രണ്ടു വയോധികര്‍ തമ്മിലുളള മല്‍പ്പിടിത്തമായതു കാരണമാകാം ഇത്തവണത്തെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പലര്‍ക്കും വിരസമാകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, പെട്ടെന്ന് അത് ഉദ്വേഗത്തിന്‍റെ ഒരു പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. മല്‍സരത്തില്‍നിന്നു പിന്മാറാനുളള പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനം അത്തരമൊരു അത്യപൂര്‍വ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇതു കാരണം ബൈഡന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് എത്രയും വേഗം ഒരു പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവന്നിരിക്കുന്നു. അത് എളുപ്പമല്ല. എതിരാളിയായ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും അദ്ദേഹത്തിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുമാണെങ്കില്‍ തങ്ങളുടെ തന്ത്രങ്ങളിലും അടവുകളിലും മാറ്റം വരുത്തേണ്ടതും അനിവാര്യമായിത്തീര്‍ന്നു. സ്ലീപി ജോ (ഉറക്കംതൂങ്ങി ജോ) എന്നും മറ്റുമുളള പതിവു കളിയാക്കലുകള്‍ക്കു പ്രസക്തിയില്ലാതായി.
തന്‍റെ വൈസ് പ്രസിഡന്‍റായ ഇന്ത്യന്‍ വംശജ കമല ഹാരിസിനെ തനിക്കു പകരമുളള സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു കൊണ്ടാണ് ബൈഡന്‍ പിന്മാറിയിരിക്കുന്നത്. കമലയ്ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു പക്ഷേ, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രശ്നം അവിടെ അവസാനിക്കുന്നില്ല. അടുത്തമാസം ഷിക്കാഗോയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരികയാണെങ്കില്‍ അവര്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കുകയും വേണം.
മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളിലൂടെയും കോക്കസ് എന്നറിയപ്പെടുന്ന കൂട്ടായ്മകളിലൂടെയുമാണ് ഇരു കക്ഷികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അതൊന്നും ആവര്‍ത്തിക്കാന്‍ ഇനി നേരമില്ല.
നിലവിലുളള പ്രസിഡന്‍റ് മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും മുന്നോട്ടു വരുന്ന പതിവുണ്ടായിരുന്നില്ല. എന്നാല്‍ ബൈഡന്‍ പിന്മാറിയ ഒഴിവില്‍ ആ സ്ഥാനം നേടിയെടുക്കാന്‍ ഇപ്പോള്‍ പലര്‍ക്കും താല്‍പര്യമുളളതായി സൂചനകളുണ്ട്.
അര ഡസനോളം സംസ്ഥാന ഗവണര്‍മാരും അവരില്‍ ഉള്‍പ്പെടുന്നു. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിന്‍റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കമലതന്നെയായിരിക്കും ബൈഡനു പകരം ട്രംപിനെ നേരിടുകയെന്ന് ഉറപ്പായിട്ടില്ല എന്നര്‍ഥം. എങ്കിലും ഒരു കാര്യത്തില്‍ സംശയമില്ല. അവരാരും (ഒരുപക്ഷേ മിഷേല്‍ ഒഴികെ) കഴിഞ്ഞ ഏതാണ്ട് നാലു വര്‍ഷമായി വൈസ് പ്രസിഡന്‍റ്പദം വഹിക്കുന്ന കമലയെപ്പോലെ അമേരിക്കയില്‍ ഉടനീളം അറിയപ്പെടുന്ന വ്യക്തിയല്ല.
പോളിങ്ങിന് ഏതാനും മാസം മാത്രം ബാക്കിയുളളപ്പോള്‍ ബൈഡന്‍ മല്‍സര രംഗത്തുനിന്നു പിന്മാറാന്‍ ഇടയായതിന് ഉത്തരവാദി ആരെന്ന ചോദ്യത്തിനുളള ഉത്തരം മുഖ്യമായി ബൈഡന്‍ എന്നു തന്നെയായിരിക്കും. ഒരു തവണ നാലു വര്‍ഷത്തേക്കു പ്രസിഡന്‍ാകുന്ന ആള്‍ രണ്ടാമതൊരു തവണകൂടി പ്രസിഡന്‍റാകാന്‍ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, ബൈഡനു 81 വയസ്സായി.
ആ പ്രായത്തില്‍ അമേരിക്കയെപ്പോലുളള ലോകോത്തര സാമ്പത്തിക-സൈനിക ശക്തിയുടെ സാരഥിയാകാന്‍ ശ്രമിക്കുന്നതിലെ ഔചിത്യക്കേട് മുന്‍പേതന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ബൈഡന്‍ ഗൗനിച്ചില്ല. അതിന്‍റയെല്ലാം ഫലമാണ് ഇപ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്.
എടുത്തുപറയാവുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും പ്രായാധിക്യം മൂലമുളള പ്രയാസങ്ങള്‍ ബൈഡന്‍റെ ശാരീരിക സ്ഥിതിയെയും മാനസികാവസ്ഥയെയും ബാധിക്കുന്നതായി നേരത്തെതന്നെ വ്യക്തമായ സൂചനകളുണ്ടായിരുന്നു. അതിനാല്‍ ബൈഡനാണ് എതിരാളിയെങ്കില്‍ ട്രംപിന് എളുപ്പത്തില്‍ ജയിക്കാനാകുമെന്നു കരുതുന്നവരുടെ എണ്ണം കൂടിവന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ പത്രങ്ങളും അക്കൂട്ടത്തില്‍പ്പെടുന്നു.
അവരുടെയെല്ലാം ഭയാശങ്കകള്‍ക്ക് അടിവരയിടുന്ന വിധത്തിലുളളതായിരുന്നു ഒരു മാസം മുന്‍പ് ട്രംപുമായുളള ആദ്യത്തെ തിരഞ്ഞെടുപ്പ് ടിവി സംവാദത്തിലെ ബൈഡന്‍റെ ശോചനീയമായ പ്രകടനം. ട്രംപ് ഉന്നയിച്ച പല വിമര്‍ശമനങ്ങള്‍ക്കും- അവയില്‍ പലതും അടിസ്ഥാന രഹിതമായിട്ടുപോലും-വ്യക്തമായ മറുപടി നല്‍കാനും തിരിച്ചടിക്കാനും ബൈഡനു കഴിഞ്ഞില്ല. പലപ്പോഴും അദ്ദേഹം പതറുകയും സംസാരിക്കാന്‍ പ്രയാസപ്പെടുകയും ചെയ്തു. വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നതായും കണ്ടു.
നേരിയ ജലദോഷമുണ്ടായിരുന്നുവെന്നു പറഞ്ഞാണ് ഇതിനെയെല്ലാം ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. അടുത്തമാസം നടക്കുന്ന രണ്ടാം സംവാദത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പാര്‍ട്ടിക്ക് ഉച്ചുറപ്പ് നല്‍കുകയും ചെയ്തു.
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടി അതിനുശേഷം വാഷിങ്ടണില്‍ നടന്നപ്പോള്‍ മറ്റൊരു സംഭവം കൂടിയുണ്ടായി. യുക്രെയിന്‍ പ്രസിഡന്‍റ് വൊളൊഡൊമീര്‍ സെലന്‍സ്കിയെ ബൈഡന്‍ പ്രസിഡന്‍റ് ട്രംപ് എന്നു വിളിച്ചു. സ്വന്തം വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് ട്രംപ് എന്നും വിളിച്ചു.
മതിയെന്നും ഇനിയെങ്കിലും പിന്മാറുന്നതാണ് നല്ലതെന്നും പാര്‍ട്ടിയുടെ പല ഉന്നത നേതാക്കളും ബൈഡനെ വീണ്ടും ഉപദേശിച്ചുവത്രേ. അവരില്‍ ഒബാമയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പക്ഷേ, ബൈഡന്‍ ചെവിക്കൊണ്ടില്ല.
ഒടുവില്‍ കോവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പെട്ടെന്നു വീണ്ടുവിചാരമുണ്ടാവുകയും പാര്‍ട്ടിയുടെയും രാജ്യത്തിന്‍റെയും നന്മ മുന്‍നിര്‍ത്തി താന്‍ പിന്മാറുകയാണെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 21) പ്രഖ്യാപിക്കുകയും ചെയ്തത്. കമല ഹാരിസിനെ തനിക്കു പകരമുളള സ്ഥാനാര്‍ഥിയായി അദ്ദേഹം നിര്‍ദേശിക്കുകയും അവര്‍ക്കു തന്‍റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് അതിനുശേഷമാണ്. ഏതായാലും കോവിഡ് ഒരു രക്ഷാകവചമായി.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടത്തില്‍ ഒരു പ്രധാന കക്ഷിയുടെ സ്ഥാനാര്‍ഥി മല്‍സര രംഗത്തുനിന്നു പിന്മാറുന്നത് അമേരിക്കയില്‍ ഇതാദ്യമല്ല. ഇതിനു മുന്‍പ് നടന്നത് 1968ലായിരുന്നു. പ്രസിഡന്‍റ് ലിന്‍ഡന്‍ ജോണ്‍സണായിരുന്നു ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.
പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡിയുടെ കീഴില്‍ വൈസ് പ്രസിഡന്‍റായിരുന്ന ജോണ്‍സണ്‍ പ്രസിഡന്‍റായത് 1963ല്‍ കെന്നഡി വധിക്കപ്പട്ടതിനെ തുടര്‍ന്നായിരുന്നു. 1964ല്‍ സന്തം നിലയില്‍ മല്‍സരിച്ചു ജയിച്ചു. 1968ല്‍ വീണ്ടും മല്‍സരിക്കുന്ന വേളയിലാണ് അമേരിക്കയില്‍ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊളളുകയും അതിനെ നേരിടാനാവാതെ ജോണ്‍സണ്‍ വിഷമത്തിലാവുകയും ചെയ്തത്.
തിഞ്ഞെടുപ്പില്‍നിന്നു പിന്മാറുകയല്ലാതെ ജോണ്‍്സനു നിവൃത്തിയില്ലാതായി. അദ്ദേഹത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന ഹ്യൂബര്‍ട്ട് ഹംഫ്രി പകരക്കാരനായി മല്‍സരിക്കുകയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ റിച്ചഡ് നിക്സനോടു തോല്‍ക്കുകയും ചെയ്തു.
കമല ഹാരിസ് (59) ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിക്കുകയാണെങ്കില്‍ പല നിലയിലും അതൊരു ചരിത്ര സംഭവമായിരിക്കും. അമേരിക്കയില്‍ ഇതുവരെ ഒരു വനിത പ്രസിഡന്‍റായിട്ടില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു പോലും ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത് മൂന്നര വര്‍ഷം മുന്‍പാണ്. അതും കമലതന്നെ. കറുത്ത വര്‍ഗക്കാരനായ ഒരാള്‍ ആദ്യമായി പ്രസിഡന്‍റാകുന്നത് ഏതാണ്ട് 16 വര്‍ഷങ്ങള്‍ക്കു മുന്‍പും. തമിഴ്നാട്ടില്‍ കുടുംബ വേരുകളുളള കമല ഹാരിസ് അമേരിക്കയുടെ 47ാമത്തെ പ്രസിഡന്‍റാവുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു അവിസ്മരണീയ സംഭവമായിരിക്കും.