ആരാണ് ഈ ജനറല്‍ മുനീര്‍?

Mail This Article
പാക്കിസ്ഥാന്‍ ഇപ്പോള്‍ ഭരിക്കുന്നത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണെങ്കിലും രാജ്യ ഭരണത്തിന്‍റെ കടിഞ്ഞാണ്‍ കിടക്കുന്നത് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫിന്‍റെ കൈകളിലാണെന്നത് ഒരു വലിയ രഹസ്യമല്ല. എന്നാല്‍ അതിനേക്കാള്‍ പരസ്യമായ ഒരു രഹസ്യമുണ്ട്. ഷരീഫുമാരേക്കാള്‍ ശക്തനായ മറ്റൊരാളുണ്ട് - പട്ടാളത്തലവനായ സയ്യിദ് അസിം മുനീര്‍ അഹമദ് ഷാ എന്ന ജനറല്‍ മുനീര്‍.
കഴിഞ്ഞ ചില ആഴ്ചകള്‍ക്കിടയില്‍ ഇന്ത്യയും പാക്കിസ്ഥാനും സൈനികമായി ഏറ്റുമുട്ടുകയും യുദ്ധത്തിന്‍റെ വക്കോളമെത്തുകയും ചെയ്തതിനു മുഖ്യ ഉത്തരവാദി ഈ അന്‍പത്തിയേഴുകാരനാണ്. അടുത്ത കാലത്തായി മുനീര്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്ന പ്രസ്താവനകള്‍ അതിന്‍റെ കേളികെട്ടായിരുന്നു. അതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ മുനീര്‍ ഇരു രാജ്യങ്ങളെയും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുമെന്നു പലരും നേരത്തെതന്നെ ഊഹിക്കാന്‍ തുടങ്ങിയിരുന്നു.
"കശ്മീര്‍ പാക്കിസ്ഥാന്‍റെ ജീവനാഡിയാണ്, അത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല, ഇന്ത്യക്കാരും പാക്കിസ്ഥാനികളും രണ്ടു വേവ്വേറെ ജനതകളാണ്, വ്യത്യസ്ത സംസ്ക്കാരമുളളവരാണ്, അവര്‍ തമ്മില്‍ ഒത്തൊരുമിച്ച് മുന്നോട്ടു പോവുക അസംഭാവ്യമാണ്, പരസ്പരമുളള സംശയവും വിദ്വേഷവും അവര്‍ക്കിടയില്‍ സദാ തങ്ങി നിന്നിരിക്കും "- ഇതായിരുന്നു സൈനികരും സൈനിക പരിശീലനം നേടുന്നവരും ഉള്‍പ്പെടെയുളളവര്‍ സന്നിഹിതരായിരുന്ന പല വേദികളിലും മുനീര്‍ ചെയ്തുകൊണ്ടിരുന്ന പ്രസംഗങ്ങളുടെ ചുരുക്കം.
വിഷം മുറ്റിനില്‍ക്കുന്ന ഇത്തരം ആശയങ്ങളില്‍നിന്ന് ആവേശം നുകര്‍ന്നു കൊണ്ടുളളതായിരുന്നു കശ്മീരിലെ പാക്ക് പിന്തുണയുളള ഭീകരവാദികള്‍ പാക്ക് സൈന്യത്തിന്‍റെ നേരിട്ടും അല്ലാതെയുമുളള പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ നടത്തിവന്നിരുന്ന ആക്രമണങ്ങള്‍. എങ്കിലും ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22നു ഒരു സംഘം വിനോദസഞ്ചാരികളുടെ നേരെ നടന്ന ഭീകരാക്രമണം അതിന്‍റെയെല്ലാം പശ്ചാത്തലത്തിലും വേറിട്ടു നില്‍ക്കുന്നു.
അത്രയും ഹീനവും പൈശാചികവുമായിരുന്നു 26 നിരപരാധികള്‍ (മിക്കവരും വിനോദ സഞ്ചാരികള്‍) വധിക്കപ്പെട്ട ആ സംഭവം. അതിനുളള ഇന്ത്യയുടെ ഉചിതമായ വിധത്തിലുളള മറുപടിയാണ് മേയ് ഏഴിനു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരില്‍ ഇന്ത്യ അഴിച്ചുവിട്ട സൈനിക നടപടി.
