വെനസ്വേലയില്‍ തനിയാവര്‍ത്തനം

HIGHLIGHTS
  • മൂന്നാം തവണയും പ്രസിഡന്‍റാകാനുളള മദുറോയുടെ ശ്രമം തര്‍ക്കത്തില്‍
  • പട്ടാളം ഇടപെടണമെന്നും ആവശ്യം
nicolás-maduro
നിക്കോളാസ് മഡുറോ (Photo by JUAN BARRETO / AFP)
SHARE

തെക്കെ അമേരിക്കയിലെ വെനസ്വേലയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലിരിക്കാനുളള പ്രസിഡന്‍റ് നിക്കൊളാസ് മദുറോയുടെ ശ്രമം കലാശിച്ചിരിക്കുന്നത് അനിശ്ചിതത്വത്തിലാണ്. കലാപസാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നവരുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച (ജലൈ 28) നടന്ന തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചുവെന്നാണ് 11 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന മദുറോ (61) അകാശപ്പെടുന്നത്. അദ്ദേഹത്തെ അനകൂലിക്കുന്നവര്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതംഗീകരിക്കുന്നു. പക്ഷേ, പ്രതിപക്ഷം സമ്മതിക്കുന്നില്ല. തങ്ങളുടെ സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചുവെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും അതിനുവേണ്ടി പടപൊരുതാന്‍ ഒരുങ്ങിനില്‍ക്കുകയും ചെയ്യുന്നു. തെരുവുകളില്‍ സമരം തുടങ്ങിക്കഴിഞ്ഞു. പട്ടാളം ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.  

ആറു വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായതും ഏതാണ്ട് സമാനമായ സ്ഥിതിവിശേഷമായിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന കാരണത്താല്‍ അതിന്‍റെ ഫലം അംഗീകരിക്കാന്‍ പ്രതിപക്ഷം വിസമ്മതിച്ചു. സമരം മാസങ്ങളോളം നീണ്ടുനിന്നു. ഒടുവില്‍ കെട്ടടങ്ങുകയും ചെയ്തു. മദുറോ രണ്ടാം തവണയും പ്രസിഡന്‍റായതിനു പിന്നാലെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടുകയുമുണ്ടായി. 

എന്നാല്‍ ഇത്തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മദുറോ തോല്‍ക്കുമെന്നായിരുന്നു അഭിപ്രായ സര്‍വേകളുടെയും എക്സിറ്റ് പോളുകളുടയും പൊതുവിലുളള പ്രവചനങ്ങള്‍. മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം ഡമോക്രാറ്റിക് യൂണിറ്റി പ്ലാറ്റ്ഫോം എന്ന പേരില്‍ ഒത്തുചേര്‍ന്ന് അദ്ദേഹത്തെ എതിര്‍ക്കുകയായിരുന്നു. മുന്‍പ് അര്‍ജന്‍റീനയിലും അല്‍ജീരിയയിലും വെനസ്വേലയുടെ അംബാസ്സഡറായിരുന്ന എഡ്മണ്ടോ ഗൊണ്‍സാല്‍വസ് ഉരുട്ടി (74) ആയിരുന്നു അവരുടെ സ്ഥാനാര്‍ഥി. 

പിഎസ്യുവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മദുറോയ്ക്ക് 51 ശതമാനവും എഡ്മണ്ടോ ഗൊണ്‍സാല്‍വസിനു 44 ശതമാനവും വോട്ടുകള്‍ കിട്ടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക്. എന്നാല്‍ ഗൊണ്‍സാല്‍വസിനു 77 ശതമാനം വോട്ടുകള്‍കിട്ടിയെന്നും മദുരോയ്ക്കു കിട്ടിയത് അതിന്‍റെ മൂന്നിലൊന്നു മാത്രമാണെന്നം പ്രതിപക്ഷം അവകാശപ്പെടുന്നു. പ്രധാനമായും വോട്ടട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്നാണ് അവരുടെ ആരോപണം. 

വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഫലപ്രഖ്യാപനം. ഓരോ ബൂത്തിലും പോള്‍ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിസമ്മതിക്കുകയും ചെയ്തു. വോട്ടെണ്ണലില്‍ തിരിമറി നടന്നതിന് ഉദാഹരണമായി ഇവ ചൂണ്ടിക്കാട്ടപ്പെടുന്നു.

ജനാഭിലാഷമല്ല തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കന്‍ അര്‍ധഗോളത്തിലെ മററ്റു പല രാജ്യങ്ങളും വിമര്‍ശിക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.  

ജനുവരിയില്‍ പുതിയ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന മദുറോയെ തങ്ങള്‍ അംഗീകരിക്കില്ലെന്ന് അര്‍ജന്‍റീന വെട്ടിത്തുറന്നു പറഞ്ഞു. അതിനുളള പകവീട്ടലെന്ന നിലയില്‍ അര്‍ജന്‍റീനയിലെ തങ്ങളുടെ അംബാസ്സഡറെ വെനസ്വേല മടക്കിവിളിച്ചു. ചിലെ, കോസ്റ്ററിക്ക, പാനമ, പെറു, ഡൊമിനിക്കന്‍റിപ്പബ്ളിക്ക്, യുറഗ്വായ് എന്നിവ വെനസ്വേലയിലെ തങ്ങളുടെ എംബസ്സി സ്റ്റാഫിന്‍റെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തു. 

ഇതേസമയം, ക്യൂബ, ഇറാന്‍, നിക്കരാഗ്വ എന്നിവയും വന്‍ശക്തികളായ റഷ്യ, ചൈന എന്നിവയും വെനലസ്വേലയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും മദുറോയെ അദ്ദേഹത്തിന്‍റെ വിജയത്തില്‍ അനുമോദിക്കുകയും ചെയ്തു.  

വാസ്തവത്തില്‍ അമേരിക്കയുമായുളള വെനസ്വേലയുടെ വടംവലിയാണ് ഇതിന്‍റെയെല്ലാം പിന്നില്‍. തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കെ അറ്റത്തു കരീബിയന്‍  കടലുമായി ചേര്‍ന്നു കിടക്കുകയാണ്  എണ്ണവമ്പന്നമായ ഈ രാജ്യം. അമേരിക്കയുമായി നല്ല സൗഹൃദത്തിലായിരുന്നു. പക്ഷേ, മദുറോയുടെ മുന്‍ഗാമിയായ ഹ്യൂഗോ ഷാവെസ് 1999ല്‍ അധികാരത്തില്‍ എത്തിയതോടെ ഇടയാന്‍ തുടങ്ങി. 

യുഎസ് ഉടമസ്ഥതയിലുളള എണ്ണക്കമ്പനികള്‍ ഷാവെസ് ദേശസാല്‍ക്കരിച്ചു. ക്യൂബയ്ക്കും അമേരിക്കയുമായി ഇടഞ്ഞുനിന്ന മറ്റു ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കി. ഇതെല്ലാം അമേരിക്കയെ രോഷം കൊള്ളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ 2002ല്‍ ഷാവെസിനെതിരെ അട്ടിമറി ശ്രമവും നടന്നു. അതിന്‍റെ പിന്നില്‍ അമേരിക്കയുടെ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ളിയു. ബുഷ് ആണെന്നായിരുന്നു ആരോപണം. അതിനുശേഷം പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാലത്ത് സ്ഥിതിയില്‍ അയവുണ്ടായെങ്കിലും ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായതോടെ സ്ഥിതിഗതികള്‍ വീണ്ടും മോഷമാവുകയും ചെയ്തു. 

പതിനാലു വര്‍ഷം രാജ്യം ഭരിച്ച ഷാവെസിന്‍റെ മരണത്തെ തുടര്‍ന്നു 2013ല്‍ പ്രസിഡന്‍റായ മദുറോ മുന്‍പ് ഷാവെസിന്‍റെ കീഴില്‍ വിദേശ മന്ത്രിയായിരുന്നു. നേരത്തെ ബസ് ഡ്രൈവറായും തൊഴിലാളി യൂണിയന്‍ നേതാവായും പ്രവര്‍ത്തിക്കുകയുണ്ടായി. 

ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്‍റെ സമശീര്‍ഷനല്ലാത്ത മദുറോയ്ക്ക് അധികകാലം ഭരണത്തില്‍ തുടരാനാവില്ലെന്നു കരുതിയവരുണ്ടായിരുന്നു. എന്നാല്‍ അവരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന വിധത്തില്‍ പ്രതിസന്ധികളയെല്ലാം അതിജീവിച്ചുകൊണ്ട് രണ്ടു തവണയായി 11 വര്‍ഷം അധികാരത്തിലിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഇതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു നഗ്നമായ യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. മൂന്നു കോടിയോളം വരുന്ന ജനങ്ങള്‍ക്കു ജീവിതം ദുസ്സഹമായി. 50 ലക്ഷം പേര്‍ പേര്‍ രക്ഷതേടി അയല്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്തു. യുദ്ധകാലത്തല്ലാതെ ലോകത്ത് ഒരിടത്തുനിന്നും ഇത്രയും വലിയ അഭയാര്‍ഥി പ്രവാഹം മുപൊരിക്കലും ഉണ്ടായിട്ടില്ല. 

സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന എണ്ണയുടെ കയറ്റുമതിയിലുണ്ടായ ഭീമമായ ഇടിവാണ് ഇതിനെല്ലാം കാരണം. അതിനു മുഖ്യ കാരണമാണെങ്കില്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധവും. അതോടൊപ്പം വ്യാപകമായ അഴിമതിയും മദുറോയുടെ ദുര്‍ഭരണവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുളള തര്‍ക്കത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുകയാണ് വെനസ്വേല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS