യുഎസ് ചരിത്രത്തില്‍ നാണക്കേടുണ്ടായ ദിവസം
Mail This Article
"അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും നാണക്കേടുണ്ടായ ദിവസം". യുഎസ് കോണ്‍ഗ്രസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍റെ അഭിപ്രായത്തില്‍ അതാണ് 2024 മേയ് 30. അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച. ന്യൂയോര്‍ക്കിലെ മാന്‍ഹറ്റന്‍ കോടതിയിലെ ജൂറി മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഒരു ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്നു വിധിച്ചത് അന്നാണ്. അതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരന്‍കൂടിയായ ജോണ്‍സന്‍.
അമേരിക്കയിലെ മറ്റൊരു മുന്‍ പ്രസിഡന്‍റിനും ഇതുപോലൊരു അവസ്ഥയെ നേരിടേണ്ടി വന്നിരുന്നില്ല. പക്ഷേ, ജോണ്‍സനും മറ്റു റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരും അതിനു കുറ്റപ്പെടുത്തുന്നത് ട്രംപിനെയല്ല. വരുന്ന നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ എതിര്‍ക്കുന്ന പ്രസിഡന്‍റ് ജോ ബൈഡനെയും അദ്ദേഹത്തിന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടിയെയുമാണ്.
ട്രംപിനെ തോല്‍പ്പിക്കാനായി ബൈഡനും പാര്‍ട്ടിയും എല്ലാ കുതന്ത്രങ്ങളും പയറ്റുകയാണെന്നും അതില്‍ ഒന്നു മാത്രമാണ് ഈ കേസെന്നും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ മൊത്തത്തില്‍ ആവര്‍ത്തിക്കുന്നു. ഈ വിധി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അവര്‍ പറയുന്നുണ്ട്. കേസിന്‍റെ ആറാഴ്ച നീണ്ടുനിന്ന വിചാരണക്കിടയില്‍തന്നെ ഇതിന്‍റെ പേരില്‍ ട്രംപ് കോടതിയില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരുന്നു. സാക്ഷികളോടും ജഡ്ജിയോടു പോലും അദ്ദേഹം ഇടയ്ക്കിടെ തട്ടിക്കയറുകയുമുണ്ടായി.
അടുത്ത നടപടി ശിക്ഷ വിധിക്കലാണ്. ജൂലൈ 11 ആണ് അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ളത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ മില്‍വോക്കിയില്‍ നടക്കുന്നത് അതിനുശേഷം നാലു ദിവസം കഴിഞ്ഞാണ്.
കുറ്റക്കാരനെന്നു വിധിക്കപ്പെട്ട നിലയക്കു ട്രംപിനു പരമാവധി 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. അല്ലെങ്കില്‍ മുന്‍പ് കുറ്റമൊന്നും ചെയ്തിട്ടില്ലാത്ത ഒരു വയോധികന്‍ (77 വയസ്സ്) എന്ന നിലയില്‍ നിരുപാധികം വിട്ടയക്കപ്പെടാം. നല്ല നടപ്പിനു വിധിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം കേസുകളില്‍ ഒരു നിശ്ചിത കാലം സാമൂഹിക സേവനം നടത്താന്‍ ഉത്തരവിടുന്ന പതിവുമുണ്ട്. വിധിക്കെതിരെ ട്രംപിന് അപ്പീല്‍ നല്‍കുകയുമാവാം.
ഹഷ്മണി കേസ് എന്നു പരക്കെ അറിയപ്പെടുന്ന കേസിലാണ് മാന്‍ഹാറ്റന്‍ കോടതിയിലെ ജൂറിമാര്‍ ട്രംപിനെ കുറ്റക്കാരനായി വിധിച്ചിരിക്കുന്നത്. കുറ്റകൃത്യം മറച്ചുപിടിക്കാനായി മറ്റൊരാളുമായി ഗൂഡാലോചന നടത്തുകയും അയാള്‍ നിശ്ശബ്ദത പാലിക്കുന്നതിനു പ്രതിഫലമായി പണം നല്‍കുകയും ചെയ്യുന്നതിനെയാണ് ഹഷ്മണി നല്‍കുകയെന്നു പറയുന്നത്. പക്ഷേ, ഈ കേസില്‍ ട്രംപിനെതിരെ ആരോപിക്കപ്പെട്ട കുറ്റം മുഖ്യമായും അതല്ല.
നീലച്ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സ്റ്റോമി ഡാനിയല്‍സ് എന്ന നടിയുമായി 2006 ജൂലൈയില്‍ ട്രംപ് കിടക്ക പങ്കിട്ടതായി പറയപ്പെടുന്ന സംഭവമാണ് കേസിന്‍റെ കേന്ദ്രബിന്ദു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നു ട്രംപ് ആണയിടുന്നു. എങ്കിലും 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ നടി അതു നാട്ടിലെ പാട്ടാക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ട്രംപ് തന്‍റെ വിശ്വസ്ത അഭിഭാഷകനായിരുന്ന മൈക്കല്‍ കോഹന്‍ മുഖേന 130,000 ഡോളര്‍ ഹഷ്മണി കൊടുത്തു പ്രശ്നം ഒതുക്കിത്തീര്‍ത്തു.
ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇതൊരു കുറ്റമല്ല. കോഹന്‍ സ്വന്തം പണം നടിക്കു നല്‍കുകയും ആ തുക ട്രംപ് കോഹനു നല്‍കുകയുമായിരുന്നു. അതിനു പുറമെ 290,000 ഡോളര്‍ വേറെയും കോഹനു നല്‍കി. ഇതെല്ലാം വക്കീല്‍ ഫീസ് ഉള്‍പ്പെടെയുള്ള ബിസിനസ് അനുബന്ധ ചെലവായി അദ്ദേഹം തന്‍റെ കമ്പനിയുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തി. ഇതു കണക്കില്‍ കൃത്രിമം കാണിക്കലും അതിനാല്‍ നിയമവിരുദ്ധവുമാണ്.
നടിക്കു പണം നല്‍കിയതു 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലാണെന്നതും ട്രംപിനെ അപകടത്തിലാക്കി. വിജയം ഉറപ്പിക്കാനായി അവിഹിത മാര്‍ഗം ഉപയോഗിച്ചുവെന്നും അതു തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമുള്ള ആരോപണം ഉയര്‍ന്നു. ഇതെല്ലാം ചേര്‍ന്നാണ് ക്രിമിനല്‍ കേസായി മാറിയത്.
ഈ സംഭവങ്ങളോടനുബന്ധിച്ച് കോഹന്‍തന്നെ കേസില്‍ കുടുങ്ങുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. നികുതി വെട്ടിപ്പ്, തിരഞ്ഞെടുപ്പ് നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ 2018 മുതല്‍ മൂന്നു വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. 'ട്രംപിനുവേണ്ടി മരിക്കാനും തയാര്‍' എന്നു മേനി പറഞ്ഞിരുന്ന കോഹന്‍ അതോടെ ട്രംപിന്‍റെ കൊടിയ ശത്രുവായി. മാന്‍ഹാറ്റന്‍ കോടതിയിലെ മുഖ്യപ്രോസിക്യൂഷന്‍ സാക്ഷിയും കോഹനായിരുന്നു.
ട്രംപിനെതിരെ ഉന്നയിക്കപ്പെട്ട നാലു ക്രിമിനല്‍ കേസുകളില്‍ ഒന്നു മാത്രമാണ് ഹഷ്മണി കേസ്. രണ്ടാമത്തെ കേസ് ഇതിനെ അപേക്ഷിച്ച് കൂടുതല്‍ ഗൗരവ സ്വഭാവമുളളതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ്.
തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നു 2001 ജനുവരിയില്‍ ട്രംപ് വൈറ്റ്ഹൗസില്‍ നിന്നു ഭാര്യാസമേതം പോയതു ഫ്ളോറിഡയിലെ തന്‍റെ അത്യാഡംബര റിസോര്‍ട്ടിലേക്കായിരുന്നു. പെട്ടികള്‍ നിറയെ നൂറുകണക്കിന് ഔദ്യോഗിക രേഖകളും കൊണ്ടുപോയി. രേഖകളില്‍ പലതും അതീവ രഹസ്യ സ്വഭാവമുള്ളതും രാജ്യസുരക്ഷയുമായിപ്പോലും ബന്ധമുളളതുമായിരുന്നു. അവ ഭദ്രമായി സൂക്ഷിച്ചില്ല, അത്തരം രേഖകളുടെ സംരക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അവ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ട്രംപും അദ്ദേഹത്തിന്‍റെ അഭിഭാഷകരും തടഞ്ഞു, അങ്ങനെ നീതിനിര്‍വഹണം തടസ്സപ്പെടുത്തി എന്നിങ്ങനെയുളള ആരോപണങ്ങളാണ് തുടര്‍ന്നുണ്ടായത്. ചില രേഖകള്‍ നശിപ്പിക്കപ്പെടുകയും മറ്റു ചിലതില്‍ കൈകടത്തലുണ്ടാവുകയും ചെയ്തതായും സംശയമുണ്ട്. ഇതിനെയെല്ലാം കേന്ദ്രീകരിച്ചുളള താണ് ഫ്ളോറിഡ ഫെഡറല്‍ കോടതിയിലെ ഡോക്യുമെന്‍റ്സ് കേസ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ ട്രംപിനു കുറ്റപത്രം നല്‍കപ്പെട്ടത് മൂന്നാമതൊരു കേസിലാണ്. 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ചിലരുടെ കൂടെ ഗൂഡാലോചന നടത്തുകയും ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സമാനമായ ആരോപണമാണ് ജോര്‍ജിയ സംസ്ഥാനത്തെ ഫുള്‍ട്ടണ്‍ കൗണ്ടി കോടതിയില്‍ ട്രംപിനെതിരെ കുറ്റം ചുമത്തപ്പെട്ട കേസിന്‍റെയും ആധാരം.
