കൊറിയയില്‍ വാശിയും വാറന്റും

Mail This Article
ദക്ഷിണ കൊറിയയിലെ പ്രസിഡന്‍റ് യൂണ്‍ സുക് കിയോല്‍ (64) സസ്പെന്‍ഷനിലാണ്. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുളള പാര്‍ലമെന്‍റ് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം പാസ്സാക്കിയെങ്കിലും അതു നടപ്പാക്കാനായില്ല. തുടര്‍ന്ന്, അദ്ദേഹത്തെ പുറത്താക്കാനായി ഭരണഘടനാ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അതിന്‍റെ കാലാവധിയും (രണ്ടാഴ്ച) കഴിഞ്ഞു. അധികാരം വിട്ടൊഴിഞ്ഞു പോകുന്ന പ്രശ്നമേയില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറുന്നു.
ഡിസംബര്‍ 31നു പുറപ്പെടുവിച്ച പഴയ വാറന്‍റിന്‍െ കാലാവധി ജനുവരി ആറിന് അവസാനിച്ചശേഷം പുതിയൊരു വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതു നടപ്പാക്കാന്‍ കാലാവധി നിശ്ചയിച്ചിട്ടില്ല. നിശ്ചിത തീയതിക്കകം വാറന്‍റ് നടപ്പാക്കാന്‍ കഴിയുമോ എന്ന സംശയമാകാം കാരണം. ചുരുക്കത്തില്‍ രാജ്യം അനിശ്ചിതത്വത്തിന്‍റെയും അരാജകത്വത്തിന്‍റെയും വക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് സൂചനകള്‍.

കഴിഞ്ഞ ഏതാണ്ട് എട്ടു ദശകങ്ങള്‍ക്കിടയില്‍ ഗുരുതരമായ പല പ്രശ്നങ്ങളെയും ദക്ഷിണ കൊറിയ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്നത് ഇതാദ്യമാണ്. ഒരു സിറ്റിങ് പ്രസിഡന്‍റിനെതിരെ മുന്‍പൊരിക്കലും വാറന്‍റ് പുറപ്പെടുവിച്ചിരുന്നില്ല.
പ്രസിഡന്‍റ് യൂണ്‍ സുക് കിയോല്‍ ഡിസംബര്‍ മൂന്നിനു പെട്ടെന്നു രാജ്യത്തു മിലിട്ടറി ഭരണം പ്രഖ്യാപിച്ചതോടെയായിരുന്നു ഇതിന്‍റെയെല്ലാം തുടക്കം. കഠിനമായ ശത്രുതയില്‍ കഴിയുന്ന കമ്യൂണിസ്റ്റ് ഉത്തര കൊറിയയുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി നടക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതു തടയാന്‍ മിലിട്ടറി ഭരണം വേണമെന്നുമായിരുന്നു യൂണ്‍ അതിനു പറഞ്ഞ ന്യായം.
പക്ഷേ, പലര്‍ക്കും അതു വിശ്വസനീയമായി തോന്നിയില്ല. വാസ്തവത്തില്‍ ഉത്തര കൊറിയയുടെ പേരുതന്നെ അദ്ദേഹം പറഞ്ഞിരുന്നില്ല. വടക്കു നിന്നുളളവര്‍ എന്നാണ് പറഞ്ഞിരുന്നത്. ഒരു മുന്‍ പ്രോസിക്യൂട്ടറായ യൂണ്‍ ഏകാധിപതിയാകാനുള്ള പുറപ്പാടിലാണെന്ന ആരോപണവും പരക്കേയുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആഡംബരഭ്രമം, ധൂര്‍ത്ത് എന്നിവയെക്കുറിച്ചുളള പരാതികളും നിലനില്‍ക്കുന്നു.

അതെല്ലാം മറച്ചുപിടിക്കാനുളള വിഫലശ്രമത്തിലുമാണ് യൂണ്‍ എന്നും ആരോപിക്കപ്പെടുന്നു. പട്ടാള നിയമം പ്രഖ്യാപിക്കപ്പെട്ട വിവരം അറിഞ്ഞ ഉടനെ ജനങ്ങള്‍ രാത്രി വൈകീട്ട് മരം കോച്ചുന്ന തണുപ്പില്‍ തെരുവിലിറങ്ങുകയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തി്നു മുന്നില്‍ തടിച്ചുകയും ബഹളം കൂട്ടുകയും ചെയ്തു.
പട്ടാളനിയമം പിന്‍വലിക്കുകയും പ്രസിഡന്‍റ് രാജിവയ്ക്കുകയും ചെയ്താലല്ലാതെ തങ്ങള്‍ പിരിഞ്ഞു പോവുകയില്ലെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. അവരും പ്രസിഡന്‍റിന്‍റെ പ്രത്യേക സൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉറപ്പായി. ആറു മണിക്കുറിനു ശേഷം പട്ടാള നിയമം പിന്‍വലിക്കാന്‍ പ്രസിഡന്‍റ് നിര്‍ബന്ധിതനാവുകയും ചെയ്തു.
യൂണിനെതിരെ ഇംപീച്ച്മെന്‍റ് നടപടി ഉണ്ടായതോടെ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂ ആക്ടിങ് പ്രസിഡന്‍റായി നിമതനായിരുന്നു. പക്ഷേ ഇംപീച്ച്മെന്‍റ് നടപടികളില്‍ സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതു കാരണം അദ്ദേഹവും സസ്പെന്‍ഷന്‍ ചെയ്യപ്പെട്ടു. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ചോയ് സാങ് മോക് പുതിയ ആക്ടിങ് പ്രസിന്‍റായി.

തലസ്ഥാന നഗരമായ സോളില്‍ ബ്ളൂഹൗസ് എന്നറിയണപ്പെടുന്ന കൊട്ടാരത്തിലാണ് പ്രസിഡന്‍റുമാര്‍ താമസിക്കുക പതിവെങ്കിലും ഇംപീച്ച്മെന്‍റ് നടപടിക്കു വിധേയനായ പ്രസിഡന്‍റ് യൂണ്‍ ഇപ്പോള്‍ താമസിക്കുന്നത് അവിടെയല്ല, കോട്ട-കൊട്ടാര സദൃശമായ മറ്റൊരു കെട്ടിടത്തിലാണ്. കൂടുതല്‍ വിപുലവും ശക്തവുമായ സുരക്ഷാ സംവിധനങ്ങളും അവിടെയാണത്രേ. പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്കു വേണ്ടിയുള്ള പ്രത്യേക സൈനിക വിഭാഗവുമുണ്ട്. ഏറ്റുമുട്ടല്‍ ഉണ്ടാവുകയാണെങ്കില്‍ അതിന്‍റെ ഫലം ഗുരുതരമായിരിക്കുമെന്നര്‍ഥം.
ഇരുപക്ഷക്കാരും ഇതു സംബന്ധിച്ച് പരസ്പരം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. തനിക്കെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടനാ വ്യവസ്ഥകള്‍ക്കു നിരക്കാത്തതുമാണന്നും യൂണ്‍ വിശദീകരിക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ പ്രശ്നം ഒത്തുതീര്‍ക്കാനുളള ശ്രമവും നടക്കുന്നുണ്ട്. പ്രസിഡന്‍റ് യൂണിന്‍റെ വ്യക്തിപരമായ സുരക്ഷയുടെ ചുമതല വഹിക്കുന്ന സൈനിക വിഭാഗത്തിന്‍റെ തലവനായ പാര്‍ക്ക് ചോക്ക് ജന്‍ രാജിവച്ചുത് അതിന്‍റെ ഭാഗമായി കരുതപ്പെടുന്നു. യൂണിനെ അറസ്റ്റ് ചെയ്യാനുള്ള ന ടപടികളുമായി സഹകരിക്കാന്‍ പാര്‍ക്ക് വിരമിച്ചതായി ആരോപണമുണ്ടായിരുന്നു.
അതിന്‍റെ പേരില്‍ ശിക്ഷാനടപടികളെ നേരിടേണ്ടിവരാനുളള സാധ്യതയെ അദ്ദേഹം ഭയപ്പെടുകയും ചെയ്തു. അതൊഴിവാക്കാന്‍ കൂടിയാണ് ഒത്തുതീര്‍പ്പിനുളള ശ്രമമെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ രാജി പുതിയ ആക്ടിങ് പ്രസിഡന്‍റ് ചോയ് സാങ് ചോക് സ്വീകരിച്ചു.

മെച്ചപ്പെട്ട സാമ്പത്തിക നിലവാരം പുലര്‍ത്തുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണ കൊറിയ. വിസ്തീര്‍ണം 100363 ചതുരശ്ര കിലോമീറ്റര്‍. ജനസംഖ്യ അഞ്ചു കോടി 17 ലക്ഷം. ജനജീവിതം കുറേ വര്‍ഷങ്ങളായി ശാന്തവും സമാധാന പൂര്‍ണവുമായിരുന്നു. ഇതു പറയാന്‍ കാരണം അതിനു മുന്‍പ് സ്ഥിതിഗതികള്‍ നേരെ വിപരീതമായിരുന്നതാണ്.
തുടര്‍ച്ചയായുളള പട്ടാള വിപ്ളവങ്ങളുടെ കഥയായിരുന്നു 1955 മുതല്‍ 1985 വരേയുളള ആ രാജ്യത്തിന്‍റെ ചരിത്രം. 1985ല്‍ ജനാധിപത്യ രീതിയില്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെയായിരുന്നു അതിന്‍റെ അവസാനം. അതിനേറ്റ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനു സൈനിക നിയമം നടപ്പാക്കിക്കൊണ്ട് പ്രസിഡന്‍റ് നടത്തിയ പ്രഖ്യാപനം. ഇനിയെന്ത് എന്നറിയാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ജനങ്ങളും അയല്‍ രാജ്യങ്ങളുമെല്ലാം.