യുക്രെയിന്‍ സമാധാനം അടുത്തും അകന്നും

Mail This Article
മല എലിയെ പ്രസവിച്ചതു പോലെയെന്നു പറയാറുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ യുക്രെയിന്‍ യുദ്ധത്തെപ്പറ്റി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 18) നടന്ന ടെലിഫോണ്‍ സംഭാഷണത്തെ പലരും കാണുന്നത് അങ്ങനെയാണ്. കാര്യമായി ഒന്നും സംഭവിച്ചില്ലെന്നര്‍ഥം. അതിനു രണ്ടാഴ്ച മുന്‍പ് വാഷിങ്ടണില്‍ ട്രംപും യുക്രെയിന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കിയും തമ്മില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ നടന്ന സംവാദം വാക്കേറ്റംവരെ എത്തുകയും അലസിപ്പിരിയുകയുമായിരുന്നു.
അതിനാല്‍ അതിന്‍റെ തുടര്‍ച്ചയായി നടന്നതും രണ്ടു മണിക്കൂറോളം നീണ്ടുനിന്നതുമായ ട്രംപ്-പുടിന്‍ ഫോണ്‍ സംഭാഷണത്തിന്‍റെ പര്യവസാനം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ, നാലാം വര്‍ഷത്തിലേക്കു കടന്ന യുക്രെയിന്‍ യുദ്ധം അവസാനപ്പിക്കുന്നതിലേക്കു നയിക്കാന്‍ സഹായകമായ വല്ല തീരുമാനവും ഉണ്ടായോ എന്നു ചോദിച്ചാല്‍ അതിനു കിട്ടുന്ന മറുപടി ഇല്ലെന്നായിരിക്കും.
യുക്രെയിന്‍റെ ഊര്‍ജ സംവിധാനങ്ങള്‍ ആക്രമിക്കുന്നതു ഒരു മാസത്തേക്കു നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഉല്‍പ്പാദനം, വിതരണം തുടങ്ങിയതുമായി ബന്ധപ്പെട്ട സൗകര്യങ്ങളെയാണ് ഊര്‍ജ സംവിധാനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 30 ദിവസത്തേക്കു പൊതുവില്‍തന്നെ വെടിനിര്‍ത്തണം എന്ന യുഎസ് നിര്‍ദേശം പുടിന്‍ പക്ഷേ അംഗീകരിച്ചില്ല.

ഇരു രാജ്യങ്ങളും പരസ്പരം ഡ്രോണ്‍ ആക്രമണം തുടരുകയും ചെയ്തു. പരസ്പരം ഊര്‍ജ സംവിധാനങ്ങള്‍ ആക്രമിക്കില്ലെന്ന ഉറപ്പ് റഷ്യ ലംഘിച്ചതായും യുക്രെയിന്‍ പക്ഷത്തുനിന്ന് ആരോപണമുണ്ടായി. യുക്രെയിനു മറ്റു രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന മിലിട്ടറി, ഇന്‍റലിജന്‍സ് സഹായം അവസാനിപ്പിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ട്രംപ് സമ്മതിച്ചില്ല.
ഇരു കൂട്ടരും പരസ്പരം യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്. 175 വീതം തടവുകാരെയാണ് കൈമാറുക. ഗുരുതരമായി പരിക്കേറ്റ 22 റഷ്യൻ സൈനികരെയും കൈമാറും. ഇതെല്ലാം കണക്കിലെടുത്താണ് മല എലിയെ പ്രസവിച്ചതുപോലെ എന്നു പറയുന്നത്.
അതേസമയം, വൈറ്റ്ഹൗസില്‍ നടന്ന ചൂടുപിടിച്ച പുടിന്‍-സെലന്‍സ്ക്കി സംവാദത്തെ അപേക്ഷിച്ച് തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു പുടിന്‍-ട്രംപ് ഫോണ്‍ സംഭാഷണം. ഇരു രാജ്യങ്ങളും പങ്കെടുക്കുന്ന ഐസ് ഹോക്കി മല്‍സരം സംഘടിപ്പിക്കുന്ന കാര്യം പോലുളള ചില കൊച്ചുവര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടാനും അവര്‍ സമയം കണ്ടെത്തുകയുണ്ടായി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ യുദ്ധമാണിത്. യുക്രെയിനു 43,000 സൈനികരെ നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക സംഖ്യ അതിന്‍റെ ഇരട്ടിയാണ്. യുഎന്‍ കണക്ക് പ്രകാരം യുക്രെയിനിലെ സിവിലിയന്‍ മരണം 12,000.
റഷ്യയില്‍നിന്നുളള ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും മൊത്തം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പേര്‍ മരിച്ചതായി അനുമാനിക്കപ്പെടുന്നു. 70 ലക്ഷം പേര്‍ അഭയാര്‍ഥികളായി നാടുവിട്ടു. നാട്ടിനകത്തുതന്നെ ഭവനരഹിതരായി അലയുന്നവര്‍ 37 ലക്ഷം.

