ഐസിസി വലയില്‍ വന്‍സ്രാവ്

Mail This Article
ലഹരി ഉപയോഗം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍പ്പോലും പടര്‍ന്നു പിടിക്കുകയും മാതാപിതാക്കളും അധ്യാപകരും അസ്വസ്ഥരാവുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അതുമായി ചേര്‍ത്തു വായിക്കപ്പെടുന്ന ഒരു പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ദ്വീപ സമൂഹ രാഷ്ട്രമായ ഫിലിപ്പീന്‍സില്‍ ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന മുന്‍പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍ട്ടെയെ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് ചെയ്തു.
തെറ്റിദ്ധരിക്കേണ്ട. ഇത് ലഹരിക്ക് അനുകൂലമായ നടപടിയല്ല. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഡ്യൂടെര്‍ട്ടെ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കൊടിയ അതിക്രമങ്ങള്‍ക്കെതിരായ നടപടിയാണ്.
ലഹരിവേട്ടയെന്ന പേരില്‍ നടന്നിരുന്നത് കൂട്ടക്കൊലകളായിരുന്നുവെന്നാണ് കേസ്. ഐസിസിയുടെ കണ്ണില്‍ അതു മനുഷ്യരാശിക്കെതിരായ കുറ്റമാണ്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.

സ്വന്തം ജന്മനഗരമായ ഡാവോയിലെ മേയര്‍ എന്ന നിലയിലും (2013-2016) രാജ്യത്തിന്‍റെ പ്രസിഡന്‍റ് (2016-2022) എന്ന നിലയിലും ഒന്‍പതു വര്‍ഷമാണ് ഡ്യുടെര്‍ട്ടെ അധികാരത്തിലുണ്ടായിരുന്നത്. അദ്ദേഹം അഴിച്ചുവിട്ട ലഹരിവേട്ടയ്ക്കിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പൊലീസീന്‍റെ കണക്ക് പ്രകാരംതന്നെ 6000 ആണ്.
അതേസമയം അതിന്‍റെ നാലോ അഞ്ചു മടങ്ങ് പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംശയത്തിന്‍റെ പേരിലായാലും പിടിയിലാകുന്നവരെ വിചാരണ കൂടാതെയും പൊലീസുമായുളള ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന വ്യാജേനയും വെടിവച്ച് കൊല്ലുകയായിരുന്നു. ഒട്ടേറെ പേരെ താന്‍തന്നെ വെടിവച്ചുകൊന്നുവെന്നു ഡ്യൂടെര്‍ട്ടെ വീമ്പിളയ്ക്കുകയും പതിവായിരുന്നുവത്രേ.
മനുഷ്യാവകാശ സംഘടനകളുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ഐസിസി പ്രോസിക്യൂട്ടര്‍മാര്‍ തനിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നു ഡ്യുടെര്‍ട്ടെക്ക് അറിയാമായിരുന്നു. പക്ഷേ, ഫിലിപ്പീന്‍സ് ഐസിസിയുടെ അധികാരപരിധിയില്‍ വരില്ലെന്ന ന്യായത്തില്‍ അദ്ദേഹം അതു പുഛിച്ചുതള്ളി. ഒളിവില്‍ പോകാന്‍ വിസമ്മതിക്കുകയും ചെയ്തു.
അതിനിടയില്‍ ഹോങ്കോങ്ങിലേക്കു പോയി. അവിടെ ധാരാളം ഫിലിപ്പീന്‍കാരുണ്ട്. അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടിക്കു വേണ്ടി അവരുടെ പിന്തുണ തേടി പോയതായിരുന്നു ഡ്യുടെര്‍ട്ടെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് 10) തലസ്ഥാന നഗരമായ മനിലയില്‍ തിരിച്ചെത്തിയപ്പോളാണ് വാറന്‍റുമായി ഐസിസി പ്രോസിക്യൂട്ടര്‍മാര്‍ പ്രത്യക്ഷപ്പെട്ടത്. ഫിലിപ്പീന്‍ പൊലീസ് എതിര്‍ത്തില്ല.

എഴുപത്തൊന്‍പതുകാരനായ ഡ്യൂടെര്‍ട്ടെയെ ഐസിസി അധികൃതര്‍ ഒരു വാടക വിമാനത്തില്‍ ബലം പ്രയോഗിച്ച് കയറ്റി നെതര്‍ലന്‍ഡ്സിലെ ഹേഗിലേക്കു കൊണ്ടുപോയി. യുഎന്‍ ആഭിമുഖ്യത്തിലുളള രാജ്യാന്തര നീതിന്യായ കോടതിയുടെയും (ലോകകോടതി) ആസ്ഥാനമായ ഹേഗിലായിരിക്കും വിചാരണ നടത്തുക.
ആരോഗ്യ പ്രശ്നങ്ങളുളള പിതാവിന്‍റെ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നതിനുവേണ്ടി മകള്‍ സാറയും തൊട്ടുപിന്നാലെ ഹേഗിലേക്കു പോയിട്ടുണ്ട്. രാജ്യത്തിന്‍റെ വൈസ്പ്രസിഡന്‍റ് കൂടിയാണ് സാറ. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ പരിപാടിയുമുണ്ട്. ദീര്‍ഘകാലം പ്രസിഡന്‍റായിരുന്ന ഫെര്‍ഡിനന്‍റ് മര്‍ക്കോസിന്‍റെ മകന്‍ ഫെര്‍ഡിനന്‍റ് മര്‍ക്കോസ് ജൂണിയറാണ് ഇപ്പോള്‍ പ്രസിഡന്‍റ്. ഡ്യൂടെര്‍ട്ടെയെ ഐസിസി അറസ്റ്റ് ചെയ്യുന്നതു തടയാന്‍ അദ്ദേഹവും ശ്രമിച്ചില്ലത്രേ. പ്രസിഡന്റും വൈസ്പ്രസിഡന്‍റും നല്ല സുഖത്തിലല്ലെന്നും പറയപ്പെടുന്നു.
നിലവിലുളള നിയമം കര്‍ശനമായി ഉപയോഗിച്ചുകൊണ്ടുതന്നെ ലഹരിപ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഡ്യൂടെര്‍ട്ടെക്കു സാധ്യമാകുമാകുമായിരുന്നു. പക്ഷേ, അദ്ദേഹം നിയമത്തിന്‍റെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. സമാന പദവിയിലുളള ആളുകളോട് സംവദിക്കുമ്പോഴും അവരെപ്പറ്റി പരസ്യമായി സംസാരിക്കുമ്പോഴും തെറിവാക്കുകള്‍ ഉപയോഗിക്കുന്നതും സാധാരണമായിരുന്നുവത്രേ.
മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയെ വേശ്യയുടെ മകനെന്നും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ കപടനാട്യക്കാരെന്നും മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ വിഡ്ഢിയെന്നും വിളിക്കാന്‍ മടിച്ചിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആദ്യതവണ അധികാരത്തിലിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ആരാധകനായിരുന്നു. ആരെയും കൂസാതെയുളള സംസാരത്തിലൂടെ ഏഷ്യയിലെ ട്രംപെന്ന വിശേഷണം നേടിയെടുക്കുകയുമുണ്ടായി.

രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ കസ്റ്റഡിയിലുളള ഏറ്റവും വലിയ പുളളിയാണ് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂടെര്‍ട്ടെ. ഇസ്രയേലിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ്, കരസൈന്യാധിപന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ഹെര്‍സി ഹലേവി എന്നിവരെ അറസ്റ്റ് ചെയ്യാന്‍ ഐസിസി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാനായിട്ടില്ല. ഗാസയില്‍ ഒന്നര വര്‍ഷമായി നടന്നുവന്നിരുന്ന യുദ്ധവുമായി ബന്ധപ്പെട്ടതാണ് ഇസ്രയേലി പ്രമുഖര്‍ക്കെതിരായ കേസ്.
അതിനു മുന്‍പ് യുക്രെയിന്‍ യുദ്ധത്തോടനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെതിരെയും ഐസിസി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. യുക്രെയിനിലെ കുട്ടികളെ അവരുടെയോ അവരുടെ രക്ഷിതാക്കളുടെയോ അനുവാദമില്ലാതെ റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയി എന്നായിരുന്നു കേസ്.
ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിനെതിരെ ഐസിസിയുടെ വാറന്‍റ് ഉണ്ടായത് 2009ലായിരുന്നു. സുഡാനിലെ ദാര്‍ഫുറില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ വംശഹത്യ നടന്നുവെന്നും അതില്‍ ബഷീര്‍ സജീവ പങ്കു വഹിച്ചുവെന്നുമായിരുന്നു കേസ്. ബഷീര്‍ ഇപ്പോള്‍ സുഡാനില്‍ ജയിലിലാണെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടത് ഐസിസി വാറന്‍റ് അനുസരിച്ചല്ല. അതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ ഫിലിപ്പീന്‍സിലെ ഡ്യൂടെര്‍ട്ടെയുടെ അറസ്റ്റ് ഐസിസിയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നു.