പാക്കിസ്ഥാനോ ബംഗ്ലദേശോ ഏതു രാജ്യമാണ് രാഷ്ടീയത്തില്‍ പട്ടാളം ഇടപെടുകയും ഭരണം പിടിച്ചടയക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ ഒരു കാര്യത്തില്‍ തര്‍ക്കത്തിനു കാരണമില്ല. ബംഗ്ലദേശിലെ അഭൂത പൂര്‍വമായ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പ്രധാനമന്ത്രി രാജിവച്ചൊഴിഞ്ഞ് നാടുവിട്ടതു പോലുളള ഒരു സംഭവം പാക്കിസ്ഥാനിലുണ്ടായിട്ടില്ല.
ഹസീന അധികാരം ഉപേക്ഷിക്കുകയല്ലാതെ നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍ ബന്ധു കൂടിയായ കരസൈന്യാധിപന്‍ ജനറല്‍ വഖാറുസ്സമാന്‍റെ അന്ത്യശാസനത്തിന് അവര്‍ വഴങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു.
രണ്ടു വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയില്‍തന്നെ മറ്റൊരു രാജ്യത്ത് (ശ്രീലങ്കയില്‍) ജനമുന്നേറ്റത്തെ നേരിടാനാവാതെ പ്രസിഡന്‍റ് (ഗോടബയ രാജപക്സെ) നാടുവിട്ടു പോയിരുന്നു. പിന്നീടു ആഴ്ചകള്‍ക്കു ശേഷം വിദേശ വാസത്തിനിടയില്‍ രാജിവച്ചു. മാറിയ സാഹചര്യത്തില്‍ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അതു മറ്റൊരു കഥ. അത്തരമൊരു തിരിച്ചുവരവ് ഹസീനയ്ക്കു പ്രതീക്ഷിക്കാനാവുമോ.
ബംഗ്ലദേശില്‍ പുതിയൊരു ഇടക്കാല ഭരണകൂടം നിലവില്‍ വന്നുകഴിഞ്ഞു. പ്രകടമായ ചില മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കപ്പെടുകയും ചെയ്തു. മാറ്റങ്ങള്‍ നല്ലതോ ചീത്തയോ ആയിരിക്കുകയെന്നു കാണാനിരിക്കുന്നതേയുള്ളൂ. ഉദാഹരണമായി, ഏതാണ്ട് അര നൂറ്റാണ്ടു മുന്‍പ് ഇന്ത്യ അതിന്‍റെ 28ാം സ്വാതന്ത്യ ദിനവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബംഗ്ളദേശ് ഞെട്ടി വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. കാരണം അന്നു പുലര്‍ച്ചെയാണ് രാഷ്ട്ര സ്ഥാപകനായ ഷെയ്ക്ക് മുജീബുര്‍ റഹ്മാനും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ബഹുഭൂരിഭാഗം അംഗങ്ങളും കൂട്ടക്കൊല ചെയ്യപ്പെട്ടിരുന്നത്.
അതിനുശേഷം മുജീബിന്‍റെ മകള്‍ ഷെയ്ക്ക് ഹസീന പ്രധാനമന്ത്രിയായതു മുതല്‍ ഓഗസ്റ്റ് 15 ബംഗ്ലദേശില്‍ ദുഃഖാചരണ ദിനമായിരുന്നു. എന്നാല്‍ ഇത്തവണ അതു വേണ്ടെന്നു വച്ചു. 15 വര്‍ഷം അധികാരത്തിലിരുന്ന ഹസീനയക്ക് അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രകടമായ മാറ്റങ്ങളിലൊന്നാണിത്. ഇനിയും പല മാറ്റങ്ങള്‍ക്കുമുളള സാധ്യതകള്‍ പലരും കാണുന്നു.