ഇത്രയും ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യാന്തര തലത്തില്‍ കാര്യമായ ശ്രമമൊന്നും നടന്നില്ലെന്നതു മറ്റൊരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. റഷ്യന്‍ വീറ്റോ ഭീഷണി കാരണം യുഎന്‍ രക്ഷാസമിതി ഒന്നും ചെയ്യാന്‍ കഴിയാതെ മരവിച്ചിരിക്കുന്നു. പൊതുസഭ സമ്മേളിച്ച് റഷ്യയെ അപലപിക്കുകയും വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും ചെയ്തുവെന്നുമാത്രം.
അതോടെ യുക്രെയിന്‍ പ്രശ്നത്തില്‍ ലോകം രണ്ടു ചേരിയിലാവുകയും ചെയതു. ഡോണള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങിയതോടെയാണ് യുദ്ധത്തില്‍ ഒരു മൂന്നാം കക്ഷി അല്ലെങ്കില്‍ മധ്യസ്ഥന്‍ രംഗത്തിറങ്ങാനുളള വഴിയൊരുങ്ങിയത്. താന്‍ വീണ്ടും വൈറ്റ്ഹൗസില്‍ എത്തിയാല്‍ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിച്ചു കാണിച്ചുതരാമെന്നായിരിന്നു തിരഞ്ഞെടുപ്പ് യോഗങ്ങളിലെ അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങള്‍.
തന്‍റെ മുന്‍ഗാമിയും പ്രസിഡന്‍ തിരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ഥിയുമായ ജോ ബൈഡനോടുളള വെല്ലുവിളി കൂടിയായിരുന്നു അത്. പുടിനുമായുളള തന്‍റെ ചങ്ങാത്തം കാരണം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നു കുറച്ചൊക്കെ വിട്ടുവീഴ്ച പ്രതീക്ഷിക്കാമെന്നും പുടിന്‍ കരുതിയിരുന്നിരിക്കണം.
എന്നാല്‍, ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെ ട്രംപും പുടിനും തമ്മില്‍ യുക്രെയിന്‍ കാര്യത്തില്‍ നേരിട്ടുകാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇരുവരുടെയും പ്രതിനിധികളും ദൂതന്മാരും പല സ്ഥലങ്ങളിലും കണ്ടു ആശയവിനിമയം നടത്തിയിരുന്നുവെന്നു മാത്രം.
അടുത്ത തിങ്കളാഴ്ച സൗദി അറേബ്യയിലെ റിയാദില്‍ അമേരിക്കയുടെയും റഷ്യയുടെയും യുക്രെയിന്‍റെയും പ്രതിനിധികള്‍ സമ്മേളിക്കുന്നുണ്ട്. അതിനെയും വളരെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യ നേതാക്കള്‍ക്കൊപ്പം കാണാറുളളവരെയൊന്നും ഇപ്പോള്‍ കാണുന്നില്ല. അവര്‍ വെറും കാഴ്ചക്കാരായി. അതേസമയം, റഷ്യയുമായി യുദ്ധം ചെയ്യാന്‍ ഇവര്‍ ഇപ്പോഴും യുക്രെയിനെ ആയുധങ്ങളും മറ്റും നല്‍കി സഹായിക്കുന്നുമുണ്ട്.

റഷ്യയെ സംബന്ധിടത്തോളം അതീവ തന്ത്രപ്രധാനമായ യുക്രെയിനെ എത്രയും വേഗം വെട്ടിപ്പിടിക്കുക, അതിന്‍റെ തലസ്ഥാനമായ കീവില്‍ ഒരു റഷ്യന്‍ അനുകൂല ഭരണകൂടത്തെ അവരോധിക്കുക, ഭാവിയില്‍ യുക്രെയിന്‍ റഷ്യക്ക് ഭീഷണിയായിത്തീരുന്നത് അങ്ങനെ തടയുക, ചുരുക്കത്തില്‍ യുക്രെയിനെ സ്വന്തം വരുതിയില്‍ നിര്‍ത്തുക-ഇതായിരുന്നു റഷ്യയുടെ ആക്രമണോദ്ദേശ്യം. പക്ഷേ, വിചാരിച്ചതുപോലെ അത് എളുപ്പമല്ലെന്നു വളരെ വേഗം പുടിനു ബോധ്യമായി.
കാരണം, ഇത് പഴയ സോവിയറ്റ് കാലത്തെ ശീതയുദ്ധത്തിന്‍റെ തുടര്‍ച്ചകൂടിയാണ്. ശീതയുദ്ധകാലത്ത് പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ അതിലെ ഒരു നിര്‍ണായക ഘടകമായിരുന്നു. അമേരിക്ക അടക്കമുള്ള 30 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് നാറ്റോ. ഇപ്പോള്‍ യുക്രെയിന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലും നാറ്റോയുടെ സാന്നിധ്യമുണ്ട്.
യുക്രെയിന്‍ നാറ്റോയില്‍ ചേരുകയും അങ്ങനെ റഷ്യക്കു കൂടുതല്‍ മടങ്ങു ഭീഷണിയായിത്തീരുകയും ചെയ്യാനുളള സാധ്യതയെ റഷ്യ ഭയക്കുന്നു. റഷ്യയെ ഭയന്ന് സംരക്ഷണത്തിനു വേണ്ടി നാറ്റോയില്‍ ചേരുകയോ ചേരാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. ഫിന്‍ലന്‍ഡും സ്വീഡനും അങ്ങനെ ഏറ്റവും ഒടുവില്‍ നാറ്റോയില്‍ അംഗത്വം നേടിയ രാജ്യങ്ങളാണ്.
യുക്രെയിന്‍ നാറ്റോയില്‍ ചേരില്ലെന്ന് ഉറപ്പു നല്‍കുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്നു പുടിന്‍ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതു സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്‍റെ ആഗമനത്തിനുശേഷം നടന്നുവരുന്ന ചര്‍ച്ചകളിലൊന്നും നാറ്റോ പ്രശ്നത്തിന് ആ വിധത്തിലുളള പരിഗണന ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളില്ല. ട്രംപ് എന്തു ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കുകയാണ് ഇപ്പോള്‍ യുക്രെയിന്‍ യുദ്ധം.