ടോറികള്‍ പുറത്ത്, ലേബര്‍ അകത്ത്
Mail This Article
ഒരു ഇന്ത്യന്‍ വംശജന്‍ (ഋഷി സുനക്) ബ്രിട്ടനിലെ പ്രധാനമന്ത്രിയായിട്ട് ഒരു വര്‍ഷവും എട്ടുമാസവും ആകുന്നതേയുള്ളൂ. അപ്പോഴേക്കും അദ്ദേഹത്തിന് ആ പദവിയില്‍നിന്ന് താഴേക്ക് ഇറങ്ങേണ്ടിവന്നു. മാത്രമല്ല, തന്‍റെ പാര്‍ട്ടി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) അതിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീമമായ പരാജയം ഏറ്റുവാങ്ങുന്നത് അദ്ദേഹത്തിനു കാണേണ്ടിവരികയും ചെയ്തു.
മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുന്നതിനു സാക്ഷിയാവുകയുമാണ് സുനക്. ഇതോടെ ലണ്ടനില്‍ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ കെട്ടിടത്തില്‍ (അതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) പുതിയൊരു താമസക്കാരന്‍ കയറി വരുന്നു-നാലു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയെ നയിക്കുന്ന സര്‍ കെയര്‍ സ്റ്റാര്‍മര്‍ (61).
ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അഥവാ പൊതുജന സഭയിലേക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ നാല്) നടന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ജയിച്ചത് സമീപകാല ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിക്കൊണ്ടാണ്. 650ല്‍ 412 സീറ്റുകളും ലേബര്‍ പാര്‍ട്ടി നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു കിട്ടിയത് വെറും 120 സീറ്റുകള്‍.
മൂന്നാം കക്ഷിയായി അറിയപ്പെടാറുളള ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി 71 സീറ്റുകളോടെ ആ വിശേഷണം നിലനിര്‍ത്തി. ലേബര്‍ പാര്‍ട്ടിക്കു കഴിഞ്ഞ തവണത്തേക്കാള്‍ 214 സീറ്റുകള്‍ അധികം കിട്ടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു 253 സീറ്റുകള്‍ കുറഞ്ഞു.
പ്രധാനമന്ത്രി സുനക് ലണ്ടനിലെ തന്‍റെ നിയോജക മണ്ഡലത്തില്‍നിന്ന് അനായാസം ജയിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ പല പ്രമുഖരും തോറ്റു. മുന്‍പ് 49 ദിവസംമാത്രം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രുസാണ് അവരില്‍ ഒരാള്‍. ഇന്ത്യന്‍ വംശജരായ പ്രീതി പട്ടേല്‍, സുവല്ല ബ്രേവര്‍മാന്‍, ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നേതാവ് ജെറമി കോര്‍ബിന്‍, തീവ്രവലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ തലവന്‍ നൈജല്‍ ഫറാജ് എന്നിവര്‍ ജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
അഞ്ചു വര്‍ഷം ലേബര്‍ പാര്‍ട്ടിയുടെ തലവനായിരുന്ന കോര്‍ബിന്‍ 2020ല്‍ പാര്‍ട്ടിയില്‍ നിന്നു പുറന്തളളപ്പെടുകയായിരുന്നു. അതിനാല്‍ ഇത്തവണ മല്‍സരിച്ചത് സ്വതന്ത്രനായാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉറ്റസുഹൃത്തായി അറിയപ്പെടുന്ന നൈജല്‍ ഫറാജ് വിവിധ കക്ഷികളുടെ മേല്‍വിലാസത്തില്‍ മുന്‍പ് ഏഴു തവണ മല്‍സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു. ഇത്തവണ ജയിച്ചു. തുടര്‍ച്ചയായുളള 14 വര്‍ഷത്തെ ഭരണത്തിനിടയില്‍ നാലു പൊതുതിരഞ്ഞെടുപ്പുകളെ അതിജീവിച്ചവരാണ് ടോറികള്‍ എന്നും അറിയപ്പെടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.
2019ല്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ നേതൃത്വത്തില്‍ അവര്‍ നേടിയത് ഒരു തകര്‍പ്പന്‍ വിജയവുമായിരുന്നു. എങ്കിലും ഗൂപ്പിസവും തെറ്റായ നയപരിപാടികളും പരസ്യമായ വിഴുപ്പലക്കലും എല്ലാംകൂടി പാര്‍ട്ടിയെ കഴിഞ്ഞ ചില വര്‍ഷങ്ങളായി അടിക്കടി തളര്‍ത്തുകയായിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിയില്‍ നാലു പേരെയാണ് അവര്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരുത്തി പരീക്ഷിച്ചുനോക്കിയത്. അവസാനത്തെ ആളാണ് മുന്‍പ് ധനമന്ത്രിയായിരുന്ന സുനക് (44). അദ്ദേഹത്തിനു തൊട്ടുമുന്‍പ് പ്രധാനമന്ത്രിയായിരുന്ന വനിത-ലിസ് ട്രുസ്-ആ പദവയിലിരുന്നത് വെറും 49 ദിവസമാണ്. അതിലും കുറഞ്ഞ കാലം രാജ്യം ഭരിച്ചവര്‍ ബ്രിട്ടന്‍റെ ചരിത്രത്തിലില്ല.
അത്തവണ പ്രധാനമന്ത്രിയാകാനായി ലിസ് ട്രുസിനെതിരെ മല്‍സരിച്ചവരില്‍ ഒരാളായിരുന്നു സുനക്. ലിസ് ട്രുസ് രാജിവച്ചതിനുശേഷം സുനക് വീണ്ടും മല്‍സരിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ ആരും എതിര്‍ത്തില്ല. മുങ്ങാന്‍ പോകുന്ന കപ്പലിന്‍റെ കപ്പിത്താവാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല.
സുനക് ധൈര്യപൂര്‍വം സ്ഥാനമേറ്റെടുകയും 42ം വയസ്സില്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുകയും ചെയ്തു. അങ്ങനെ ഒരു പ്രധാന ലോകരാജ്യത്തിന്‍റെ ഭരണസാരഥ്യം വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായി. ജനിച്ചത് ലണ്ടനിലാണ്. മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയില്‍നിന്നു ബ്രിട്ടനില്‍ കുടിയേറിയവരായിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുണ്ടായ പരാജയത്തിന്‍റെ ആഴം ആരെയും അല്‍ഭുതപ്പെടുത്തുന്നുണ്ടാവില്ല. കാരണം മേയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടന്ന അഭിപ്രായ സര്‍വേകളിലെല്ലാം അവര്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറെ പിന്നിലായിരുന്നു. ചില സര്‍വേകള്‍ 20 ശതമാനംവരെ വ്യത്യാസം കാണിക്കുകയുമുണ്ടായി. ടോറി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കുമോയെന്നു സംശയിച്ചവര്‍ പോലുമുണ്ടായിരുന്നു.
മേയില്‍തന്നെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിച്ചതും ഏതാണ്ട് അതുതന്നെയാണ്. ഇംഗ്ളണ്ടിലെയും വെയില്‍സിലെയും 107 പ്രാദേശിക കൗണ്‍സിലുകളിലേക്കായിരുന്നു ആ തിരഞ്ഞെടുപ്പ്. 2600 കൗണ്‍ലസിലര്‍മാരെയും 11 മേയര്‍മാരെയും 37 പൊലീസ്-ക്രൈം കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കുകയായിരുന്നു.
കൗണ്‍സിലുകളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന മൊത്തം 989 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു നിലനിര്‍ത്താനായത് വെറും 515 സീറ്റുകളാണ്. ലേബര്‍ പാര്‍ട്ടി 1158 സീറ്റുകളോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു 522 സീറ്റുകളോടെ രണ്ടാം സ്ഥാന കിട്ടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു കിട്ടിയത് വെറും മൂന്നാം സ്ഥാനം.
പതിനൊന്നു നഗരങ്ങളിലെ മേയര്‍ സ്ഥാനങ്ങളില്‍ പത്തും ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു കിട്ടിയത് ഒരെണ്ണം മാത്രം. ഇതിന്‍റെയെല്ലാം ഇടയില്‍ സുനകിന്‍റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ രണ്ടു എംപിമാര്‍ രാജിവച്ച്, ലേബര്‍ പാര്‍ട്ടിയില്‍ ചേരുകയുമുണ്ടായി.
ഈ രണ്ടു തിരഞ്ഞെടുപ്പുകളിലെയും ഭീമമായ പരാജയത്തിനു ടോറികള്‍ കുറ്റപ്പെടുത്തുന്നത് തങ്ങളെത്തന്നെയാണ്. അവരുടെ നേതാക്കള്‍ക്കിടയില്‍ പല കാര്യങ്ങളിലും ഐക്യമുണ്ടായിരുന്നില്ല. അനൈക്യം ചിലര്‍ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍, കുടിയേറ്റ പ്രശ്നം, എന്നിവയ്ക്കു ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ക്കു കഴിയുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കാന്‍ അവര്‍ക്കായില്ല. ഇതെല്ലാം കാരണം സുനകിന്‍റെ സ്ഥാനം ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞകാലം ഭരിച്ചവരുടെ പട്ടികയിലായി. ഇനി ലേബര്‍ പാര്‍ട്ടിയുടെയും അവരുട നേതാവായ സര്‍ കെയിര്‍ സ്റ്റാര്‍മറുടയും ഊഴമാണ്.