അമേരിക്കയുടെ 51-ാം സംസ്ഥാനം

Mail This Article
റഷ്യ കഴിഞ്ഞാല്‍ ലോകത്തില്‍ വച്ചേറ്റവും വലിയ രാജ്യമാണ് 99,84,670 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുളള കാനഡ. കാനഡയുമായി ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന അമേരിക്കയ്ക്കു വിസ്തീര്‍ണത്തില്‍ തൊട്ടുതാഴെയുളള സഥാനമേയുളളൂ. എന്നിട്ടും കാനഡയെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുകയാണ് അമേരിക്ക. ചുരുങ്ങിയ പക്ഷം അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എങ്കിലും അങ്ങനെ ആഗ്രഹിക്കുന്നു.
ഈയിടെ രാജി പ്രഖ്യാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോടൊപ്പം കഴിഞ്ഞ മാസം (ട്രൂഡോ രാജിപ്രഖ്യാപിക്കുന്നിനുമുന്‍പ്) ഫ്ളോറിഡയിലെ തന്‍റെ ആഡംബര എസ്റ്റേറ്റില്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു ട്രംപ്. അപ്പോഴാണ് പെട്ടെന്നു കാനഡയുടെ കാര്യം ഉയര്‍ന്നുവന്നത്. കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കുകയും അമേരിക്കയിലെ 51ാമത്തെ സംസ്ഥാനം ആക്കുകയും ചെയ്യണമെന്നു ട്രംപ് പറഞ്ഞപ്പോള്‍ നല്ലൊരു തമാശ കേട്ടിട്ടെന്നപോലെ എല്ലാവരും ചിരിച്ചു. ട്രൂഡോയെ തമാശരീതിയില്‍ അമേരിക്കയിലെ 51ാമത്തെ ഗവര്‍ണര്‍ എന്നു ട്രംപ് വിളിച്ചപ്പോഴും സദസ്യരെല്ലാം ചിരിച്ചതേയുളളൂ.

ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ഇതൊരു തമാശയല്ലെന്നും കാര്യം ഗൗരവമുളളതാണെന്നും ബന്ധപ്പെട്ട എല്ലാവര്‍ക്കും മനസ്സിലാകാന്‍ തുടങ്ങിയത്.
ഒരിക്കലും നടക്കാത്ത കാര്യം, കാനഡ വില്‍പ്പനയ്ക്കു വച്ചിരിക്കുകയല്ല, അമേരിക്കയുടെ ഭാഗമാകാനോ അമേരിക്കയില്‍ ലയിക്കാനോ കാനഡയ്ക്കു മനസ്സില്ല, അക്കാര്യം ആലോചിക്കുകയേവേണ്ട എന്നിങ്ങനെയായിരുന്നു കാനഡയില്‍ നിന്നുളള പ്രതികരണങ്ങള്‍.
മറുപടിയെന്ന നിലയില്‍ ട്രൂഡോ വല്ലതും പറഞ്ഞുവോ, അല്ലെങ്കില്‍ എന്തു പറഞ്ഞുഎന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകളൊന്നുമില്ല. എങ്കിലും കാനഡയില്‍ നിന്നുളള മറ്റു ചിലരുടെ പ്രതികരണങ്ങള്‍ രൂക്ഷമായിരുന്നു. "ഡോണള്‍ഡ് ട്രംപിനോട് എനിക്കു പറയാനുളളത് ഇതാണ്. നമ്മള്‍ നല്ല അയല്‍പക്കക്കാരാണ്. പക്ഷേ, കാനഡയുമായി ഏറ്റുമുട്ടാന്‍ വന്നാല്‍ അമേരിക്ക പാഠം പഠിക്കും". ഇതായിരുന്നു ഇന്ത്യന്‍ വംശജനായ പ്രമുഖ രാഷ്ട്രീയ നേതാവ് ജഗ്മീത് സിങ് ധാലിവാലിന്‍റെ പ്രതികരണം.

അമേരിക്കയുടെ ആഗ്രഹത്തിനു കാനഡ വഴങ്ങിയില്ലെങ്കില്‍ കാനഡയില്‍നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും 25 ശതമാനം ചുങ്കം ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനു കൂടി മറുപടി പറയുകയായിരുന്നു ജഗ്മീത് സിങ്.
കഴിഞ്ഞ ഗവണ്‍മെന്‍റില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഭരിച്ചിരുന്നത് ജഗ്മീത് സിങ്ങിന്‍റെ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു. അതിനാല്‍ ട്രംപിനുളള അദ്ദേഹത്തിന്‍റെ മറുപടി ഏറെ പ്രാധാന്യത്തോടെയാണ് കാനഡയിലെയും അമേരിക്കയിലെയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ജനുവരി 20നു ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കന്നതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു ചൂടു പിടിക്കാനിടയുണ്ട്.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ. ലോകത്ത് ഏതെങ്കിലും രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഇത്രയും വിപുലമായ വ്യാപാര ബന്ധമില്ല.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് കാനഡയാണ്. ഇരുമ്പ്-ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, യ,ന്ത്ര സാമഗ്രികള്‍, ഗ്യാസ്, എണ്ണ എന്നിവ മുതല്‍ കടലാസ്, തുകല്‍ സാധനങ്ങള്‍, ഔഷധങ്ങള്‍ എന്നിവ വരെ അവയില്‍ ഉള്‍പ്പെടുന്നു.
അമേരിക്കയുടെ ഭാഗമാകാന്‍ കാനഡ സമ്മതിക്കുന്നില്ലെങ്കില്‍ ഈ സാധനങ്ങള്‍ക്കെല്ലാം 25 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ഇറക്കുമതി ചെയ്യുന്ന എല്ലാ കനേഡിയന്‍ സാധനങ്ങള്‍ക്കും വില കൂടാന്‍ ഇതു കാരണമാവും. ഇറക്കുമതി കുറയുകയും വ്യാപാരക്കമ്മി സംഭവിക്കുകയും ചെയ്യും. ഒരു വ്യാപാര യുദ്ധമായിരിക്കും അതിന്‍റെ ഫലം. അതിന്‍റെ അനുരണനങ്ങള്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും അനുഭവപ്പെട്ടേക്കാം.
ലയനങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിലയ്ക്കു വാങ്ങലുകള്‍, യുദ്ധങ്ങളിലൂടെയുള്ള സ്വന്തമാക്കലുകള്‍ എന്നിങ്ങനെയുളള സംഭവങ്ങളിലൂടെ കഴിഞ്ഞ രണ്ടര നൂറ്റാണ്ടിനിടയില്‍ പല തവണയായി രൂപാന്തരപ്പെട്ടതാണ് നാം ഇന്നു കാണുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ അഥവാ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ). 13 ബ്രിട്ടീഷ് കോളണികള്‍ ചേര്‍ന്നു 1776 ജൂലൈ നാലിനു ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെയായിരുന്നു അതിന്‍റെ തുടക്കം.
ഫ്രാന്‍സില്‍നിന്നു 1803ല്‍ ലൂയിസിയാന വിലയ്ക്കു വാങ്ങിയതോടെ രാജ്യ വിസ്തീര്‍ണം ആദ്യംതന്നെ ഇരട്ടിയായി. 1845ല്‍ തെക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ മെക്സിക്കോയുമായി യുദ്ധം പൊട്ടിപ്പുറപ്പെടുകയും മെക്സിക്കോയുടെ വടക്കെ പകുതി അവര്‍ക്കു നഷ്ടപ്പെടുകയും ചെയു. അങ്ങനെ കലിഫോര്‍ണിയയും അമേരിക്കയുടെ ഭാഗമായി.
അമേരിക്കയില്‍ ഇപ്പോഴുളള 50 സംസ്ഥാനങ്ങളില്‍ വന്‍കരയുമായി ചേരാതെ വേറിട്ടുനില്‍ക്കുന്ന-രണ്ടെണ്ണമാണ് ഹവായിയും അലാസ്ക്കയും. പസിഫിക് സമുദ്രത്തില്‍ കിടക്കുന്ന ഒരു ദ്വീപ് സമൂഹമാണ് ഹവായ്. 1989ല്‍ അവിടത്തെ നിവാസികളില്‍നിന്ന് പിടിച്ചെടുത്തു സ്വന്തമാക്കുകയായിരുന്നു.

റഷ്യയുടെ ഭാഗമായിരുന്ന അലാസ്ക്ക അവിടത്തെ രാജഭരണ കാലത്തു 1867ല്‍ പണം കൊടുത്തു വാങ്ങിയതാണ്. അലാസ്ക്ക അങ്ങനെ അമേരിക്കയില ഏറ്റവും വിസ്തീര്‍മുളള സംസ്ഥാനമായി. കാനഡ അമേരിക്കയുടെ ഭാഗമാവുകയാണെങ്കില്‍ ആ പദവി അലാസ്ക്കയ്ക്കായിരിക്കും. യുഎസ്എയുടെ ഭൂമിശാസ്ത്രപരമായ രൂപം പിന്നെയും മാറുകയും ചെയ്യും.
അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിലുളള 8891 കിലോമീറ്റര്‍ അതിര്‍ത്തിയിലൂടെ ദിനംപ്രതി നാലു ലക്ഷം ആളുകളും 29 ശതകോടി ഡോളര്‍ വിലയുളള സാധനങ്ങളും സേവനങ്ങളും കടന്നു പോകുന്നുവെന്നാണ് കണക്ക്. 2023ല്‍ കാനഡയുടെ കയറ്റുമതിയില്‍ 77 ശതമാനവും അമേരിക്കയിലേക്കായിരുന്നു. മിക്ക സാധനങ്ങള്‍ക്കും ചുങ്കമില്ല. എല്ലാറ്റിനും 25 ശതമാനം ചുങ്കം ചുമത്തുന്നത് യുഎസ് കാനഡ ബന്ധം ആകപ്പാടെ ഇളകി മറിയാന്‍ കാരണമാകും.