ജൂലിയന്‍ അസ്സാന്‍ജിന്‍റെ തീരാത്ത നിയമയുദ്ധം

HIGHLIGHTS
  • യുഎസ് രഹസ്യങ്ങള്‍ ചോര്‍ന്നുപോയ കേസ് നീളുന്നു
  • ബ്രിട്ടന്‍ അമേരിക്കയ്ക്കു കൈമാറുന്നതില്‍ എതിര്‍പ്പ്
leaks
Image Credit: https://coalition.org.mk
SHARE

അമേരിക്കയുടെ സൈനികവും നയതന്ത്രപരവുമായ  പ്രവര്‍ത്തനങ്ങളെസംബന്ധിച്ച ആയിരക്കണക്കിനു രഹസ്യരേഖകള്‍ യുഎസ് ഗവണ്‍മെന്‍റിന്‍റെ കംപ്യൂട്ടറുകളില്‍നിന്നു ചോര്‍ന്ന് പരസ്യമായത് 14 വര്‍ഷം മുന്‍പാണ്. വിക്കിലീക്സ് എന്ന ഇന്‍റര്‍നെറ്റ് വെബ്സൈറ്റും അതിന്‍റെ സഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജുമായിരുന്നു ലോകത്തെ പൊതുവില്‍തന്നെ ഞെട്ടിച്ച ആ സംഭവത്തിന്‍റെ കേന്ദ്രബിന്ദുക്കള്‍. 

വിക്കിലീക്സിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. ആരും അതന്വേഷിക്കാറില്ലെന്നു തോന്നുന്നു. എന്നാല്‍, അതിന്‍റെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്ന ഓസ്ട്രേല്യക്കാരന്‍ അസ്സാന്‍ജ് ഇപ്പോഴും ഇടയ്ക്കിടെ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അഞ്ചു വര്‍ഷമായി ബ്രിട്ടനില്‍ ജയിലിലാണ്. അതിന് ഏഴുവര്‍ഷം മുന്‍പ് ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. 

രഹസ്യങ്ങള്‍ പരസ്യമാക്കിയതു സംബന്ധിച്ച കേസില്‍ വിചാരണയെ നേരിടാനായി ബ്രിട്ടന്‍ തന്നെ അമേരിക്കയ്ക്കു കൈമാറുന്നതിനെതിരെ നിരന്തരമായ നിയമ യുദ്ധത്തിലാണ് അന്‍പത്തിരണ്ടുകാരനായ അസ്സാന്‍ജ്. ആ യുദ്ധത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഏറ്റവുമൊടുവില്‍ മേയ് 20നു ലണ്ടന്‍ ഹൈക്കോടതി നല്‍കിയ അനുകൂലവിധി. 

TOPSHOT-BRITAIN-SWEDEN-ECUADOR-ASSANGE-ASSAULT-POLICE
ജൂലിയൻ അസാൻജ്

ഇതേ കേസില്‍ കോടതി നേരത്തെ പുറപ്പെടുവിച്ച പ്രതികൂല വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഈ വിധി അസ്സാന്‍ജിന് അനുമതി നല്‍കുന്നു. ഏതാനും മാസങ്ങള്‍ കഴിയുന്നതുവരെയെങ്കിലും ബ്രിട്ടന്‍ അസ്സാന്‍ജിനെ അമേരിക്കയ്ക്കുകൈമാറില്ലെന്നര്‍ഥം.

കുറ്റവാളികളെയും പ്രതികളെയും കൈമാറുന്നതു സംബന്ധിച്ച് അമേരിക്കയും ബ്രിട്ടനും തമ്മില്‍ ഉടമ്പടിയുണ്ട്. അതനുസരിച്ചുളള നടപടികള്‍ക്കു തടസ്സവും താമസവുമൊന്നും സാധാരണ ഉണ്ടാകാറുമില്ല. ബ്രിട്ടനില്‍ എതിര്‍പ്പുണ്ടായെങ്കിലും അസ്സാന്‍ജിനെ അമേരിക്കയ്ക്കു കൈമാറാനുളള  ഉത്തരവില്‍ ആഭ്യന്തരമന്ത്രി പ്രീതി പട്ടേല്‍ 2022ല്‍ ഒപ്പ് വയ്ക്കുകയുമുണ്ടായി. 

വിചാരണ സംബന്ധിച്ച് അമേരിക്കയില്‍നിന്നു വ്യക്തമായ ചില ഉറപ്പുകള്‍ കിട്ടുന്നതുവരെ കൈമാറരുതെന്ന ആവശ്യം അവര്‍ തളളിക്കളയുകയായിരുന്നു. കുറേ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന മാനസിക സംഘര്‍ഷത്തിന്‍റെ പശ്ചത്തലത്തില്‍ അസ്സാന്‍ജ് ആത്മഹത്യക്കു ശ്രമിച്ചേക്കാമെന്ന വാദവും പരിഗണിക്കപ്പെടുകയുണ്ടായില്ല. 

ചാരപ്പണി നടത്തി, സൈന്യത്തെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്താക്കി, അതുമായി ബന്ധപ്പെട്ട ആളുകളുടെ ജീവന്‍ അങ്ങനെ അപകടത്തിലാക്കി, കംപ്യൂട്ടര്‍ ഹാക്കിങ് നടത്തി  തുടങ്ങിയ പല കുറ്റങ്ങളുടെയും പേരിലാണ് അസ്സാന്‍ജിനെതിരെ അമേരിക്കയില്‍ കേസുളളത്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ മൊത്തം 175 വര്‍ഷംവരെ തടവുശിക്ഷയോ കിട്ടിയേക്കാമെന്നു ഭയപ്പെടുന്നു.  

BRITAIN-ECUADOR-SWEDEN-US-DIPLOMACY-WIKILEAKS-ASSANGE

വിക്കിലീക്സിന്‍റെ സ്ഥാപകന്‍ മാത്രമല്ല, ചീഫ് എഡിറ്ററും കൂടിയായിരുന്നു അസ്സാന്‍ജ്. ഗവണ്‍മെന്‍റുകള്‍ രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങള്‍ (വിഡിയോ ചിത്രങ്ങള്‍ ഉള്‍പ്പെടെ) ആര് എത്തിച്ചുകൊടുത്താലും അതേപടി പ്രസിദ്ധീകരിക്കാന്‍ വിക്കിലീക്സ് തയാറായിരുന്നു. ഇന്‍റര്‍നെറ്റ് വിജ്ഞാന കോശമായ വിക്കിപീഡിയയുമായോ അതിന്‍റെ പ്രസാധകരായ വിക്കിമീഡിയ ഫൗണ്ടേഷനുമായോ അതിനു ബന്ധമില്ലെന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. 

ഇറാഖിനെ ആക്രമിച്ച യുഎസ് സൈന്യം 2007ല്‍ ഒരു ഹെലികോപ്റ്ററില്‍നിന്ന് 18 ഇറാഖി സിവിലിയന്മാരെ വെടിവച്ചുകൊല്ലൂന്ന വിഡിയോ ചിത്രം 2010ല്‍ വിക്കിലീക്സിലൂടെ പുറത്തുവന്നതേടെ ലോകം നടുങ്ങുകയണ്ടായി. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ടു ജേണലിസ്റ്റ്രുകളും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.

ഇറാഖില്‍ മാത്രമല്ല അഫ്ഗാനിസ്ഥാനിലും യുഎസ് സൈനികര്‍ ഇതുപോലെ അതിരുവിട്ടു പ്രവര്‍ത്തിക്കുന്നതിന്‍റ ചിത്രങ്ങളും രേഖകളും പുറത്തുവരികയുണ്ടായി. ആ രണ്ടു രാജ്യങ്ങളിലെയും യുദ്ധത്തില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനേക്കാള്‍ കൂടുതലാണെന്നു കാണിക്കുന്ന രേഖകളും പരസ്യമായി.  

ഏഴര ലക്ഷത്തോളം വരുന്ന രേഖകള്‍  ചോര്‍ത്തിക്കൊടുത്തത് ഇറാഖില്‍ യുഎസ് ആര്‍മി ഇന്‍റലിജന്‍സ് വിഭാഗത്തില്‍ അനലിസ്റ്റായിരുന്ന ചെല്‍സി മാന്നിങ് എന്ന ബ്രാഡ്ലി മാന്നിങ്ങായിരുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധം ഉള്‍പ്പെടെ അമേരിക്ക നടത്തിയ പല സൈനിക പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്നു ലോകത്തെ അറിയിക്കുകയായിരുന്നു ബ്രാഡ്ലിയുടെ ഉദ്ദേശ്യം. 

ബ്രാഡ്ലി  അറസ്റ്റിലാവുകയും 2013ല്‍ പട്ടാളക്കോടതി 35 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. എങ്കിലും പ്രസിഡന്‍റ് ബറാക് ഒബാമ തന്‍റെ ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ പലര്‍ക്കും മാപ്പ് നല്‍കിയ കൂട്ടത്തില്‍ ബ്രാഡ്ലിയും ഉള്‍പ്പെട്ടു. അതിനാല്‍ ആറര വര്‍ഷമേ ജയിലില്‍ കഴിയേണ്ടിവന്നുള്ളൂ. അതിനിടയില്‍ മറ്റൊരു സംഭവം കൂടിയുണ്ടായി. പുരുഷന്‍ സ്ത്രീയായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ബ്രാഡ്ലി ചെല്‍സിയായി. 

താനൊരു ജേണലിസ്റ്റാണെന്നും ഭരണകൂടങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതും ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്നു കരുതുന്നതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ജേണലിസ്റ്റ് എന്ന നിലയിലുളള തന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നുമാണ് അസ്സാന്‍ജിന്‍റെ വാദം. 

ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഒരു പ്രസംഗപരിപാടിക്കായി 2010ല്‍ സ്വീഡനില്‍ പോയതായിരുന്നു. അവിടെനിന്നു തുടങ്ങിയതാണ് അസ്സാന്‍ജിന്‍റ ദുര്‍ദ്ദിനങ്ങള്‍. ഒരു സ്ത്രീപീഡനക്കേസില്‍ കുടുങ്ങി. സ്വീഡിഷ് പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴേക്കും ലണ്ടനിലേക്കു പോയിക്കഴിഞ്ഞിരുന്നു. 

ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന ആവശ്യം അസ്സാന്‍ജ് നിരസിച്ചപ്പോള്‍ സ്വീഡന്‍ ബ്രിട്ടന്‍റെ സഹായം തേടി. അങ്ങനെ ആദ്യമായി ലണ്ടനില്‍ അറസ്റ്റിലായി. ജാമ്യം നേടി പുറത്തുവന്ന ശേഷം, സ്വീഡനു കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് കോടതികളില്‍ നിയമയുദ്ധം നടത്തിയെങ്കിലും വിജയിച്ചില്ല. ബ്രിട്ടന്‍ തന്നെ സ്വീഡനു കൈമാറിയാല്‍ സ്വീഡന്‍ തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നു ഭയപ്പെടുകയായിരുന്നു അസ്സാന്‍ജ്. 

തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിന്‍റെ ലണ്ടനിലെ എംബസ്സിയില്‍ 2012ല്‍ അഭയം തേടിയത് അതിനെ തുടര്‍ന്നാണ്. പിടികൂടാന്‍ പൊലീസ് പുറത്തു കാവല്‍ നില്‍ക്കേ നീണ്ട ഏഴു വര്‍ഷമാണ് അവിടെ താമസമാക്കിയത്. വീട്ടുതടങ്കല്‍ പോലെയായിരുന്നുവത്രേ ജീവിതം. 

BRITAIN-US-ECUADOR-AUSTRALIA-DIPLOMACY-COURT-ASSANGE

അതിനിടയില്‍ എംബസ്സിയിലെ ഉദ്യോഗസ്ഥരുമായി അസ്സാന്‍ജ് നിരന്തരമായി ഉടക്കുകയും ഒടുവില്‍ 2019 അവര്‍ ബലം പ്രയോഗിച്ചു പുറത്താക്കി പൊലീസിനു വിട്ടുകൊടുക്കുകയും ചെയ്തു. അസ്സാന്‍ജിനെ അമേരിക്കയ്ക്കു കൈമാറാനുളള ബ്രിട്ടന്‍റെ നടപടികള്‍ തുടങ്ങിയത് അതിനു ശേഷമാണ്. 

അമേരിക്കയില്‍ തനിക്കു വിചാരണയെ നേരിടേണ്ടി വരികയാണെങ്കില്‍ യുഎസ് ഭരണഘടനയിലെ ഒന്നാം ഭേദഗതിയനുസരിച്ചുളള നിയമ പരിഗണന തനിക്കു കിട്ടണമെന്ന് അസ്സാന്‍ജ് വാദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നതാണ് ഈ ഭരണഘടനാ വ്യവസ്ഥ.  

ഓസ്ട്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും ഓസ്ട്രേല്യന്‍ പാര്‍ലമെന്‍റും അസ്സാന്‍ജിനു മാപ്പ് നല്‍കാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പരിഗണിക്കാമെന്നാണ് ബൈഡന്‍ നല്‍കിയിട്ടുളള മറുപടി. 

മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെപ്പറ്റി മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ചോദിക്കുകയുണ്ടായി. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. അസ്സാന്‍ജിനെ അമേരിക്കയ്ക്കു കൈമാറുന്നതു സംബന്ധിച്ച് ബ്രിട്ടനിലുളള കേസിന്‍റെ അവസാനം എന്തായിരിക്കുമെന്ന് അറിയാനാണ് അതുമായി ബന്ധമുളള എല്ലാവരും ഇപ്പോള്‍ കാത്തിരിക്കുന്നത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS