ജര്‍മനിയില്‍ ഭരണ മാറ്റം

Mail This Article
യൂറോപ്പിലെ ഒന്നാമത്തെയും ലോകത്തെ നാലാമത്തെയും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ ഭരണം മാറുകയാണ്. തുടര്‍ച്ചയായി 16 വര്‍ഷം അധികാരത്തിലിരുന്ന ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ നേതൃത്വത്തിലുള്ള സഖ്യത്തിനു പകരം 2021 ഡിസംബര്‍ മുതല്‍ ഭരണത്തിലുളളത് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന സഖ്യമായിരുന്നു. പക്ഷേ, ആഭ്യന്തര കലഹംമൂലം കാലാവധി പൂര്‍ത്തിയാക്കാന്‍ അവര്‍ക്കായില്ല. ഭരണമാറ്റം അനിവാര്യമായി.
പുതിയ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയൊരു നേതാവിന്‍റെ നായകത്വത്തില്‍ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും (സിഎസ്യു) അധികാരത്തിലേക്കു തിരിച്ചുവരുന്നു. നാട്ടിലെ ഏറ്റവും വലിയ പണക്കാരിലൊരാളായ മുന്‍ അഭിഭാഷകന്‍ ഫ്രൈഡ്രിക്മെഴ്സായിരിക്കും (69) അടുത്ത ചാന്‍സലര്‍ അഥവാ പ്രധാനമന്ത്രി. സിഡിയുവിന്‍റെ തലവനാണ് ഇദ്ദേഹം. ഇടക്കാലത്തു വന്‍ മള്‍ട്ടിനാഷനല്‍ കമ്പനികളുടെ മേലധികാരിയായും സേവനം ചെയ്തിട്ടുണ്ട്.

പാര്‍ലമെന്‍റിന്‍റെ അധോസഭയായ 630 അംഗ ബുണ്ടസ്റ്റാഗിലേക്കു സാധാരണ ഗതിയില്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ഏതാനും മാസംകൂടി ബാക്കിയുണ്ടായിരുന്നു. അതിനിടയിലാണ് ഭരണസഖ്യത്തില്‍ വിളളലുണ്ടായത്. ധനമന്ത്രിയെ ചാന്‍സ്ലര്‍ ഒലാഫ് ഷോള്‍സ് (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി അഥവാ എസ്ഡിപി) പിരിച്ചുവിട്ടു. തുടര്‍ന്നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഗവണ്‍മെന്‍റ് പരാജയപ്പെടുകയും ചെയ്തു. സിഡിയു-സിഎസ്യു കക്ഷികള്‍ മധ്യവലതു പക്ഷക്കാരും എസ്ഡിപി മധ്യ ഇടതു പക്ഷക്കാരുമാണ്.
ഭാഗികമായി ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് ജര്‍മനിയിലെ തിരഞ്ഞെടുപ്പ്. ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) ബവേറിയ സംസ്ഥാനത്തെ അവരുടെ സഹോദര കക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനും (സിഎസ്യു) അടങ്ങുന്ന സഖ്യം 28.5 ശതമാനം വോട്ടുകള്‍ നേടുകയും അതനുസരിച്ച് 208 സീറ്റുകളോടെ സഭയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
അധികാര നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപി) സഖ്യത്തിനു കിട്ടിയത് വെറും 16.4 ശതമാനം വോട്ടും 120 സീറ്റുകളുമാണ്. അങ്ങനെ അവര്‍ മൂന്നാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന തീവ്രവലതു പക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫര്‍ ഡോയിച്ച്ലന്‍ഡ് (എഎഫ്ഡി) ഇത്തവണ 20.8 ശതമാനം വോട്ടും 152 സീറ്റും നേടി രണ്ടാം സ്ഥാനത്തെത്തി. അതായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സംഭവവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13.3 ശതമാനം വോട്ടുകളും 94 സീറ്റുകളുമായി മൂന്നാം സഥാനത്തായിരുന്നു.
ചെറുകിട കക്ഷികളില്‍ പരിസ്ഥിതി സംരക്ഷണ വാദികളുടെ പാര്‍ട്ടിയായ ഗ്രീന്‍സിനു 11.6 ശതമാനം വോട്ടുകളും 85 സീറ്റുകളും കിട്ടിയപ്പോള്‍ ഇടതുപക്ഷ കക്ഷിയായ ലെഫ്റ്റിനു 8.8 ശതമാനം വോട്ടുകളും 64 സീറ്റുകളും കിട്ടി. ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കു ജര്‍മനിയില്‍ രക്ഷയില്ല. കാരണം പാര്‍ലമെന്‍റില്‍ സീറ്റ് കിട്ടണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ശതമാനം വോട്ടുകളെങ്കിലും നേടിയിരിക്കണം.
പതിവുപോലെ ആര്‍ക്കും ഒറ്റയ്ക്കു ഭരിക്കാനുളള ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഇത്തവണയും കൂട്ടുമന്ത്രിസഭയ്ക്കേ സ്ഥാനമുളളൂ. അത്തരമൊരു മന്ത്രിസഭ ഉണ്ടാക്കുക എളുപ്പമല്ല. മന്ത്രിസ്ഥാനങ്ങള്‍ക്കും വകുപ്പുകള്‍ക്കും വേണ്ടിയുളള ചര്‍ച്ചകളും വിലപേശലുകളും ആഴ്ചകള്‍ കടന്നുപോയേക്കാം. മാസങ്ങള്‍ നീണ്ടുനിന്ന സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു.
പാര്‍ലമെന്‍റില്‍ രണ്ടാം സ്ഥാനം നേടിയ തീവ്രവലതു കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫര്‍ ഡോയിച്ച്ലന്‍ഡുമായി (എഎഫ്ഡി) കൂട്ടുകൂടാന്‍ മറ്റാര്‍ക്കും താല്‍പര്യമില്ല എന്നതും അതിനൊരു കാരണമാണ്. അത്രയും അസ്വീകാര്യമാണ് അവരുടെ അതിതീവദേശീയതാവാദവും അതിന്‍റെ അടിസ്ഥാനത്തിലുള്ള അവരുടെ സങ്കുചിത നയപരിപാടികളും.

ആള്‍ട്ടര്‍നേറ്റീവ് ഫര്‍ ഡോയിച്ച്ലന്‍്ഡ് എന്നാല്‍ ജര്‍മനിക്കു ബദല്‍ എന്നാണര്‍ഥം. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ കാഴ്ചവയ്ക്കുന്ന പ്രകടനം ഏതു വിധത്തിലായിരിക്കുമെന്ന ഉല്‍ക്കണ്ഠയിലായിരുന്നു ജര്‍മനിയിലെ മാത്രമല്ല, യൂറോപ്പിലെ തന്നെ ലിബറല്‍ ചിന്താഗതിക്കാരും മതനിരപേക്ഷതാവാദികളും.
സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ, എന്നിവ പോലുള്ള പ്രശ്നങ്ങള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളെയുംപോലെ ജര്‍മനിയെയും അലട്ടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമായത് അവയല്ല, ഭൂഖണ്ഡത്തെ മൊത്തത്തില്‍ ബാധിക്കുന്ന മറ്റു ചില വിഷയങ്ങളാണ്.
വിദേശ രാജ്യങ്ങളില്‍നിന്നു പ്രത്യേകിച്ച് മധ്യപൂര്‍വ ദേശത്തുനിന്നുളള കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവും, യൂറോപ്യന്‍ യൂണിയനിലെയും നാറ്റോയിലെയും അംഗത്വം, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍, റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയിനു നല്‍കുന്ന ആയുധ സഹായം എന്നിവ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
മൊത്തത്തില്‍ അമേരിക്കയിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആരാധകരാണ് എഎഫ്ഡി. പന്ത്രണ്ട് വര്‍ഷം മുന്‍പ് (2013ല്‍) എഎഫ്ഡി ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ഒറ്റ സീറ്റും കിട്ടിയിരുന്നില്ല. പാര്‍ലമെന്‍റില്‍ പ്രവേശനം കിട്ടണമെങ്കില്‍ ചുരുങ്ങിയത് അഞ്ചു പശതമാനം വോട്ടുകള്‍ നേടിയിരിക്കണം. എഎഫ്ഡിക്കു കിട്ടിയത് വെറും 4.7 ശതമാനമാണ്.

അഞ്ചു വര്‍ഷത്തിനു ശേഷം 12.61 ശതമാനം വോട്ടുകളും 94 സീറ്റുകളും നേടാനായി. പക്ഷേ, 2021ല്‍ വോട്ടുകളുടെ എണ്ണം 10.3 ശതമാനമായി കുറയുകയും പാര്‍ലമെന്‍റില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്‍തളളപ്പെടുകയും ചെയ്തു. അന്നത്തേതതിന്‍റെ ഇരട്ടി വോട്ടുകളാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്-20.8 ശതമാനം.
ജര്‍മനിയുടെ കിഴക്കന്‍ ജര്‍മന്‍ മേഖലയിലാണ് മുന്‍പ് എഎഫ്ഡി വേരുറപ്പിച്ചിരുന്നത്. രാജ്യം വിഭജിക്കപ്പെട്ടിരുന്ന കാലത്തു കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്നു ഈ പ്രദേശം. പശ്ചിമ ജര്‍മനിയിലും അവരുടെ വേരുകള്‍ പടരുകയാണെന്നു പുതിയ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു. മുഖ്യധാരാ കക്ഷികളെ ഇത് അസ്വസ്ഥരാക്കുന്നു.