പരാജയം വിജയമാക്കി മാറ്റാനായി ട്രംപ് മുഖ്യമായി രണ്ടു വിധത്തില്‍ ശ്രമിച്ചുവത്രേ. പരക്കെ കള്ളവോട്ടുകള്‍ നടന്നുവെന്നതിന്‍റെ പേരില്‍, ഇലക്ടറല്‍ വോട്ടുകള്‍ക്കു കോണ്‍ഗ്രസ് അംഗീകാരം നല്‍കുന്നതു തടയാനായിരുന്നു ഒരു ശ്രമം. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിനോക്കി ഫലം പ്രഖ്യാപിക്കാനായി 2021 ജനുവരി ആറിനു വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സംയുക്ത സമ്മേളനം അതിനു സാക്ഷിയാവുകയും ചെയ്തു.
ട്രംപിന്‍റെ പ്രസംഗങ്ങള്‍ കേട്ട് പ്രകോപിതരായ ഒരു വന്‍ജനക്കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന ക്യാപിറ്റോള്‍ മന്ദിരത്തിലേക്കു തള്ളിക്കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ട്രംപിന്‍റ ഇഛാനുസരണം പ്രവര്‍ത്തിക്കാന്‍ പെന്‍സിന്‍റെയും കോണ്‍ഗ്രസ് അംഗങ്ങളുടെയുംമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവത്രേ അവരുടെ ഉദ്ദേശ്യം.
റിപ്പബ്ളിക്കന്‍ കോട്ടയായി കരുതപ്പെട്ടിരുന്ന ജോര്‍ജിയ സംസ്ഥാനമായിരുന്നു ട്രംപിന്‍റെ പരാജയം വിജയമാക്കി മാറ്റാന്‍ ശ്രമം നടന്നതായി പറയപ്പെടുന്ന മറ്റൊരു സ്ഥലം. രണ്ടു തവണ വോട്ടെണ്ണല്‍ നടന്ന അവിടെ താന്‍ 11787 വോട്ടുകള്‍ക്കു പിന്നിലായതു ട്രംപിനു വിശ്വസിക്കാനായില്ല.
അത്രയും വോട്ടുകള്‍ ഉടന്‍ കണ്ടെത്തണമെന്നു ജോര്‍ജിയയിലെ ഉന്നത ഉദ്യോഗസ്ഥനോട് ട്രംപ് ഫോണില്‍ ആവശ്യപ്പെട്ടുവത്രേ. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്നിട്ടും ആ ഉദ്യോഗസ്ഥന്‍ വഴങ്ങിയില്ല. ട്രംപ് അദ്ദേഹത്തിന്‍റെ സഹായം തേടിയത് നിയമ വിരുദ്ധമായ വിധത്തില്‍ കള്ളവോട്ട് ഉണ്ടാക്കാനോ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താനോ ആണെന്നാണ് ആരോപണം.
രണ്ടു തവണ കുറ്റവിചാരണയ്ക്കു (ഇംപീച്ച്മെന്‍റ്) വിധേയനായ ഒരേയൊരു യുഎസ് പ്രസിഡന്‍റ് എന്ന കുപ്രസിദ്ധി ട്രംപ് നേരത്തെതന്നെ സമ്പാദിച്ചിരുന്നു. തനിക്കെതിരെയുള്ള എല്ലാ കേസുകളും രാഷ്ട്രീയ പ്രേരിതം, അപഹാസ്യം, യക്ഷിവേട്ട എന്നെല്ലാം പറഞ്ഞ് ട്രംപ് പുഛിച്ചുതള്ളുകയും ചെയ്യുന്നു.
ട്രംപ് ശിക്ഷിക്കപ്പെടുകയാണെങ്കില്‍ നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അതു തടസ്സമാകുമോ ? ഈ ചോദ്യമാണ് ഇപ്പോള്‍ എല്ലാവരുടെയും മനസ്സില്‍. പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കുന്നതിനു മൂന്നു യോഗ്യതകളാണ് യുഎസ് ഭരണഘടനയില്‍ പറഞ്ഞിട്ടുളളത് : ആള്‍ക്ക് ചുരുങ്ങിയതു 35 വയസ്സുണ്ടായിരിക്കണം, അമേരിക്കയില്‍ ജനിച്ച പൗരനായിരിക്കണം, 14 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ആളായിരിക്കണം. ക്രിമിനല്‍ കേസില്‍ കുറ്റവാളിയായി വിധിക്കപ്പെട്ട ആളാവരുതെന്നു ഭരണഘടനയില്‍ പറയുന്നില്ല.