പതിനഞ്ചു വര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രി ഷെയക്ക് ഹസീനയുടെ (76) ഒഴിവില്‍ താല്‍ക്കാലികമായി ഭരണം ഏറ്റെടുത്തിരിക്കുന്നത് നൊബേല്‍ സമാധാന ജേതാവായ ഡോ. മുഹമ്മദ് യൂനുസാണ് (84) ഹസീനയുടെ സ്ഥാന നഷ്ടത്തില്‍ അസംതൃപ്തിയും ദുഃഖമുളളവര്‍പോലും പ്രഫസര്‍ യൂനുസിന്‍റെ ആഗമനത്തെ സ്വാഗതം ചെയ്യുന്നു.
കാരണം ബംഗ്ലദേശിലെ കോടിക്കണക്കിനാളുകളെ പരമ ദാരിദ്യത്തില്‍നിന്നു കരകയറ്റിയത് അദ്ദേഹമാണ്. അതിനുവേണ്ടി അദ്ദേഹം തുടങ്ങിവച്ചതാണ് ഗ്രാമീണ്‍ ബാങ്ക് പ്രസ്ഥാനം. ലോകം മുഴുവന്‍ അതു പരക്കുകയും ചെയ്തു. അതാണ് യൂനുസിനു 2006ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടിക്കൊടുത്തതും.
ഹസീനയുടെ സ്ഥാനത്തു യൂനുസിനെ അവരോധിക്കണമെന്നത് ഹസീനയ്ക്കെതിരെ ഒരു മാസമായി സമരം നടത്തിക്കൊണ്ടിരുന്നവരുടെ, പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ ഒരു പ്രധാന ആവശ്യമായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് എട്ട്) യൂനുസ് സ്ഥാനമേറ്റത് ഇടക്കാല പ്രധാനമന്ത്രിയായിട്ടല്ല, പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീന്‍റെ മുഖ്യ ഉപദേഷ്ടാവിട്ടാണ്.
മന്ത്രിമാരുടെ ചുമതലകള്‍ നിര്‍വഹിക്കാനായി ഒരു 16 അംഗ ഉപദേശക സമിതിയെയും നിയമിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ വിദഗ്ദ്ധരായ ഇവരുടെ കൂട്ടത്തില്‍ രണ്ടു പ്രമുഖ വിദ്യാര്‍ഥി സമര നേതാക്കളും ഉള്‍പ്പെടുന്നു.
വാസ്തവത്തില്‍ ജൂലൈ മധ്യത്തില്‍ തുടങ്ങിയത് ഹസീനയ്ക്കെതിരായ രാഷ്ട്രീയ സമരമായിരുന്നില്ല, സ്വന്തം ഭാവിയെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ ഉല്‍ക്കണ്ഠയുടെ പ്രകടനമായിരുന്നു. ഹസീന ഏകാധിപതിയാവുകയാണെന്നും എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തുകയാണെന്നും ജുഡീഷ്യറിയെപ്പോലും സ്വന്തം ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ടായിരുന്നു. ജനങ്ങള്‍ അസ്വസ്ഥരായിരുന്നു.
പക്ഷേ, അഭ്യസ്ത വിദ്യരായ യുവാക്കളെ മുഖ്യമായി പ്രത്യുക്ഷ്ബദ്ധരാക്കിയത് ഒരു തൊഴില്‍ നിയമാണ്. സര്‍ക്കാരിലെയും പൊതുമേഖലയിലെയും തൊഴിലുകളില്‍ 30 ശതമാനംവരെ 1971 ലെ ബംഗ്ലദേശ് വിമോചനസമരത്തില്‍ പങ്കെടുത്തവരുടെ പിന്മുറയ്ക്കാര്‍ക്കു സംവരണം ചെയ്തിരിക്കുകയായിരുന്നു. അവശേഷിക്കുന്ന ഒഴിവുകളിലേക്കു മാത്രമേ മറ്റുളളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നുള്ളൂ. ഇതിനെപ്പറ്റി സംസാരിക്കാന്‍ ചെന്ന വിദ്യാര്‍ഥി നേതാക്കളെ ഹസീന അപമാനിച്ചു വിട്ടുവത്രേ.
ഏതായാലും സുപ്രീം കോടതി കേസില്‍ ഇടപെടുകയും സംവരണം 30 ശതമാനത്തില്‍ നിന്നു അഞ്ചു ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തു. പക്ഷേ, പ്രശ്നം അതോടെ അവസാനിച്ചില്ല. ഹസീനയോടുളള പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ വൈരാഗ്യം പൂര്‍വാധികം ശക്തിയോടെ തലപൊക്കി. മൊത്തത്തില്‍ അഞ്ചാം തവണയും തുടര്‍ച്ചയായി നാലാം തവണയും പ്രധാനമന്ത്രിയായിരിക്കുകയായിരുന്നു ഹസീന. അധികാരം അവരുടെ തലയ്ക്കു പിടിച്ചുവെന്നായിരുന്നു പൊതുവിലുളള ആക്ഷേപം.
പാക്കിസ്ഥാനില്‍നിന്ന് 1971ല്‍ വിട്ടുപിരിയുമ്പോള്‍ പരമദരിദ്രമായിരുന്ന ബംഗ്ലദേശ് ഇപ്പോള്‍ ഏഷ്യയിലെ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാണ്. പക്ഷേ, അതിന്റെ ആനുകൂല്യങ്ങള്‍ അധികവും ഹസീനയുടെ അവാമി ലീഗും സഖ്യകക്ഷികളും കൂടി അടിച്ചെടുക്കുകയായിരുന്നുവത്രേ. അവാമി ലീഗ് സീറ്റുകള്‍ തൂത്തുവാരിയ തിരഞ്ഞെടുപ്പുകളെല്ലാം പ്രഹസനമാണെന്ന പരാതിയുമുണ്ടായിരുന്നു.
ഹസീനയുടെ ഭരണത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നിഷ്പക്ഷവും ആകില്ലെന്ന പേരില്‍, മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ളദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) സഖ്യകക്ഷികളം ഇക്കഴിഞ്ഞ ജനുവരിയിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയുമുണ്ടായി. ഹസീന തിരഞ്ഞെടുപ്പിനു മുന്‍പ് രാജി വയ്ക്കണമെന്നും ഭരണം ഒരു നിഷ്പക്ഷ ഇടക്കാല ഭരണകൂടത്തെ ഏല്‍പ്പിക്കണമെന്നും അവരാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പോളിങ് ബൂത്തുകളില്‍ എത്തിയത് വെറും 40 ശതമാനം വോട്ടര്‍മാരാണ്. ഇതുവരെ നടന്ന 12 പൊതു തിരഞ്ഞെടുപ്പുകളില്‍ ഇത്രയും കുറഞ്ഞ വോട്ടിങ് ശതമാനം മുന്‍പൊരിക്കലും ഉണ്ടായിരുന്നില്ലത്രേ. മൂന്നില്‍ രണ്ടു ഭാഗത്തിലേറെ സീറ്റുുകള്‍ അവാമി ലീഗ് സഖ്യം നേടി.
പ്രതിപക്ഷം ആവശ്യപ്പെട്ട രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാലും അവര്‍ ജയിക്കുമോയെന്ന കാര്യം സംശയത്തിലായിരുന്നു. കഴിഞ്ഞ മൂന്നു തവണയും ഉണ്ടായ കനത്ത പരാജയത്തിന്‍റെ ആഘാതത്തില്‍ തളര്‍ന്നുകിടക്കുകയായിരുന്നു അവര്‍. ബിഎന്‍പിുടെ നേതാവായ മുന്‍പ്രധാനമന്ത്രി ഖാലിദ സിയ അഴിമതിക്കേസുകളില്‍ 17 വര്‍ഷം തടവിനു ശിക്ഷക്കപ്പെട്ട് അഞ്ചര വര്‍ഷമായി വീട്ടുതടങ്കലിലായിരുന്നു. രോഗിണിയാണെന്നു പറയപ്പെടുന്ന അവരെ ഹസീനയുടെ രാജിക്കു ശേഷം നിലവില്‍വന്ന ഇടക്കാല ഭരണകൂടമാണ് പരോളില്‍ വിട്ടത്.
