കൊട്ടിയടയ്ക്കപ്പെടുന്ന വാതിലുകള്‍

Mail This Article
കുടിയേറ്റക്കാരുടെ നാടാണ് അമേരിക്ക എന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അഥവാ അമേരിക്കന്‍ ഐക്യനാടുകള്‍. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മറ്റു പല രാജ്യങ്ങളില്‍നിന്ന് അനേക തലമുറകള്‍ക്കുമുന്‍പ് കുടിയേറിപ്പാര്‍ത്തവരുടെ പിന്‍മുറക്കാരാണ്. നിയമാനുസൃത രീതിയില്‍ എത്തിയവരും അല്ലാത്തവരും അവരുടെ പൂര്‍വികരിലുണ്ട്.
പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പിതാമഹന്‍തന്നെ അത്തരമൊരാളായിരുന്നു. ജര്‍മന്‍കാരനായ അദ്ദേഹം (ഫെഡറിക്) 1885ല്‍ വെറും പതിനാറാം വയസ്സില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. 1892ല്‍ പൗരത്വം സമ്പാദിച്ചു. ട്രംപിന്‍റെ അമ്മൂമ്മ മേരി ആന്‍ ആണെങ്കില്‍ സ്കോട്ലന്‍ഡില്‍നിന്നു വന്നതായിരുന്നു.
നിയമാനുസൃത രീതിയിലല്ലാതെ അമേരിക്കയില്‍ കയറിക്കൂടുന്നവരെയെല്ലാം പുറത്താക്കുയും അങ്ങനെ അമേരിക്കയെ ശുദ്ധീകരിക്കുകയും ചെയ്യാനുളള യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവരുടെ പൗത്രനായ ഡോണള്‍ഡ് ട്രംപ്.
നിയമവിരുദ്ധ കുടിയേറ്റക്കാരെ (അമേരിക്കയില്‍ പ്രവേശിക്കുന്നതിനുളള മതിയായ രേഖകളില്ലാത്തവരെ) മുഴുവന്‍ എത്രയും വേഗം പുറത്താക്കുകയാണ് ട്രംപിന്‍റെ ഉദ്ദേശ്യം. മുന്‍പ് ഒരു തവണ (2017-2021) പ്രസിഡന്‍റായിരുന്നപ്പോള്‍ തന്നെ അദ്ദേഹം തുടങ്ങിവച്ചതായിരുന്നു ഇത്. ഇപ്പോള്‍ രണ്ടാം ടേമില്‍ ആ യജ്ഞം എത്രയും വേഗം പൂര്‍ത്തിയാക്കാനുളള തിരക്കിലാണ്. കഴിഞ്ഞ നാലു വര്‍ഷം ജോ ബൈഡന്‍ പ്രസിഡന്‍റായിരുന്ന കാലത്ത് ഇക്കാര്യത്തില്‍ കാര്യമായ അയവു വന്നിരുന്നുവെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.

അമേരിക്കയിലെ മറ്റു ചില മുന്‍ഭരണാധികാരികളും അനധികൃത കുടിയേറ്റക്കാരോടുളള സമീപനത്തില്‍ കര്‍ശനമായ നിലപാടു സ്വീകരിച്ചിരുന്നു. മറ്റു രാജ്യങ്ങളുടെ സമീപനവും ഏറെ വ്യത്യസ്തമല്ല. അത്തരം കുടിയേറ്റക്കാരെ ഇന്ത്യയും പുറത്താക്കാറുണ്ട്. എന്നിട്ടും അമേരിക്കയില്‍ നിന്നു മൂന്നു തവണയായി മൊത്തം നൂറിലേറെ ഇന്ത്യക്കാരെ മിലിട്ടറി വിമാനങ്ങളില്‍ നാട്ടിലേക്കു കയറ്റിവിട്ടത് വലിയ ഒച്ചപ്പാടും രോഷപ്രകടനവുമുണ്ടാക്കി.
