ്ചാത്യ ശക്തികളുടെ ശീതയുദ്ധത്തില്‍ ഫിന്‍ലന്‍ഡ് പക്ഷംപിടിച്ചില്ല. ആ നിലപാടില്‍ മാറ്റം വരുത്തേണ്ടതായി ഏതാനും വര്‍ഷം മുന്‍പ് വരെ അവിടത്തെ ജനങ്ങളില്‍ അധികമാര്‍ക്കും തോന്നിയിരുന്നുമില്ല. 

എങ്കിലും 2018ല്‍ നടന്ന സര്‍വേയില്‍ നാറ്റോ അംഗത്വത്തെ ജനങ്ങളില്‍ മൂന്നിലൊന്നു പേര്‍ അനുകൂലിച്ചിരുന്ന സ്ഥാനത്ത് 2022ല്‍ അഞ്ചില്‍ നാലുപേരായി. കാരണം യുക്രെയിനിലെ റഷ്യന്‍ ആക്രമണമായിരുന്നു. യുക്രെയിന്‍ നാറ്റോ അംഗമായിരുന്നുവെങ്കില്‍ അതിനെ ആക്രമിക്കാന്‍ റഷ്യ ധൈര്യപ്പെടില്ലായിരുന്നുവെന്നു കരുതുകയാണത്രേ  ഫിന്‍ലന്‍ഡിലെ ബഹുഭൂരിപക്ഷം ജനങ്ങളും. കാരണം, നാറ്റോയില്‍ ചേര്‍ന്നാല്‍ പുറമെനിന്നുള്ള ഏത് ആക്രമണത്തെയും ചെറുക്കാന്‍ നാറ്റോയുടെ സൈനിക സഹായം കിട്ടുമെന്നതുതന്നെ.

സ്വീഡനിലെ പൊതൂജനാഭിപ്രായവും ഏതാണ്ട് സമാനമായിരുന്നു. റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തിനുശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ അടുത്തടുത്ത ദിവസങ്ങളിലായി അപേക്ഷ നല്‍കുകയും ചെയ്തു. 

യുക്രെയിനും നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുകയായിരുന്നു. യൂറോപ്പില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമാണ് അതുമായി അതിര്‍ത്തി പങ്കിടുന്ന യുക്രെയിന്‍. അവിടെ തെക്കുഭാഗത്തെ ക്രൈമിയന്‍ അര്‍ധദ്വീല്‍ സോവിയറ്റ് കാലം മുതല്‍ക്കേ നിലനിന്നുവരുന്ന നാവികസേനാ താവളം റഷ്യയെ സംബന്ധിച്ചിടത്തോളം  സൈനിക തന്ത്രപരമായി ഏറ്റവും പ്രധാനമാണ്. യുക്രെയിന്‍ നാറ്റോവില്‍ ചേരുന്നത് അതിനൊരു ഭീഷണിയായിരിക്കുമെന്ന്ു റഷ്യ കരുതുന്നു. 

യുക്രെയിന്‍ 2014ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ തന്നെ റഷ്യ എതിര്‍ത്തിരുന്നു. നാറ്റോയില്‍ പ്രവേശനം നേടിയെടുക്കാനുള്ള ശ്രമത്തിന്‍റെ തുടക്കമായിട്ടാണ് അവര്‍ അതിനെ കണ്ടത്. യുദ്ധത്തിന്‍റെ മുന്നോടിയായി 2014ല്‍ യുക്രെയിനില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയുടെ തുടക്കവും ആ വിധത്തിലായിരുന്നു. 

യുക്രെയിനെ തുടര്‍ന്നു സമീപമേഖലയിലെ മറ്റു ചില രാജ്യങ്ങള്‍കൂടി നാറ്റോയില്‍ ചേരുകയും അതോടെ റഷ്യ മിക്കവാറും പൂര്‍ണമായി യുഎസ് അനുകൂല സൈന്യങ്ങളാല്‍ വലയപ്പെടുകയും ചെയ്യുമെന്നു പുടിന്‍ ഭയപ്പെട്ടുവത്രേ. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിനെ ആക്രമിച്ചത് ആ പശ്ചാത്തിലാണ്. 

റഷ്യയെ പിന്തിരിപ്പിക്കാനായി തങ്ങള്‍ക്ക് എത്രയുംവേഗം നാറ്റോയില്‍ അംഗത്വം നല്‍കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയാണ് യുക്രെയിന്‍. പക്ഷേ, റഷ്യയുമായി നേരിട്ട് യുദ്ധം ചെയ്യാനിടായാക്കുമെന്ന ഭയത്താല്‍ നാറ്റോ അതിനു മടിക്കുന്നു. കാരണം നാറ്റോയിലെ ഒരംഗ രാജ്യം ആക്രമിക്കപ്പെട്ടാല്‍ അത് എല്ലാ അംഗരാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കരുതുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യേണ്ട വരും.

പോര്‍വിമാനങ്ങള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, മിസൈലുകള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ ആയുധങ്ങള്‍ നല്‍കി യുക്രെയിനെ ഉദാരമായി സഹായിക്കുകയാണ് ഇപ്പോള്‍ നാറ്റോ അംഗരാജ്യങ്ങള്‍ ചെയ്തുവരുന്നത്.  

നാറ്റോ എത്രമാത്രം ശക്തവും ഫലപ്രദവുമാണെന്ന ചര്‍ച്ചകള്‍ക്ക് ഇതുതന്നെ തുടക്കമിട്ടിരിക്കുകയായിരുന്നു. ഡോണള്‍ഡ് ട്രംപിന്‍റെ പ്രസംഗം നാറ്റോ നേരിടുന്ന മറ്റൊരു പ്രശ്നത്തിലേക്കു വെളിച്ചംവീശുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS