യൂറോപ്പിന്‍റെ പോക്ക് എങ്ങോട്ട് ?

HIGHLIGHTS
  • യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍
  • ഫ്രാന്‍സില്‍ ഒളിംപിക്സിനു മുന്‍പ് തിരഞ്ഞെടുപ്പ്
European Council President Charles Michel
European Council President Charles Michel makes a statement following an informal EU leaders summit to discuss electing the President of the European Council, nominating the President of the European Commission and appointing the High Representative of the Union for Foreign Affairs and Security Policy, in Brussels, early on June 18, 2024. Photo by Nick Gammon / AFP
SHARE

യൂറോപ്പ് പിന്നെയും വലത്തോട്ട് നീങ്ങുകയാണോ എന്ന ചോദ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തീവ്രവലതുപക്ഷക്കാരുടെ സ്വാധീനത്തില്‍പെട്ടു യുദ്ധങ്ങളില്‍ ചെന്നു ചാടുകയും കനത്ത നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്ത ഒരു നീണ്ട ചരിത്രം ആ ഭൂഖണ്ഡത്തിനുളളതാണ് ഈ ചോദ്യത്തിനു കാരണം.   

അതിനാല്‍ യൂറോപ്പ് വലത്തോട്ടു നീങ്ങുകയാണോ എന്നും നിയോഫാഷിസ്റ്റുകള്‍ എന്നറിയപ്പെടുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ വീണ്ടും മേല്‍ക്കൈ നേടുകയാണോ എന്നുമുളള ചോദ്യങ്ങള്‍ക്കു കാലം കഴിയുംതോറും പ്രസക്തിയും പ്രാധാന്യവും വര്‍ധിച്ചുവരുന്നു.  ഈയിടെ നടന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നിന്നു വ്യക്തമാകുമെന്നു പലരും പ്രതീക്ഷിച്ചിരുന്നതും ആ ചോദ്യങ്ങള്‍ക്കുളള ഉത്തരമായിരുന്നു. 

യൂറോപ്യന്‍ യൂണിയന്‍റെ (ഇയു) നിയമനിര്‍മാണ സഭയായ യൂറോപ്യന്‍ പാര്‍ലമെന്‍റിലേക്ക് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അതിനാല്‍ ഇത്തവണ പതിവിലേറെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. 28 അംഗങ്ങളുണ്ടായിരുന്ന ഇയുവില്‍ നിന്നു 2020ല്‍ ബ്രിട്ടന്‍ വിട്ടുപോയതിനുശേഷം നടക്കുന്ന ആദ്യത്തെ യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 64 കോടിയിലേറെ ആളുകള്‍ പങ്കെടുത്ത ഇന്ത്യയിലെ ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ (40 കോടി) പങ്കെടുത്ത വോട്ടെടുപ്പും ഇതായിരുന്നു.  

ഇയുവിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളായ ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും അടക്കമുളള ചില രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ ഗണ്യമായ വിജയമാണ് നേടിയത്. ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ഹംഗറി, തുടങ്ങിയ ചില രാജ്യങ്ങളില്‍ അവര്‍ക്കുണ്ടായ മുന്നേറ്റവും ശ്രദ്ധേയമായിരുന്നു. 

eu-european-union-uk
Image Credits: Photoprofi30/Istockphoto.com

നേരത്തെതന്നെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ എട്ടെണ്ണംവരെ പൂര്‍ണമായോ ഭാഗികമായോ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. അതേസമയം, യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ കടിഞ്ഞാണ്‍ മധ്യ നിലപാടുകാരുടെയും മധ്യ ഇടതുപക്ഷ, മധ്യ വലതുപക്ഷ നിലപാടുകാരുടെയും കൈകളില്‍തന്നെ  തുടരുകയും ചെയ്യുന്നു. 

എങ്കിലും ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ തീവ്രവലതുപക്ഷം മറ്റുളളവരെ മറികടക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന ഭയവും പലര്‍ക്കിടയിലുമുണ്ട്. ചുരുക്കത്തില്‍ ഈ ആശങ്കയാണ് ജൂണ്‍ ആറു മുതല്‍ നാലു ദിവസം 27 രാജ്യങ്ങളിലായി നടന്ന വോട്ടെടുപ്പിന്‍റെ ബാക്കിപത്രം. തീവ്രവലതുപക്ഷത്തേക്കുളള വ്യക്തമായ മാറ്റമാണ് അടയാളപ്പെടുത്തപ്പെടുകയെന്നു പലരും പ്രവചിച്ചിരുന്നുവെങ്കിലും അവരുടെ കണക്കുകള്‍ പിഴക്കുകയാണ് ചെയ്തത്.  

ഓരോ രാജ്യത്തും മല്‍സരിക്കുന്നത് ആ രാജ്യത്തെ രാഷ്ട്രീയ കക്ഷികളാണെങ്കിലും 720 അംഗ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് ആ കക്ഷികളുടെ മേല്‍വിലാസത്തില്‍ തനിച്ചല്ല. സമാനനിലപാടുകളുളള മറ്റു കക്ഷികളോടൊപ്പം ചേര്‍ന്നു വ്യത്യസ്ത പേരുകളിലുളള ഗ്രൂപ്പുകളായിട്ടാണ്. 

അരഡസനിലേറെയുളള ആ ഗ്രൂപ്പുകളില്‍ ഒന്നാണ് 190 സീറ്റുകളോടെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇപിപി). ജര്‍മന്‍കാരിയായ ഡോക്ടര്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ നയിക്കുന്ന അതിലെ ഏറ്റവും വലിയ കക്ഷി (23 സീറ്റുകള്‍) അവരുടെ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയനാണ്. ജര്‍മനിയിലെ ഭരണ കക്ഷികളില്‍ ഒന്നുകൂടിയാണിത്. 

ursula
ഉർസുല വോൺഡെർ ലെയൻ

ഉര്‍സുല മുന്‍പ് ജര്‍മനിയിലെ പ്രതിരോധ മന്ത്രിയായിരുന്നു. അഞ്ചു വര്‍ഷമായി യൂറോപ്യന്‍ യൂണിയന്‍റെ ഭരണ നിര്‍വഹണ സമിതിയായ യൂറോപ്യന്‍ കമ്മിഷന്‍റെ  പ്രസിഡന്‍റ് പദവി വഹിക്കുന്നു. അവര്‍ നയിക്കുന്ന ഇപിപിക്കും സമാന നിലപാടുകാരായ മറ്റു ഗ്രൂപ്പുകള്‍ക്കുംകൂടി സഭയില്‍ ഭൂരിപക്ഷമുളളതിനാല്‍ അഞ്ചു  വര്‍ഷത്തേക്കുകൂടി അവര്‍ ആ സ്ഥാനത്തു തുടരാനുളള സാധ്യതയുമുണ്ട്.   

ഫ്രാന്‍സിലെ പ്രമുഖ മധ്യ വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇപിപിയില്‍ അംഗമാണ്. പൊതുവില്‍ മധ്യവലതു നിലപാട് പിന്തുടരുന്ന ഇപിപിക്ക് ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 14 സീറ്റുകള്‍ കൂടുതല്‍ കിട്ടുകയും ചെയ്തു.  

വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്മയായ പ്രോഗ്രസ്സീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ്സ് ആന്‍ഡ് ഡമോക്രാറ്റ്സാണ് (എസ്ആന്‍ഡി) 136 സീറ്റുകളോടെ രണ്ടാം സ്ഥാനത്ത്. പക്ഷേ, അവര്‍ക്കു മൂന്നു സീറ്റുകള്‍ നഷ്ടപ്പെട്ടു. 

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാന്വല്‍ മക്രോയുടെ റിനൈസ്സന്‍സ് പാര്‍ട്ടി ഉള്‍പ്പെടുന്നതും മധ്യവലതു നിലപാടുളളവരുമായ റിന്യൂ ഗ്രൂപ്പിന് അപ്രതീക്ഷിതമായ വിധത്തില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. 80 സീറ്റുകളും മൂന്നാം സ്ഥാനവും കിട്ടിയെങ്കിലും മുന്‍പുണ്ടായിരുന്ന സീറ്റുകളില്‍ 22 എണ്ണം അവര്‍ക്കു നഷ്ടപ്പെട്ടതു വലിയ നാണക്കേടായി. 

റിനൈസ്സന്‍സ് പാര്‍ട്ടിക്കു 15 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ അവരുടെ ഏറ്റവും കടുത്ത എതിരാളിയായ മെറീന്‍ ലെ പെന്നിന്‍റെ നാഷനല്‍ റാലിക്കു കിട്ടിയത് അതിന്‍റെ ഇരട്ടിവോട്ടുകളാണ്. മാക്രോയെ ഇതു ഞെട്ടിച്ചു.