ഇന്ത്യയലേക്കു തിരിച്ചയക്കപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. മിക്കവരും പഞ്ചാബില്‍നിന്നും ഹരിയാനയില്‍ നിന്നുമുളളവര്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുളളവരുമുണ്ട്. നാലു വയസ്സുളള ഒരു കുട്ടിപോലും ഉളളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
ഇന്ത്യക്കാരെ കൂട്ടത്തോടെ തിരിച്ചയതിലല്ല പരാതി ഉയര്‍ന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന പേരില്‍ അവരോടു യുഎസ് അധികൃതര്‍ സ്വീകരിച്ച നിലപാട് മനുഷ്യത്വരഹിതവും മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നവുമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
കയ്യില്‍ വിലങ്ങ്, കാലില്‍ ചങ്ങല, ശുചിമുറിയില്‍ ്പോകാന്‍ പോലും വിമാനത്തില്‍ നരകയാത്ര-തിരിച്ചയക്കപ്പെട്ടരുടെ ആദ്യസംഘം ഫെബ്രുവരി അഞ്ചിനു പഞ്ചാബിലെ അമൃതസറില്‍ വന്നിറങ്ങിയതിനെ കുറിച്ചുളള മാധ്യമ വാര്‍ത്തകളുടെ തുടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന വിഡിയോ യുഎസ് ബോര്‍ഡര്‍ പട്രോള്‍ മേധാവിതന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
മൊത്തം 54 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ടന്നാണ് കണക്ക്. ഇവരില്‍ ബഹുഭൂരി ഭാഗം പേരും നിയമാനുസൃത മാര്‍ഗങ്ങളിലൂടെ എത്തിയവരാണ്. അതു തെളിയിക്കുന്ന രേഖകള്‍ അവരുടെ പക്കലുണ്ട്. രേഖകളില്ലാതെയോ വ്യാജരേഖകളുമായോ രേഖകളുടെ കാലാവധി കഴിഞ്ഞതിനു ശേഷമോ കഴിയുന്നവര്‍ ഏഴു ലക്ഷത്തിലധികമാണെന്നും പറയപ്പെടുന്നു. ഇത്തരം ശരിയായ രേഖകളില്ലാതെ ആളുകളെ വന്‍തുകകള്‍ പ്രതിഫലം വാങ്ങി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുന്നതു വന്‍കിട ബിസിനസ്സായി നടത്തിവരുന്നവരുമുണ്ട്.
മുഖ്യമായി രണ്ട് ഭാഗങ്ങളിലൂടെയാണ് ആളുകള്‍ അമേരിക്കയിലേക്ക് ഒളിച്ചുകടക്കുന്നത്-.വടക്ക് 8891 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കാനഡയുമായുളള അതിര്‍ത്തിയിലൂടെയും തെക്ക് മെക്സിക്കോയുടെയും അതിനോടു ചേര്‍ന്നു കിടക്കുന്ന പാനമ, കോസ്റ്ററിക്ക, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറസ്, നിക്കരാഗ്വ ബെലിസ് എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലൂടെയും.

ഇപ്പോള്‍ അധികൃതരുടെ പിടിയിലാവുകയും നാട്ടിലേക്കു തിരിച്ചയക്കപ്പെടുകയും ചെയ്തവരില്‍ മിക്കവരും തെക്കന്‍ മേഖലയില്‍നിന്നു, പ്രത്യേകിച്ച് മെക്സിക്കോയില്‍ നിന്നും മറ്റും എത്തിയശേഷം പിടിയിലായവരാണെന്ന് അനുമാനിക്കപ്പെടുന്നു. കുന്നും മലയും കാടും പുഴയുമുളള ഈ വഴികളിലൂടെ നടന്ന് അമേരിക്കയുടെ അതിര്‍ത്തിക്കകത്തെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിരും. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ സംസാരിക്കുന്നത് മുഖ്യമായും സ്പാനിഷ് ഭാഷയിലാണെന്നതും അവരെ ഏറെ വിഷമിപ്പിക്കുന്നു.
പ്രസിഡന്‍റ് എന്ന നിലയിലുളള ട്രംപിന്‍റെ ആദ്യ ടേമില്‍ 2018ലുണ്ടായ ഒരു സംഭവം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. മെക്സിക്കോ അതിര്‍ത്തിയില്‍നിന്ന് അമേരിക്കയിലേക്കു നുഴഞ്ഞുകയറിയതിനെതുടര്‍ന്ന് അറസ്റ്റിലായവരുടെ മക്കള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവമായിരുന്നു സംഭവം.
പ്രോസിക്യൂഷന്‍ നടപടികള്‍ക്കു മുന്നോടിയായി മാതാപിതാക്കള്‍ ജയിലിലായതോടെ മക്കള്‍ അവരില്‍നിന്നു വേര്‍പെടുത്തപ്പെടുകയായിരുന്നു. രണ്ടായിരത്തിലേറെ കുട്ടികളുടെ കൂട്ടത്തില്‍ രണ്ടും മൂന്നും മാത്രം വയസ്സു പ്രായമുള്ളവരും ഉണ്ടായിരുന്നു. എല്ലാവരെയും പാര്‍പ്പിച്ചിരുന്നത് ഇരുമ്പുകൂടുകള്‍ പോലുള്ള തടങ്കല്‍ ക്യാംപുകളില്‍.
അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്‍റെതന്നെ മനഃസാക്ഷിയെ ഇതു പിടിച്ചുലച്ചു. രാജ്യത്തിനകത്തും പുറത്തും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ട്രംപിന്‍റെ സ്വന്തം പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ ഭാര്യ ലോറ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ എഴുതിയ ലേഖനം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയുമുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെ ജപ്പാന്‍ വംശജരെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിച്ചതിനോടാണ് അവര്‍ ഈ സംഭവത്തെ ഉപമിച്ചത്.
അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ നാവികസേനാതാവളം 1941ല്‍ ജപ്പാന്‍ ബോംബിട്ടു തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു ജപ്പാന്‍ വംശജര്‍ക്കെതിരായ പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റിന്‍റെ നടപടി. യുഎസ് പൗരന്മാരായിരുന്നിട്ടും പശ്ചിമതീര മേഖലയിലെ ഒന്നേകാല്‍ ലക്ഷം ജപ്പാന്‍ വംശജരുടെ കൂറ് സംശയിക്കപ്പെട്ടു.
അവരെയാകെ രാജ്യത്തിന്‍റെ ഉള്‍ഭാഗങ്ങളിലേക്കു മാറ്റി. കടുത്ത യാതനകളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവങ്ങളില്‍ ഒന്നായി ഇതെണ്ണപ്പെടുന്നു.
ഒരാഴ്ചയോളം വിമര്‍ശനങ്ങളെയെല്ലാം ചെറുക്കുകയായിരുന്നു ട്രംപ്. ഒടുവില്‍ പെട്ടെന്നു ചുവടു മാറ്റുകയും ഇതു സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. നിയമവിരുദ്ധ കുടിയേറ്റത്തിന് അറസ്റ്റ്ചെയ്യപ്പെട്ടവരില്‍നിന്ന് അവരുടെ മക്കളെ വേര്‍പെടുത്തി തടങ്കല്‍ ക്യാംപുകളില്‍ പാര്‍പ്പിക്കുന്നത് അങ്ങനെ അവസാനിപ്പിച്ചു.

നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്ത്യയിലേക്കു നേരിട്ടു തിരിച്ചയക്കുന്നതിനു പകരം മധ്യ അമേരിക്കന്‍ രാജ്യങ്ങളായ പാനമയിലേക്കും കോസ്റ്ററിക്കയിലേക്കും അയക്കുന്ന ഒരു പരിപാടി നടപ്പാക്കാന്‍ തുടങ്ങിയരിക്കുകയാണ് ഇപ്പോള്‍ അമേരിക്ക. അവരുടെ യഥാർഥ പൗരത്വം സംബന്ധിച്ച വിശദമായ പരിശോധനകള്‍ അവിടെ വച്ച് നടത്തും. അതിനുശേഷമായിരിക്കും സ്വന്തം നാടുകളിലേക്കു തിരിച്ചയക്കുക. ഇതു സംബന്ധിച്ച വിശദവും ആധികാരികവുമായ വിവരങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുളളൂ.