യുദ്ധക്കുറ്റങ്ങള്‍ക്ക് പിന്തുണ

Mail This Article
ഓരോ ആഴ്ചയും ആരോടെങ്കിലും ഏറ്റുമുട്ടുക. അമേരിക്കയിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും അധികാരത്തില്‍ എത്തിയ ശേഷം ലോകത്തിനു മുന്നില്‍ അവതരിക്കപ്പെടുന്ന നാടകം ഇങ്ങനെയാണ്. ഇത്തവണ ഏറ്റവും ഒടുവില്‍, ട്രംപ് ഏറ്റുമുട്ടിയിരിക്കുന്നത് ഐസിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രാജ്യാന്തര ക്രിമിനല്‍ കോടതിയുമായിട്ടാണ്.
ഗാസയിലെ യുദ്ധത്തോടനുബന്ധിച്ചളള കേസില്‍ ഇസ്രയേലിലെ നേതാക്കള്‍ക്ക് എതിരെ ഐസിസി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുളളതാണ് പ്രശ്നം. അമേരിക്കയ്ക്ക് ഇതില്‍ കൈയിടേണ്ട കാര്യമില്ല. പക്ഷേ, ഐസിസിയുടെ നടപടി ഏറ്റവും രോഷം കൊള്ളിച്ചിട്ടുളളത് ട്രംപിനെയാണ്. അത്രയും ദൃഢവും ആഴത്തിലുളളതുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ട്രംപും തമ്മിലുളള സൗഹൃദം.
നെതന്യാഹു ഉള്‍പ്പെടെയുളള ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ നടപടിക്രളുമായി ഐസിസി മുന്നോട്ടു പോയാല്‍ ഐസിസിയിലെ പ്രവര്‍ത്തകര്‍ക്കതിരെ അമേരിക്കയും നടപടികള്‍ എടുക്കുമെന്നു താക്കീതു നല്‍കിയിരിക്കുകയാണ് ട്രംപ്. അമേരിക്കയിലെ അവരുടെ ആസ്തികള്‍ മരവിപ്പിക്കല്‍, അവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും അമേരിക്കയില്‍ വീസ നിഷേധിക്കല്‍ എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടും.
ഐസിസിയുടെമുഖ്യ പ്രോസിക്യൂട്ടറായ പാക്കിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് ബാരിസ്റ്റര്‍ കരീം അസദ് അഹമദ് ഖാനാായിരിക്കും നടപടികള്‍ക്ക് ഇരയായാവാന്‍ സാധ്യതയിലുളളവരില്‍ ഒരാള്‍. തന്‍റെ ആസ്ഥാനം നെതര്‍ലന്‍ഡ്സിലെ ഹേഗാണെങ്കിലും ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടിതന്നെ ഇടക്കിടെ അമേരിക്കയിലേക്കു യാത്ര ചെയ്യേണ്ടി വരുന്ന ആളാണദ്ദേഹം.
ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടുകഴിഞ്ഞു. മൂന്നാഴ്ച മുന്‍പ് രണ്ടാം തവണ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം ട്രംപ് ഒപ്പിട്ട ഡസന്‍ കണക്കിന് (പലതും വിവാദപരം) എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒന്നു മാത്രമാണിത്.
യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രയേലിലെ ചില പ്രമുഖര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ഐസിസി ഉദ്ദേശിക്കുകയാണെന്നു കഴിഞ്ഞ വര്‍ഷംതന്നെ സൂചനകളുണ്ടായിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവിനു പുറമെ മുന്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ്, കരസൈന്യാധിപന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ഹെര്‍സി ഹലേവി എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു.
ഹമാസിന്‍റെ ഭാഗത്തുനിന്ന് അവരുടെ പ്രമുഖ നേതാക്കളായ ഇസ്മായില്‍ ഹനിയ്യെ, യഹ്യ സിന്‍വാര്‍, മുഹമ്മദ് ദിയഫ് എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയുണ്ടായി. മൂന്നു പേരും പിന്നീട് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നെതന്യാഹുവിനെയും മറ്റും യുദ്ധക്കുറ്റവാളികളായി മുദ്രകുത്തുന്നതു മാത്രമല്ല ഇസ്രയേലിനെ രോഷം കൊളളിക്കുന്നത്. കടുത്ത ശത്രുക്കളായ ഹമാസ് നേതാക്കളോടൊപ്പം തങ്ങളെ കൂട്ടിക്കെട്ടുന്നത് അവര്‍ക്കു സഹിക്കാനാവുന്നില്ല.
യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍, വംശഹത്യ എന്നിവ സംബന്ധിച്ച് വ്യക്തികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൈകാര്യം ചെയ്യാനായി 2002ല്‍ സ്ഥാപിതമായതാണ് ഐസിസി. യുഎന്‍ ആഭിമുഖ്യത്തിലുളള രാജ്യാന്തര നീതിന്യായ കോടതി അഥവാ ലോകകോടതിയില്‍ (ഐസിജെ) നേരത്തെതന്നെ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നു.
ഒന്നേകാല്‍ വര്‍ഷമായി ഗാസയില്‍ നടന്നുവരുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന പരാതിയുമായി ദക്ഷിണാഫ്രിക്കയാണ് ലോകകോടതിയെ സമീപിച്ചിരുന്നത്. രാജ്യങ്ങള്‍ തമ്മിലുളള തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുളളതാണ് 1945മുതല്‍ നിലവിലുളള ലോകകോടതി. അതിന്‍റെ മുന്‍പാകെ വരുന്ന കേസുകളില്‍ തീര്‍പ്പുണ്ടാവാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.
നെതന്യാഹുവിനെതിരെയുളള ഐസിസി വാറന്‍റ് ഒരു പ്രമുഖ ഗവണ്‍മെന്‍റ് തലവനെതിരെ ഉണ്ടാവുന്ന അത്തരത്തിലുളള ആദ്യസംഭവമല്ല. യുക്രെയിന്‍ യുദ്ധത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെതിരെ ഐസിസി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. യുക്രെയിനിലെ കുട്ടികളെ അവരുടെയോ അവരുടെ രക്ഷിതാക്കളുടെയോ അനുവാദമില്ലാതെ റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയി എന്നായിരുന്നു കേസ്.
അവരെ റഷ്യയില്‍ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചുവത്രേ. ഇതു യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പ്പെടുമെന്നാണ് ആരോപണം. പുടിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷയായ മരിയ ലവോവ ബെലോവയ്ക്ക് എതിരെയും ഇതേകേസില്‍ ഐസിസി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയുണ്ടായി.
ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിനെതിരെ വാറന്‍റ് ഉണ്ടായത് 2009ലാണ്. സുഡാനിലെ ദാര്‍ഫുറില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ വംശഹത്യ നടന്നുവെന്നും അതില്‍ ബഷീര്‍ സജീവ പങ്കു വഹിച്ചുവെന്നുമായിരുന്നു കേസ്. പുടിനും ബഷീറും രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടില്ല.
ഐസിസിയുടെ ഏറ്റവും വലിയ പോരായ്മയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. സ്വന്തം തീരുമാനം നടപ്പാക്കാന്‍ പലപ്പോഴും അതിനു കഴിയുന്നില്ല. വാറന്‍റിനു വിധേയരാകുന്ന വ്യക്തികളെ അവരുടെ രാജ്യങ്ങളിലെ അധികൃതര്‍തന്നെ അറസ്റ്റ് ചെയ്തു ഐസിസിയെ ഏല്‍പ്പിക്കണമെന്നാണ് നിയമം. സുഡാനിലെ ബഷീര്‍ 2019ല്‍ സ്ഥാനഭ്രഷ്ടനാകുന്നതിനുമുന്‍പ് ആഫ്രിക്കയിലെ പല രാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ഒരിടത്തും അദ്ദേഹത്തിന് അറസ്റ്റ് പ്രശ്നമായില്ല. പുടിനാണെങ്കില്‍ ഐസിസി വാറന്‍റ് ഉണ്ടായ ശേഷം റഷ്യയ്ക്കു പുറത്ത് അധികമൊരിടത്തും പോയതുമില്ല.
യുഎന്‍ ഘടകമായ ലോകകോടതിയുടെ ജോലി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ ഐസിസി കൈകാര്യം ചെയ്യുന്നതു യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍, വംശഹത്യ എന്നിവ സംബന്ധിച്ച് വ്യക്തികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു കാരണക്കാരായ ജര്‍മ്മനിയിലെയും ജപ്പാനിലെയും രാഷ്ട്രീയ നേതാക്കളെയും സൈനിക മേധാവികളെയും വിചാരണ ചെയ്തത് ആ യുദ്ധത്തിനു ശേഷം ന്യൂറംബര്‍ഗിലും (ജര്‍മ്മനി) ടോക്യോയിലും (ജപ്പാന്‍) സ്ഥാപിതമായ പ്രത്യേക കോടതികളായിരുന്നു. പില്‍ക്കാലത്ത് യുഗൊസ്ളാവിയയിലും (യൂറോപ്പ്) റുവാണ്ടയിലും (ആഫ്രിക്ക) പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധങ്ങളിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ യുഎന്‍ ആഭിമുഖ്യത്തില്‍ ഹേഗില്‍ പ്രത്യേക കോടതികളുണ്ടായി.
യുഗൊസ്ളാവിയയില്‍ ക്രൊയേഷ്യയിലെയും ബോസ്നിയയിലെയും കൊടിയ പാതകങ്ങളുടെ പേരില്‍ മുന്‍പ്രസിഡന്‍റ് സ്ലൊബോദന്‍ മിലോസെവിച്ച് ജീപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. 2006ല്‍ അദ്ദേഹം ജയിലില്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.
പ്രത്യേക കേസുകള്‍ വിചാരണചെയ്യാനായി താല്‍ക്കാലികമായി ഏര്‍പ്പാടു ചെയ്ത കോടതികളായിരുന്നു ഇവ. സ്ഥിരം കോടതി വേണമെന്ന അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ 2002ല്‍ യുഎന്‍ രക്ഷാസമിതിയുടെ തീരുമാന പ്രകാരം സ്ഥാപിതമായതാണ് ഐസിസി. പക്ഷേ, യുഎന്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും (193) അതില്‍ ചേര്‍ന്നില്ല.
റോം സ്റ്റാറ്റ്യൂട്ട് എന്നറിയിപ്പെടുന്ന ഇതു സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പിട്ടതു 123 രാജ്യങ്ങള്‍ മാത്രമാണ്. മറ്റു ചില രാജ്യങ്ങള്‍ ഒപ്പിട്ടുവെങ്കിലും ആ രാജ്യങ്ങളിലെ പാര്‍ലമെന്‍റുകള്‍ അതംഗീകരിച്ചില്ല. അങ്ങനെ അവ അംഗമല്ലാതാവുകയും ചെയ്തു.
ഐസിസിയില്‍ ചേരാതെ നില്‍ക്കുന്ന രാജ്യങ്ങളില്‍ റഷ്യയ്ക്കു പുറമെ അമേരിക്കയും ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഇസ്രയേലും ഉള്‍പ്പെടുന്നു. ഐസിസിയുടെ രൂപീകരണത്തില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച രാജ്യമാണ് ഇന്ത്യ. പക്ഷേ, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ടനശീകരണായുധങ്ങളുടെ പ്രയോഗം, ഭീകരപ്രവര്‍ത്തനം എന്നിവ സംബന്ധിച്ച കേസുകളില്‍ ഐസിസി ഇടപെടില്ലെന്നത് ഇന്ത്യക്ക് അതില്‍ ചേരുന്നതിനു തടസ്സമായി. തങ്ങളുടെ പൗരന്മാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കു വിധേയരായി മറുനാടുകളില്‍ കേസുകളില്‍ കുടുങ്ങുമെന്ന ഭയം മറ്റു ചില രാജ്യങ്ങളെയും പിന്തിരിപ്പിച്ചു.
ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ അറസ്റ്റ് വാറന്‍റുമായി മൂന്നോട്ടു പോയാല്‍ ഐസിസിക്കെതിരെ അമേരിക്കയും നടപടിയെടുക്കുമെന്ന ട്രംപിന്‍റെ ഭീഷണി ലോകത്തു പൊതുവില്‍ പ്രതികൂലമായ പ്രതികരണമാണുണ്ടാക്കിയത്. അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ബ്രിട്ടന്‍. ജര്‍മനി, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടെ പല രാജ്യങ്ങളും അതിനെ അപലപിച്ചിട്ടുണ്ട്. ആരും അനുകൂലിച്ചിട്ടില്ല.