വിവാദത്തിലാകുന്ന കനാലും ദ്വീപും ഡോണള്‍ഡ് ട്രംപും

Mail This Article
ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും അമരിക്കയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വൈറ്റ്ഹൗസിലേക്ക് കലെടുത്തു വയ്ക്കാന്‍ ഇനിയും അദ്ദേഹത്തിനു കഴിയണമെങ്കില്‍ ജനുവരി 20 വരെ കാത്തിരിക്കണം. അന്നാണ് സ്ഥാനാരോഹണം.
പക്ഷേ, രാഷ്ട്രത്തലവന്‍ എന്ന നിലയിലുളള പ്രസ്താവനകളും പ്രഖ്യാപനങ്ങളുംപുറപ്പെടുവിക്കാന്‍ ആരെയും അദ്ദേഹം കാത്തിരിക്കുന്നില്ല. അതിന് ഉദാഹരണമാണ് അറ്റലാന്‍ിക്-പസിഫിക്ക് സമുദ്രങ്ങളെ കൂടിയിണയ്ക്കുന്ന പാനമ കനാലിനെക്കുറിച്ച് ഈയിടെ അദ്ദേഹം പുറപ്പെവിച്ച പ്രസ്താവനകള്‍.
പാനമയില്‍ അമേരിക്ക നിര്‍മിച്ചതും ദശകങ്ങളായി പാനമയുടെ ഉടമസ്ഥതയില്‍ തുടരുന്നതുമാണ് 82 കിലോമീറ്റര്‍ നീളമുളള ഈ ജലമാര്‍ഗം. സമുദ്ര മാര്‍ഗത്തിലൂടെയുളള ലോക ചരക്കു ഗതാഗതത്തിന്‍റെ 2.5 ശതമാനം ഈ വഴിക്കുളളതാണ്. അമേരിക്കയുടെ കണ്ടെയിനര്‍ ഗതാഗതത്തിന്‍റെ 40 ശതമാനവും അങ്ങനെതന്നെ.
ധാന്യങ്ങള്‍, പ്രകൃതി വാതകം, പെട്രോള്‍, മോട്ടോര്‍ വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിങ്ങനെ പല സാധനങ്ങളും ഇതിലൂട അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.
പക്ഷേ, കനാല്‍ നിര്‍മിക്കപ്പെടുന്നതിനു മുന്‍പ് പാനമയുടെ വടക്കു ഭാഗത്ത് അറ്റ്ലാന്‍റിക് സമുദ്ര തീരത്തുനിന്നു ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു ചരക്കുകള്‍ എത്തിക്കാന്‍ കപ്പലുകള്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡം മുഴുവന്‍ ചുറ്റേണ്ടിവരുമായിരുന്നു. കനാല്‍ നിര്‍മാണം പൂര്‍ത്തിയായതോടെ അത്രയും ദൂരവും സമയവും കുറഞ്ഞു.
കനാല്‍ ഉപയോഗിക്കുന്ന കപ്പലുകള്‍ (ശരാശരി പ്രതിവര്‍ഷം 14,000) അതിനനുസരിച്ചുളള വാടക പാനമ ഗവണ്‍മെന്‍ിനു നല്‍കേണ്ടിവരുന്നു. അവര്‍ക്കിത് ഒരു വലിയ വരുമാനമാണ്. അമേരിക്ക നല്‍കേണ്ടിവരുന്നത് മറ്റു പല രാജ്യങ്ങളും നല്‍കുന്ന തുകയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത് അന്യായമാണ്. കുറയ്ക്കണം. ഇല്ലെങ്കില്‍ കനാല്‍ നിര്‍മിക്കാന്‍ പണം ചെലവാക്കിയ അമേരിക്ക കനാല്‍ തിരിച്ചെടുക്കും. ഇതായിരുന്നു കഴിഞ്ഞ മാസാവസാനത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതു പ്രസംഗങ്ങളിലൂടെയും ട്രംപ് പുറപ്പെടുവിച്ച പ്രസ്താവനകളുടെ ചുരുക്കം.
അസംബന്ധം എന്നു പറഞ്ഞ് ഇതു തള്ളിക്കളയാന്‍ പാനമ പ്രസിഡന്‍റ് ജോസെ റൗള്‍ മുളിനോ അധികമൊന്നും കാത്തുനില്‍ക്കുകയുണ്ടായില്ല. കനാലിന്‍റെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ചുവരുന്ന ചൈന കാലക്രമത്തില്‍ കനാലിന്‍റെ നിയന്ത്രണം കൈക്കലാക്കാനിടയുണ്ടെന്നു ട്രംപ് ഭയം പ്രകടിപ്പിക്കുകയുമുണ്ടായി.പാനമ പ്രസിഡന്‍റ് അതും നിസ്സാരമാക്കി തളളിക്കളഞ്ഞു.
തിയോഡര്‍ റൂസ്വെല്‍റ്റ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന കാലത്ത് 1904നും 1914നും ഇടയില്‍ അമേരിക്കയും പാനമയും ഒന്നിച്ചുചേര്‍ന്നു നിര്‍മിച്ചതാണ് കനാല്‍. അപകടങ്ങളില്‍ പെട്ടും രോഗങ്ങള്‍ക്കിരയായും നാല്‍പ്പതിനായിരത്തോളം അമേരിക്കക്കാര്‍ മരിക്കുകയുമുണ്ടായി. എന്നിട്ടും അമേരിക്കയില്‍ ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്‍റായിരുന്ന കാലത്ത് (1977ല്‍ ) കനാലിന്‍റെ പൂര്‍ണമായ ഉടമസ്ഥത അമേരിക്ക പാനമയക്കു വിട്ടുകൊടുക്കുകയാണ് ചെയ്തത്.
ഡമോക്രാറ്റ് പാര്‍ട്ടിക്കാര്‍ ചെയ്തുവച്ച ഒരു ആനമണ്ടത്തരം എന്നാണ് ട്രംപ് ഇതിനു നല്‍കുന്ന വിശേഷണം. പക്ഷേ, അമേരിക്കയ്ക്ക് അവകാശപ്പെട്ട ഉടമസ്ഥത തന്‍റെ ഗവണ്‍മെന്‍റ് തിരിച്ചെടുക്കുമെന്നു പറയുന്ന അദ്ദേഹം അതെങ്ങനെ തിരിച്ചെടുക്കുമെന്നു വിശദീകരിക്കാന്‍ മിനക്കെടുന്നില്ല. ശരിക്കും ഗൗരവത്തോടെ തന്നെയാണോ ട്രംപ് സംസാരിക്കുന്നതെന്ന് അമേരിക്കയില്‍ തന്നെ ചിലരെങ്കിലും സംശയിക്കാന്‍ ഇതു കാരണമാകുന്നു. അമേരിക്കയുമായി നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാകാന്‍ ക്ഷണിച്ചുകൊണ്ട് ട്രംപ് ഈയിടെ പുറപ്പെടുവിച്ച പ്രസ്താവനകള്‍ ഇതിനു മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കാനഡയില്‍നിന്നുളള നിയമവിരുദ്ധ കുടിയേറ്റവും കളളക്കടത്തും തടയാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരാജയപ്പെടുകയാണന്ന പരാതിയുടെ തുടര്‍ച്ചയായിരുന്നു ഇത്. ട്രൂഡോയെ അദ്ദേഹം ഗവര്‍ണര്‍ ട്രൂഡോ എന്നു കളിയാക്കി വിളിക്കുകയും ചെയ്തു. തമാശയായോ അല്ലാതെയോ പ്രതികരിക്കാന്‍ കാനഡ പ്രധാനമന്ത്രി മിനക്കെടുകയുണ്ടായില്ല.
ആദ്യതവണ പ്രസിഡന്‍റായിരുന്നപ്പോള്‍ (2019ല്‍) യൂറോപ്പിലെ ഒരു പ്രദേശം അമേരിക്കയുടെ സ്വന്തമാക്കാന്‍ ട്രംപ് നടത്തിയ ശ്രമവും ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് വിലകൊടുത്തു വാങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നു എന്നായിരുന്നു വാര്‍ത്ത. പശ്ചിമ യൂറോപ്പില്‍ ഡെന്മാര്‍ക്കിന്‍റെ ഭാഗമാണ് ഗ്രീന്‍ലന്‍ഡ്. 22 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്നു.
അമേരിക്കയില്‍നിന്ന് 5000 കിലോമീറ്റര്‍ അകലെ കാനഡയുടെ വടക്കുകിഴക്കു ഭാഗത്തു ഉത്തര അത്ലാന്‍റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുകയാണ് ഗ്രീന്‍ലന്‍ഡ്. അവിടെനിന്നു റഷ്യയിലേക്കും ഏതാണ്ട് അത്രതന്നെയാണ് ദൂരം.
ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതിനു പല കാരണങ്ങളുണ്ട്. ബഹുഭൂരിഭാഗവും ഉത്തര ധ്രുവത്തിലായതിനാല്‍ ഉറച്ചു കട്ടിയായ മഞ്ഞുകൊണ്ടു സദാ മൂടിക്കിടക്കുകയാണെങ്കിലും ഭൂമിക്കടിയില്‍ ഇരുമ്പയിര്, കല്‍ക്കരി, ഈയം, വജ്രം, സ്വര്‍ണം, യുറേനിയം, എണ്ണ, ഗ്യാസ് എന്നിവ പോലുള്ള പ്രകൃതി വിഭവങ്ങളുടെ ഒരു വന്‍കലവറതന്നെയുണ്ട്. ലോകത്തിലെ മൊത്തം എണ്ണ, വാതക നിക്ഷേപങ്ങളുടെ ഏതാണ്ടു കാല്‍ഭാഗവും ഉത്തര ധ്രുവത്തിലാണത്രേ.
ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതിനു വേറെയും കാരണങ്ങളുണ്ട്. ആ പ്രദേശത്തിന്‍റെ സൈനിക തന്ത്രപരമായ കിടപ്പാണ് അവയില്‍ ഒരു കാരണം. 1943 മുതല്‍ അവിടെയൊരു യുഎസ് വ്യോമസേനാതാവളം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതാണെങ്കല്‍ ഭൂമിയുടെ ഏറ്റവും വടക്കു ഭാഗത്തെ യുഎസ് സൈനിക താവളവുമാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തു ജര്‍മനിയുടെ ആക്രമണത്തില്‍നിന്നു ഡെന്മാര്‍ക്കിന്‍റെ കോളണികള്‍ക്കു സംരക്ഷണം നല്‍കുന്നതിനുവേണ്ടി സ്ഥാപിച്ചതായിരുന്നു അത്. പില്‍ക്കാലത്ത് അമേരിക്ക ഡെന്മാര്‍ക്കുമായി സുരക്ഷാ ഉടമ്പടിയുണ്ടാക്കി. അതോടെ അത് സോവിയറ്റ് യൂണിയന്‍റെ വ്യോമസേനാ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമാവുകയും ചെയ്തു. ഇപ്പോള്‍ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കാനും ഉപയോഗിച്ചുവരുന്നു.
മറ്റുരാജ്യങ്ങളുടെ സ്ഥലങ്ങള്‍ അമേരിക്ക വിലയ്ക്കു വാങ്ങുന്നത് ഒരു പുതിയ കാര്യമല്ല. ഡെന്മാര്‍ക്കില്‍നിന്നുതന്നെ 1917ല്‍ കരീബിയന്‍ കടലിലെ ചില ദ്വീപുകള്‍ വാങ്ങി. അവയാണ് ഇപ്പോള്‍ വെര്‍ജിന്‍ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. അമേരിക്കയുടെ 50 സംസ്ഥാനങ്ങളില്‍ ഒന്നായ ലൂയിസിയാനയുടെ വലിയൊരു ഭാഗം 1803ല്‍ ഫ്രാന്‍സില്‍നിന്നു വാങ്ങിയതാണ്. മറ്റൊരു സംസ്ഥാനമായ അലാസ്ക്ക 1867ല്‍ റഷ്യയില്‍നിന്ന് അവിടത്തെ രാജഭരണകാലത്തു വാങ്ങുകയായിരുന്നു.
ഗ്രീന്‍ലന്‍ഡ് തന്നെ വാങ്ങാന്‍ 1946ല്‍ പ്രസിഡന്‍റ് ഹാരി എസ്. ട്രൂമാന്‍റെ ഭരണത്തില്‍ അമേരിക്ക ശ്രമിക്കുകയുണ്ടായി. പക്ഷേ, വില്‍ക്കാന്‍ ഡെന്മാര്‍ക്ക് സമ്മതിച്ചില്ല. ഇപ്പോഴാണെങ്കില്‍ ഡെന്മാര്‍ക്കു സമ്മതിച്ചാലും കച്ചവടം നടക്കില്ല. ഗ്രീന്‍ലന്‍ഡിലെ സ്വയംഭരണാവകാശമുള്ള ജനങ്ങളും സമ്മതിക്കണം. ഗ്രീന്‍ലന്‍ഡിലെ ഗവണ്‍മെന്‍റും രാഷ്ട്രീയ നേതാക്കളും യുഎസ് പ്രസിഡന്‍റിന്‍റെ ആലോചനയെ അസംബന്ധം എന്നു പറഞ്ഞു പുഛിച്ചു തള്ളുകയാണ് ചെയ്യന്നത്. ഏതായാലും പാനമ കനാലിനെ കുറിച്ചുളള വിവാദത്തോടൊപ്പം ഗ്രീന്‍ലന്‍ഡിനെ സംബന്ധിച്ച പുതിയ ചര്‍ച്ചയ്ക്കും ചൂട് പിടിക്കാനിടയുണ്ട്.