അതിര്‍ത്തി കടക്കാതെതന്നെ 100 കിലോമീറ്റര്‍ അകലെവരെയുളള ഒന്‍പതു ഭീകര കേന്ദ്രങ്ങാണ് ഇന്ത്യന്‍ നടപടിയുടെ ആദ്യ ദിവസംതന്നെ തകര്‍ക്കപ്പെട്ടത്. ഇവയില്‍ നാലും പാക്കിസ്ഥാനിലെ പഞ്ചാബിലാണ്. ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. അതേസമയം ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതുമില്ല. എങ്കിലും തുടര്‍ന്നുളള ദിവസങ്ങളില്‍ ഇരു ഭാഗങ്ങളിലും അതിര്‍ത്തിയോട് അടുത്തുളള നഗരങ്ങളുടെ നേരെ ആക്രമണങ്ങളോ ആക്രമണ ശ്രമങ്ങളോ നടക്കുകയുണ്ടായി.
ചുരുക്കത്തില്‍ രണ്ടു രാജ്യങ്ങളും ആണവായുധ ശക്തി ആര്‍ജിച്ചശേഷം പൊട്ടിപ്പുറപ്പെട്ട ഏറ്റവും ഭീകരമായ ഏറ്റുമുട്ടലുകളില്‍ ഒന്നാണിത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധവുമായി ഇതു താരതമ്യം ചെയ്യപ്പെുടുന്നു. ജമ്മു-കശ്മീലെ കാര്‍ഗില്‍ ജില്ലയില്‍ ആ വര്‍ഷം മേയില്‍ ഇന്ത്യ വിരുദ്ധ പാക്ക് ഭീകരര്‍ പാക്ക് പട്ടാളത്തിന്‍റെ സഹായത്തോടെ നുഴഞ്ഞു കയറുകയായിരുന്നു. ഇന്ത്യ തിരിച്ചടിക്കുകയും ഒടുവില്‍ ജൂലൈയില്‍ പാക്കിസ്ഥാനു നാണംകെട്ട് പിന്തിരിയേണ്ടി വരികയും ചെയ്തു.
യുദ്ധത്തിന്‍റെ സൂത്രധാരകനായിരുന്ന പട്ടാളത്തലവന്‍ ജനറല്‍ പര്‍വേസ് മുഷറഫ് പ്രധാനമന്ത്രി നവാസ് ഷരീഫിനെ അധികാരത്തില്‍നിന്നു പുറത്താക്കി സ്വയം അധികാരം പിടിച്ചടക്കിയത് അതിനെ തുടര്‍ന്നായിരുന്നു. 2008വരെ മുഷറഫ് അധികാരത്തില്‍ തുടുകയും ചെയ്തു.
പാക്കിസ്ഥാനിലെ പതിനൊന്നാമത്തെ പട്ടാളത്തലവനാണ് ഏതാണ്ട് മൂന്നു വര്‍ഷമായി ആ സ്ഥാനം വഹിച്ചുവരുന്ന ജനറല്‍ മുനീര്‍. പട്ടാളത്തലവന്‍റെ തലപ്പത്തിരുന്നുകൊണ്ടുതന്നെ രാഷ്ട്രീയക്കളിയിലും ഏര്‍പ്പെട്ടുകൊണ്ടിരുന്ന ജനറല്‍ അയൂബ് ഖാന്‍, ജനറല്‍ യഹ്യ ഖാന്‍, ജനറല്‍ സിയാവുല്‍ ഹഖ് എന്നിവര്‍ക്കു പുറമെ മുഷറഫിന്‍റെയും പിന്‍ഗാമി. സൈന്യത്തിന്‍റെ രഹസ്യ വിഭാഗമായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന്‍റെ (ഐഎസ്ഐ) തലവനായും പ്രവര്‍ത്തിക്കുകയുണ്ടായി.
രണ്ടു തരത്തിലുളള സീനിയര്‍ ഓഫീസര്‍മാരാണ് പാക്ക് പട്ടാളത്തിലുളളത്. സാധാരണ കുടുംബങ്ങളില്‍ ജനിക്കുകയും സൈനിക വിദ്യാലയങ്ങളില്‍ പഠിച്ച് സ്വപ്രയത്നത്തിലൂടെ ഉന്നത പദവിയിലെത്തുകയും ചെയ്തവരാണ് ഒരു കൂട്ടര്‍. മറ്റുളളവര്‍ ഉന്നത കുലജാതരും സൈനിക അക്കാദമികളിലൂടെ പടിപടിയായി ഉയര്‍ന്നു നിര്‍ണായക പദവിയിലെത്തുകയും ചെയ്തവരാണ്. അവിഭക്ത ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണകാലത്ത് ഉന്നത ഉദ്യോഗങ്ങള്‍ വഹിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്ന പര്‍വേസ് മുഷറഫ് രണ്ടാം വിഭാഗത്തില്‍പ്പെടുന്നു.
ജനറല്‍ മുനീര്‍ ആദ്യ വിഭാഗത്തില്‍പ്പെട്ടയാളാണ്. ഒരു മതാധ്യപകന്‍റെ മകനായിരുന്നു. അതുകൊണ്ടുതന്നെ മതപരമായ കാര്യങ്ങളില്‍ മുനീര്‍ കര്‍ശനമായ നിലപാട് പുലര്‍ത്തിവരികയും ചെയ്യുന്നു. ഈ രംഗത്ത് മുനീര്‍ സിയാവുല്‍ ഹഖിനെപ്പോലും കടത്തിവെട്ടുമെന്നു കരുതുന്നവരുമുണ്ട്. ഒരു സാധാരണ പട്ടാളക്കാരന്‍റെ പദവിയില്‍ നിന്നു പടിപടിയായി ഉയര്‍ന്ന് സൈന്യത്തലവന്‍റെ പദവിയില്‍ എത്തിയവരും പാക്കിസ്ഥാനിലുണ്ട് എന്നതിന് ഉദാഹരണമാണ് മുനീര്‍.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നതും അതിനേക്കാള്‍ ഭീതി ജനിപ്പിക്കുന്ന വിധത്തിലുളളതുമായ ഒരു സംഭവത്തിനും മുനീര്‍ ഉത്തരവാദിയായിരുന്നു. 1919 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സംഭവിച്ചതും 40 ഇന്ത്യന്‍ സിആര്‍പിഎഫ് സൈനികരുടെ മരണത്തിന് ഇടയാക്കിയതുമായ ആക്രമണമായരുന്നു അത്. മുനീര്‍ അന്ന് പാക്ക് പട്ടാളത്തിന്‍റെ ചാരവിഭാഗമായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന്‍റെ (ഐഎസ്ഐ) തലവനായിരുന്നു.
അവരുടെ പൂര്‍ണമായ സഹായസഹകരണം ഇല്ലാതെ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘത്തിന് അത്തരമൊരു ഭീകരകൃത്യം ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ കഴിയുമായിരുന്നില്ല. ദിവസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ബാലകോട്ടില്‍ ഭീകരരുടെ പരിശീലന കേന്ദ്രങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ട് ഇന്ത്യ തിരിച്ചടിച്ചു.
പാക്കിസ്ഥാന്‍റെ ആഭ്യന്തര രാഷ്ടീയത്തില്‍ കൈയിട്ടു വാരുന്നതിനുളള കഴിവും തന്‍റെ മുന്‍ഗാമികളില്‍ പലരെയും പോലെ മുനീറും പ്രകടിപ്പിക്കുകയുണ്ടായി. ചാരവിഭാഗത്തിന്‍റെ തലവനായിരിക്കേ അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പിണങ്ങി. ഇമ്രാന്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍നിന്നു പുറത്താക്കപ്പട്ടതിനുശേഷമാണ് മുനീറിന്‍റെ ഭാഗ്യം തെളിഞ്ഞത്. തുടര്‍ന്നു ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായതോടെ 2022 നവംബറില്‍ പട്ടാളത്തലവനായി നിയമിതനാവുകയും ചെയ്തു.
ഇമ്രാനാണെങ്കില്‍ അഴിമതിക്കേസില്‍ പ്രതിയായി മാസങ്ങളായി ജയിലില്‍ കഴിയുന്നു. തനിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കെല്ലാം ഉത്തരവാദി ജനറല്‍ മുനീറാണെന്ന് ഇമ്രാന്‍ ഖാന്‍ പലതവണ പരസ്യമായി കുറ്റപ്പെടുത്തുകയുണ്ടായി.