ADVERTISEMENT

ഇരുപത്തിനാല് മണിക്കൂര്‍ എന്നാല്‍ എത്ര ദിവസം അല്ലെങ്കില്‍ എത്ര ആഴ്ചയാണ്? താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ യുക്രെയിനിലെ യുദ്ധം 24 മണിക്കൂറിനകം അസാനിപ്പിച്ചു കാണിച്ചുതരാമെന്നാണ് യുഎസ്  പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇക്കഴിഞ്ഞ ഇലക്ഷന്‍ വേളയില്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹം രണ്ടാം തവണയും പ്രസിഡന്‍റായി ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. അതിനിടയില്‍ യുക്രെയിനിലെ യുദ്ധം ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഫെബ്രുവരി 24) നാലാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. 

യുദ്ധം അവസാനിപ്പിക്കാനുളള ഒരു ഫോര്‍മുലയുമായി ട്രംപ് ഉടന്‍തന്നെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിനുമായി ബന്ധപ്പെടുമെന്നം പുടിന്‍ അതു സ്വീകരിക്കുമെന്നുമാണ് പലരും കരുതിയിരുന്നത്. ഫെബ്രുവരി 12ന് ഇരുവരും ഒന്നര മണിക്കൂര്‍ നേരം ടെലിഫോണില്‍ സംസാരിച്ചതോടെ അതിനുളള തുടക്കം കുറിക്കപ്പെട്ടുവെന്ന വിശ്വാസവും പ്രചരിക്കാന്‍ തുടങ്ങി. 

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരു രാജ്യങ്ങളുടെയും വിദേശമന്ത്രിമാര്‍, മാര്‍ക്ക് റുബിയോയും (യുഎസ്) സെര്‍ഗായ് ലാവറോയും (റഷ്യ) തമ്മില്‍ സൗദി അറേബ്യയിലെ റിയാദില്‍ ഒത്തുകൂടി. ഈ സമ്മേളനത്തിലേക്കു പക്ഷേ യുക്രെയിനില്‍നിന്ന് ആര്‍ക്കും ക്ഷണനമുണ്ടായിരുന്നില്ല. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദവിവരങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല. 

ആറു വര്‍ഷമായി യുക്രെയിന്‍റെ പ്രസിഡന്‍റായിരിക്കുന്ന വൊളോഡിമിര്‍ സെലന്‍സ്ക്കിയുമായി ട്രംപ ് ടെലിഫോണില്‍ ബന്ധപ്പെട്ടതും ഒരു പ്രധാന സംഭവമായിരുന്നു. അതിനു മുന്‍പ് അമേരിക്കയില്‍ നടത്തിയ ചില പ്രസ്താവനകളില്‍ ട്രംപ് അദ്ദേഹത്തെ അരക്കൊമേഡിയന്‍ എന്നും ഏകാധിപതിയെന്നും വിളിച്ച് ആക്ഷേപിച്ചിരുന്നു. യുക്രെയിനിലെ യുദ്ധത്തിന് ഉത്തരവാദി സെലന്‍സ്കിയാണന്നു പലതവണ കുറ്റപ്പെടുത്തുകയുമുണ്ടായി. 

ഏതായാലും സെലന്‍സ്കി അടുത്തുതന്നെ വാഷിങ്ടണില്‍ പോയി ട്രംപിനെ കാണാന്‍ ഉദ്ദേശിക്കുകയാണ്. അതിനിടയില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മ്വാന്വല്‍ മക്രോ വാഷിങ്ടണില്‍ എത്തുകയും ട്രംപുമായി സംസാരിക്കുകയും ചെയ്തു. അടുത്തുതന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാര്‍മറും വാഷിങ്ടണില്‍ എത്തുന്നുണ്ട്. ഇതിനെല്ലാമിടയില്‍ ട്രംപിന്‍റെ വൈസ്പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് ജര്‍മനിയിലെ മ്യൂണിക്കില്‍ യൂറോപ്യന്‍ സെക്യൂരിറ്റി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു. 

യുദ്ധാരംഭത്തിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ (2024) യുക്രെയിനോടുളള ഐക്യദാര്‍ഡ്യം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാനായി പാശ്ചാത്യലോകത്തെ നാലു നേതാക്കള്‍ യുക്രെയിന്‍റെ തലസ്ഥാനമായ കീവില്‍ സമ്മേളിക്കകയുണ്ടായി. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ലയന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബെല്‍ജിയം പ്രധാനമന്ത്രി അലക്സാന്‍ഡര്‍ ഡിക്രൂ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരാണിവരായിരുന്നു അവര്‍. 

അതിനു മുന്‍പ് 2023ല്‍ യുദ്ധത്തിന്‍റെ ഒന്നാം വാര്‍ഷികത്തോട് അബന്ധിച്ച് നാലു ദിവസംമുന്‍പ് കീവിലെത്തിയത് പാശ്ചാത്യ ലോകത്തിന്‍റെ അന്നത്തെ സമുന്നത നേതാവായിരുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡനായിരുന്നു. അമേരിക്കയുടെ തലവന്‍ സ്വന്തം രാജ്യത്തിന്‍റെ സൈനികര്‍ക്കു പങ്കാളിത്തമില്ലാത്ത യുദ്ധത്തിന്‍റെ വേദി സന്ദര്‍ശിക്കുന്നത് അതാദ്യമായിരുന്നു. 

അമേരിക്കയെ സംബന്ധിച്ചിടത്തോളം യുക്രെയിന്‍റെ ചെറുത്തുനില്‍പ്പ് അത്രയും പ്രധാനമാണെന്നു വ്യക്തമാക്കുകയായിരുന്നു ബൈഡന്‍. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തോല്‍ക്കുകയും അങ്ങനെ നാണംകെടുകയും ചെയ്യുന്നത് ഒരുപക്ഷേ അദ്ദേഹം സങ്കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടാവണം. 

യുക്രെയിനുളള യുഎസ് പിന്തുണ അചഞ്ചലവും സംശയാതീതവുമാണെന്നു ലോകത്തെ അറിയിക്കുകകൂടി ചെയ്യുകയായിരുന്നു ബൈഡന്‍ ആ മിന്നല്‍ സന്ദര്‍ശനത്തിലൂടെ. പക്ഷേ, ഇപ്പോള്‍ യുദ്ധം നാലാം വര്‍ഷത്തിലേക്കു പ്രവേശിച്ച വേളയില്‍ കാണുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്.

യുദ്ധത്തോടുളള സമീപനത്തില്‍ പ്രമുഖ പാശ്ചാത്യ രാജ്യങ്ങളും അവയുടെ നായകസ്ഥാനം വഹിക്കുന്ന അമേരിക്കയും തമ്മില്‍ യോജിപ്പില്ല. യുദ്ധം തുടങ്ങി വച്ചതായി തങ്ങള്‍ ആരോപിക്കുന്ന റഷ്യയുടെ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി യുഎസ് തലവന്‍ ഗാഡസൗഹൃദത്തിലുമാണ്. അതിനുളള ഉദാഹരണം ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഫെബ്രുവരി 24) യുഎന്‍ പൊതുസഭയിലും രക്ഷാസമിതിയിലും പ്രകടമാവുകയുമുണ്ടായി. 

യുദ്ധത്തിന്‍റെ വാര്‍ഷികത്തോട് അനുബന്ധിച്ച് പൊതുസഭയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയിന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ റഷ്യയെ കുറ്റപ്പെടുത്തുകയും യുക്രെയിനില്‍നിന്നു റഷ്യന്‍ സൈന്യം പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യമായി റഷ്യയോടൊപ്പം ചേര്‍ന്ന് അമേരിക്ക അതിനെതിരെ വോട്ടുചെയ്തു. 

ഉത്തര കൊറിയ, ഇസ്രയേല്‍ തുടങ്ങിയ 18 രാജ്യങ്ങളും അവരോടൊപ്പം ചേര്‍ന്നു. 93 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയാണ് ചെയ്തത്. പ്രമേയം പാസ്സാവുകയും ചെയ്തു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും യുദ്ധത്തിന് റഷ്യയെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുന്ന പ്രമേയമാണ് രക്ഷാസമിതിയില്‍അമേരിക്ക ഇത്തവണ കൊണ്ടുവന്നത്. അതിനു 10 വോട്ടു ലഭിച്ചപ്പോള്‍ വിട്ടുനിന്ന രാജ്യങ്ങളില്‍ അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടുന്നു.  

മൂന്നു വര്‍ഷം മുന്‍പ് യുദ്ധം ആരംഭിച്ചപ്പോള്‍ റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയം അമേരിക്ക അവതരിപ്പിക്കുകയും ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. റഷ്യയെ അപലപിക്കാതെ മാറിനിന്ന രാജ്യങ്ങളെ ഐക്യരാഷ്ട്ര സംഘടനയിലെ അന്നത്തെ യുഎസ് വനിതാ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. യുഎന്‍ ചാര്‍ട്ടറില്‍ വിശ്വാസമില്ലാത്തവര്‍ എന്നാണ് ആ രാജ്യങ്ങളെ അവര്‍ വിശേഷിപ്പിച്ചിരുന്നത്. അന്നത്തേതില്‍നിന്നുവിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ് അമേരിക്ക ഇപ്പോള്‍.

യുക്രെയിന്‍റെ തെക്കും കിഴക്കുമുളള ഭാഗങ്ങള്‍ വെട്ടിപ്പിടിക്കുകയും റഷ്യയില്‍ ലയിപ്പിക്കുകയും ചെയ്യുക, യുക്രെയിന്‍റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ അനുകൂല ഭരണകൂടത്തെ അവരോധിക്കുക, ഭാവിയില്‍ യുക്രെയിന്‍ റഷ്യക്ക് ഭീഷണിയാവുന്നത് അങ്ങനെ മുന്‍കൂട്ടി തടയുക-ഇതായിരുന്നു റഷ്യയുടെ ആക്രമണോദ്ദേശ്യം. റഷ്യന്‍ വംശജരും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ് യുക്രെയിന്‍റെ തെക്കും കിഴക്കുമുളള ഭാഗങ്ങള്‍. അതുകൊണ്ടുതന്നെ റഷ്യയെ സംബന്ധിച്ചിടത്തോളം രാജ്യസുരക്ഷാപരമായി പ്രാധാന്യമുളളതാണ്. 

യുക്രെയിനെതിരായ നടപടിക്കു റഷ്യയെ പ്രേരിപ്പിച്ച മറ്റൊരു കാര്യം പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്‍റെ നീക്കമാണെന്നതും രഹസ്യമല്ല. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്ത് അതിനെതിരേ യുഎസ് നേതൃത്വത്തില്‍ രൂപംകൊണ്ടതാണ് നാറ്റോ. സോവിയറ്റ് യൂണിയന്‍ തകരുകയും അതിലെ ഘടക രാജ്യങ്ങളൂം കിഴക്കന്‍ യൂറോപ്പിലെ ആശ്രിത രാജ്യങ്ങളും സ്വതന്ത്രമാവുകയും ചെയ്തു.

അവ ഓരോന്നും നാറ്റോയിലും യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലും ചേരാന്‍ തുടങ്ങിയതോടെ റഷ്യ ആശങ്കയിലായി. റഷ്യയെ വരിഞ്ഞു മുറുക്കാനുള്ള പാശ്ചാത്യ ഗൂഡാലോചനയാണ് പുടിന്‍ അതില്‍ കണ്ടത്. 2014ല്‍ യുക്രെയിന്‍ ഇയുവില്‍  അംഗത്വത്തിനു ശ്രമിച്ചപ്പോള്‍ തന്നെ റഷ്യ എതിര്‍ത്തിരുന്നു. നാറ്റോയില്‍ ചേരാന്‍ യുക്രെയിനെ അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. പക്ഷേ, യുക്രെയിന്‍ കാര്യമാക്കിയില്ല. 

ടാങ്കുകളും പീരങ്കികളുമായി റഷ്യന്‍ കര സൈന്യം വ്യോമസേനയുടെ പിന്‍ബലത്തോടെ ഇരച്ചുകയറി. യുക്രെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവ്വരെ എത്തിയപ്പോള്‍ വാസ്തവത്തില്‍ യുക്രെയിന്‍ ഞെട്ടിപ്പോയിരുന്നു. പക്ഷേ, വീറോടെ അവര്‍ തിരിച്ചടിക്കുകയും നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പലതും തിരിച്ചുപിടിക്കുകയും ചെയ്തു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങളുടെയും മറ്റും രൂപത്തില്‍ നല്‍കിയ ഉദാരമായ സഹായം അതിന് ഏറെ ഉപകരിക്കുകയുമുണ്ടായി. 

എന്നാല്‍, റഷ്യയ്ക്കെതിരെ യുക്രെയിനെ സഹായിക്കാന്‍ ട്രംപിന്‍റെ കീഴില്‍ അമേരിക്കയ്ക്ക് ഇപ്പോള്‍ താല്‍പര്യമില്ല. യൂറോപ്പിലെ യുദ്ധത്തില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ലെന്നു വിശ്വസിക്കുകയാണ് അദ്ദേഹം. യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നതോ റഷ്യ അതിനെ എതിര്‍ക്കുന്നതോ അമേരിക്കയെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു. 

റഷ്യയ്ക്ക് എതിരായ ചെറുത്തുനില്‍പ്പില്‍ അമേരിക്കയുടെ സഹകരണവും പിന്തുണയും പാശ്ചാത്യലോകത്തെ സഖ്യരാജ്യങ്ങള്‍ക്ക് ഇനിയും പ്രതീക്ഷിക്കാന്‍ ആവില്ലെന്നാണ് ഇതിനര്‍ഥമെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഇത് അവരെ ആശങ്കപ്പെടുത്തുന്നു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com