കാലാവസ്ഥയും ലോകാരോഗ്യവും ഭീഷണിയില്‍

Mail This Article
നാലു വര്‍ഷത്തേക്കുകൂടി അമേരിക്കയുടെ പ്രസിഡന്‍റായിരിക്കുന്ന ഡോണള്‍ഡ് ട്രംപ് തന്‍റെ നയപരിപാടികള്‍ നടപ്പാക്കാന്‍ തുടങ്ങാന്‍ ഇത്തവണ ഒരു നിമിഷം പോലും കാത്തിരിക്കാന്‍ തയാറായില്ല. സ്ഥാനമേറ്റ അന്നുതന്നെ (ജനുവരി 20) അദ്ദേഹം ഒപ്പിട്ടത്. രണ്ടു ഡസനിലേറെ എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ്. പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തിനു കാത്തുനില്‍ക്കാതെ തന്നെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവയാണ് ഇത്തരം ഉത്തരവുകള്‍.
ഇത്തവണ, ഇവയില്‍ രണ്ടെണ്ണം പ്രത്യേകിച്ചും ലോകത്തെയും ജനങ്ങളെയും പൊതുവില്‍ ബാധിക്കുന്നതാണ്. അതിനാല്‍ രാജ്യാന്തര തലത്തില്‍തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ലോകകാലാവസ്ഥാ ഉടമ്പടിയില്‍നിന്നും ലോകാരോഗ്യ സംഘടനയില്‍നിന്നും അമേരിക്ക ഒഴിയുകയാണെന്നു പ്രഖ്യാപിച്ചു കൊണ്ടുളളതാണ് ഈ ഉത്തരവുകള്‍.
ട്രംപിന്‍റെ ആദ്യ ടേമിലെ മുന്‍ഗാമിയായിരുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകാലത്ത് 196 രാജ്യങ്ങള്‍ ചേര്‍ന്നു സുദീര്‍ഘവും കൂലംകശവുമായ ചര്‍ച്ചകളിലൂടെ തയാറാക്കിയതായിരുന്നു 2016ലെ ലോകകാലാവസ്ഥാ ഉടമ്പടി. പാരിസില്‍ ചേര്‍ന്ന യോഗമായിരുന്നതിനാല്‍ പാരിസ് ഉടമ്പടിയെന്നും അറിയപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കെടുതികളില്‍നിന്നു ഭൂമിയെയും ജീവജാലങ്ങളെയും രക്ഷിക്കാനുളള വഴിയുടെ രൂപരേഖയെന്ന നിലയില്‍ അതു പരക്കേ വാഴ്ത്തപ്പെട്ടു. പക്ഷേ, ട്രംപിന് ഇഷ്ടമായിരുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിനും അതിനു കാരണമാകുന്ന ആഗോള താപനത്തിനും മുഖ്യ ഉത്തരവാദികള്‍ അമേരിക്കയെ പോലുളള ചില പ്രമുഖ വ്യാവസായിക രാജ്യങ്ങളാണെന്ന് ഉടമ്പടിയില്‍ ആരോപിച്ചിരുന്നത് അദ്ദേഹത്തെ ചൊടിപ്പിക്കുകയുമുണ്ടായി.
ആഗോള താപനം കുറച്ചുകൊണ്ടുവരാന്‍ അത്തരം രാജ്യങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുളള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു പാരിസ് ഉടമ്പടിയില്‍നിന്ന് ഒഴിയാന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍റെ ആദ്യ ടേമില്‍തന്നെയുളള ട്രംപിന്‍റെ തീരുമാനം.
ഇത്തരം രാജ്യാന്തര ഉടമ്പടികളില്‍നിന്ന് ഒഴിയണമെങ്കില്‍ സുദീര്‍ഘമായ ചട്ടവട്ടങ്ങളുണ്ട്. കാലാവസ്ഥാ ഉടമ്പടിയുടെ കാര്യത്തില്‍ ട്രംപിന്‍റെ ആദ്യത്തെ നാലു വര്‍ഷ ടേം അവസാനിക്കുന്നതിനു മുന്‍പ് അവ പൂര്‍ത്തിയാക്കാനായിരുന്നില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ ജോ ബൈഡന്‍ ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുതിയൊരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതു റദ്ദാക്കിക്കൊണ്ടുളളതാണ് ഇത്തവണ ട്രംപ് ആദ്യ ദിവസം തന്നെ ഒപ്പിട്ട ഉത്തരവുകളിലൊന്ന്.
ആഗോള താപനിലയുടെ ശരാശരി വര്‍ധന വ്യവസായ കാലഘട്ടത്തിനു മുന്‍പുളള അളവില്‍നിന്നു രണ്ടു ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയായി ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുന്‍പ് പരിമിതപ്പെടുത്തണമെന്നാണ് പാരിസ് ഉടമ്പടിയില്‍ തീരുമാനിച്ചിരുന്നത്. യൂറോപ്പില്‍ വ്യവസായ വിപ്ളവം തുടങ്ങിയ 1850 മുതല്‍ക്കുളള വര്‍ഷങ്ങളെയാണ് വ്യവസായ കാലഘട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും പാരിസ് ഉടമ്പടിയില്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവുമധികം കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ഇതിനുവേണ്ടി പടിപടിയായി കുറച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഉടമ്പടിയില്‍ ഒപ്പുവച്ച എല്ലാ രാജ്യങ്ങളും ഏറ്റെടുക്കുകയുമുണ്ടായി.
ഐക്യരാഷ്ടസംഘടനയുടെ ആഭിമുഖ്യത്തില്‍ 1948 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ലോകാരോഗ്യ സംഘടന അഥവാ ഡബ്ളിയുഎച്ച്ഒയില്‍നിന്ന് അമേരിക്കയെ ട്രംപ്പിന്‍വലിക്കുന്നതും ഇതു രണ്ടാം തവണയാണ്. കോവിഡ്19 മഹാമാരി ലോകത്തു പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കാലത്ത് ആ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുന്നതില്‍ ഡ്ബ്ളിയുഎച്ച്ഒ കടുത്ത വീഴ്ച വരുത്തിയെന്നു ആദ്യ തവണ പ്രസിഡന്‍റായിരിക്കുമ്പോള്‍തന്നെ ട്രംപിനു പരാതിയുണ്ടായിരുന്നു.
ചൈനയിലെ വൂഹാനില്‍നിന്നായിരുന്നു അന്നു കൊറോണ എന്നറിയപ്പെട്ടിരുന്ന പകര്‍ച്ചവ്യാധിയുടെ തുടക്കം. അത് ആരില്‍നിന്ന് (മൃഗങ്ങളില്‍നിന്നോ മനുഷ്യരില്‍നിന്നോ), എങ്ങനെ പടര്‍ന്നുവെന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
അതിനു മുഖ്യ ഉത്തരവാദി ഇത്യോപ്യക്കാരനായ ഡബ്ളിയുഎച്ച്ഒ ഡയക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനം ഗെബ്രയിസൂസാണെന്നും എന്തെല്ലാമോ മറച്ചുപിടിക്കാന്‍ അദ്ദേഹം ചൈനയെ സായിക്കുകയാണന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ആഫ്രിക്കയില്‍ നിന്നുളള ആദ്യത്തെ ഡബ്ളിയുഎച്ച്ഒ തലവനാണ് ഈ അറുപത്തൊന്‍പതുകാരന്‍. മുന്‍പ് ഇത്യോപ്യയിലെ വിദ്യാഭ്യാസമന്ത്രിയും വിദേശമന്ത്രിയുമായിരുന്നു. ട്രംപ് ഉന്നയിച്ചതുപോലുളള ആരോപണം മറ്റൊരു രാജ്യത്തുനിന്നും ഇതുവരെ അദ്ദേഹത്തിന് എതിരെ ഉയര്‍ന്നിട്ടില്ല.
ഡബ്ളിയുഎച്ച്ഒയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം അതിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന കാര്യം നിസ്സംശയമാണ്. കാരണം അതിന് ഏറ്റവുമധികം സംഭാവന ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്-വാര്‍ഷിക ബജറ്റിന്‍റെ 18 ശതമാനംവരെ. ശതകോടീശ്വരനായ ബില്‍ ഗേറ്റ്സ് നയിക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ പോലുളള ജീവകാരുണ്യ സംഘടനകളില്‍നിന്നു കിട്ടുന്ന ഭാരിച്ച സംഭാവനകളും ഇവയില്‍ ഉള്‍പ്പെടും.
ലോകാരോഗ്യ സംഘടന വിമര്‍ശിക്കപ്പെടുമ്പോള്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ലോകത്തു പൊതുവില്‍ അതുണ്ടാക്കിയ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ലോകമൊട്ടുക്കും വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. പോളിയോയ്ക്കെതിരായ യുദ്ധം പൂര്‍ണ വിജയത്തോട് അടുത്തുകൊണ്ടിരിക്കുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല കാലങ്ങളിലായി പൊട്ടിപ്പുറപ്പെട്ട മറ്റ് അനേകം സാംക്രമികരോഗങ്ങള്‍ക്കെതിരെ ഡബ്ളിയുഎച്ച്ഒ നടത്തിയ വിജയകരമായ പോരാട്ടങ്ങളുടെ കഥയും അവിസ്മരണീയമാണ്. അതിനാല്‍ സംഘടനയില്‍നിന്ന്ഒഴിയാനുളള ട്രംപിന്‍റെ തീരുമാനം പരക്കേ വിമര്‍ശിക്കപ്പെടുന്നു.