ഖാലിദയുടെ പിന്‍ഗാമിയാകുമായിരുന്ന മൂത്ത മകന്‍ താരീഖ് റഹ്മാന്‍ 2004ല്‍ ഹസീനയ്ക്കെതിരെ നടന്ന ബോംബാക്രമണം സംബന്ധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയുണ്ടായി. എങ്കിലും നേരത്തെ തന്നെ രാജ്യം വിട്ടതിനാല്‍ പിടിയിലായില്ല. കുടുംബസമേതം ലണ്ടനില്‍ കഴിയുന്നു.
ഹസീനയുടെ ഭരണത്തില്‍ അതീകഠിനമായ പ്രഹരമേറ്റത് ജമാഅത്തെ ഇസ്ലാമിക്കാണ്. ബംഗ്ളദേശ് വിമോചനത്തെ എതിര്‍ത്ത അവര്‍ അതിനുവേണ്ടി പാക്ക് പട്ടാളത്തെ സഹായിച്ചു. ഗുരുതരമായ കേസുകളില്‍ പ്രതികളായി അവരുടെ ചില പ്രമുഖ നേതാക്കള്‍ വധശിക്ഷയ്ക്കും ജീവപര്യന്ത്യം തടവിനും ശിക്ഷിക്കപ്പെട്ടു.
ഭരണഘടനയെ ധിക്കരിക്കുന്ന വിധത്തില്‍ മതനിരപേക്ഷതാ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പേരില്‍ പാര്‍ട്ടിക്കു 10 വര്‍ഷംമുന്‍പ് റജിസ്ട്രേഷന്‍ നഷ്ടപ്പെടുകയുമുണ്ടായി. പൊതുയോഗങ്ങളും മറ്റും നടത്താം. പക്ഷേ, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. മുന്‍പ് ഖാലിദയുടെ ഗവണ്‍മെന്‍റില്‍ അവര്‍ക്കു മന്ത്രിമാരുണ്ടായിരുന്നു. ഈയിടെയാണ് ഹൈക്കോടതി ആ വിധി ശരിവച്ചത്.
കഷ്ടിച്ച് ഒരു മാസത്തിനിടയില്‍ അഞ്ഞൂറിലേറെ മരണങ്ങള്‍ക്കിടയാക്കിയ ജന മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താനാവാതെ ഹസീന ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു. ക്ഷുഭിതരായ സമരക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസും കൈയേറുകയും കൊള്ളയടിക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായക്കാരും അവരുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു.
രാഷ്ട്രപിതാവായി അവാമി ലീഗുകാര്‍ വാഴ്ത്തുന്ന മുജീബിനെക്കുറിച്ചുളള ഓര്‍മകള്‍ നിലനിര്‍ത്താനായി സ്ഥാപിതമായിരുന്ന മ്യൂസിയവും ആക്രമണത്തിനിരയായി. ബംഗളദേശ് ചരിത്രത്തില്‍ മുജീബിനുളള സ്ഥാനം തുടച്ചുനീക്കാനുളള ശ്രമമാണോ നടക്കുന്നതെന്നു പോലും സംശയിക്കപ്പെടുന്നു. അദ്ദേഹം വധിക്കപ്പെട്ട ദിനം ദുഃഖാചരണ ദിനമായി ആചരിക്കുന്നത് ഇത്തവണ വേണ്ടെന്നു വച്ചതുപോലും ഇതിനുളള ഉദാഹരണമാവാം.
ഈ മാസം ആദ്യത്തില്‍തന്നെ ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചുവെങ്കിലും അവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയാണുളളതെന്നതു സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നുമില്ല. കാരണം കഠിനശത്രുക്കളുളള അവരുടെ സുരക്ഷയെക്കുറിച്ചുളള ഉല്‍ക്കണ്ഠയാവാം. ഇന്ത്യക്കു പുറത്ത് എവിടെയെങ്കിലും അഭയം ഏര്‍പ്പാടാക്കാനുളള ശ്രമങ്ങളും നടന്നുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ളദേശിനെ സംബന്ധിച്ച പലതും ഇനിയും കാണാനും കേള്‍ക്കാനും ഇരിക്കുന്നതേയുളളൂ.