ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ കായികവിനോദ മാമാങ്കമായ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോള്‍ ഫ്രാന്‍സ് ചെന്നുപെട്ടിരിക്കുന്നത് അഭൂതപൂര്‍വമായ ഒരു രാഷ്ടീയ അനിശ്ചിതാവസ്ഥയിലാണ്. കാരണം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിലെ ത്രിശങ്കു. രണ്ടു ഘട്ടങ്ങളിലായി ജൂണ്‍ 30നും ജൂലൈ ഏഴിനും നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും (അല്ലെങ്കില്‍ കക്ഷികളുടെ സഖ്യത്തിനും) കേവല ഭൂരിപക്ഷമില്ല.  

ആരു പ്രധാനമന്ത്രിയാകുമെന്നും പുതിയ പ്രധാനമന്ത്രിക്ക് എപ്പോള്‍ സ്ഥാനമേല്‍ക്കാനാകുമെന്നുമുളള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുളള തിരക്കിലായിരിക്കുകയാണ് ഇതോടെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ. രണ്ടാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന ഒളിംപിക്സിന്‍റെ അവസാന മിനുക്കു പണിക്കുകളുടെ മേല്‍നോട്ടം വഹിക്കുന്നതിനിടയില്‍ ഇത്തരമൊരു പ്രതിസന്ധിയെ തനിക്കു നേരിടേണ്ടിവരുമെന്ന് ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിട്ടുപോലമുണ്ടാവില്ല. 

ജൂലൈ 26നാണ് ഒളിംപിക്സിന്‍റെ തുടക്കം. ഉദ്ഘാടകന്‍ മക്രോതന്നെ. അതിനിടയില്‍, പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അമേരിക്കയിലേക്കു പോവുകയും വേണം. 

ഇതിനെല്ലാമിടയില്‍തന്നെ മറ്റൊരു സുപ്രധാന സംഭവവും ഫ്രാന്‍സിലുണ്ടായിട്ടുണ്ട്. ഭരണമോ ഭരണ പങ്കാളിത്തമോ നേടിയെടുക്കാന്‍ തീവ്രവലതുപക്ഷ ശക്തികള്‍ ദശകങ്ങളായി നടത്തിവരുന്ന ശ്രമം ഇത്തവണ വിജയത്തിന്‍റെ വക്കോളമെത്തിയെങ്കിലും പരാജയപ്പെട്ടു. മറ്റെല്ലാവരുംകൂടി അവസാന ഘട്ടത്തില്‍ ഒന്നിച്ചുനിന്നു അവരെ തോല്‍പ്പിക്കുകയായിരുന്നു. 

യുറോപ്പില്‍ മേധാവിത്തം കരസ്ഥാമാക്കാന്‍ തീവ്രവലതു പക്ഷക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെയും അതിനെതിരെ ,പ്രത്യേകിച്ച് ഫ്രാന്‍സില്‍ നടക്കുന്ന ചെറുത്തുനില്‍പ്പിന്‍റെയും കഥകൂടി പറയുകാണ് ഈ സംഭവം.

ഇമ്മാനുവൽ മക്രോ (Photo: AFP)
ഇമ്മാനുവൽ മക്രോ (Photo: AFP)

കഴിഞ്ഞ തവണ 2022 ജൂണില്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റിന്‍റെ അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു വര്‍ഷം ബാക്കിയുണ്ട്.  അതിനിടയിലാണ് പെട്ടെന്ന് പ്രസിഡന്‍റ് പാര്‍ലമെന്‍റ് പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തത്. തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തുകയായിരുന്നു മക്രോയുടെ ഉദ്ദേശ്യം. 

ഒളിംപിക്സ് അടുത്തുവരുന്ന സമയമായിട്ടുപോലും പെട്ടെന്ന് ഒരു ഇടക്കാല തിരഞ്ഞെടുപ്പ്ര് നടത്താന്‍ പ്രസിഡന്‍റ് മക്രോയെ പ്രേരിപ്പിച്ചതും ഒരു  തിരഞ്ഞെടുപ്പാണ്-ജൂണ്‍ ആറു മുതല്‍ നാലു ദിവസം നടന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്. 

ഫ്രാന്‍സ് ഉള്‍പ്പെടെയുളള 27 യൂറോപ്യന്‍ യൂണിയന്‍ (ഇയു) രാജ്യങ്ങളിലെ 40 കോടി ജനങ്ങള്‍ പങ്കെടുത്ത അതിന്‍റെ ഫലം ആ ഭൂഖണ്ഡത്തില്‍ പൊതുവെ ഞെട്ടലാണുണ്ടാക്കിയത്. ഫ്രാന്‍സിനു പുറമെ ജര്‍മനിയും ഇറ്റലിയും ഉള്‍പ്പെടെയുളള ചില രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ ശ്രദ്ധേയമായ വിജയം നേടി. 

ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ഹംഗറി, തുടങ്ങിയ ചില രാജ്യങ്ങളില്‍ അവര്‍ക്കുണ്ടായ മുന്നേറ്റവും അവഗണിക്കാവുന്ന വിധത്തിലുളളതായിരുന്നില്ല. ഇയൂവിലെ 27 രാജ്യങ്ങളില്‍ എട്ടെണ്ണംവരെ നേരത്തെതന്നെ പൂര്‍ണമായോ ഭാഗികമായോ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. 

ഫ്രഞ്ച് പ്രസിഡന്‍റ് മക്രോയുടെ റിനൈസ്സന്‍സ് പാര്‍ട്ടി ഉള്‍പ്പെടുന്നതും മധ്യവലതു നിലപാടുളളവരുമായ റിന്യൂ ഗ്രൂപ്പിന് അപ്രതീക്ഷിതമായ വിധത്തില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. 80 സീറ്റുകളും മൂന്നാം സ്ഥാനവും കിട്ടിയെങ്കിലും മുന്‍പുണ്ടായിരുന്ന സീറ്റുകളില്‍ 22 എണ്ണം അവര്‍ക്കു നഷ്ടപ്പെട്ടു.

Image Credits: Photoprofi30/Istockphoto.com
Image Credits: Photoprofi30/Istockphoto.com

റിനൈസ്സന്‍സ് പാര്‍ട്ടിക്കു 15 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ അവരുടെ ഏറ്റവും കടുത്ത എതിരാളിയായ മെറീന്‍ ലെ പെന്നിന്‍റെ നാഷനല്‍ റാലി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിക്കു കിട്ടിയത് അതിന്‍റെ ഇരട്ടിവോട്ടുകളാണ്. തികച്ചും അപ്രതീക്ഷിതമായ ഈ തിരിച്ചടി മക്രോയെ നടുക്കി.

ഫ്രാന്‍സില്‍ നടന്ന കഴിഞ്ഞ രണ്ടു (2017, 2022) പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളിലും മക്രോ പരാജയപ്പെടുത്തിയത് മെറീന്‍ ലെ പെന്നിനെയായിരുന്നു. രണ്ടിലധികം തവണ പ്രസിഡന്‍റാകാന്‍ പാടില്ലെന്നു നിബന്ധനയുളളതിനാല്‍ അടുത്ത (2027ലെ) തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മക്രോ ഉണ്ടാവില്ല. എങ്കിലും മറുഭാഗത്തെ സ്ഥാനാര്‍ഥി മെറീന്‍ ലെ പെന്‍ തന്നെയായിരിക്കമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അടുത്ത തവണയെങ്കിലും തനിക്ക് എലീസി കൊട്ടാരത്തില്‍ കയറിയിരിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണത്രേ അവര്‍. 

മെറീനാണ് ഇപ്പോഴും നാഷനല്‍ റാലിയിലെ അവസാന വാക്കെങ്കിലും പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍ 28 വയസ്സ് മാത്രം പ്രായമുളള ജോര്‍ഡന്‍ ബാര്‍ഡല്ലയാണ്. യൂറോപ്യന്‍ പാര്ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അറിഞ്ഞ ഉടനെ അദ്ദേഹം മക്രോയെ വെല്ലുവിളിച്ചു: ഫ്രാന്‍സിലെ ജനങ്ങള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നറിയാനായി പാര്‍ലമെന്‍റിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണോ ? 

ഇമ്മാനുവൽ മക്രോ (Photo: Christophe Archambault/AFP)
ഇമ്മാനുവൽ മക്രോ (Photo: Christophe Archambault/AFP)

മക്രോ അതു സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായതാണ് ജൂണ്‍ 30, ജൂലൈ ഏഴ് തീയതികളിലെ രണ്ടു ഘട്ടങ്ങളായുളള തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ഫലം ലെ പെന്നിനെ ആഹ്ലാദിപ്പിക്കുകയും മക്രോയെ നിരാശപ്പെടുത്തുകയും ചെയ്തു.  

നാഷനല്‍ റാലി സഖ്യം 33.3 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ മക്രോയുടെ സഖ്യം 20.9 ശതമാനംന വോട്ടുകളോടെ മൂന്നാം സഥാനത്തേക്കു പിന്‍തളളപ്പെട്ടു. അടുത്തകാലത്തുമാത്രം രംഗപ്രവേശം ചെയ്ത ന്യൂ പോപ്പുലര്‍ ഫ്രണ്ട് എന്ന ഇടതുപക്ഷ സഖ്യം 28.6 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. 

മക്രോയെപ്പോലെ ഇടതുനേതാക്കളെയും ഇതു പരിഭ്രാന്ത്രരാക്കി. പെട്ടെന്നവര്‍ ഒത്തുചേരുകയും പൊതുശത്രുവായ നാഷനല്‍ റാലിക്കും അവരുടെ സഖ്യകക്ഷകള്‍ക്കും എതിരെ തന്ത്രം ആവിഷ്ക്കരിക്കുകയും ചെയ്തു. 

അതനുസരിച്ച് മല്‍സരം അവശേഷിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ അവര്‍ തങ്ങളുടെ വിജയ സാധ്യത കുറഞ്ഞ സ്ഥാനാര്‍ഥികളെ പിന്‍വലിക്കുകയും വിജയസാധ്യത കൂടുതലുളളവരെ പിന്തുണയ്ക്കുകയും ചെയ്തു. ജയിക്കുമെന്നു നാഷനല്‍ റാലി സഖ്യം ഉറച്ചുവിശ്വസിച്ചിരുന്ന പല സീറ്റുകളും അവര്‍ക്കു നഷ്ടപ്പെട്ടത് അങ്ങനെയായിരുന്നു. 577 അംഗ പാര്‍ലമെന്‍റിലെ കക്ഷിനില ഇപ്പോള്‍ ഇങ്ങനെയാണ്. ന്യൂ പോപ്പുലര്‍ സഖ്യം 182, മാക്രോ സഖ്യം 166, നാഷനല്‍ റാലി സഖ്യം 143. കേവല ഭൂരിക്ഷത്തിന് ആവശ്യമായ അംഗങ്ങളുടെ എണ്ണം 289.

മെറീന്‍ ലെ പെന്നിന്‍റെ പിതാവും നാഷനല്‍ റാലിയുടെ സ്ഥാപകനുമായ ഴാന്‍ മെരി ലെ പെന്‍ ആദ്യമായി 2002ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടിലേക്കു കടന്നപ്പോഴും അവരുടെ എതിരാളികള്‍ പയറ്റിയത് ഇതേ തന്ത്രമായിരുന്നു. വലതുപക്ഷ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവായ പ്രസിഡന്‍റ് ഷാക്ക് ഷിറാക്കായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 

അഴിമതിക്കാരനായി മുദ്രകുത്തപ്പെട്ടിരുന്ന ഷിറാക്കിനെ പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല. എങ്കിലും ഴാന്‍ മെരി ലെ പെന്‍ ഫ്രാന്‍സിന്‍റെ പ്രസിഡന്‍റാകുന്നതു തടയാനായി അവരെല്ലാം ഷിറാക്കിന്‍റെ കുറ്റങ്ങളും കുറവുകളും തല്‍ക്കാലത്തേക്കു മറന്നു. തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍  അവര്‍ ഷിറാക്കിനെ പിന്തുണയ്ക്കുകയും റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്തു. 

യൂറോപ്പ് വലത്തോട്ട് നീങ്ങുകയാണോ എന്ന ചോദ്യമാണ് കഴിഞ്ഞ ചില മാസങ്ങളില്‍ ആ ഭൂഖണ്ഡത്തില്‍ നടന്ന പല തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ 

(യൂറോപ്യന്‍ പാര്‍ലമെന്‍റ് ഫലം ഉള്‍പ്പെടെ) ഉയര്‍ത്തിയിരുന്നത്. അതെയെന്ന് ഉത്തരം നല്‍കിയവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഏറ്റവുമൊടുവില്‍ യൂറോപ്പിലെ രണ്ടു പ്രധാന രാജ്യങ്ങളിലെ (ബ്രിട്ടനിലെയും ഫ്രാന്‍സിലെയും) തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത് വ്യത്യസ്തമായ ഒരു കഥയാണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com