ട്രംപിനെ നേരിടാന്‍ ബൈഡന്‍ മതിയോ ?

Mail This Article
പരിഭ്രാന്തി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു നാലു മാസം മാത്രം ബാക്കിയുളളപ്പോള്‍ അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടിക്കകത്തു പെട്ടെന്നുണ്ടായ മാനസികാവസ്ഥ വിശേഷിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്. പ്രമുഖ യുഎസ് വാര്‍ത്താവാരികയായ 'ടൈമിന്‍റെ ഏറ്റവും പുതിയ ലക്കത്തിലെ കവേര്‍സ്റ്റോറിയുടെ ശീര്‍ഷകവും അതുതന്നെ. ഇംഗ്ലിഷില്‍ 'പാനിക്ക്'.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ പ്രസിഡന്‍റ് ജോ ബൈഡന്‍ വാരികയുടെ ചട്ടക്കൂട്ടില്‍നിന്നുപുറത്തേക്കു നടന്നു പോകുന്ന ചിത്രവും 'ടൈമി'ന്‍റെ പുറംചട്ടയിലുണ്ട്. നാലു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബൈഡനു പുറത്തേക്കു പോവുകയല്ലാതെ പോംവഴിയില്ലെന്ന സൂചനയും അതു നല്‍കുന്നു.
ബൈഡനാണ് മല്‍സരിക്കുന്നതെങ്കില്‍ ജയിക്കുന്നതു റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപായിരിക്കുമെന്നു കരുതുന്ന പ്രമുഖര്‍ വേറെയുമുണ്ട്. നൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലൊസാഞ്ചലസ് ടൈംസ് തുടങ്ങിയ മുന്‍നിര പത്രങ്ങളും അവരോടൊപ്പമാണ്.

ട്രംപ് വീണ്ടും പ്രസിഡന്‍റാകുന്നത് അമേരിക്കയ്ക്കു മാത്രമല്ല, ലോകത്തിനുതന്നെ അപകടമാണെന്നു കരുതുന്നവരാണ് ഇവരില്‍ പലരും. അതിനാല്‍ ആ അപകടം ഒഴിവാക്കാനായി ബൈഡന്‍ മാറിനില്‍ക്കണമെന്നും അദ്ദേഹത്തേക്കാള്‍ മെച്ചപ്പെട്ട ഒരാളെ ഡമോക്രാറ്റിക് പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍യാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുമുണ്ട്.
ഇതിനെല്ലാം കാരണമായിത്തീര്‍ന്നത് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂണ്‍ 27) ട്രംപുമായുളള തിരഞ്ഞെടുപ്പ് സംവാദത്തിലെ ബൈഡന്‍റെ ദയനീയമായ പ്രകടനമാണ്. ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഒന്നര മണിക്കൂര്‍ നേരത്തെ സംവാദം തല്‍സമയം ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമായി ലക്ഷക്കണക്കിനാളുകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. അമേരിക്കയ്ക്ക് അകത്തും പുറത്തുമുളള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല.
ട്രംപ് ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും-അവ അസത്യവും അടിസ്ഥാന രഹിതമുമായിട്ടുപോലും-വ്യക്തമായി മറുപടി പറയാനം തിരിച്ചടിക്കാനും ബൈഡനു കഴിഞ്ഞില്ല. പലപ്പോഴും അദ്ദേഹം പതറുകയും സംസാരിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നതായും കണ്ടു. അദ്ദേഹം എന്താണ് പറയുന്നതെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നു ട്രംപ് പരിഹസിക്കുകയുമുണ്ടായി. ഇതിനെല്ലാം പുറമെ ബൈഡനു നേരിയ ജലദോഷവുമുണ്ടായിരുന്നു.
എണ്‍പത്തൊന്നു വയസ്സുളള ബൈഡന്‍റെ നടത്തവും അംഗവിക്ഷേപങ്ങളും സംസാരരീതിയുമെല്ലാം വാര്‍ധക്യ സഹജമായ അസ്ക്യതകള്‍ വിളിച്ചുപറയുന്ന വിധത്തിലുളളതാണെന്നു നേരത്തെതന്നെ പരാതിയുണ്ടായിരുന്നു.
ട്രംപിനാണെങ്കില്‍ മൂന്നു-വയസ്സിന്‍റെ കുറവേയൂളളൂ. അതു കാരണമാകാം ബൈഡന്‍റെ പ്രായാധിക്യം അദ്ദേഹം ചര്‍ച്ചാ വിഷയമാക്കിയിരുന്നില്ല. പ്രായത്തിന്‍റെ കാര്യം പറയാതെ ബൈഡന്‍റെ ശാരീരീകവും മാനസികവുമായ പോരായ്മകളില്‍ ഊന്നിയായിരുന്നു ട്രംപിന്‍റെ വിമര്‍ശനങ്ങളും പരിഹാസങ്ങളും.
ചുണയില്ലാത്തവന്‍ എന്ന അര്‍ഥത്തില്‍ 'സ്ലീപി ജോ' (ഉറക്കംതൂങ്ങി ജോ) എന്നു ബൈഡനെ ട്രംപ് വിളിച്ചുകൊണ്ടിരുന്നത് അതിന്‍റെ ഭാഗമായിരുന്നു. 'താന്‍ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും ജോയ്ക്ക് അറിഞ്ഞുകൂടാ' എന്നു പറയുന്നതും അപൂര്‍വമായിരുന്നില്ല. 2016ലെ തിരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിയായിരുന്ന മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റനെ അദ്ദേഹം 'ക്രൂക്കഡ് ഹിലരി' അഥവാ കുതന്ത്രക്കാരിയായ ഹിലരി എന്നു പരസ്യമായി വിളിച്ചാക്ഷേപിച്ചതും പലരും ഓര്‍ക്കുന്നുണ്ടാവും.

ഇതെല്ലാം മനസ്സിലാക്കിത്തന്നെയാണ് ഡമോക്രാറ്റിക്ക് പാര്‍ട്ടി ഇത്തവണയും ബൈഡനെ അവരുടെ സ്ഥാനാര്‍ഥിയാക്കിയതും അവരുടെ എല്ലാ പ്രൈമറി തിരഞ്ഞെടുപ്പുകളും അദ്ദേഹത്തിന് അനായാസം അംഗീകാരം നല്‍കിയതും. അടുത്തമാസം ഷിക്കാഗോയില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ അദ്ദേഹത്തിന്‍റെ പേര് ഔപചാരികമായി പ്രഖ്യാപിക്കേണ്ട പണിയേ ഇനി ബാക്കിയുളളൂ.
അതിനിടയിലാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുളള സംവാദം വന്നെത്തിയത്. പ്രമുഖ സ്ഥാര്‍ഥികള്‍ തമ്മില്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ നേര്‍ക്കുനേരെ നിന്നു മോഡറേറ്റര്‍മാരുടെ സാന്നിധ്യത്തില്‍ വാദപ്രതിവാദം നടത്തുന്നത് 1960ല്‍ തുടങ്ങിയതാണ്. ജോണ്‍ കെന്നഡിയും (ഡമോക്രാറ്റ്) റിച്ചഡ് നിക്സനും (റിപ്പബ്ലിക്കന്‍) ആയിരുന്നു അന്നത്തെ സ്ഥാനാര്‍ഥികള്‍.
വൈസ് പ്രസിഡന്‍റായിരുന്ന നിക്സനെ തിരഞ്ഞെപ്പില്‍ തോല്‍പ്പിക്കുന്നതില്‍ ആ സംവാദം കെന്നഡിയെ ഏറെ സഹായിച്ചുവത്രേ. അതെന്തായാലും പ്രസിഡന്‍്ഷ്യല്‍ ഡിബേറ്റിനെ അന്നു മുതല്‍ക്കേ എല്ലാ സ്ഥാനാര്‍ഥികളും അതീവ ഗൗരവത്തോടെ കാണാന്‍ തുടങ്ങി. അതിനുവേണ്ടിയുളള തയാറെടുപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ സ്ഥാനം നല്‍കിയില്ല.
പരീക്ഷയെഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ അവസാന ദിവസങ്ങളില്‍ കമ്പയിന്‍ഡ് സ്റ്റഡി നടത്തുന്ന പതിവുണ്ടല്ലോ. അതിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലുളള തിരക്കിട്ട ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയായിരുന്നു ബൈഡനും അദ്ദേഹത്തിന്‍റെ പ്രമുഖ സഹായികളും സംവാദത്തിനു തൊട്ടു മുന്‍പുളള ദിവസങ്ങളില്‍.
ട്രംപില്‍നിന്നു പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും അവയ്ക്കുളള ഉത്തരങ്ങളുമെല്ലാം കൂലങ്കഷമായി ചര്‍ച്ചചെയ്യപ്പെട്ടു. പക്ഷേ, അതെല്ലാം അമിതമോ അനാവശ്യമോ ആയിപ്പോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പ് അമേരിക്കയുടെ പ്രസിഡന്‍റാകുന്നതിനു മുന്‍പ് എട്ടു വര്‍ഷം വൈസ്പ്രസിഡന്‍റും അതിനു മുന്‍പ് 36 വര്‍ഷം യുഎസ് സെനറ്ററുമായി സേവനം ചെയ്തയാളാണ് ബൈഡന്‍. ആരുടെയും സഹായമില്ലാതെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചിരിന്നുവെങ്കില്‍ ഇതിനെക്കാള്‍ നന്നായി സംസാരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുവെന്നു കരുതുകയാണ് പലരും.
ഏതായാലും നടന്നതു നടന്നു. പറ്റിയ തെറ്റ് തിരിത്താനാവില്ല. ബൈഡന്‍റെ പ്രകടനം പൂര്‍ണമായും തൃപ്തികരമായില്ലെന്നു ഡമോക്രാറ്റിക് പാര്‍ട്ടിക്കാരായ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റായ കമല ഹാരിസ് എന്നിവര്‍ പോലും സമ്മതിക്കുന്നുണ്ട്.
അവരോടു വിയോജിക്കുന്നില്ലെങ്കിലും സെപ്റ്റംബറില്‍ നടക്കുന്ന രണ്ടാം സംവാദത്തില്‍ താന്‍ ട്രംപിനെ മലര്‍ത്തയിടിക്കുമെന്ന മട്ടില്‍ സംസാരിക്കുകയാണ് ബൈഡന്‍. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം മറ്റാര്‍ക്കെങ്കിലുംവേണ്ടി ഒഴിഞ്ഞുകൊടുക്കുന്നത് അദ്ദേഹത്തിനു സമ്മതമല്ലെന്നര്‍ഥം.
ഇനി മറ്റുളളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ബൈഡന്‍ മാറിനില്‍ക്കേണ്ടിവന്നാലും ഒരു പകരക്കാരനെ കണ്ടെത്തുക ഒട്ടും എളുപ്പമല്ല. മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളിലൂടെയാണ് രണ്ടു പ്രമുഖകക്ഷികളും അവരുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്. ഡമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം അതെല്ലാം ആവര്‍ത്തിക്കേണ്ടിവരും. അതിനു സമയമില്ല.

മാത്രമല്ല, സ്വമേധയാ മാറിനില്‍ക്കുകയോ മാറിനില്‍ക്കാന്‍ നിര്‍ബന്ധിനാവുകയോ ചെയ്യുന്നത് ബൈഡനെ സംബന്ധിച്ചിടത്തോളം അത്യന്തം അപമാനകരവുമായിരിക്കും. പാര്‍ട്ടിയില്‍തന്നെ എല്ലാവര്‍ക്കും അത് ഉള്‍ക്കൊളളാനാവുകയുമില്ല. സെപ്റ്റംബറില്‍ നടക്കുന്ന രണ്ടാം സംവാദത്തില്‍ താന്‍ തിളങ്ങുമെന്ന് അദ്ദേഹം പറയുന്നതു കേട്ട് അതുവരെ കാത്തിരിക്കുകയേ തല്‍ക്കാലം അവര്‍ക്കു നിവൃത്തിയുളളൂ. അതേ സമയം പാര്‍ട്ടിക്കകത്തെ പരിഭ്രാന്തി നിലനില്‍ക്കുകയും ചെയ്യുന്നു.