Emmanuel Macron
ഇമ്മാനുവൽ മക്രോ (Photo: Christophe Archambault/AFP)

ഫ്രാന്‍സിലെ കഴിഞ്ഞ രണ്ടു (2017, 2022) പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളിലും മാക്രോ പരാജയപ്പെടുത്തിയത് അതിതീവ്ര വലതുപക്ഷ നിലപാടു പുലര്‍ത്തുന്ന മെറീന്‍ ലെപെന്നിനെയായിരുന്നു. രണ്ടിലധികം തവണ പ്രസിഡന്‍റാകാന്‍ പാടില്ലെന്നു നിബന്ധനയുളളതിനാല്‍ അടുത്ത (2027ലെ) തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍  അദ്ദേഹത്തിനാവില്ല. എങ്കിലും മറുഭാഗത്തെ സ്ഥാര്‍ഥി മെറീന്‍ ലെപെന്‍ തന്നെയായിരിക്കാനാണ് സാധ്യത.    

ഇറ്റലിയിലെ വനിതാ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നയിക്കുന്ന ബ്രദേഴ്സ് ഓഫ് ഇറ്റലി ഉള്‍പ്പെടുന്ന യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സ് ആന്‍ഡ് റിഫോമിസ്റ്റാണ് 73  സീറ്റുകളോടെ നാലാം സ്ഥാനത്ത്. അവര്‍ക്കും ഐഡന്‍റിറ്റി ആന്‍ഡ് ഡമോക്രസി എന്ന പേരുളള തീവ്രവലതുപക്ഷ കക്ഷികള്‍ക്കുംകൂടി 134 സീറ്റുകള്‍ കിട്ടി. 

യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി പ്രസിഡന്‍റും റിനൈസ്സന്‍സ് പാര്‍ട്ടിയുടെ നേതാവുമായ മക്രോയെ ഞെട്ടിച്ചതിന്‍റെ തൊട്ടുപിന്നാലെ അദ്ദേഹത്തിന്‍റെ പ്രതികരണം ഫ്രാന്‍സിനെയും ഞെട്ടിച്ചു. അദ്ദേഹം ഉടന്‍തന്നെ പാര്‍ലമെന്‍റ് പിരിച്ചുവിടുകയും ജൂണ്‍ 30, ജൂലൈ ആറ്  എന്നീ തീയതികളിലായി പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തതായിരുന്നു അതിനു കാരണം.

ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ ഒളിംപിക്സ് നടക്കുകയാണ്. അതിനുളള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലുളള ഈ തിരഞ്ഞെടുപ്പ് ഫ്രഞ്ചൂകാരെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ അനുഭവമായിരിക്കും. ജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്  മാക്രോ തിരഞ്ഞെടുപ്പിനു മുന്നിട്ടിറങ്ങിയതെങ്കിലും തോറ്റാല്‍ അദ്ദേഹം എന്തു ചെയ്യുമെന്ന ചോദ്യവും നിലനില്‍ക്കുന്നു. 

യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ജനവിധി തേടണമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നുമുളള ആവശ്യം ജര്‍മനിയിലും ഉയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ഇത്തവണ ആദ്യമായി പ്രവേശനം ലഭിച്ച ആള്‍ട്ടര്‍നേറ്റീവ് ഫര്‍ ഡോയിഷ്ലന്‍ഡ് (എഎഫ്ഡി) എന്ന അതിതീവ്ര വലതുപക്ഷ കക്ഷിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

olaf-scholz
Image Credits: twitter/OlafScholz

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ ചാന്‍സലര്‍ (പ്രധാനമന്ത്രി) ഒലാഫ് ഷോള്‍സിന്‍റെ സോഷ്യല്‍ ഡമോക്രാറ്റ്സ് പാര്‍ട്ടിക്കു ലഭിച്ചത് മൂന്നാം സ്ഥാനമാണ് (14 ശതമാനം വോട്ടുകള്‍). 16 വര്‍ഷം ചാന്‍സലറായിരുന്ന അംഗല മെര്‍ക്കല്‍ നയിച്ചിരുന്ന ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍-ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 30 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എഎഫ്ഡി 16.2 ശതമാനം വോട്ടുകളോടെ അനായാസം രണ്ടാം സ്ഥാനത്തേക്കു കയറി. 

വിലക്കയറ്റം, നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം എന്നിവ പോലുള്ള പ്രശ്നങ്ങള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളെയും അലട്ടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമായത് അവയല്ല, ഭൂഖണ്ഡത്തെ മൊത്തത്തില്‍ ബാധിക്കുന്ന മറ്റു ചില വിഷയങ്ങളാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം, അഭയാര്‍ഥി പ്രവാഹം, യൂറോപ്യന്‍ യൂണിയനിലെ അംഗത്വം, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍ റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയിനു നല്‍കുന്ന ആയുധം സഹായം എന്നിവ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS