മണ്ടേലയുടെ നാട്ടില്‍ ത്രിശങ്കു സഭ

HIGHLIGHTS
  • ആഫ്രിക്കന്‍ നാഷനല്‍ കോണ്‍്രഗ്രസ്സിന് ആദ്യ പരാജയം
  • ദേശീയ ഐക്യമന്ത്രിസഭയ്ക്കു ശ്രമം
MarkRubens-istock
Representative image. Photo Credit:MarkRubens/istockphoto.com
SHARE

ഇന്ത്യയില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടന്നു ഒരാഴ്ച കഴിയുന്നതിനു മുന്‍പ്തന്നെ പുതിയ ഗവണ്‍മെന്‍റ് സ്ഥാനമേറ്റുവെങ്കിലും ദക്ഷിണാഫ്രിക്കയില്‍ രണ്ടാഴ്ചയായിട്ടും അതിനുളള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. കാരണം മേയ് 29ന് അവിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. 30 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് അതൊരു വലിയ തിരിച്ചടിയായി. എങ്കിലും ഏറ്റവും വലിയ കക്ഷി അവര്‍തന്നെ.   

ഒന്നിലധികം കക്ഷികള്‍ ചേര്‍ന്നുളള കൂട്ടുമന്ത്രിസഭയ്ക്കുളള സാധ്യത ആരായുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മിക്ക രാജ്യങ്ങളിലും പതിവ്. ചില കക്ഷികളുടെ പുറത്തുനിന്നുളള പിന്തുണയോടെ ന്യൂനപക്ഷ ഗവണ്‍മെന്‍റ് ഉണ്ടാക്കുന്ന രീതിയുമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അതിനുളള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. 

ഈ സാഹചര്യത്തില്‍ ഒരു ദേശീയ ഐക്യ ഭരണകൂടം ഉണ്ടാക്കാനുളള ആലോചനകളും നടന്നുവരുന്നു.  കൂടുതല്‍ വിശാലമായ അടിത്തറയുളളതും പൊതു പരിപാടിയുടെ അടിസ്ഥാനത്തിലുളളതുമായിരിക്കും ഇത്തരമൊരു ഗവണ്‍മെന്‍റ്. ദക്ഷിണാഫ്രിക്കയില്‍ ബഹുഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാരുടെ ഭരണത്തിനു തുടക്കമിട്ട് 1994 ല്‍ പ്രസിഡന്‍റ് നെല്‍സന്‍ മണ്ടേലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗവണ്‍മെന്‍റ് അതിനൊരു ഉദാഹരണമാണ്. അതുവരെ നാടു ഭരിച്ചിരുന്ന വെളളക്കാരുടെ നാഷനല്‍ പാര്‍ട്ടിയും അതില്‍ പങ്കാളിയായിരുന്നു.  

ദക്ഷിണാഫ്രിക്കയില്‍ നിലവിലുളളത് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാണെങ്കിലും പ്രസിഡന്‍റിനെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുകയല്ല. ജനങ്ങള്‍ 400 അംഗപാര്‍ലമെന്‍റിനെ തിരഞ്ഞെടുക്കുകയും പാര്‍ലമെന്‍റ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുകയുമാണ്. 50 ശതമാനത്തിലേറെ വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്നു. 

ആനുപാതിക പ്രാതിനിധ്യ രീതിയിലുളള തിരഞ്ഞെടുപ്പായതിനാല്‍ ഓരോ കക്ഷിക്കും കിട്ടുന്ന മൊത്തം വോട്ടുകളുടെ എണ്ണമനുസരിച്ചാണ് എംപിമാരുടെ എണ്ണം കണക്കാക്കുക. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഇത്തതവണ കിട്ടിയത് 40.18 ശതമാനമാണ്. കേവല ഭൂരിപക്ഷത്തിന് ഏതാണ്ട് 10 ശതമാനം വോട്ടുകള്‍ കുറവ്. 2019ല്‍ കിട്ടിയത് 57 ശതമാനമായിരുന്നു. 

നിലവിലുളള പ്രസിഡന്‍റ് സിറില്‍ റാമഫോസ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയാണ്.  ഇത്തവണ അതില്‍നിന്ന് ഏതാണ്ട് 17 ശതമാനംവരെ ചോര്‍ന്നുപോയതു  രണ്ടാം തവണയും പ്രസിഡന്‍റാകാനുളള അദ്ദേഹത്തിന്‍റെ പരിപാടിയെ അവതാളത്തിലാക്കി. അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക്  ഇത്തവണ കേവല ഭൂരിപക്ഷം കിട്ടില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ പൊതുവെ സൂചിപ്പിച്ചിരുന്നതും. 

മധ്യവലതുപക്ഷ നിലപാടികളുളള മുഖ്യപ്രതിപക്ഷ കക്ഷിയായ ഡമോക്രാറ്റിക് അലയന്‍സാണ് 21.81 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത്. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രിസില്‍നിന്നു തെറ്റിപ്പിരിഞ്ഞവര്‍ കഴിഞ്ഞ ഡിസംബറില്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സൂമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച എംകെ പാര്‍ട്ടി 14.58 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തുനില്‍ക്കുന്നു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് മേല്‍വിലാസമുളള ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് 9.52 ശതമാനം വോട്ടുകളോടെ നാലാം സ്ഥാനത്തുമെത്തി.   

വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ പാര്‍ട്ടിക്കും കിട്ടിയ സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ് : ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് 159, ഡമോക്രാറ്റിക് അലയന്‍സ് 87, എംകെ പാര്‍ട്ടി 58, ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് 39.

ജനാധിപത്യത്തിനുവേണ്ടി പോരാടുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തവരുടെ സംഘടനയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിക്കു മുഖ്യമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിലുണ്ടായ പരാജയവും പാര്‍ട്ടിക്കകത്തു തന്നെയുണ്ടായ പിളര്‍പ്പും. 

രാജ്യഭരണം പൂര്‍ണമായും ജനങ്ങളില്‍ പത്തിലൊന്നില്‍ താഴെ വരുന്ന വെളളക്കാരുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് വെളളക്കാരല്ലാത്തവര്‍ അനുഭവിച്ച അവഗണനയ്ക്കും വിവേചനത്തിനും അതിരുണ്ടായിരുന്നില്ല. 1994ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് ആദ്യമായി അധികാരത്തിലെത്തിയതോടെ അതവസാനിച്ചു. പക്ഷേ, അതിനുശേഷം 30 വര്‍ഷമായിട്ടും വെളളക്കാരല്ലാത്തവരുടെ ജീവിതനിലവാരം ഗണ്യമായ തോതില്‍ ഉയര്‍ന്നില്ല. 

ലോകത്ത് ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം സാമ്പത്തിക അസമത്വമുള്ളത് ദക്ഷിണാഫ്രിക്കയിലാണെന്നു 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് യുഎന്‍ ആഭിമുഖ്യത്തിലുളള ലോകബാങ്കാണ്. രണ്ടു വര്‍ഷത്തിനു ശേഷവും അതില്‍ വ്യത്യാസമില്ല. ജനങ്ങളില്‍ പത്തു ശതമാനം പേര്‍ സമ്പത്തിന്‍റെ 80 ശതമാനം കൈയടക്കിവച്ചിരിക്കുന്നു. ദാരിദ്യരേഖയ്ക്കു താഴെയുളളവര്‍ വെള്ളക്കാര്‍ക്കിടയില്‍ ഒരു ശതമാനമാണെങ്കില്‍ കറുത്തവര്‍ക്കിടയില്‍ 60 ശതമാനം വരെയാണ്.

ലോകബാങ്കിന്‍റെതന്നെ അഭിപ്രായത്തില്‍ തൊഴിലില്ലായ്മയുടെ കാര്യത്തിലും ലോകത്തു മുന്നിട്ടുനില്‍ക്കുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടരക്കോടിയോളം വരുന്ന ജനങ്ങളില്‍ ഏതാണ്ട് 80 ലക്ഷം പേര്‍ക്കു (32 ശതമാനം) തൊഴിലില്ല. 15-34 പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ 45 ശതമാനമാണ്. 

ഭൂമിയുടെ ഭൂരിഭാഗവും വന്‍വ്യവസായങ്ങളും സ്വര്‍ണം, പ്ളാറ്റിനം എന്നിവയുടെ ഖനികളും വെള്ളക്കാരുടെ കൈകളില്‍ തുടരുന്നു. കുറ്റകൃത്യങ്ങളും സംഘടിതമായ അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഗവണ്‍മെന്‍റ് വിരുദ്ധവികാരം വളരാന്‍ കാരണമായി. 

കൊലപാതകത്തിന്‍റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്ക ലോകത്തു മുന്നിട്ടുനില്‍ക്കുന്നു. ദിവസത്തില്‍ ശരാശരി ഒരാള്‍ വീതം കൊലചെയ്യപ്പെടുന്നു എന്നിങ്ങനെയുളള കണക്കുകളും പ്രചാരത്തിലുണ്ട്. അഴിമതിയും പരക്കെ കൊടികുത്തിവാഴുന്നു. 

ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വിഭാഗീയത വാസ്തവത്തില്‍ 1999ല്‍ മണ്ടേല പ്രസിഡന്‍റ് പദവി ഒഴിഞ്ഞതു മുതല്‍ക്കേ തുടങ്ങിയതാണ്. 2009ല്‍ ജേക്കബ് സൂമ പ്രസിഡന്‍റും റാമഫോസ വൈസ് പ്രസിഡന്‍റും ആയപ്പോഴേക്കും അതു പൊട്ടിത്തെറിയിലെത്തി. 

അതിനൊരു കാരണം സൂമയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളായിരുന്നു. മണ്ടേലയുടെ പിന്‍ഗാമിയായ പ്രസിഡന്‍റ് താബോ എംബെക്കിയുടെ കീഴില്‍ ഡപ്യൂട്ടി പ്രസിഡന്‍റായിരുന്നപ്പോള്‍ തന്നെ സൂമയ്ക്കെതിരെ അഴിമതിയാരോപണം ഉയരുകയുണ്ടായി. എംബെക്കി അദ്ദേഹത്തെ പിരിച്ചുവിട്ടു. 

പക്ഷേ, 2009ല്‍ സൂമ അധികാരത്തില്‍ തിരിച്ചെത്തുകയും 2014ല്‍ രണ്ടാം തവണയും പ്രസിഡന്‍റാവുകയും ചെയ്തു. ഒടുവില്‍ 2018ല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ഡപ്യൂട്ടി പ്രസിഡന്‍റ് റാമഫോസ ആക്ടിങ് പ്രസിഡന്‍റായി. 2019ല്‍ പ്രസിഡന്‍റാവുകയും ചെയ്തു. 

സൂമയ്ക്കെതിരായ അഴിമതിയാരോപണങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടന്നുവരികയാണ്. അതുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത് കോടതിയലക്ഷ്യക്കേസിനും കാരണമായി. അതിനുളള ശിക്ഷയെന്ന നിലയില്‍ 15 മാസം ജയിലില്‍ കഴിയേണ്ടിയുംവന്നു. അതു കാരണമുണ്ടായ അയോഗ്യതമൂലം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു മല്‍സരിക്കാന്‍ കഴിഞ്ഞിരുന്നുമില്ല.  

ഇതിന്‍റെയെല്ലാം ഫലമായി സൂമയുടെ കണ്ണില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശത്രുവായിരിക്കുകയാണ് പ്രസിഡന്‍റ് റാമഫോസ. ആറുമാസംമുന്‍പ് സൂമ സ്ഥാപിച്ച എംകെ പാര്‍ട്ടി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിനു കനത്ത ഭീഷണിയാവുകയും ചെയ്തു. 

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂട്ടുമന്ത്രിസഭയുണ്ടാക്കാനുളള ആലോചനയുമായി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് സൂമയെയും സമീപിച്ചിരുന്നു. അദ്ദേഹം മുന്നോട്ടു വച്ചത് ഒറ്റ ഉപാധിയാണ് : സിറില്‍ റാമേഫോസ പ്രസിഡന്‍റാകാന്‍ പാടില്ല.  

മറ്റു രണ്ടു പ്രധാന കക്ഷികളുാണെങ്കില്‍ സാധാരണ ഗതിയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് ആശയപരമായി യോജിക്കാന്‍ കഴിയുന്നവയല്ല. രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ ഡമോക്രാറ്റിക് അലയന്‍സ് മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കു വേണ്ടി വാദിക്കുന്നു. 

നാലാം കക്ഷിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് ആവശ്യപ്പെടുന്നത് ബാങ്കുകളും പൊതുമേഖലാ വ്യവസായങ്ങളും ഖനികളും ദേശസാല്‍ക്കരിക്കണമെന്നും വെളളക്കാര്‍ കുത്തകയാക്കിവച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും. 

കൂട്ടുഗവണ്‍മെന്‍റോ ദേശീയ ഐക്യ ഗവണ്‍മെന്‍റോ എന്തായാലും ഉണ്ടാക്കുകയെന്നത് സിറില്‍ റാമഫോസയ്ക്ക് എളുപ്പമല്ലെന്നര്‍ഥം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS